Image

രാഹുലിനെതിരെനെതിരെ വിമര്‍ശനങ്ങളുമായി യൂത്ത്‌ കോണ്‍ഗ്രസ്‌

Published on 20 March, 2017
 രാഹുലിനെതിരെനെതിരെ വിമര്‍ശനങ്ങളുമായി യൂത്ത്‌ കോണ്‍ഗ്രസ്‌

തിരുവനന്തപുരം: കോണ്‍ഗ്രസ്‌ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി യൂത്ത്‌ കോണ്‍ഗ്രസ്‌ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ സി.ആര്‍ മഹേഷ്‌. നേതൃത്വം ഏറ്റെടുത്ത്‌ മുന്നില്‍ നിന്ന്‌ നയിക്കാന്‍ താല്‍പ്പര്യം ഇല്ലെങ്കില്‍ രാഹുല്‍ ഗാന്ധി സ്ഥാനമൊഴിയണമെന്ന്‌ മഹേഷ്‌ ഫേസ്‌ബുക്ക്‌ പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.


കെ.പി.സി.സിയ്‌ക്ക്‌ നാഥനില്ലാതെയായിട്ട്‌ രണ്ടാഴ്‌ചയാകുന്നു എന്നു പറഞ്ഞ്‌ തുടങ്ങുന്ന പോസ്റ്റില്‍ പത്തനംതിട്ടയില്‍ കെ.എസ്‌.യു സംഘടനാ തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തെക്കുറിച്ചും മഹേഷ്‌ വിമര്‍ശനം ഉന്നയിക്കുന്നുണ്ട്‌.

ബി.ജെ.പിയുടെയും സി.പി.ഐ.എമ്മിന്റെയും ഭരണ പരാജയത്തിനെതിരെ ജനപക്ഷത്ത്‌ നിന്ന്‌ സമരം നയിക്കേണ്ട സംഘടന നേതൃത്വമില്ലാതെ നിശ്ശബ്ദതയില്‍ ആണെന്നു പറഞ്ഞ മഹേഷ്‌ ക്യാമ്പസുകളില്‍ ഇല്ലാതായി കൊണ്ടിരിക്കുന്ന കെ.എസ്‌.യുവിനെ പരസ്‌പരം മത്സരിപ്പിച്ച്‌ പാര്‍ട്ടിയിലും കെ.എസ്‌.യുവിലും മെമ്പര്‍ഷിപ്പ്‌ എടുക്കും മുന്‍പേ ഗ്രൂപ്പില്‍ അംഗത്വവും എടുപ്പിച്ച്‌ നാട്‌ മുഴുവന്‍ ഗ്രൂപ്പ്‌ യോഗങ്ങളും കൂടി ഗ്രൂപ്പ്‌ തിരിഞ്ഞ്‌ തമ്മിലടിപ്പിച്ച്‌ ആ കാഴ്‌ച കണ്ട്‌ നേതൃത്വം രസിക്കുകയാണെന്നും ചൂണ്ടിക്കാട്ടി.


ഒരു മഹത്തായ രാഷ്ട്രീയ പ്രസ്ഥാനം രാജ്യത്തും സംസ്ഥാനത്തും ഉരുകി തീരുന്നത്‌ ലാഘവത്തോടെ കണ്ട്‌ നില്‍ക്കുന്ന കോണ്‍ഗ്രസ്‌ നേതൃത്വം റോമാ സാമ്രാജ്യം കത്തി എരിഞ്ഞപ്പോള്‍ വീണ വായിച്ച ചക്രവര്‍ത്തിയെ അനുസ്‌മരിപ്പിക്കുകയാണെന്നും മഹേഷ്‌ പറഞ്ഞു.

രാഹുലിനോട്‌ നേതൃത്വം ഒഴിയാന്‍ ആവശ്യപ്പെട്ട മഹേഷ്‌ എ.കെ ആന്റണിയേയും പേസ്റ്റില്‍ വിമര്‍ശിക്കുന്നുണ്ട്‌. 

കെ.എസ്‌.യു വളര്‍ത്തി വലുതാക്കിയ എ.കെ.ആന്റണി ഡല്‍ഹിയില്‍ മൗനിബാബയായി തുടരുകയാണെന്ന്‌ പറഞ്ഞ മഹേഷ്‌ താങ്കള്‍ വളര്‍ത്തി രാഷ്ട്രീയ വല്‍കരിച്ച യൂത്ത്‌ കോണ്‍ഗ്രസിനേയും കെ.എസ്‌.യുവിനേയും നേതൃത്വവും അനുഭവ പരിചയമില്ലാത്ത കോര്‍പ്പറേറ്റ്‌ ശൈലിക്കാര്‍ പരീക്ഷണശാലയിലെ പരീക്ഷണ വസ്‌തുവാക്കി മാറ്റിയത്‌ കാണുന്നില്ലേയെന്ന്‌ ചോദിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക