Image

ബിനാലെ മൂന്നാം ലക്കത്തിന്‌ ബുധനാഴ്‌ച തിരശ്ശീല വീഴും; ആറു ലക്ഷത്തോളം സന്ദര്‍ശകര്‍

Published on 28 March, 2017
ബിനാലെ മൂന്നാം ലക്കത്തിന്‌ ബുധനാഴ്‌ച തിരശ്ശീല വീഴും; ആറു ലക്ഷത്തോളം സന്ദര്‍ശകര്‍


കൊച്ചി: ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ സമകാലീന കലാവിരുന്നായ കൊച്ചി-മുസിരിസ്‌ ബിനാലെ മൂന്നാം ലക്കത്തിന്‌ ബുധനാഴ്‌ച തിരശ്ശീല വീഴും. ആറു ലക്ഷത്തോളം പേരാണ്‌ 108 ദിവസം നീണ്ടു നിന്ന ഈ കലാപ്രദര്‍ശനം കണ്ടത്‌.

കൊച്ചി ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ വൈകീട്ട്‌ 5.30 ന്‌ നടക്കുന്ന സമാപനപരിപാടിയില്‍ മന്ത്രി എ കെ ബാലനാണ്‌ മുഖ്യാതിഥി. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. 

കൊച്ചി മേയര്‍ സൗമിനി ജെയിന്‍, പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല, കെവി തോമസ്‌ എം പി, എംഎല്‍എമാരായ ഹൈബി ഈഡന്‍, കെ ജെ മാക്‌സി മുന്‍മന്ത്രി എം എ ബേബി, എന്നിവരും ചടങ്ങില്‍ സംബന്ധിക്കുന്നുണ്ട്‌.

ബിനാലെയുടെ സമഗ്രമായ വിവരണം ക്യൂറേറ്റര്‍ സുദര്‍ശന്‍ ഷെട്ടി സദസ്സിനു മുന്നില്‍ അവതരിപ്പിക്കും. കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ പ്രസിഡന്റ്‌ ബോസ്‌ കൃഷ്‌ണമാചാരി സ്വാഗതവും സെക്രട്ടറി റിയാസ്‌ കോമു നന്ദിയും പറയും.

തൈക്കൂടം ബ്രിഡ്‌ജിന്റെ സംഗീത വിരുന്നാണ്‌ സമാപന ചടങ്ങിന്റെ മറ്റൊരു ആകര്‍ഷണം. സൂരജ്‌ മണിയും ദി തത്വ ട്രിപ്പിന്റെയും പരിപാടിയോടെയാണ്‌ സംഗീത നിശ ആരംഭിക്കുന്നത്‌.
സമാപന ദിവസം പശ്ചിമ കൊച്ചിയിലെ ബിനാലെ വേദികള്‍ 9 മണിക്ക്‌ ആരംഭിച്ച്‌ 4 മണിക്ക്‌ സമാപിക്കും. 

ദര്‍ബാര്‍ ഹാളിലെ വേദി 10 മുതല്‍ 6.30 വരെയാണ്‌ പ്രവര്‍ത്തിക്കുക.
31 രാജ്യങ്ങളില്‍ നിന്നായി 97 ആര്‍ട്ടിസ്റ്റുകളാണ്‌ ബിനാലെയില്‍ പങ്കെടുത്തത്‌. ഇവരുടെ 100 കലാസൃഷ്ടികളായിരുന്നു പ്രദര്‍ശിപ്പിച്ചത്‌. 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക