Image

ശ്രുതിമധുരമായി ശ്രുതി നായരുടെ ഹിന്ദുസ്ഥാനി കച്ചേരി

ജോയിച്ചന്‍ പുതുക്കുളം Published on 28 March, 2017
ശ്രുതിമധുരമായി ശ്രുതി നായരുടെ ഹിന്ദുസ്ഥാനി കച്ചേരി
എഡ്മന്റണ്‍: എഡ്മന്റണിലെ കലാസ്വാദകര്‍ക്ക് നവ്യാനുഭവമായി ശ്രുതി നായരുടെ ഹിന്ദുസ്ഥാനി കച്ചേരി. എഡ്മന്റണിലെ രാഗമാല മ്യൂസിക് സൊസൈറ്റിയുടെ 2017 വര്‍ഷത്തെ സംഗീത പരിപാടികളുടെ ഉദ്ഘാടന അവതരണമായിരുന്ന ശ്രുതിയുടെ സംഗീത കച്ചേരി. രാഗ്പൂരിയ ധനശ്രീ രാഗത്തില്‍, ജാവ്താളത്തില്‍ ബഡാഖായേല്‍ പാടിക്കൊണ്ടാണ് കച്ചേരി ആരംഭിച്ചത്.തുടര്‍ന്ന് തീന്‍ താളത്തില്‍ ഛോട്ടോ ഖായലും അവതരിപ്പിച്ചു. ഹിന്ദുസ്ഥാനി സംഗീതത്തിന്റെ തെളിമയാര്‍ന്ന ആലാപനവും, സ്വരമാധുരിയും, ശൈലിയിലുള്ള കൃതഹസ്തതയും കൊണ്ട് ശ്രുതി അനുവാചകരെ ഹഠാദാകര്‍ഷിച്ചു.

തുടര്‍ന്ന് ഗസലുകളുടെ രാജാവായ മെഹ്ദിഹാസന്റെ എക്കാലത്തേയും ഹിറ്റുകളിലൊന്നായ രന്‍ജിഷ് ഹിസനി ദില്‍ഹി എന്ന ഗസാലായിരുന്നു. ഗസലിന്റെ സര്‍വ്വ സൗന്ദര്യവും നിറഞ്ഞുതുളുമ്പിയ ആലാപനം ശ്രോതാക്കളെ സംഗീതാസ്വാദനത്തിന്റെ ഏറ്റവും ഉന്നതമായ അനുഭവത്തിലേക്കുയര്‍ത്തി. അവസാനമായി കര്‍ണ്ണാടക സംഗീതത്തിലെ തന്റെ പ്രഭാവം പ്രകടമാക്കിക്കൊണ്ട് ഗരുഡധ്വനി രാഗത്തില്‍ ഡോ. ബാലമുരളീകൃഷ്ണ രചിച്ച തില്ലാന പാടിക്കൊണ്ടാണ് കച്ചേരി അവസാനിപ്പിച്ചത്. കര്‍ണ്ണാടക സംഗീത്തിലെ താള ലയങ്ങളുടെ ആവിഷ്കാരങ്ങളില്‍ തന്റെ നൈപുണ്യം വ്യക്തമാക്കുന്നതായിരുന്നു തില്ലാന. സ്വയം ആസ്വദിച്ച് പാടുന്നതിനൊപ്പം അനുവാചകരുമായി സംവദിച്ച് പോകുന്ന ശ്രുതിയുടെ സ്വതസിദ്ധമായ ശൈലി സംഗീത പ്രേമികളെ പിടിച്ചിരുത്തുന്നതാണ്. ഹിന്ദുസ്ഥാനിയോടൊപ്പം തന്നെ കര്‍ണ്ണാടിക്കും, സംഗീതത്തിലെ ഉപവഴികളായ ഗസലും ജനകീയ സംഗീതവും തനിക്ക് വഴങ്ങുമെന്നതിന്റെ ശക്തമായ തെളിവായിരുന്നു കച്ചേരി. തബലിയില്‍ ഓജസ് ജോഫിയും, ഹാര്‍മോണിയത്തില്‍ രാജ് കമലും കച്ചേരിക്ക് അകമ്പടി നല്‍കി.

കര്‍ണ്ണാടക സംഗീതം പഠിച്ചുകൊണ്ടാണ് ശ്രുതി തന്റെ സംഗീതജീവിതം ആരംഭിച്ചത്. കര്‍ണ്ണാടക സംഗീതത്തിലെ ഗുരുക്കളില്‍ പ്രശസ്തരായ ശേഖര്‍ തന്‍ജോല്‍ക്കറും, സലിം രാഗമാലികയും ഉള്‍പ്പെടുന്നു. ഗല്‍ഹീര ഹേമ ഉപാസിനി ആയിരുന്നു ഹിന്ദുസ്ഥാനി സംഗീതത്തില്‍ ഗുരു. മുംബൈയിലെ അഖില ഭാരതീയ ഗന്ധര്‍വ്വ വിദ്യാലയത്തില്‍ നിന്നും സംഗീതപ്രവേശിക പാസായ ശ്രുതി ലണ്ടന്‍ ട്രിനിറ്റി കോളജില്‍ നിന്നും ഇലക്‌ട്രോണിക് കീബോര്‍ഡില്‍ അഞ്ചാം ഗ്രേഡും പാസായിട്ടുണ്ട്. വോയ്‌സ് ഓഫ് മുംബൈ, ഗന്ധര്‍വ്വ സംഗീതം തുടങ്ങിയ പരിപാടികളില്‍ ശ്രദ്ധേയമായ സാന്നിധ്യമായിരുന്നു ശ്രുതി. യൂണിവേഴ്‌സിറ്റി ഓഫ് ആല്‍ബര്‍ട്ടയിലെ സംഗീത വിഭാഗത്തിലെ ഇന്ത്യന്‍ മ്യൂസിക് എന്‍സൈബിളില്‍ അധ്യാപികയായി ജോലി ചെയ്യുന്ന ശ്രുതി, എഡ്മന്റണിലെ ഇന്ത്യന്‍ മ്യൂസിക് അക്കാഡമിയിലും സംഗീതം പഠിപ്പിക്കുന്നുണ്ട്. ശ്രുതിയുടെ കച്ചേരിക്കുശേഷം നരേന്‍ ഗണേശിന്റെ ഭരതനാട്യം അരങ്ങേറി. രാഗമാലയുടെ അടുത്ത പരിപാടി ഏപ്രില്‍ എട്ടിന് മുദാര്‍ട്ട് ഹാളില്‍ വച്ച് റോണു മജുംദാറും, രാജേഷും സംഗമിക്കുന്ന ബാന്‍സൂരി, മന്‍ഡോലിന്‍ സംഗമമാണ്.
ശ്രുതിമധുരമായി ശ്രുതി നായരുടെ ഹിന്ദുസ്ഥാനി കച്ചേരി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക