Image

ദുരിതത്തിലായ വീട്ടുജോലിക്കാരി നവയുഗത്തിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി

Published on 22 March, 2017
ദുരിതത്തിലായ വീട്ടുജോലിക്കാരി നവയുഗത്തിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി
ദമ്മാം: ഒരു റിയാല്‍ പോലും ശമ്പളം കിട്ടാതെ, ആറുമാസത്തോളം കഠിനമായി ജോലി ചെയ്യേണ്ടി വന്ന വീട്ടുജോലിക്കാരി, നവയുഗം സാംസ്‌കാരിക വേദിയുടെയും, ഇന്ത്യന്‍ എംബസ്സിയുടെയും സഹായത്തോടെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.

തമിഴ്‌നാട് ചെന്നൈ സ്വദേശിനിയായ സെയ്താ ബീഗം എട്ടു മാസങ്ങള്‍ക്ക് മുന്‍പാണ് ഹഫര്‍ അല്‍ ബതൈനില്‍ ഒരു സൗദി ഭവനത്തില്‍ വീട്ടുജോലിയ്ക്ക് എത്തിയത്. പകലന്തിയോളം വിശ്രമമില്ലാത്ത ജോലിയാണ് ആ വലിയ വീട്ടില്‍ സെയ്താ ബീഗത്തിന് ചെയ്യേണ്ടി വന്നത്. എന്നാല്‍ ഒരു റിയാല്‍ പോലും ശമ്പളമായി കൊടുത്തില്ല. വീട്ടുജോലിക്കാരിയെ കൊണ്ടുവന്നതിന് ചിലവായ തുക മുതലായിട്ട് മാത്രമേ ശമ്പളം കൊടുക്കുകയുള്ളൂ എന്ന മനഃസ്ഥിതിയിലായിരുന്നു സ്‌പോണ്‍സര്‍. ഓരോ മാസവും അടുത്ത മാസം ശമ്പളം തരാമെന്നു പറഞ്ഞ് നീട്ടിക്കൊണ്ടു പോകും. അതോടെ സെയ്താ ബീഗത്തിന്റെ നാട്ടിലെ കുടുംബത്തിന്റെ അവസ്ഥ വളരെ പരിതാപകരമായി. നാലുമാസം പിന്നിട്ട ശേഷം, ശമ്പളം കിട്ടാനായി പ്രതിഷേധിയ്ക്കാന്‍ തുടങ്ങിയപ്പോള്‍, ഭീക്ഷണിയും ശകാരവുമാണ് കിട്ടിയത്. ആറുമാസത്തോളം ശമ്പളം കിട്ടാതെയായപ്പോള്‍ സെയ്താ ബീഗം ആരും കാണാതെ ആ വീട് വിട്ടിറങ്ങി, അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ പോയി പരാതി പറഞ്ഞു. പോലീസ് അവരെ ദമ്മാമിലെ വനിതാ അഭയകേന്ദ്രത്തില്‍ കൊണ്ടുചെന്നാക്കി.

വനിതാ അഭയകേന്ദ്രം അധികാരികള്‍ അറിയിച്ചതനുസരിച്ച് അവിടെയെത്തിയ നവയുഗം ജീവകാരുണ്യ പ്രവര്‍ത്തക മഞ്ജു മണിക്കുട്ടന്‍ സെയ്ത ബീഗത്തോട് സംസാരിച്ച് വിശദവിവരങ്ങള്‍ മനസ്സിലാക്കി ഇന്ത്യന്‍ എംബസ്സിയില്‍ റിപ്പോര്‍ട്ട് ചെയ്തു. മഞ്ജുവും നവയുഗം ജീവകാരുണ്യപ്രവര്‍ത്തകരും സെയ്തയുടെ സ്‌പോണ്‍സറെ ബന്ധപ്പെട്ട് സംസാരിച്ചെങ്കിലും, ഒരു തരത്തിലുള്ള സഹകരണത്തിനും അയാള്‍ തയ്യാറായില്ല. ലേബര്‍ കോടതിയില്‍ കേസ് കൊടുക്കാന്‍ മഞ്ജു നിര്‍ദ്ദേശിച്ചെങ്കിലും, മാസങ്ങളോളം നീളാന്‍ സാധ്യതയുള്ള കേസിന്റെ പുറകെ പോകാന്‍ വയ്യെന്നും, എങ്ങനെയും പെട്ടെന്ന് നാട്ടില്‍ പോയാല്‍ മതിയെന്നുമുള്ള നിലപാടിലായിരുന്നു സെയ്ത ബീഗം.

തുടര്‍ന്ന് മഞ്ജു മണിക്കുട്ടന്‍ ഇന്ത്യന്‍ എംബസ്സി വഴി സെയ്ത ബീഗത്തിന് ഔട്ട്പാസ്സ് എടുത്തു കൊടുക്കുകയും, വനിതാ അഭയകേന്ദ്രം അധികൃതരുടെ സഹായത്തോടെ ഫൈനല്‍ എക്‌സിറ്റ് അടിച്ചു നല്‍കുകയും ചെയ്തു. നവയുഗത്തിന്റെ അഭ്യര്‍ത്ഥന മാനിച്ച് ദമ്മാമിലെ തമിഴ്! സാമൂഹ്യപ്രവര്‍ത്തകനായ സാദിഖ്, സെയ്ത ബീഗത്തിന് വിമാനടിക്കറ്റ് നല്‍കി.

നിയമനടപടികള്‍ പൂര്‍ത്തിയായപ്പോള്‍, എല്ലാവര്‍ക്കും നന്ദി പറഞ്ഞ് സെയ്ത ബീഗം നാട്ടിലേയ്ക്ക് മടങ്ങി.
ദുരിതത്തിലായ വീട്ടുജോലിക്കാരി നവയുഗത്തിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക