Image

ഗള്‍ഫില്‍ മലയാളികളുടെ ആത്മഹത്യകള്‍ തുടര്‍ക്കഥയാകുന്നു

Published on 24 February, 2012
ഗള്‍ഫില്‍ മലയാളികളുടെ ആത്മഹത്യകള്‍ തുടര്‍ക്കഥയാകുന്നു
ദുബായ്‌: റാസല്‍ഖൈമയിലും ഉമ്മുല്‍ഖുവൈനിലും അബൂദബിയിലും മലയാളി യുവാക്കള്‍ ആത്മഹത്യ ചെയ്‌ത സംഭവങ്ങളുടെ ഞെട്ടല്‍ മാറും മുമ്പെ ദുബൈയില്‍ വീണ്ടും മലയാളി ആത്മഹത്യ. ദുബൈയില്‍ സ്വന്തമായി ബിസിനസ്‌ നടത്തുന്ന ഗുരുവായൂര്‍ സ്വദേശി രാജേഷ്‌ (45) ആണ്‌ ഇന്നലെ ആത്മഹത്യ ചെയ്‌തത്‌. സത്വ അല്‍ ദിയാഫയില്‍ കുടുംബ സമേതം താമസിക്കുന്ന ഇയാളെ താമസ സ്ഥലത്ത്‌ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.

സ്വകാര്യ കമ്പനിയില്‍ ജീവനക്കാരിയായ ഭാര്യ ഊര്‍മിള ഉച്ചക്ക്‌ ഒന്നരയോടെ ഭക്ഷണം കഴിക്കുന്നതിന്‌ മുറിയിലെത്തിയപ്പോഴാണ്‌ രാജേഷിനെ മുറിയിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്‌. സാമ്പത്തിക പ്രയാസമാണ്‌ മരണ കാരണമെന്നാണ്‌ സൂചന. മകന്‍: ശ്രീകേഷ്‌ (ആറാം ക്‌ളാസ്‌ വിദ്യാര്‍ഥി, ഇന്ത്യന്‍ ഹൈസ്‌കൂള്‍). നേരത്തെ സ്വകാര്യ സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്‌തിരുന്ന രാജേഷ്‌ ഏതാനും വര്‍ഷമായി ദുബൈയില്‍ സ്വന്തമായി ട്രാന്‍സ്‌പോര്‍ട്ട്‌ കമ്പനി നടത്തുകയാണ്‌. സഹോദരനും ദുബൈയിലുണ്ട്‌. മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടില്‍ കൊണ്ടുപോകും.
മൂന്നാഴ്‌ചക്കിടെ യു.എ.ഇയില്‍ നടക്കുന്ന നാലാമത്തെ മലയാളി ആത്മഹത്യയാണിത്‌. ഈ മാസം 13ന്‌ ഉമ്മുല്‍ഖുവൈനില്‍ തിരുവനന്തപുരം കല്ലമ്പലം സ്വദേശി ഷിനു പുരുഷോത്തമനെ (28) മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇതിന്‌ ഏതാനും ദിവസം മുമ്പ്‌ റാസല്‍ഖൈമയില്‍ തിരുവനന്തപുരം ചിറയിന്‍കീഴ്‌ സ്വദേശി മണിക്കുട്ടനെയും (43) അബൂദബിയില്‍ മുഗള്‍ റസ്‌റ്റോറന്റ്‌ ഉടമയും സാമൂഹിക പ്രവര്‍ത്തകനുമായ മലപ്പുറം പൊന്നാനിക്കടുത്ത പാലപ്പെട്ടി സ്വദേശി കെ. അബ്ദുല്‍ ഗഫൂറി (57)നെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

കഴിഞ്ഞ മാസം ബര്‍ദുബൈയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കണ്ണൂര്‍ സ്വദേശി റിജേഷിന്റെയും അഞ്ച്‌ വയസ്സുകാരിയായ മകള്‍ അവന്തികയുടെയും മൃതദേഹം നാട്ടിലെത്തിച്ചത്‌ ഈ മാസമാണ്‌. എതാനും മാസം മുമ്പ്‌ മൂന്നംഗ മലയാളി കുടുംബവും റാസല്‍ഖൈമയില്‍ ജീവനൊടുക്കിയിരുന്നു. തുടര്‍ച്ചയായുണ്ടാകുന്ന ഇത്തരം ആത്മഹത്യകള്‍ മലയാളികളടക്കമുള്ള പ്രവാസികളില്‍ കടുത്ത ആശങ്കയുയര്‍ത്തുകയാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക