Image

ശശീന്ദ്രാ... താങ്കള്‍ തെറ്റുകാരനല്ല, ഒരു ദുര്‍ബ്ബലവിഭാഗത്തിന്റെ നേതാവാണ്!

അനില്‍ പെണ്ണുക്കര Published on 28 March, 2017
ശശീന്ദ്രാ... താങ്കള്‍ തെറ്റുകാരനല്ല, ഒരു ദുര്‍ബ്ബലവിഭാഗത്തിന്റെ നേതാവാണ്!
നമ്മുടെ ഇടതുനേതാക്കന്മാര്‍ വെറും മൂരാച്ചികളല്ല കേട്ടോ. കലയും കാമവും പ്രവര്‍ത്തിയില്‍ കരുത്തുമുള്ളവരാണ്. കേട്ടില്ലേ ഇടതുവഴിനടന്ന് മന്ത്രിയായ ശശീന്ദ്രന്റെ വിശേഷം? എന്തൊരു റൊമാന്‍സ്... ഓഹോഹോ... അപാരം. ഒരു പാചകവിദഗ്ദ്ധ വിഭവങ്ങള്‍ ഒരുക്കുന്നതിനുള്ള ചേരുവകള്‍ വിവരിക്കുന്നതുപോലെ താന്‍ ചെയ്യുവാന്‍പോകുന്ന കാര്യങ്ങള്‍, തന്റെ മോഹങ്ങള്‍, തന്റെ ശൈലി, എല്ലാം മന്ത്രി രഹസ്യമായി പറഞ്ഞത് ജോയ്‌സിയും സുധാകര്‍ മംഗോളദയവും മാത്യുമറ്റവും മറ്റും തിമിര്‍ത്താടിയ പൈങ്കിളി ഫഌറ്റ്‌ഫോമിലെ ദ്യശ്യജാലകം തുറന്നു കേള്‍പ്പിച്ചപ്പോള്‍ കേളീയരുടെ കാതു പുളിച്ചു. ഉണ്ണുന്നവന്‍ അറിയുന്നില്ലെങ്കില്‍ വിളമ്പുന്നവന്‍ അറിയണം എന്നത് നമുക്കിടയിലുള്ള ഒരു ചൊല്ലാണ്. അതുപോട്ടെ. അമ്മയെ തല്ലിയാലും രണ്ടുണ്ട് പക്ഷം.

ശശീന്ദ്രന്‍ മന്ത്രി ചെയ്തത് എന്താണ്? തന്റെ ഉണങ്ങിയ നീരുറവകളില്‍നിന്നും വിടരുന്ന പനിനീര്‍പൂക്കള്‍ പങ്കാളിക്കു പകരുകയല്ലേ ചെയ്തത്. അതൊരു തെറ്റാ? എത്രയാലും മനുഷ്യനല്ലേ? പക്ഷേ അതൊന്നുമല്ല എന്നെ ബേജാറാക്കുന്നത്. നമ്മുടെ പോലീസിന്റെ തണലില്‍ പീഡനപോരാളികള്‍ പിഞ്ചുകുഞ്ഞുകളിലും ശയ്യാവലംബികളായ വൃദ്ധകളിലും ഹെലനേയും ക്ലിയോപെട്രയേയും കാണുന്ന ഇക്കാലത്ത്, ഈ മന്ത്രി ഉള്‍പ്പെട്ട ഭരണകൂടത്തിന്റെ കാലത്ത്, ഈ കാമാലാപനം ഭയപ്പെടുത്തുന്ന ചില വസ്തുകളിലേക്കു വിരല്‍ചൂണ്ടുന്നു. എമ്പ്രാനൊന്നു കട്ടുഭുജിച്ചാല്‍ അമ്പലവാസികളൊക്കെ കക്കും എന്ന തുള്ളക്കാരന്റെ ചിരി കാതുകളില്‍ മുഴങ്ങുന്നു. കേരളത്തില്‍ പീഡനത്തിന്റെ സുവര്‍ണ്ണകാലമായ ഈകാലത്ത് ഈ ഭരണാധികാരിയുടെ കാമംതീര്‍ക്കല്‍ ഈരംഗത്തിനു പുതിയ ആഹ്വാനമായിട്ടുണ്ട്. വേലി തന്നെ വിളവുതിന്നുകയോ? മാതൃകയാകാത്ത ഗുരുവിനും ഭരണാധികാരിക്കും ആരെങ്കിലും ശിക്ഷിക്കാന്‍ അധികാരമുണ്ടോ? പിച്ചനടക്കാന്‍ പ്രായമാകാത്ത പെണ്‍കുട്ടികള്‍ മരക്കൊമ്പുകളില്‍ തൂങ്ങിച്ചാവുന്ന അത്ഭുതപ്രതിഭാസം കേരളീയര്‍ക്കു ഇന്നു പുത്തരിയല്ല. കൊല്ലുന്ന പോലീസിനു തിന്നുന്ന മന്ത്രി എന്നവശേഷണം ശശീന്ദ്രന്‍മന്ത്രിയെ ഉദ്ദേശിച്ചുമാത്രമുള്ളതല്ല.

ഒരു കഥ ഓര്‍ത്തുപോകുകയാണ്. സ്കൂളില്‍ ഇടവേളയില്‍ കുട്ടികള്‍ മൂത്രമൊഴിക്കാന്‍ പോകും. കൂട്ടത്തില്‍ ഒരു കുട്ടി ചുറ്റുംകൂടി നില്ക്കുന്ന കുട്ടികളുടെ മീതേ വട്ടംകറങ്ങി മൂത്രം ഒഴിക്കും. ഇതൊരു പതിവായി. കുട്ടികള്‍ പരാതി പറഞ്ഞു. അച്ഛനെ വിളിച്ചുകൊണ്ടുവരുവാന്‍ പറഞ്ഞ് ഹെഡ്മാസ്റ്റര്‍ കുട്ടിയെ ക്ലാസ്സില്‍നിന്നും ഇറക്കിവിട്ടു. രണ്ടുമൂന്നുദിവസം കുട്ടി ക്ലാസ്സില്‍ കയറികയറാതെ നടന്നു. ഒരു ദിവസം അവന്‍ ഹെഡ്മാസ്റ്ററുടെ അടുത്തേക്കു ഓടിക്കിതച്ചുവന്നു. ''സാറേ എന്റെ അച്ഛന്‍ വരുന്നുണ്ട്... ദൊണ്ട്...'' എന്നു ചൂണ്ടികാണിച്ചു. ഹെഡ്മാസ്റ്റര്‍ വെറുതെ വരാന്തയിലേക്കിറങ്ങി കുട്ടി ചൂണ്ടിക്കാട്ടിയ ഭാഗത്തേക്കു നോക്കി. അത്ഭുതം. അതാ ഒരു മനുഷ്യന്‍ വഴിനീളെ നടന്നുപെടുത്തുകൊണ്ടുവരുന്നു. അദ്ദേഹം വല്ലാതായി. പിന്നെ കുട്ടിയെ അരികില്‍വിളിച്ച് തോളത്ത് മെല്ലെ കൈവച്ചുകൊണ്ടുപറഞ്ഞു. ''നീ ക്ലാസ്ലില്‍ കയറിക്കോ. പിന്നെ അച്ഛനോടു ചെന്നു പറഞ്ഞേര് വരണ്ടാന്ന്...'' അദ്ദേഹം തന്റെ മുറിയിലേക്കു കയറുമ്പോള്‍ ''അച്ചാ... അച്ചാ... വരണ്ട'' എന്ന് കുട്ടി ഉറക്കെവിളിച്ചു പറഞ്ഞുകൊണ്ട് പുറത്തേക്കു ഓടുകയായിരുന്നു.

പീഡനക്കാരും ബലാത്സംഗകാരേയും കൈകാര്യം ചെയ്യാന്‍ ശശീന്ദ്രന്‍ ഉള്‍പ്പെട്ട മന്ത്രിസഭയ്ക്കു കഴിയുമോ? കുട്ടികളുടെ മീതെ പെടുക്കുന്ന കുട്ടിയുടെ അച്ഛന്‍ വഴീനീളെ പെടുക്കുന്നവനായാല്‍ കുട്ടിയെ എങ്ങനെ വഴക്കുപറയും? തന്നെത്തന്നെ നിയന്ത്രിക്കാന്‍ കഴിയാത്തവന്‍ നേതാവയാല്‍ എന്തുചെയ്യും? ധാര്‍മ്മികത രാജിവെയ്ക്കുന്നതിലൂടെയല്ല കാണിക്കേണ്ടത്. മാപ്പുപറയാന്‍വേണ്ടി തെറ്റ് ചെയ്യേണ്ടതുണ്ടോ? ഒരു കാര്യം വ്യക്തമാണ് മന്ത്രിക്കു പറ്റുമെങ്കില്‍ പ്രജയ്ക്കും പറ്റും.

കേരളത്തിലെ പീഡനക്കാരായ ദുര്‍ബ്ബലവിഭാഗത്തിനും കേരളമന്ത്രിസഭയില്‍ പ്രാതിനിധ്യം ഉണ്ടായിരുന്നു എന്നത് ശശീന്ദ്രന്‍ തെളിയിച്ചു. ഇതാണ് ജനപക്ഷത്തായ ഇടതിന്റെ മഹത്വം. വേശ്യയ്ക്കും പീഡനതൊഴിലാളികള്‍ക്കും ഇവിടെ ശബ്ദമുണ്ട്. കൊലപാതകികള്‍ക്കും ഗുണ്ടകള്‍ക്കും പീഡനവീരന്മാര്‍ക്കും അവരുടെ അവകാശവും തൊഴിലും സംരക്ഷിച്ചുനല്കാന്‍ പ്രതിജ്ഞാബദ്ധമാണ് ഈ സര്‍ക്കാരെന്ന് ജയില്‍വകുപ്പു തയ്യാറാക്കി ഗവര്‍ണര്‍ക്കു നല്കിയ ശിക്ഷയിളവു പട്ടികയും കാട്ടിത്തരുന്നു. ഇനിയെന്തിനു ചാമി, സുനി നിങ്ങള്‍ ദുഃഖിക്കണം... നിഷയേയും സൗമ്യയേയും ടിപിയേയും കൊന്നവരെ നിങ്ങളും ദുഃഖിക്കരുത്, കോട്ടൂരാനും കൊട്ടിയൂര്‍ കാമിയും ഭയക്കരുത്. ഈ സര്‍ക്കാര്‍ നിങ്ങളോടൊപ്പമുണ്ട്. ഞരമ്പുരോഗികളെ നിങ്ങള്‍ക്കും നേതാക്കളുമുണ്ട്. ശശീന്ദ്രന്‍ മാത്രമല്ല. തെറ്റയില്‍ എന്ന നല്ല അച്ഛന്‍... വിമാനയാത്രയ്ക്കിടയില്‍ അറിയാതെ സ്പര്‍ശിച്ച ആകാശകാമന്‍, നീലയില്‍ രമിക്കാന്‍ ശ്രമിച്ചന്‍ നീലന്‍... എല്ലാവരും സഖാക്കാന്മാര്‍...

* യക്ഷന്റെ വിരഹം പണ്ട് കാളിദാസന്‍ മേഘത്തിനെയാണ് ഏല്പിച്ചത്. ഇവിടെ ഗതാഗതത്തിനു നിയോഗിക്കപ്പെട്ട ഈ അഭിനവയക്ഷന്‍ ഗോവയിലെ വന്‍വിജയത്തിനുശേഷം തിരികെവന്ന് മനസ്സില്‍കെട്ടികിടന്ന ഊര്‍ജ്ജവും പ്രണയവും ഫോണിനെ ഏല്പിച്ചത് മോഷ്ടിച്ചുകളഞ്ഞു മംഗളകപടകാളിദാസന്മാര്‍... ഫലമോ നാട്ടില്‍ ഹെഡ്‌ഫോണുകള്‍ക്കു വിലയും ഡിമാന്റും കൂടി. വീട്ടിന്റെ ടെറസിലും കുളിമുറിയിലും ട്രെയിനെ ബര്‍ത്തുകളിലും ഹെഡ്‌ഫോണ്‍ധാരികള്‍ മന്ദസ്മിതത്തോടെ ത്രില്ലടിച്ചിരിക്കുന്നു. എന്നുവച്ച് അതുകണ്ട് ആരും 'എന്താ മുത്തേ ത്രില്ലടിക്കുന്നോ' എന്നു മറ്റോ കയറി ചോദിച്ചുകളയരുത്. അകത്ത് പോകും. കാരണം നീ വെറും വോട്ടറാണ്. വോട്ടു ചെയ്യുക, വീട്ടില്‍ പൊയ്‌ക്കോണം. ജയിക്കാനും സുഖിക്കാനും ആമ്പിള്ളാരുണ്ട്...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക