Image

സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു ; സാറാജോസഫിനും യു എ ഖാദറിനും വിശിഷ്ടാംഗത്വം

Published on 28 March, 2017
സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു ; സാറാജോസഫിനും യു എ ഖാദറിനും വിശിഷ്ടാംഗത്വം


തൃശൂര്‍ : 2015ലെ കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വവും സമഗ്ര സംഭാവനാ പുരസ്‌കാരവും അക്കാദമി അവാര്‍ഡുകളും പ്രഖ്യാപിച്ചു. അക്കാദമിയുടെ പരമോന്നത ബഹുമതിയായ വിശിഷ്ടാംഗത്വത്തിന്‌ (ഫെല്ലോഷിപ്‌) സാറാജോസഫും യു എ ഖാദറും അര്‍ഹരായി. 50,000 രൂപയും രണ്ട്‌ പവന്റെ സ്വര്‍ണപ്പതക്കവും പ്രശസ്‌തിപത്രവും പൊന്നാടയും ഫലകവുമാണ്‌ അവാര്‍ഡ്‌.

ഒ വി ഉഷ, മുണ്ടൂര്‍ സേതുമാധവന്‍, വി സുകുമാരന്‍, ടി ബി വേണുഗോപാലപ്പണിക്കര്‍, പ്രയാര്‍ പ്രഭാകരന്‍, ഡോ. കെ സുഗതന്‍ എന്നിവര്‍ക്കാണ്‌ സമഗ്രസംഭാവനാ പുരസ്‌കാരം. 30,000 രൂപയും സാക്ഷ്യപത്രവും പൊന്നാടയും ഫലകവുമാണ്‌ പുരസ്‌കാരം. അക്കാദമി പ്രസിഡന്റ്‌ വൈശാഖന്‍ വാര്‍ത്താസമ്മേളനത്തിലാണ്‌ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്‌.

2015-ലെ അക്കാദമി അവാര്‍ഡുകള്‍- എസ്‌ രമേശന്‍-കവിത(ഹേമന്തത്തിലെ പക്ഷി)-, യു കെ കുമാരന്‍-നോവല്‍ (തക്ഷന്‍കുന്ന്‌ സ്വരൂപം), ജിനോ ജോസഫ്‌-നാടകം (മത്തി), അഷിത- ചെറുകഥ-(അഷിതയുടെ കഥകള്‍), സി ആര്‍ പരമേശ്വരന്‍ സാഹിത്യ വിമര്‍ശം(വംശചിഹ്നങ്ങള്‍), കെ എന്‍ ഗണേഷ്‌ -വൈജ്ഞാനിക സാഹിത്യം(പ്രകൃതിയും മനുഷ്യനും), ഇബ്രാഹിം വെങ്ങര- ജീവചരിത്രം-ആത്മകഥ(ഗ്രീന്റും), ഗുരു മുനി നാരായണപ്രസാദ ്‌-വിവര്‍ത്തനം(സൌന്ദര്യലഹരി), ഏഴാച്ചേരി രാമചന്ദ്രന്‍-ബാലസാഹിത്യം(സണ്ണിച്ചെറുക്കനും സംഗീതപ്പെങ്ങളും), ഡോ. എസ്‌ഡിപി നമ്പൂതിരി- ഹാസ്യസാഹിത്യം(വെടിവട്ടം). യാത്രാവിവരണത്തിന്‌ രണ്ടുപേര്‍ അര്‍ഹരായി. യുറോപ്പ്‌: ആത്മചിഹ്നങ്ങള്‍- വി ജി തമ്പി, ഭൂട്ടാന്‍ ദിനങ്ങള്‍-ഒ കെ ജോണി എന്നിവര്‍ക്കാണ്‌ പുരസ്‌കാരം. 25,000 രൂപയും സാക്ഷ്യപത്രവും ഫലകവുമടങ്ങുന്നതാണ്‌ പുരസ്‌കാരം.

എന്‍ഡോവ്‌മെന്റ്‌ അവാര്‍ഡുകള്‍ നേടിയവര്‍- ഐ സി ചാക്കോ അവാര്‍ഡ്‌ (5,000 രൂപ) പി എം ഗിരീഷിന്റെ 'അറിവും ഭാഷയും' അര്‍ഹമായി. സി ബി കുമാര്‍ അവാര്‍ഡ്‌(3000 രൂപ) അധികാരത്തിന്റെ ആസക്തികള്‍- കെ അരവിന്ദാക്ഷന്‍(ഉപന്യാസം), കെ ആര്‍ നമ്പൂതിരി അവാര്‍ഡ്‌ (2000 രൂപ) ന്യായദര്‍ശനം- ഡോ. ടി ആര്യാദേവി, (വൈദിക സാഹിത്യം), കനകശ്രീ അവാര്‍ഡ്‌ (2000 രൂപ) ഈര്‍പ്പം നിറഞ്ഞ മുറികള്‍- ശാന്തി ജയകുമാര്‍ (കവിത), ഗീത ഹിരണ്യന്‍ അവാര്‍ഡ്‌ (5000 രൂപ) ജോസഫിന്റെ മണം- അശ്വതി ശശികുമാര്‍, (ചെറുകഥ), ജി എന്‍ പിള്ള അവാര്‍ഡ്‌ (3,000രൂപ) ജൈവരാഷ്ട്രീയവും ജനസഞ്ചയവും- ബി രാജീവന്‍-(വൈജ്ഞാനിക സാഹിത്യം), തുഞ്ചന്‍സ്‌മാരക പ്രബന്ധം(5000 രൂപ) നിത്യ പി വിശ്വം എന്നിവരും അര്‍ഹരായി.

ചൊവ്വാഴ്‌ച ചേര്‍ന്ന അക്കാദമി എക്‌സിക്യൂട്ടീവ്‌ യോഗത്തിലാണ്‌ അവാര്‍ഡുകള്‍ തീരുമാനിച്ചത്‌



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക