Image

ഗംഗയ്‌ക്കും യമുനയ്‌ക്കും ഇനി ഇന്ത്യന്‍ പൗരനുള്ള എല്ലാ അവകാശങ്ങളും !

Published on 20 March, 2017
ഗംഗയ്‌ക്കും യമുനയ്‌ക്കും ഇനി ഇന്ത്യന്‍ പൗരനുള്ള എല്ലാ അവകാശങ്ങളും !


ഡെറാഡൂണ്‍: പുണ്യനദികളായി വിശേഷിപ്പിക്കപ്പെടുന്ന ഗംഗയ്‌ക്കും യമുനയ്‌ക്കും മനുഷ്യതുല്യ പദവി നല്‍കി ഉത്തരാഖണ്ഡ്‌ ഹൈക്കോടതിയുടെ അസാധാരണ വിധി. ഇന്ത്യന്‍ പൗരനുള്ള എല്ലാ അവകാശങ്ങളും നദികള്‍ക്കുമുണ്ടാകും. മാലിന്യങ്ങള്‍ നിറഞ്ഞ്‌ വിഷമയമായ നദികളെ ശുചീകരിക്കുകയെന്ന ലക്ഷ്യമിട്ടാണ്‌ കോടതിയുടെ പ്രഖ്യാപനം.

ഇരു നദികളുടേയും 'നിയമപരമായ രക്ഷിതാക്കളെ'യും ജസ്റ്റീസ്‌ രാജീവ്‌ ശര്‍മ്മയും ജസ്റ്റീസ്‌ അലോക്‌ ശര്‍മ്മയും അടങ്ങുന്ന ബെഞ്ച്‌ പ്രഖ്യാപിച്ചു. നമാമി ഗംഗാ പ്രൊജക്‌റ്റ്‌ ഡയറര്‍ക്ടര്‍ക്കും ചീഫ്‌ സെക്രട്ടറിക്കും ഉത്തരാഖണ്ഡ്‌ അഡ്വക്കറ്റ്‌ ജനറലിനുമാണ്‌ നദികളുടെ സംരക്ഷണത്തിന്റേയും പരിപാലനത്തിന്റേയും ചുമതല. 

 നദികളുടെ ശുചീകരണത്തിനും പരിപാലനത്തിനുമായി കേന്ദ്രസര്‍ക്കാര്‍ പ്രത്യേക സമിതി രൂപീകരിക്കണം. ഇതിനായി എട്ടാഴ്‌ച്ച സമയമാണ്‌ കോടതി നല്‍കിയിരിക്കുന്നത്‌.

ഗംഗയുടെ തീരങ്ങളില്‍ ഖഖനം നടക്കുന്നത്‌ ചൂണ്ടിക്കാട്ടി നല്‍കിയ പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ്‌ കോടതിയുടെ പരാമര്‍ശം.

ഗംഗയെ ശുചീകരിച്ച്‌ സംരക്ഷിക്കാനുള്ള മോഡി സര്‍ക്കാരിന്റെ സ്വപ്‌നപദ്ധതിയാണ്‌ നമാമി ഗംഗ. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ നദിയാണ്‌ ഗംഗാ. ലോകത്തെ ഏറ്റവും മാലിന്യം നിറഞ്ഞ നദിയെന്ന അപഖ്യാതിയും ഗംഗയ്‌ക്ക്‌ തന്നെ. 

ഉത്തരാഖണ്ഡിലെ ഗംഗോത്രിയാണ്‌ ഗംഗയുടെ ഉത്ഭവസ്ഥാനം. വിവിധ സംസ്ഥാനങ്ങളിലൂടെ 2500 കിലോമീറ്റര്‍ ദൂരം ഒഴുകി ബംഗാള്‍ ഉള്‍ക്കടലില്‍ പതിക്കുന്നു. ഉത്തരാഖണ്ഡിലെ യമുനോത്രിയില്‍ നിന്ന്‌ യമുനയും ഉത്ഭവിക്കുന്നു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക