Image

വിമാനക്കമ്പനികള്‍ നിരക്ക്‌ കുത്തനെ കൂട്ടി

Published on 29 March, 2017
വിമാനക്കമ്പനികള്‍ നിരക്ക്‌ കുത്തനെ കൂട്ടി

കോഴിക്കോട്‌: ഗള്‍ഫ്‌ നാടുകളിലെ പ്രവാസികള്‍ക്ക്‌ ഇരുട്ടടി നല്‍കി വിമാനക്കമ്പനികള്‍. കേരളത്തില്‍ നിന്ന്‌ വിദേശത്തേക്കും തിരിച്ചുമുള്ള വിമാനനിരക്കുകള്‍ വിമാനക്കമ്പനികള്‍ കുത്തനെ ഉയര്‍ത്തി. വേനലവധിക്കാലം മുന്നില്‍ക്കണ്ടാണ്‌ വിമാനക്കമ്പനികളുടെ നടപടിയെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. 

കേരളത്തിലേയും ഗള്‍ഫ്‌ നാടുകളിലേയും  അവധിക്കാലത്ത്‌ നാട്ടിലേക്ക്‌ യാത്ര പദ്ധതിയിട്ട മലയാളികള്‍ ഇതോടെ വെട്ടിലായിരിക്കുകയാണ്‌.



കേരളത്തില്‍ രണ്ട്‌ മാസത്തോളം നീളുന്ന വേനലവധിക്കാലത്താണ്‌ പ്രവാസികളില്‍ ഭൂരിഭാഗവും നാട്ടിലേക്ക്‌ വരാറുള്ളത്‌. ഈ സമയത്ത്‌ വിമാനക്കമ്പനികള്‍ നിരക്ക്‌ കൂട്ടിയത്‌ പ്രവാസികള്‍ക്ക്‌ കനത്ത തിരിച്ചടിയാണ്‌ നല്‍കിയിരിക്കുന്നത്‌.



നിശ്ചയിച്ച തീയ്യതികളില്‍ ടിക്കറ്റ്‌ ലഭ്യമല്ലാത്തതും ഒപ്പം നിരക്ക്‌ വര്‍ധനയും മലബാറിലെതടക്കം ഉമ്ര തീര്‍ത്ഥാടകരെ തീര്‍ത്തും വെട്ടിലാക്കിയിരിക്കുകയാണ്‌. ഏപ്രില്‍ ഒന്നുമുതല്‍ മെയ്‌ രണ്ടാം വാരം വരെയുള്ള ടിക്കറ്റുകള്‍ക്കാണ്‌ വിമാനക്കമ്പനികള്‍ ഫുള്‍ ഫെയര്‍ ഈടാക്കുന്നത്‌.



സൗദിയിലേക്കുള്ള ടിക്കറ്റ്‌ നിരക്ക്‌ അടുത്ത ആഴ്‌ചമുതല്‍ മുപ്പതിനായിരം രൂപയ്‌ക്ക്‌ മുകളിലാണ്‌. പന്ത്രണ്ടായിരം രൂപ മുതലാണ്‌ നിലവിലുള്ള ടിക്കറ്റ്‌ നിരക്ക്‌. ഇതേ പോലെത്തന്നെ ഖത്തറിലേക്കും ദുബായിലേക്കും ഉള്ള ടിക്കറ്റ്‌ നിരക്കില്‍ വര്‍ധനവ്‌ ഉണ്ട്‌.


എട്ടായിരം രൂപ മുതല്‍ ലഭിച്ചിരുന്ന ഖത്തറിലേക്കുള്ള ടിക്കറ്റ്‌ ലഭിക്കാന്‍ ഇനി ഇരുപത്തിനാലായിരത്തിന്‌ മുകളില്‍ മുടക്കണം. ദുബായിലേക്കുള്ള ടിക്കറ്റ്‌ നിരക്ക്‌ മൂന്നിരട്ടിക്ക്‌ മുകളിലാണ്‌ ഉയര്‍ത്തിയിരിക്കുന്നത്‌.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക