Image

ലൈറ്റ് ഇന്‍ ലൈഫ്’തുണയായി; ഇടമലക്കൂടി സന്പൂര്‍ണ വൈദ്യുതീകരണത്തിലേക്ക്

Published on 23 March, 2017
ലൈറ്റ് ഇന്‍ ലൈഫ്’തുണയായി; ഇടമലക്കൂടി സന്പൂര്‍ണ വൈദ്യുതീകരണത്തിലേക്ക്

 
സ്വിസ് മലയാളികള്‍ കൈകോര്‍ത്തപ്പോള്‍ കേരളത്തിലെ ഏക ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടി സന്പൂര്‍ണ വൈദ്യുതീകരണത്തിലേക്ക്. 28 കുടികളിലായി 715ഓളം ആദിവാസി കുടികളില്‍ 31നുമുന്പ് വൈദ്യുതി എത്തിക്കുന്നതിനുള്ള തീവ്രശ്രമത്തിലാണ് കഐസ്ഇബിയും ഗവണ്‍മെന്റ് ഏജന്‍സിയായ അനര്‍ട്ടും.

മൂന്നാറില്‍നിന്നും 22 കിലോമീറ്റര്‍ അകലെ പെട്ടിമുടിവരെ വൈദ്യുതി ലൈന്‍ നിലവിലുണ്ട്. ഇവിടെനിന്നും 4.78 കോടി രൂപ മുതല്‍മുടക്കില്‍ ഭൂഗര്‍ഭ കേബിളുകള്‍ സ്ഥാപിച്ച് 13.5 കിലോമീറ്റര്‍ ലൈന്‍ പണി പുരോഗമിച്ചുവരുന്നു.

ഇടുക്കി രൂപതയുടെ സാമൂഹ്യക്ഷേമ വിഭാഗമായ ഹൈറേഞ്ച് ഡവലപ്‌മെന്റ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ കൊച്ചുപുരയ്ക്കല്‍, രൂപത പ്രൊക്യുറേറ്റര്‍ ഫാ. ജോര്‍ജ് കുഴിപ്പിള്ളില്‍ എന്നിവര്‍ മുന്‍കൈയെടുത്ത് സ്വിറ്റ്‌സര്‍ലന്‍ഡിലെ മലയാളി അസോസിയേഷന്‍ സംഘടനയായ 'ലൈറ്റ് ഇന്‍ ലൈഫ്’ല്‍നിന്നും അഞ്ചുലക്ഷം രൂപ സമാഹരിച്ച് വീടുകളുടെ വയറിംഗിനാവശ്യമായ സാമഗ്രികള്‍ വാങ്ങുന്നതിന് കഐസ്ഇബിക്കു നല്‍കി. 25നുമുന്പ് വയറിംഗ് ജോലികള്‍ പൂര്‍ത്തീകരിക്കാനുള്ള ശ്രമത്തിലാണ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ നേതാക്കളായ ആര്‍. ജ്യോതികുമാര്‍, വി.കെ. ഷൈജു എന്നിവരുടെ നേതൃത്വത്തിലുള്ള നാല്‍പതോളം സന്നദ്ധ പ്രവര്‍ത്തകര്‍.

ഉള്‍വനത്തിലുള്ള മറ്റു കുടികളിലെ 450ഓളം കുടിലുകളില്‍ അനര്‍ട്ടിന്റെ സഹായത്തോടെ സോളാര്‍ പാനല്‍ സ്ഥാപിച്ച് വൈദ്യുതി എത്തിക്കുന്ന പ്രവര്‍ത്തനം പൂര്‍ത്തീകരിച്ചു.

എസ്. രാജേന്ദ്രന്‍ എംഎല്‍എ, അടിമാലി ഇലക്ട്രിക്കല്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എ. നസറുദീന്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ ജേക്കബ് കെ. ഈപ്പന്‍, അസിസ്റ്റന്റ് എന്‍ജിനിയര്‍ ജയന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ജോലികള്‍ നടന്നുവരുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക