Image

സംഗീതത്തിന്റെ ഹൃദയംതൊട്ട് സാരംഗ്

ജോയിച്ചന്‍ പുതുക്കുളം Published on 29 March, 2017
സംഗീതത്തിന്റെ ഹൃദയംതൊട്ട് സാരംഗ്
എഡ്മന്റന്‍: പ്രവാസികളുടെ ഇടയിലെ ഏറ്റവും മികച്ച കലാകാരന്മാരെ അണിനിരത്തി എഡ്മന്റണില്‍ രൂപീകൃതമായ "സാരംഗി'ന്റെ ആദ്യത്തെ കലാവിരുന്ന് മാര്‍ച്ച് 11-ന് ഇവാന്‍ജല്‍ പെന്തക്കോസ്തല്‍ അസംബ്ലി ഹാളില്‍ നടന്നു.

മനോഹരമായ വേദിയില്‍ പാടിതെളിഞ്ഞ കലാകാരന്മാര്‍ ഒരു അണുവിട പോലും താളപ്പിഴ കൂടാതെ മലയാളത്തിലെ ഇമ്പമാര്‍ന്ന ഗാനങ്ങളും, എക്കാലത്തേയും ഹിന്ദി, തമിഴ് ഗാനങ്ങളും ആലപിച്ചപ്പോള്‍ നാളിതുവരെയുള്ള എഡ്മന്റണിലെ സംഗീത പരിപാടികളില്‍ വേറിട്ടതായി. "ഈശ്വരനേ തേടി...' എന്ന ഗാനത്തോടെ ജിജി പടമാടന്‍ ഗാനങ്ങള്‍ക്ക് തുടക്കമിട്ടു. തുടര്‍ന്ന് ഐഡിയ സ്റ്റാര്‍ സിംഗറിലെ ഏറെ പ്രശസ്തനും കാനഡയിലെ മലയാളികള്‍ക്കിടയിലെ പ്രിയ ഗായകന്‍ ഡാനി സെബാസ്റ്റ്യന്‍ ഏറ്റവും പുതിയ ഹിറ്റായ "ഞാനും ഞാനുമെന്റാളും....' എന്ന ഗാനവുമായി രംഗത്തെത്തി. തുടര്‍ന്നു തൊണ്ണൂറുകളെ ഓര്‍മ്മിപ്പിച്ചുകൊണ്ട് "ഒളിച്ചിരിക്കാന്‍ വള്ളിക്കുടിലില്‍...' എന്ന ഗാനവുമായി ശ്രുതി നായര്‍ രംഗത്തെത്തി. വോയ്‌സ് ഓഫ് മുംബൈ, ഗന്ധര്‍വ്വ സംഗീതം തുടങ്ങിയ പരിപാടികളിലെ ശ്രദ്ധേയ സാന്നിധ്യമായിരുന്ന ശ്രുതി ഹിന്ദുസ്ഥാനി സംഗീതത്തിലും കര്‍ണ്ണാടിക് മ്യൂസിക്കിലും കൃതഹസ്തയാണ്. തുടര്‍ന്ന് പ്രണവ് മേനോന്‍ "പൊടിമീശ മുളച്ചൊരു കാലം...' എന്ന പുതിയ ഹിറ്റുമായി എത്തി. തുടര്‍ന്ന് ഡാഡിയുടേയും ശ്രുതിയുടേയും നേതൃത്വത്തില്‍ പഴയതും പുതിയതുമായ നിരവധി ഗാനങ്ങള്‍ രംഗത്തെത്തി. ക്ലാസിക്കല്‍ പാട്ടുകളും, ഡ്യൂയറ്റുകളുംകൊണ്ട് ഗായകര്‍ മലയാളികളുടെ ഗൃഹാതുരത്വമുണര്‍ത്തി. ഇടവേളയ്ക്കുമുമ്പായി ടീമിന്റെ തീം മ്യുസിക് ലയഭംഗികൊണ്ടും ചടുലതാളംകൊണ്ടും ശ്രോതാക്കളെ കോരിത്തരിപ്പിക്കുന്നതായിരുന്നു.

കലാപരിപാടികളിലെ വ്യത്യസ്ത ഇനമായിരുന്നു സുജിത് വിഘ്‌നേശ്വറിന്റെ ഏകാഭിനയം. ജയപ്രകാശ് ദിനേശന്റെ "കഥ' എന്ന നാടകത്തിന് സുജിത് നല്‍കിയ രംഗാവിഷ്കാരമായിരുന്നു ആദ്യ പകുതിയില്‍ അരങ്ങേറിയത്. മലബാറിലെ ഒരു ചെറുപ്പക്കാരന്‍ തന്റെ സഹോദരിയുടെ വിവാഹത്തെ കേന്ദ്രീകരിച്ച് പറയുന്ന ജീവിത കഥ സുജിത് തന്മയത്വത്തോടെ അവതരിപ്പിച്ചു. പരിപാടിയുടെ രണ്ടാം പകുതിയില്‍ അരങ്ങേറിയത് കളൂരിന്റെ "വെളിച്ചെണ്ണ' എന്ന നാടകത്തെ ആസ്പദമാക്കി സുജിത് തയാറാക്കിയ "ഗോപാലന്റെ ബിരിയാണി' എന്ന നാടകമായിരുന്നു. വിശക്കുന്നവന്‍ ബിരിയാണി കഴിക്കുന്നത് സ്വപ്നം കാണുന്നത് സുജിത് അഭിനയിച്ച് കാണിച്ചത് കാണികള്‍ അത്ഭുതത്തോടെ വീക്ഷിച്ചു. രണ്ട് നാടകങ്ങളിലും പ്രേക്ഷകരേയും ഉള്‍പ്പെടുത്തിയും, അവരുടെ ഇടയിലൂടെ അഭിനയിച്ചുമാണ് സുജിത് തന്റെ അഭിനയസിദ്ധി തെളിയിച്ചത്.

എറണാകുളം കലാഭവനില്‍ പിയാനോ അധ്യാപകനായിരുന്ന ചെറി ഫിലിപ്പാണ് പരിപാടിയില്‍ കീബോര്‍ഡ് നിയന്ത്രിച്ചത്. ലണ്ടന്‍ ട്രിനിറ്റി കോളജില്‍ നിന്നും പിയാനോയില്‍ എട്ടാം ഗ്രേഡ് പാസായിട്ടുള്ള ചെറിയുടെ നേതൃത്വമാണ് മികവുറ്റ ഓര്‍ക്കസ്‌ട്രേഷന്‍ പരിപാടിക്ക് നല്‍കിയത്. കേരളത്തില്‍ നിരവധി സംഗീത പരിപാടികളില്‍ ഡ്രംസെറ്റില്‍ നൈപുണ്യം തെളിയിച്ച ജോണി തോമസ് ആയിരുന്നു പരിപാടിയില്‍ അതീവ ശ്രദ്ധയോടെ ഡ്രംസ് കൈകാര്യം ചെയ്തത്. ചെറുപ്പം മുതല്‍ തബല പരിശീലിച്ച് പ്രൊഫഷണലായി പ്രാക്ടീസ് ചെയ്യുന്ന പ്രശാന്ത് ജോസ് ആയിരുന്നു തബലിസ്റ്റ്. മികച്ച ഒരു ഗായകന്‍ കൂടിയായ പ്രശാന്ത് "മാ അലി' എന്ന പ്രശസ്ത ഗാനം പാടിക്കൊണ്ട് പ്രേക്ഷകരെ കൈയ്യിലെടുക്കുകയും ചെയ്തു. ഗിത്താര്‍ വാദനം ആവേശമായി കൊണ്ടുനടക്കുന്ന സനല്‍ അസീസ് ആയിരുന്നു ബേസ് ഗിത്താര്‍ മനോഹരമായി കൈകാര്യം ചെയ്തത്.

അറിയാതെ പോകുന്ന പ്രതിഭകളെ കോര്‍ത്തിണക്കി കൊണ്ട് ഗുണമേന്മയാര്‍ന്ന കലാപരിപാടികള്‍ അവതരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സാരംഗ് പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ളത്. ചെറി ഫിലിപ്പ് സംഗീത സംബന്ധിയായ കാര്യങ്ങള്‍ ക്രോഡീകരിക്കുമ്പോള്‍, അനീഷ് അംബുജാക്ഷന്‍ സാരംഗിന്റെ ഏകോപനവും സംഘാടനവും മാര്‍ക്കറ്റിംഗും നിര്‍വഹിക്കുന്നു. ബിസിനസ് ഡവലപ്‌മെന്റ് ബാങ്ക് ഓഫ് കാനഡയില്‍ കണ്‍സള്‍ട്ടന്റായ അനീഷിന്റേയും, സംഗീതജ്ഞനായ ചെറിയുടേയും സ്വപ്ന സാക്ഷാത്കാരത്തിന്റെ ആരംഭമായിരുന്നു സാരംഗിന്റെ പരിപാടിയിലെ രണ്ടാം പകുതിയില്‍ ചടുല താളങ്ങളില്‍ നിരവധി ഹിറ്റ് ഗാനങ്ങള്‍ അവതരിപ്പിക്കപ്പെട്ടു. ഇടയില്‍ ജിജിയും മകള്‍ ടെസ്സും കൂടി അവതരിപ്പിച്ച ഡ്യൂയറ്റുംശ്രദ്ധേയമായി. മലയാളത്തിലെ പഴയതും പുതിയതുമായ ഹിറ്റുകളുടെ മെലഡിയോടെ സംഗീതവിരുന്ന് കൊട്ടിക്കലാശിച്ചു. അവതാരകയായിരുന്ന റിച്ചി സ്റ്റാന്‍ലി പരിപാടികള്‍ ഹൃദ്യമായി അവതരിപ്പിച്ചു.
സംഗീതത്തിന്റെ ഹൃദയംതൊട്ട് സാരംഗ്സംഗീതത്തിന്റെ ഹൃദയംതൊട്ട് സാരംഗ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക