Image

രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാവ്‌ രാജിവെച്ചു

Published on 22 March, 2017
രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാവ്‌ രാജിവെച്ചു

കൊല്ലം: രാഹുല്‍ഗാന്ധിയെ വിമര്‍ശിച്ച്‌ ഫേസ്‌ബുക്ക്‌ പോസ്റ്റിട്ട യൂത്ത്‌ കോണ്‍ഗ്രസ്‌ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ സി.ആര്‍. മഹേഷ്‌ പാര്‍ട്ടി വിട്ടു.

 തല്‍ക്കാലം മറ്റു പാര്‍ട്ടികളിലേക്കില്ലെന്നും രാഷ്ട്രീയം വിടുകയാണെന്നും മറ്റു തൊഴില്‍ ചെയ്‌തു ജീവിക്കുമെന്നും മഹേഷ്‌ അറിയിച്ചു.

`രാഷ്ട്രീയ പ്രവര്‍ത്തനം തന്നെ വിടുകയാണ്‌. കാര്യങ്ങള്‍ ചീഞ്ഞു നാറുകയാണ്‌. ഇനിയും രാഷ്ട്രീയത്തില്‍ തുടരാന്‍ സാധിക്കില്ല. രാഷ്ട്രീയത്തില്‍ നിന്നും ഒന്നും ഉണ്ടാക്കിയിട്ടില്ല ഒന്നും ഉണ്ടാക്കണമെന്നും ആഗ്രഹിച്ചിട്ടില്ല.

 ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇനിയും ഇടപെടും' രാജിക്കാര്യം അറിയിച്ചശേഷം മഹേഷ്‌ വ്യക്തമാക്കി.

പാര്‍ട്ടി നേതൃത്വം ഏറ്റെടുക്കാന്‍ കഴിയില്ലെങ്കില്‍ രാഹുല്‍ ഗാന്ധി സ്ഥാനം ഒഴിയണമെന്നായിരുന്നു മഹേഷിന്റെ പ്രതികരണം.

`ബഹുമാനപ്പെട്ട രാഹുല്‍ ഗാന്ധിക്ക്‌ നേതൃത്വം ഏറ്റെടുത്ത്‌ മുന്നില്‍ നിന്ന്‌ നയിക്കാന്‍ താല്‍പര്യം ഇല്ലെങ്കില്‍ അദ്ദേഹം ഒഴിയണം.

 ഒരു മഹത്തായ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ രാജ്യം മുഴുവന്‍ പടര്‍ന്ന്‌ പന്തലിച്ചിരുന്ന വേരുകള്‍ അറ്റ്‌ പോകുന്നത്‌ അങ്ങ്‌ കണ്ണു തുറന്ന്‌ കാണണം.' എന്നായിരുന്നു രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച്‌ മഹേഷ്‌ നടത്തിയ പരാമര്‍ശം.

കൊല്ലത്തെ യൂത്ത്‌ കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കളില്‍ ഒരാളായിരുന്നു മഹേഷ്‌. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കരുനാഗപ്പള്ളിയില്‍ നേരിയ വോട്ടുകള്‍ക്കാണ്‌ സി.ആര്‍. മഹേഷ്‌ തോറ്റത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക