Image

സുധീരന്‍ കളം വിട്ടപ്പോള്‍ കോണ്‍ഗ്രസ് കുത്തുപാളയെടുക്കുന്നു

എ.എസ് ശ്രീകുമാര്‍ Published on 23 March, 2017
സുധീരന്‍ കളം വിട്ടപ്പോള്‍ കോണ്‍ഗ്രസ് കുത്തുപാളയെടുക്കുന്നു
കേരളത്തിലെ കോണ്‍ഗ്രസിന്റെ രാശിയായിരുന്നോ പടിയിറങ്ങിയ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ എന്ന ചോദ്യത്തിന് കനം വച്ചുതുടങ്ങി. സസ്ഥാന കോണ്‍ഗ്രസ് ഇപ്പോള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്നാണ് ചങ്കുതകര്‍ക്കുന്ന  റിപ്പോര്‍ട്ട്. സുധീരന്‍ രാജിവെച്ചതിന് പിന്നാലെയാണ് കെ.പി.സി.സിയിലെ ദാരിദ്ര്യം സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവരുന്നത്. പാര്‍ട്ടി ചാനലായ ജയ്ഹിന്ദ് ടി.വിയിലും കാര്യങ്ങള്‍ പരിതാപകരമാണ്. ബാങ്ക് വായ്പ തിരിച്ചടക്കാത്തതിനെ തുടര്‍ന്ന് ജയ്ഹിന്ദ് ടി.വിക്ക് ജപ്തി നോട്ടീസ് കിട്ടിയിട്ടുണ്ട്. അവിടെ രണ്ട് മാസമായി ശമ്പളം മുടങ്ങിയിരിക്കുകയാണത്രേ. ഇതിന് പിന്നാലെയാണ്തിരുവനന്തപുരത്തെ കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാ ഭവനിലെ ജീവനക്കാരുടെയും ശമ്പളം മുടങ്ങുന്ന സ്ഥിതി സംജാതമാകുന്നത്. സുധീരന്‍ പ്രസിഡന്റ് പദവി ഏറ്റെടുക്കുമ്പോള്‍ കെ.പി.സി.സി അക്കൗണ്ടില്‍ ഒന്നരക്കോടിയോളം രൂപയുണ്ടായിരുന്നെന്നും, എന്നാലിപ്പോള്‍ മൂന്നു ലക്ഷത്തിന് താഴെ മാത്രമാണ് ബാലന്‍സ് എന്നാണ് വിവരദോഷികള്‍ പറയുന്നത്.

കേന്ദ്രത്തിലും കേരളത്തിലും ഭരണം പോയതോടെ പാര്‍ട്ടിക്ക് ലഭിച്ചിരുന്ന സംഭാവനയില്‍ കുറവുണ്ടായതെന്നാണ് വിലയിരുത്തല്‍. സംഭാവന സ്വീകരിക്കുന്നതില്‍ സുധീരന്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതും സാമ്പത്തിക പ്രതിസന്ധിക്ക് ആക്കംകൂട്ടി. ഏകദേശം മുപ്പതോളം ജീവനക്കാരാണ് ഇന്ദിരാ ഭവനിലുള്ളത്. ഇതില്‍ അഞ്ചുപേര്‍ സുധീരന്‍ സ്ഥാനമേറ്റെടുത്ത ശേഷം നിയമിതരായവരാണ്. ജീവനക്കാരുടെ മാര്‍ച്ച് മാസത്തിലെ ശമ്പളത്തിന് മാത്രമേ ബാങ്കിലുള്ള പണം തികയൂ. ഓരോ മാസവും ശരാശരി അറുപതിനായിരം രൂപയാണ് കെ.പി.സി.സി ആസ്ഥാനത്തെ വൈദ്യുതി ബില്‍. അതടയ്ക്കാനും നിവര്‍ത്തിയില്ല. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഫണ്ട് പിരിക്കാന്‍ നേതൃത്വം നേരത്തെ ആലോചിച്ചിരുന്നു. എന്നാല്‍ നോട്ട് നിരോധനവും അതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധികളും ഇതിന് തടസമായി. പുതിയ കെ.പി.സി.സി പ്രസിഡന്റിന്റെ പ്രധാന വെല്ലുവിളി പാര്‍ട്ടിയിലെ ഈ സാമ്പത്തിക പ്രതിസന്ധിയാണ്. 

ഏതായാലും സുധീരന്‍ ആഞ്ഞ് ശപിച്ചിരിക്കുകയാണ്. രാജിക്ക് കാരണം ആരോഗ്യപ്രശ്‌നമെന്ന് സുധീരന്‍ പറഞ്ഞപ്പോഴും അതിനപ്പുറത്തേയ്ക്കാണ് കാര്യങ്ങളെത്തുന്നത്. സുധീരനെ കെ.പി.സി.സി പ്രസിഡന്റായി നിയമിക്കാന്‍ ഹൈക്കമാന്‍ഡ് തീരുമാനിച്ചപ്പോള്‍ ചാണ്ടിയും ചെന്നിത്തലയുമൊക്കെ തോളോടുതോള്‍ ചേര്‍ന്ന് ഏതിര്‍ത്ത കാര്യം ഓര്‍ക്കാം. സുധീരന്റെ രാജി അപ്രതീക്ഷിതമെന്ന് പറഞ്ഞ് പലരും വിലപിക്കുമ്പോഴും പാര്‍ട്ടിയിലെ ഇരു ഗ്രൂപ്പും  രാജിയില്‍ മനസ്സുകൊണ്ട് സന്തോഷിക്കുകയാണ്. രണ്ടു ഗ്രൂപ്പില്‍നിന്നും വേണ്ടത്ര പിന്തുണ സുധീരന് കിട്ടിയിരുന്നില്ല. ഇത് ഹൈകമാന്‍ഡിനെയും അലോസരപ്പെടുത്തിയിരുന്നു. പാര്‍ട്ടി പുനസംഘടനയിലൂടെ താഴത്തേട്ടില്‍ പാര്‍ട്ടിയെ ശക്തമാക്കാന്‍ ശ്രമിക്കുമ്പോള്‍ നടത്തിയ ഗ്രൂപ്പിസത്തിന് നല്‍കുന്ന  മറുപടിയാണ് രാജിയെന്നാണ് സുധീരനെ അനുകൂലിക്കുന്നവര്‍ ചൂണ്ടിക്കാട്ടിയത്.

മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിലെ പ്രതിപക്ഷ നേതാവാണ് വി.എസ് അച്യുതാനന്ദന്‍ എങ്കില്‍ ഇതേ റോളായിരുന്നു കെ.പി.സി.സി പ്രസിഡന്റാകും വരെ വി.എം സുധീരനും കൈകാര്യം ചെയ്തിരുന്നത്. കെ.പി.സി.സി അധ്യക്ഷക്കസേരയിലിരുന്ന ശേഷം പൂര്‍വാധികം ശക്തിയോടെ സുധീരന്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ വിമര്‍ശന മുനയില്‍ നിര്‍ത്തി. ബാര്‍ കോഴയെന്ന ആരോപണത്തിന്റെ തുടക്കം പോലും സുധീരന്റെ വേറിട്ട നീക്കമായിരുന്നുവെന്ന് അറിയാത്തവരില്ല. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ നയത്തെ മാധ്യമങ്ങല്‍ക്ക് മുമ്പിലെത്തി പരസ്യമായി വിമര്‍ശിച്ച് തന്റെ അജണ്ട സുധീരന്‍ നിഷ്പ്രയാസം നടപ്പാക്കി. തല്‍ഫലമായി ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഒരുമിക്കുന്ന രസകരമായ കാഴ്ചയാണ് രാഷ്ട്രീയ കേരളം കണ്ടത്. അതോടെ ഹൈക്കമാന്റ് ചില കാര്യങ്ങളില്‍ സുധീരന് മൂക്കുകയറിട്ടു. അങ്ങനെയാണ് സര്‍ക്കാരിനെതിരെയുള്ള പരസ്യ പ്രതികരണങ്ങള്‍ സുധീരന്‍ അവസാനിപ്പിച്ചത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെതിരെ പ്രതിപക്ഷം ഉയര്‍ത്തിയതിന് അപ്പുറം വിമര്‍ശനങ്ങളാണ് സുധീരന്‍ ചര്‍ച്ചയാക്കിയതെന്നതാണ് യാഥാര്‍ത്ഥ്യം. ഭരണം പോയതോടെ ക്രിയാത്മക പ്രതിപക്ഷമായി പ്രവര്‍ത്തിക്കാന്‍ ചെന്നിത്തലയ്ക്കും കൂട്ടര്‍ക്കും കഴിയുന്നില്ലെന്ന ആക്ഷേപം നിലനില്‍ക്കെയാണ് സുധീരന്‍ സഹികെട്ടിറങ്ങിപ്പോയത്.

സ്ഥാനമാനങ്ങളില്ലാത്ത സുധീരന്‍ ഇനി ഹൈക്കമാന്റിനും വഴങ്ങുമെന്ന് കരുതേണ്ട. പ്രതിപക്ഷത്തിന്റെ ചെറിയ വീഴ്ചകള്‍ പോലും ഉയര്‍ത്തിക്കാട്ടും. സര്‍ക്കാരുമായി ഒത്തുകളിക്കാനുള്ള ശ്രമമായി പലതും സുധീരന്‍ വ്യാഖ്യാനിക്കും. അങ്ങനെ പ്രതിപക്ഷത്തിന്റെ നിറം കെടുത്തും...ഇതൊക്കെയാണ് രമേശ് ചെന്നിത്തലയുടെ ആകുലതകള്‍. സുധീരനെ പുകച്ച് പുറത്തു ചാടിക്കാന്‍ കരുക്കളൊരുക്കിയവരില്‍ പ്രധാനി ഉമ്മന്‍ ചാണ്ടിയാണ്. ഇത് മനസ്സില്‍ വച്ച് തന്നെയാണ് സുധീരന്റെ പടിയറിക്കവും. സ്ഥാനമൊഴിയുന്നതിന്റെ സൂചന പോലും ഉമ്മന്‍ ചാണ്ടിക്ക് നല്‍കാഞ്ഞത് ഇതുകൊണ്ടാണ്. 'എ' ഗ്രൂപ്പിനേയും സുധീരന്‍ ലക്ഷ്യമിടും. ചെന്നിത്തലയുടെ പോരായ്മകള്‍ ചൂണ്ടിക്കാട്ടി അടുത്ത മുഖ്യമന്ത്രിയാകാനുള്ള ഉമ്മന്‍ ചാണ്ടിയുടെ നീക്കത്തിനും സുധീരനെന്ന പേര് ഭീഷണിയാണ്. പൊതു സമൂഹത്തില്‍ യഥാര്‍ത്ഥ പ്രതിപക്ഷ നേതാവിന്റെ റോളുമായി ആരുടേയും നിയന്ത്രണമില്ലാത്ത സുധീരന് വിലസാനാകും

സുധീരന്‍ ഇന്നലത്തെ മഴയില്‍ കിളിര്‍ത്ത വ്യക്തിയല്ല. ഏറെക്കാലമായി ആള്‍ അധികാര രാഷ്ട്രീയത്തിന്റെ ഭാഗമാകാതിരുന്നതിനു ശേഷമാണ് കെപി.സി.സി അമരത്തേക്കു വന്നത്. രണ്ടായിരത്തി നാലിനുശേഷം തിരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടില്ല. കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ അനിവാര്യതയായി മാറിയ ഗ്രൂപ്പ് ഫോര്‍മേഷനുകളില്‍നിന്ന് എത്രയോ കാലമായി സുധീരന്‍ ഒരുപാടൊരുപാട് അകലെയാണ്. കോണ്‍ഗ്രസിലെന്നല്ല പൊതു ജീവിതത്തിലും ഒറ്റയാന്‍. വെള്ളത്തില്‍ മീനെന്നപോലെ ജനങ്ങള്‍ക്കിടയില്‍ അവരിലൊരാള്‍. പക്ഷേ, ഒരുപാട് പേരെ ഞെട്ടിച്ചുകൊണ്ട് കെ.പി.സി.സി പ്രസിഡന്റായത്.

സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്ന തൃശൂര്‍ അന്തിക്കാട് പുലാം പുഴക്കടവില്‍ വൈലപ്പുള്ളി മാമയുടേയും ഗിരിജയുടേയും മകനായ വി.എം സുധീരന്‍, കുടുംബ പാരമ്പര്യംകൊണ്ട് കോണ്‍ഗ്രസായ ആളല്ല. യാതൊന്നും അദ്ദേഹത്തിന് ആരും തളികയില്‍ വെച്ചുകൊടുത്തിട്ടില്ല. ഒന്നും ആരില്‍ നിന്നും തട്ടിയെടുത്തിട്ടുമില്ല. അന്തിക്കാട്ടെ മണ്ണ് ചുവന്നതാണ്, ഏതാണ്ടെല്ലാവരും കമ്മ്യൂണിസ്റ്റുകാര്‍. പക്ഷേ സ്‌കൂളില്‍ പഠിക്കുമ്പോഴേ സുധീരന്‍ കോണ്‍ഗ്രസുകാരനാണ്. കെ.എസ്.യുവിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും സംസ്ഥാന പ്രസിഡണ്ടായിരുന്ന ആളാണ്. കെ.പി.സി.സി ജനറല്‍ സെക്രട്ടറിയും വൈസ് പ്രസിഡന്റുമായിട്ടുണ്ട് അദ്ദേഹം. എം.എല്‍.എയും എം.പിയും മന്ത്രിയുമെന്നല്ല സ്പീക്കറുമായി. ചുരുക്കത്തില്‍ സുധീരന്റെ ജീവിതം ഉടനീളം കോണ്‍ഗ്രസ് മയമാണ്. എന്നുവെച്ച് ഇതേവരെ അദ്ദേഹമൊരു ചീത്തപ്പേര് കേള്‍പ്പിച്ചിട്ടില്ല; പകരം കേരളത്തിലെ ആദര്‍ശ രാഷ്ട്രീയത്തിന്റെ ഏറ്റവും ദീപ്തമായ മുഖമായി മാറി ഈ മനുഷ്യന്‍. 

''ധീരാ വീരാ, വീര സുധീരാ ധീരതയോടെ നയിച്ചോളൂ...'' എന്നത് ഒരു കാലത്ത് കെ.എസ്.യുക്കാര്‍ വിളിച്ച മുദ്രാവാക്യമാണെങ്കിലും എതിര്‍പക്ഷവും ഉള്ളാലെ അതേറ്റ് വിളിച്ചിരുന്നു. അതുകൊണ്ടാണ് ഇടത് തരംഗം ആഞ്ഞടിച്ച 2004ലെ തെരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ സുധീരനെ നിസ്സാര വോട്ടിനെങ്കിലും തോല്‍പിക്കാന്‍ ഒരു അപരന്‍ നിമിത്തമാവേണ്ടിവന്നത്. അതിന് മുമ്പ് പല തവണ അദ്ദേഹം അതേ മണ്ഡലത്തില്‍നിന്ന് ജയിച്ചിട്ടുണ്ട്. 1977ല്‍, അടിയന്തരാവസ്ഥക്ക് ശേഷം ചുവപ്പ് കോട്ടയായ ആലപ്പുഴയില്‍നിന്ന് എം.പിയായി തെരഞ്ഞെടുക്കപ്പെടുമ്പോള്‍ സുധീരനു വയസ്സ് ഇരുപത്തിയൊന്‍പത്. പിന്നീട് അവിടെനിന്നുതന്നെ 1996നു ശേഷം മൂന്ന് തവണ ലോക്‌സഭയിലേക്കുള്ള ജയം. ഇടക്ക് 1980 മുതല്‍ മണലൂരില്‍നിന്ന് നാലുതവണ നിയമസഭയിലേക്ക്. സുദീര്‍ഘമായ ഈ പാര്‍ലമെന്ററി ജീവിതത്തിനിടയില്‍ കരുണാകരന്‍  മന്ത്രിസഭയുടെ കാലത്ത് സ്പീക്കറും ആന്റണി മന്ത്രിസഭയില്‍ ആരോഗ്യമന്ത്രിയുമായിട്ടുണ്ട്.

പക്ഷേ ഒരിക്കലും ഒരുതുള്ളി കറപോലും ആ വ്യക്തിത്വത്തിന്റെ തൂവെള്ള നിറത്തില്‍ വീണിട്ടില്ല. തൃശൂര്‍ സെന്റ് തോമസ് കോളജില്‍ എക്കണോമിക്‌സ് ബി.എക്ക് പഠിക്കുന്ന കാലത്തെ കെ.എസ്.യു പ്രവര്‍ത്തകന്‍ വി.എം സുധീരന്‍ ആരായിരുന്നുവോ, അഖില കേരള ബാലജനസഖ്യം സംസ്ഥാന വൈസ് പ്രസിഡന്റ് വി.എം സുധീരന്‍ ആരായിരുന്നുവോ, അതുതന്നെ ഇപ്പോഴും. ബാങ്ക് ഉദ്യോഗസ്ഥയായ ഭാര്യ ലതക്കും മക്കള്‍ സലിലക്കും സരിന്നും മാത്രമല്ല, മലയാളികള്‍ക്ക് മുഴുവന്‍ അതുറപ്പ്. പക്ഷേ, ഉമ്മന്‍ ചാണ്ടിക്കും രമേശിനും അവരുടെ ഉപഗ്രഹങ്ങള്‍ക്കും ഇന്ന് സുധീരന്‍ കണ്ണിലെ കൃഷ്ണമണിയല്ല, കറുത്ത കരടുതന്നെ.

സുധീരന്‍ കളം വിട്ടപ്പോള്‍ കോണ്‍ഗ്രസ് കുത്തുപാളയെടുക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക