Image

നികുതി ബ്രാക്കറ്റുകള്‍ ഏഴില്‍ നിന്ന് മൂന്നായി കുറയ്ക്കുവാന്‍ നീക്കം (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 29 March, 2017
നികുതി ബ്രാക്കറ്റുകള്‍ ഏഴില്‍ നിന്ന് മൂന്നായി കുറയ്ക്കുവാന്‍ നീക്കം (ഏബ്രഹാം തോമസ്)
വാഷിംഗ്ടണ്‍: ഒബാമ കെയര്‍ റദ്ദാക്കല്‍ ശ്രമത്തിന് ശേഷം പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പിന്റെ അജന്‍ഡയിലെ അടുത്ത ഇനം നികുതി നിയമ പരിഷ്‌ക്കരണമാണ്. കുടുംബങ്ങളുടെയും വ്യക്തികളുടെയും വരുമാനം ഏഴായി തിരിച്ച് (ഏഴ് ബ്രാക്കറ്റുകള്‍) വിവിധ നിരക്കുകളുടെ നികുതി ചുമത്തുകയാണ് നിലവിലെ നിയമം ചെയ്യുന്നത്. വൈറ്റ് ഹൗസിന്റെ പുതിയ പദ്ധതിയില്‍ ഇത് മൂന്ന് ബ്രാക്കറ്റുകളായി ചുരുങ്ങുമെന്ന് ട്രഷറി സെക്രട്ടറി സ്റ്റീവന്‍ നൂചില്‍ പറഞ്ഞു.

നിലവില്‍ ഏറ്റവും ഉയര്‍ന്ന നികുതി നിരക്ക് 39.6 ശതമാനമാണ്. ഇത് 33 ശതമാനമായി കുറയ്ക്കും. കോര്‍പ്പറേറ്റുകള്‍ക്ക് ഇപ്പോള്‍ ചുമത്തുന്ന 35% നികുതിക്ക് പകരം ഇറക്കുമതി, അമേരിക്കയില്‍ നിന്ന് ഉടലെടുക്കുന്ന വസ്തുക്കള്‍, സേവനം എന്നിവ അമേരിക്കയില്‍ തന്നെ ഉപയോഗിക്കുകയാണെങ്കില്‍ ലാഭത്തിന് മേല്‍ 20% നികുതി എന്ന് ക്രമീകരിക്കും. കയറ്റുമതിക്ക് നികുതി ഇളവുണ്ടാകും. നികുതി ബോര്‍ഡര്‍ അഡ്ജസ്റ്റ്‌മെന്റ് ടാക്‌സായി അറിയപ്പെടും.
2016 ലെ നികുതി റിട്ടേണുകളില്‍ കുടുംബങ്ങള്‍ ഭവനവായ്പയുടെ പലിശയ്ക്ക് ഇളവ് നേടിയിരുന്നു. 3 കോടി 40 ലക്ഷം കുടുംബങ്ങള്‍ക്ക് ഇങ്ങനെ 65 ബില്യണ്‍ ഡോളറിന്റെ ഇളവ് ലഭിച്ചു. 4 കോടി 30 ലക്ഷം കുടുംബങ്ങള്‍ക്ക് തദ്ദേശ നികുതികളില്‍ നിന്നും ഫെഡറല്‍ വസ്തുനികുതിയില്‍ നിന്നും മൊത്തം 70 ബില്യണ്‍ ഡോളറിന്റെ ഇളവ് ലഭിച്ചു.

നികുതി നിയമങ്ങള്‍ അഴിച്ചു പണിയുവാന്‍ റിപ്പബ്ലിക്കനുകള്‍ ജനപ്രതിനിധി സഭയ്ക്ക് മുന്‍പാകെ അവതരിപ്പിച്ചിരിക്കുന്ന ബില്‍ ഭവന വായ്പയുടെ പലിശയ്ക്ക് നല്‍കുന്ന ഇളവ് നിലനിര്‍ത്തുമ്പോള്‍ സംസ്ഥാന തദ്ദേശനികുതികള്‍ക്ക് നല്‍കുന്ന ഇളവ് തുടരേണ്ടതില്ല എന്ന് നിര്‍ദേശിക്കുന്നു.
ജനപ്രതിനിധി സഭയില്‍ നിര്‍ദ്ദേശങ്ങള്‍ പാസ്സായാലും സെനറ്റില്‍ ചില റിപ്പബ്ലിക്കനുകള്‍ തന്നെ എതിര്‍ക്കും എന്നാണ് റിപ്പോര്‍ട്ട്. അവര്‍ എതിര്‍ക്കുന്നത് പ്രധാനമായും ബോര്‍ഡര്‍ അഡ്ജസ്റ്റ്‌മെന്റ് ടാക്‌സാണ്. വൈറ്റ് ഹൗസ് നിര്‍ദ്ദേശത്തില്‍ ഈ നികുതി ഉള്‍പ്പെടുത്തിയിട്ടുണ്ടോ എന്ന ചോദ്യത്തിന് നൂചില്‍ വ്യക്തമായ മറുപടി നല്‍കിയില്ല.

നികുതി നിയമങ്ങളുടെ അഴിച്ചുപണി വരുമാനം കുറയ്ക്കും. ഒരു ട്രില്യന്‍ ഡോളറിന്റെ അധിക കമ്മിയാണ് പ്രതീക്ഷിക്കുന്നത്. കമ്മി കൂട്ടാതെ നികുതി കുറയ്ക്കണം എന്നതാണ് പാരമ്പര്യം. അതിനര്‍ത്ഥം മറ്റൊരു നികുതി കൂട്ടണം അല്ലെങ്കില്‍ മറ്റൊരു ആനുകൂല്യം വെട്ടികുറയ്ക്കണം. ഒബാമ കെയര്‍ റദ്ദാക്കിയാല്‍ ആവശ്യമായ ഒരു ട്രില്യന്‍ ഡോളര്‍ കണ്ടെത്താം എന്ന പ്രതീക്ഷ അസ്ഥാനത്തായി.
സെനറ്റില്‍ ഈ നിയമത്തെ ഡെമോക്രാറ്റുകള്‍ ശക്തമായി എതിര്‍ക്കും. എന്നാല്‍ ഈ പ്രമേയം പാസ്സാകുന്നത് തടസ്സപ്പെടുത്താനാവില്ല എന്ന സങ്കീര്‍ണ്ണമായ ഒരു സെനറ്റ് നിയമം റിപ്പബ്ലിക്കനുകളുടെ സഹായത്തിനെത്തും. അതേ നിയമത്തിന്റെ മറ്റൊരു വകുപ്പനുസരിച്ച് ലോംഗ് ടേം ബഡ്ജറ്റ്  ഡെഫസിറ്റ് കൂട്ടുന്ന ഒരു പാക്കേജും പാസ്സാക്കാനാവില്ല. അതാണ് മറ്റൊരു നികുതി വര്‍ധനയോ ആനുകൂല്യങ്ങള്‍ വെട്ടികുറയ്ക്കുകയോ ചെയ്ത് കമ്മി നികത്തണം എന്ന വാദത്തിന് ശക്തി പകരുന്നത്. മിക്കവാറും മെഡിക്കെയ്ഡ് ആനുകൂല്യങ്ങള്‍ വെട്ടിച്ചുരുക്കുവാനാണ് ശ്രമം ഉണ്ടാവുക. ഇത് വലിയ പ്രതിഷേധത്തിന് കാരണമാവും.

ഒബാമ കെയര്‍ റദ്ദാക്കല്‍ ശ്രമം പരാജയപ്പെട്ടതിന്റെ മറ്റൊരു പരിണിത ഫലമായി നികുതി പരിഷ്‌കരണം പാസാകാതിരുന്നാല്‍ വ്യാഖ്യാനിക്കപ്പെടും.

നികുതി ബ്രാക്കറ്റുകള്‍ ഏഴില്‍ നിന്ന് മൂന്നായി കുറയ്ക്കുവാന്‍ നീക്കം (ഏബ്രഹാം തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക