Image

വിഷുപ്പക്ഷി (കവിത: അന്‍വര്‍ ഷാ ഉമയനല്ലൂര്‍)

Published on 28 March, 2017
വിഷുപ്പക്ഷി (കവിത: അന്‍വര്‍ ഷാ ഉമയനല്ലൂര്‍)
കണിമലരുണര്‍ന്നുന്മേഷമായൂഴിയി
ലരുണോദയങ്ങളതി,രമ്യമായി
വിഷുപ്പക്ഷിതന്‍ ഗ്രാമ്യഗീതംകണക്കെന്റെ
യുള്ളിലാമോദമുണര്‍ന്നുപാടി
കണ്ണനീ, വര്‍ണ്ണാഭകാലത്തിനോടൊത്തു
കര്‍ണ്ണികാരങ്ങള്‍ക്കൊരീണമേകേ,
ഓടക്കുഴലിനോടൊത്തുപാടാനെന്റെ
നാടുമൊന്നാകെക്കൊതിച്ചുനില്‍ക്കേ,
ശാലീനകാലമി,ന്നോണമെന്നോ,ണമെന്‍
ഗ്രാമചിത്തങ്ങള്‍ തെളിച്ചെടുക്കേ,
സ്‌നേഹാദരങ്ങളാലിതര ഹൃദയങ്ങള്‍ക്കു
മധുരമേകാന്‍ ശലഭങ്ങളെത്തേ,
സുസ്മിതങ്ങള്‍ക്കൊണ്ടലങ്കരിക്കാം നമു
ക്കൊരുമയോടീമനക്കാവുചെമ്മേ;
രാഗാര്‍ദ്രമാലചാര്‍ത്തിത്തെളിയിച്ചുകൊള്‍
കിരുള്‍വദനങ്ങളൊന്നാകെ സൗമ്യേ.
* * * *
ഋതുരാജനാം വസന്തത്തിന്‍ പെരുമകള്‍
ശ്രുതിചേര്‍ത്തുണര്‍ത്തും പതംഗമെത്തേ,
അമ്മത,ന്നതിഹൃദ്യ സദ്യപോല്‍ പിന്നെയു
മോര്‍മ്മയില്‍ ബാല്യം നിറഞ്ഞുനില്‍ക്കേ,
മിഴിവുള്ളൊരീണമായതിലോല പുലരിത
ന്നലിവാര്‍ന്ന കൈനീട്ടമെന്നവണ്ണം;
ചന്ദനക്കുറിയണിഞ്ഞണയുന്നു നാടിന്റെ
പൊന്‍കണിയാം വിഷുക്കാലമിന്നും.
* * * *
പുന്നെല്ലിനാലെന്റെ കനവുകള്‍ കവിതയാ
യിഴചേര്‍ത്തെടുത്തയാ നല്ലകാലം,
നിറമുള്ളയോര്‍മ്മയൊന്നില്‍വന്നു മുത്തശ്ശി
യിമ്പമോടുള്ളില്‍ക്കുറിച്ചുചേര്‍ക്കേ,
കണിവെള്ളരിക്കുമേല്‍ പിടിപോയ കണ്ണട
പൊടിമാറ്റി മെല്ലേയെടുത്തുവയ്‌ക്കേ,
പാടുന്നിടയ്ക്കീണമായ് മനച്ചില്ലമേല്‍
ചാഞ്ഞിരുന്നാ, വിഷുപ്പക്ഷി വീണ്ടും!
തൂമഞ്ഞുപോലെന്നെയലിവിന്‍ കരങ്ങളാല്‍
മെല്ലെത്തലോടുന്നു പുലരിയിന്നും!!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക