Image

എഐഡിഎംകെ ഇനി രണ്ട്‌, രണ്ടിലയ്‌ക്കു പകരം പുതിയ ചിഹ്നങ്ങള്‍

Published on 23 March, 2017
എഐഡിഎംകെ ഇനി രണ്ട്‌,  രണ്ടിലയ്‌ക്കു പകരം പുതിയ ചിഹ്നങ്ങള്‍

ചെന്നൈ:  തമിഴ്‌നാട്ടില്‍ ഏപ്രിലില്‍ നടക്കാനിരിക്കുന്ന ഉപ തിരഞ്ഞെടുപ്പില്‍ എഐഡിഎംകെ രണ്ടു പേരില്‍, രണ്ടു ചിഹ്നത്തില്‍ മല്‍സരിക്കും. പാര്‍ട്ടിയുടെ ഔദ്യോഗിക ചിഹ്നമായ രണ്ടില തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍ മരവിപ്പിച്ചതോടെയാണ്‌ എഐഡിഎംകെ രണ്ടായി മാറിയത്‌.


വി കെ ശശികല വിഭാഗത്തിന്റെ പാര്‍ട്ടിയുടെ പേര്‌ എഐഡിഎംകെ അമ്മയെന്നാണ്‌. മറുഭാഗത്ത്‌ മുന്‍ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം പക്ഷം എഐഡിഎംകെ പുരട്‌ചി തലൈവി അമ്മയെന്നും പാര്‍ട്ടിക്കു പേരിട്ടു.


ഉപ തിരഞ്ഞെടുപ്പില്‍ രണ്ടു ചിഹ്നങ്ങളിലാണ്‌ ഇരുപാര്‍ട്ടികളും മല്‍സരിക്കുക. ഇലക്ട്രിക്‌ പോസ്റ്റാണ്‌ ഒപിഎസ്‌ പക്ഷത്തിന്റെ ചിഹ്നമെങ്ങില്‍ ശശികല വിഭാഗത്തിന്റേത്‌ ഓട്ടോറിക്ഷയാണ്‌. തൊപ്പിയാണ്‌ ചിഹ്നമായി ശശികല വിഭാഗം ആവശ്യപ്പെട്ടിരുന്നതെങ്കിലും അത്‌ അനുവദിക്കപ്പെട്ടില്ല.

തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ ഔദ്യോഗിക ചിഹ്നമായ രണ്ടില തങ്ങള്‍ക്കു അവകാശപ്പെട്ടതാണെന്ന്‌ ചൂണ്ടിക്കാട്ടി പനീര്‍ശെല്‍വം പക്ഷവും ശശികല പക്ഷവും തിരഞ്ഞെടുപ്പ്‌ കമ്മീഷന്‌ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇരു വിഭാഗത്തിനും തിരിച്ചടിയേകുന്നതായിരുന്നു കമ്മീഷന്റെ തീരുമാനം.

രണ്ടിലയെന്ന പാര്‍ട്ടിയുടെ ഔദ്യോഗിക ചിഹ്നത്തില്‍ ശശികല പക്ഷത്തിനും പനീര്‍ശെല്‍വം പക്ഷത്തിനും മല്‍സരിക്കാനാവില്ലെന്ന്‌ തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍ വ്യക്തമാക്കകുയായിരുന്നു. രണ്ടിലയെന്ന ചിഹ്നം മരവിപ്പിക്കുന്നതായും കമ്മീഷന്‍ അറിയിച്ചു. ഇതോടെയാണ്‌ രണ്ടു വിഭാഗവും രണ്ടു പേരില്‍ വ്യത്യസ്‌ത ചിഹ്നങ്ങളില്‍ തിരഞ്ഞെടുപ്പിനെ നേരിടാന്‍ തീരുമാനിച്ചത്‌.

ഏപ്രില്‍ 12നാണ്‌ ആര്‍ കെ നഗറിലെ ഉപതിരഞ്ഞെടുപ്പ്‌ നടക്കുന്നത്‌. മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെ തുടര്‍ന്നാണ്‌ ഇവിടെ വീണ്ടും തിരഞ്ഞെടുപ്പ്‌ നടത്തേണ്ടിവന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക