Image

മിഷേലിന്റെ മരണം: ക്രോണിന് ജാമ്യം അനുവദിച്ചു

Published on 29 March, 2017
മിഷേലിന്റെ മരണം: ക്രോണിന് ജാമ്യം അനുവദിച്ചു
    കൊച്ചി: സിഎ വിദ്യാര്‍ഥിനി മിഷേല്‍ ഷാജിയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ക്രോണിന് കോടതി ജാമ്യം അനുവദിച്ചു. കേരളം വിട്ടുപോകരുതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്‌പോള്‍ ഹാജരാകണമെന്നുമുള്ള ഉപാധികളിലാണ് ജാമ്യം. ആത്മഹത്യാ പ്രേരണക്കുറ്റവും പോക്‌സോയും അടക്കമുള്ള കേസുകളാണ് ഇയാളുടെ മേല്‍ ചുമത്തിയിരിക്കുന്നത്. 

ഈ മാസം അഞ്ചിനാണ് പാലാരിവട്ടത്തെ സ്ഥാപനത്തില്‍ സിഎ വിദ്യാര്‍ഥിനിയായ മിഷേലിനെ കാണാതാവുന്നത്. കച്ചേരിപ്പടിയിലുള്ള ഹോസ്റ്റലില്‍നിന്നു കലൂര്‍ പള്ളിയിലേക്കെന്നുപറഞ്ഞ് ഇറങ്ങിയ പെണ്‍കുട്ടിയെ കാണാതാവുകയും, പിറ്റേദിവസം കായലില്‍നിന്നു മൃതദേഹം ലഭിക്കുകയുമായിരുന്നു. 

മിഷേലിന്റെ കേസുമായി ബന്ധപ്പെട്ടു ഛത്തീസ്ഗഡില്‍ ജോലിചെയ്തിരുന്ന ക്രോണിനെ പോലീസ് ചോദ്യംചെയ്യാന്‍ വിളിച്ചുവരുത്തി അറസ്റ്റു ചെയ്യുകയായിരുന്നു. പിന്നീട് ഇയാളെ ഛത്തീസ്ഗഡില്‍ എത്തിച്ചും അന്വേഷണ സംഘം തെളിവെടുത്തു. മിഷേലിനെ കാണാതായതിന് തലേന്ന് ക്രോണിന്റെ ഫോണില്‍നിന്നു മിഷേലിനു നിരവധി സന്ദേശങ്ങള്‍ അയച്ചതായും ഫോണ്‍ വിളിച്ചതായും അന്വേഷണസംഘം നേരത്തെ കണ്ടെത്തിയിരുന്നു.

രണ്ടു വര്‍ഷമായി ക്രോണിന്‍ മിഷേലിനെ ഉപദ്രവിക്കുന്നുണ്ടെന്നും അന്വേഷണ സംഘത്തിനു തെളിവു ലഭിച്ചു. ക്രോണിന്റെയും മിഷേലിന്റെയും സുഹൃത്തുകളെ ചോദ്യം ചെയ്തതില്‍നിന്നുമാണ് ഈ വിവരം ലഭിച്ചത്. ഈ ജനുവരിയിലാണ് മിഷേലിനു 18 വയസ് പൂര്‍ത്തിയായത്.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക