Image

കലാഭവന്‍ മണിയുടെ മരണം : അന്വേഷണം ഏറ്റെടുക്കാനാവില്ലെന്ന്‌ സിബിഐ

Published on 29 March, 2017
കലാഭവന്‍ മണിയുടെ മരണം : അന്വേഷണം ഏറ്റെടുക്കാനാവില്ലെന്ന്‌ സിബിഐ
 കൊച്ചി: കലാഭവന്‍ മണിയുടെ മരണത്തിലെ ദുരൂഹത ഇനിയും തുടരവെ, കേസ്‌ അന്വേഷണം ഏറ്റെടുക്കാനാവില്ലെന്ന്‌ സിബിഐ. കേന്ദ്ര അന്വേഷണ ഏജന്‍സി ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചു. 

അന്വേഷണം ഏറ്റെടുക്കാന്‍ വേണ്ട ദുരൂഹതകള്‍ മണിയുടെ മരണത്തിന്‌ ഇല്ലെന്ന്‌ സിബിഐ പറഞ്ഞു. മണിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം അവസാനിപ്പിക്കാന്‍ കേരളാ പോലീസും തീരുമാനിച്ചിരുന്നു. 

 കൊലപാതകമെന്നോ ആത്മഹത്യയെന്നോ സ്ഥിരീകരിക്കുന്ന തെളിവുകള്‍ ഇല്ലാത്തതിനാലാണ്‌ അന്വേഷണം അവസാനിപ്പിക്കാന്‍ പോലീസ്‌ തീരുമാനിച്ചത്‌. 

 എന്നാല്‍ കലാഭവന്‍ മണിയുടെ ബന്ധുക്കള്‍ പറയുന്നത്‌ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ്‌. അന്വേഷണം സിബിഐക്ക്‌ വിടണമെന്നും എന്നാലേ സത്യം പുറത്തുവരൂ എന്നുമായിരുന്നു സഹോദരന്‍ ഉള്‍പ്പെടെയുള്ളവരുടെ ആവശ്യം. 

തുടര്‍ന്ന്‌ കേസ്‌ സിബിഐക്ക്‌ കൈമാറി സര്‍ക്കാര്‍ ഉത്തരവ്‌ പുറപ്പെടുവിച്ചിരുന്നു. ഇനിയും ബാക്കി തുടര്‍ന്നാണ്‌ കേസ്‌ ഏറ്റെടുക്കാന്‍ മതിയായ കാരണങ്ങളുണ്ടോ എന്ന്‌ സിബിഐ പരിശോധിച്ചത്‌.

 സിബിഐ അന്വേഷണം ഏറ്റെടുക്കാതിരിക്കുകയും പോലീസ്‌ അന്വേഷണം അവസാനിപ്പിക്കുകയും ചെയ്‌ത്‌ പശ്ചാത്തലത്തില്‍ മരണത്തില്‍ ദുരൂഹതയില്ലെന്ന്‌ കരുതേണ്ടി വരും.

കരള്‍ രോഗമാണ്‌ മരണകാരണമെന്ന്‌ മെഡിക്കല്‍ പരിശോധനാ ഫലങ്ങള്‍ വ്യക്തമാക്കുന്നുണ്ടെന്ന്‌ സിബിഐ കോടതിയെ ബോധിപ്പിച്ചു. 

 മരണത്തില്‍ ദുരൂഹതയുണ്ടെന്നും അേന്വഷണം സിബിഐ ഏറ്റെടുക്കണമെന്നും കാണിച്ച്‌ മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്‌ണനും ഭാര്യ നിമ്മിയുമാണ്‌ ഹൈക്കോടതിയെ സമീപിച്ചിരുന്നത്‌. 

കഴിഞ്ഞ വര്‍ഷം മാര്‍ച്ച്‌ ആറിനായിരുന്നു മണിയുടെ മരണം. കൊലപാതകമാണെന്ന്‌ തുടക്കം മുതല്‍ ആക്ഷേപമുണ്ടായിരുന്നെങ്കിലും മതിയായ തെളിവുകള്‍ പോലീസിന്‌ ലഭിച്ചിരുന്നില്ല. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക