Image

മന്ത്രിയെ വിളിച്ച് വീഴ്ത്തിയ ചതിപ്പണിക്ക് മാപ്പുപറഞ്ഞ് ചാനല്‍ നാണംകെട്ടു

എ.എസ് ശ്രീകുമാര്‍ Published on 31 March, 2017
മന്ത്രിയെ വിളിച്ച് വീഴ്ത്തിയ ചതിപ്പണിക്ക് മാപ്പുപറഞ്ഞ് ചാനല്‍ നാണംകെട്ടു
മലയാളിയുടെ സദാചാര ബോധത്തെയും ജീവിത മൂല്യങ്ങളെയും വെല്ലുവിളിച്ച് അശ്ലീല സംഭാഷണത്തിന്റെ ലജ്ജിപ്പിക്കുന്ന ശബ്ദ വീചികള്‍ നമ്മുടെ കുടുംബാന്തരീക്ഷത്തിലേയ്ക്ക് യാതൊരുളുപ്പുമില്ലാതെ തള്ളിവിട്ട മംഗളം ചാനല്‍ അതിന്റെ ഉദ്ഘാടനപ്പിറ്റേന്നുമുതല്‍ സ്വന്തം കുഴി തോണ്ടിത്തുടങ്ങിയിരിക്കുന്നു. ഒരു സംസ്ഥാന മന്ത്രിയുടെ രാജിയിലേയ്ക്ക് തൊടുത്ത നുണക്കഥയുടെ പേരില്‍ ചാനല്‍ തന്നെയിപ്പോള്‍ ഉളിയൂരാന്‍ പെടാപ്പാട് പെടുകയാണ്. ഒരു മഹാകാര്യം എയര്‍ ചെയ്ത് സദാചാരത്തിന്റെ മൊത്തം സംരക്ഷകരാവാന്‍ ശ്രമിച്ചവര്‍ കേരളത്തിലെ പരിണതപ്രജ്ഞരായ മാധ്യമ സമൂഹത്തിന്റെ വിചാരണ നേരിടുന്നതിനെ 'വാളെടുത്തവന്‍ വാളാല്‍' എന്നുതന്നെ വിശേഷിപ്പിക്കാം. ധാര്‍മികതയുടെയും സദാചാരത്തിന്റെയും കടയ്ക്കല്‍ കത്തിവച്ച് തുടക്ക ദിവസം തന്നെ മറ്റ് ചാനലുകളുടെ മേല്‍ റേറ്റിങ്ങ് ഉണ്ടാക്കാനുള്ള ആര്‍ത്തിയാണ് ഇവിടെ പൊളിച്ചടുക്കപ്പെട്ടത്.

ഗതാഗത മന്ത്രിയായിരുന്ന എ.കെ ശശീന്ദ്രന്റെ ടെലിഫോണ്‍ സംഭാഷണം പുറത്ത് വിട്ട സംഭവം കേരളത്തെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരുന്നു. മംഗളം ടെലിവിഷന്റെ ഈ 'ലോഞ്ചിങ് ബിഗ് ബ്രേക്കി'ല്‍ പരാതിക്കാരിയായ യുവതിയെ മന്ത്രി ശല്യം ചെയ്തുവെന്നും, യുവതിയുമായി ഫോണ്‍ സെക്സ് ചെയ്തു എന്നും ആയിരുന്നു വാര്‍ത്ത. ടെലിഫോണ്‍ ശബ്ദരേഖയില്‍ പുരുഷ ശബ്ദം മാത്രം എഡിറ്റ് ചെയ്തെടുത്തായിരുന്നു മംഗളം സംപ്രേഷണം ചെയ്തത്. പരാതിക്കാരിയായ വീട്ടമ്മ തങ്ങളെ സമീപിക്കുകയായിരുന്നു എന്നും ടെലിഫോണ്‍ സംഭാഷണം അവര്‍ തങ്ങള്‍ക്ക് കൈമാറി എന്നും വിശദീകരിക്കപ്പെട്ടു. ഇരയുടെ സമ്മതം ഇല്ലാതെ അവരുടെ വിവരങ്ങള്‍ വെളിപ്പെടുത്തുകയില്ലെന്നും മംഗളം അധികൃതര്‍ അസന്ദിഗ്ധമായി പ്രഖ്യാപിച്ചു. ആദ്യ വാര്‍ത്തയില്‍ തന്നെ ഒരു മന്ത്രിയെ രാജിവപ്പിക്കാന്‍ തങ്ങള്‍ക്ക് കഴിഞ്ഞു എന്ന അവകാശവാദം ഉന്നയിച്ച ചാനല്‍ സി.ഇ.ഒ അജന്താലയം അജിത്കുമാര്‍ ഇക്കാര്യത്തില്‍ തങ്ങളുടെ മിടുക്കും പ്രകടമാക്കി.

ധാര്‍മികയുടെ പേരിലെന്ന് പറഞ്ഞ് മന്ത്രി രാജി വച്ചെങ്കിലും ചാനലിനുനേരെ പ്രതിഷേധം ശക്തമായി. വഴിപിഴച്ച മാധ്യമ പ്രവര്‍ത്തനമാണിതെന്നാരോപിച്ച് മംഗളത്തിന്റെ തന്നെ വനിതാ സ്റ്റാഫ് ഉള്‍പ്പെടെയുള്ളവര്‍ 'ബോംബ്' പൊട്ടിച്ചയുടന്‍ രാജിവച്ചു. കേരളത്തിലെ മാധ്യമ പ്രവര്‍ത്തകരെല്ലാം വിവാദ ചാനലിനെതിരെ കടുത്ത ഭാഷയില്‍ അഭിപ്രായപ്രകടനം നടത്തുകയും ചെയ്തു. ഇതിനിടെ സംഭവത്തിനെതിരെ ജുഡീഷ്യല്‍ അന്വേഷണവും പോലീസ് അന്വേഷണവും പ്രഖ്യാപിക്കപ്പെട്ടു. അതുവരെ രാജിവച്ച മന്ത്രിക്കെതിരെ ഫോളോ അപ്പുകള്‍ വളരെ ശുഷ്‌കാന്തിയോടെ ചെയ്തിരുന്ന ചാനല്‍ പെട്ടെന്ന് പ്രതിരോധത്തിലായി. പിടിക്കപ്പെടുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ അജന്താലയം അജിത്കുമാര്‍ മാപ്പപേക്ഷയുമായി ചാനലില്‍ പ്രത്യക്ഷപ്പെട്ടു. അഞ്ച് മിനിറ്റ് നീളുന്നതായിരുന്നു കുമ്പസാരം.

ശശീന്ദ്രനെതിരായ ഫോണ്‍ കോള്‍ വാര്‍ത്തയില്‍ തെറ്റുപറ്റിയെന്ന് ഏറ്റുപറഞ്ഞ അജിത്ത് കുമാര്‍ അതൊരു സ്റ്റിംഗ് ഓപ്പറേഷനായിരുന്നുവെന്നും മുതിര്‍ന്ന എട്ട് മാധ്യമപ്രവര്‍ത്തകരടങ്ങിയ ടീം എടുത്ത തീരുമാനമാണതെന്നും വ്യക്തമാക്കി. സ്വയം തയ്യാറായ മാധ്യമപ്രവര്‍ത്തകയെയാണ് അതിന് ഉപയോഗിച്ചത്.  നടപടി തെറ്റായിപ്പോയെന്നും അതില്‍ മംഗളം ടെലിവിഷന്‍ നിര്‍വ്യാജം ഖേദിക്കുന്നുവെന്നും അജിത്ത് പറഞ്ഞു. ''വാര്‍ത്ത പുറത്തുവന്നതിനുശേഷം മാധ്യമപ്രവര്‍ത്തകരുള്‍പ്പെടെ രൂക്ഷമായ വിമര്‍ശനമാണ് ഉന്നയിച്ചത്. അതില്‍ പലരും ഞങ്ങളുടെ ഗുരുസ്ഥാനീയരുമാണ്. അതുകൊണ്ട് തന്നെ വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളുന്നു. സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും ഉയര്‍ന്ന വ്യാപക വിമര്‍ശനങ്ങളും ഞങ്ങളെ സ്വാധീനിച്ചിട്ടുണ്ട്. പത്രപ്രവര്‍ത്തക യൂണിയനും വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കുമുണ്ടായ ബുദ്ധിമുട്ടില്‍ നിര്‍വ്യാജം ഖേദിക്കുകയാണ്. വാര്‍ത്ത പൂര്‍ണരൂപത്തില്‍ മുന്‍കരുതലെടുക്കാതെയാണ് സംപ്രേഷണം ചെയ്തത്. ഇത് തിരിച്ചറിയുന്നു. വ്യാപകമായ സത്യവിരുദ്ധ പ്രചാരണം നടക്കുന്നതുകൊണ്ടാണ് ഇതെല്ലാം വെളിപ്പെടുത്തുന്നത്. സംഭവിച്ച തെറ്റുകള്‍ ഇനിയൊരിക്കലും ആവര്‍ത്തിക്കില്ല. തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തും. മംഗളം തിന്മക്കെതിരായ പോരാട്ടം തുടരും. ജുഡീഷ്യല്‍ കമ്മീഷന്‍ മുമ്പാകെ ഇക്കാര്യം പറയാനിരിക്കുകയായിരുന്നു. ഒരു വീഴ്ചയുടെ പേരില്‍ ഈ മാധ്യമസംരംഭത്തെ തകര്‍ക്കാന്‍ ശ്രമിക്കരുത്...''  ഇതാണ് ഈ ആ ഖേദ പ്രകടനം.

എന്നാല്‍ മാപ്പിരക്കലും കുമ്പസാരവും ഖേദപ്രകടനവും കൊണ്ട് കാര്യങ്ങള്‍ തീരുമെന്ന് വിചാരിച്ചവര്‍ കൂടുതല്‍ കുരുക്കിലാവുകയായിരുന്നു. അജിത് കുമാറിന്റെ കുറ്റസമ്മതത്തിനു പിന്നാലെ ചാനലില്‍ നിന്ന് ഡെപ്യൂട്ടി എഡിറ്റര്‍ എം.എം രാഗേഷ്, വയനാട് റിപ്പോര്‍ട്ടര്‍ ദീപക് മലയമ്മ എന്നിവര്‍ രാജിവച്ചു. സി.ഇ.ഒയ്ക്കെതിരെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചതിനു പിന്നാലെയായിരുന്നു ഇരുവരും രാജി വച്ചതും. കനത്ത ആഘാതമാണ് അജിത്തിന്റെ ജീവിതത്തിലും, മംഗളം ചാനലിനും വരാന്‍ പോകുന്നതെന്നാണ് സര്‍ക്കാര്‍ തലത്തില്‍നിന്ന് ലഭിക്കുന്ന സൂചന. അധാര്‍മിക മാധ്യമപ്രവര്‍ത്തനത്തിന് കൂട്ടുനിന്നതിന് അജിത് കുമാറിനെ പത്രപ്രവര്‍ത്തക യൂണിയനില്‍നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചുവെന്നാണറിയുന്നത്. അജിത് കുമാര്‍ ഉള്‍പ്പെടെ ഒന്‍പതു പേര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തി പോലീസ് കേസെടുത്തതും വിനയായി. പ്രത്യേക അന്വേഷണസംഘം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. ഐ.ടി ആക്ട്, ഗൂഡാലോചന, ഇലക്ട്രോണിക് മാധ്യമത്തിന്റെ ദുരുപയോഗം എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

അതേസമയം, മംഗളം ചാനല്‍ സി.ഇ.ഒ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരത്തെ ചാനല്‍ ആസ്ഥാനത്തേക്ക്   വനിത മാധ്യമ പ്രവര്‍ത്തകരുടെ പ്രതിഷേധ മാര്‍ച്ച് നടന്നു. വനിതാ മാധ്യമ പ്രവര്‍ത്തകരുടെ ദേശീയ തലത്തിലുള്ള കൂട്ടായ്മയായ 'നെറ്റ് വര്‍ക്ക് ഓഫ് വുമന്‍ ഇന്‍ മീഡിയ'യുടെ നേതൃത്വത്തിലാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. ഹണി ട്രാപ്പിനു നേതൃത്വം കൊടുത്ത ചാനല്‍ സി.ഇ.ഒ രാജിവയ്ക്കണമെന്നും സ്ത്രീകളെ ഉപയോഗിച്ചുള്ള ഇത്തരം സ്റ്റിംഗ് ഓപ്പറേഷനുകള്‍ നിയന്ത്രിക്കാനുള്ള സംവിധാനം സര്‍ക്കാര്‍ നടപ്പിലാക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. മാധ്യമ പ്രവര്‍ത്തകരായ സ്ത്രീകളുടെ അഭിമാനം കെടുത്തുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്നും ചാനലുകള്‍ പിന്മാറണമെന്നും സംഘടന ആവശ്യപ്പെടുന്നു. അന്തസായി ജോലി ചെയ്യാന്‍ സാഹചര്യം ഒരുക്കണമെന്നാണ് പ്രതിഷേധക്കാര്‍ ഉയര്‍ത്തുന്ന മുദ്രാവാക്യം. 15 വര്‍ഷമായി ഇന്ത്യയില്‍ പ്രവര്‍ത്തിച്ചു വരുന്ന സംഘടനയാണ് നെറ്റ്വര്‍ക്ക് ഓഫ് വുമണ്‍ ഇന്‍ മീഡിയ.

'വാര്‍ത്തകളുടെ വിസ്ഫോടനം' എന്ന മുദ്രാവാക്യവുമായാണ് മംഗളം ചാനല്‍ പ്രക്ഷേപണം ആരംഭിച്ചത്. വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള മംഗളം ദിനപ്പത്രമാണ് ടെലിവിഷന്‍ രംഗത്തേക്കും ചുവടുവെച്ചത്. ചാനലിന്റെ ഔദ്യോഗിക ഉദ്ഘാടനം നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചിരുന്നെങ്കിലും മാര്‍ച്ച് 26 ഞായറാഴ്ചയാണ് സംപ്രേക്ഷണം ആരംഭിച്ചത്. 'സ്ത്രീ മിഴിനീരല്ല' എന്ന പേരില്‍ സ്ത്രീ സുരക്ഷയെ സംബന്ധിച്ച ചര്‍ച്ചയാണ് ആദ്യത്തെ വാര്‍ത്താ ബുള്ളറ്റിനുകളില്‍ ഉള്‍ക്കൊള്ളിച്ചത്. എന്നാല്‍ പതിയെ പതിയെയാണ് ഇടത് മുന്നണി സര്‍ക്കാരിലെ ഒരു മന്ത്രി സ്ത്രീയോട് അശ്ലീലച്ചുവയില്‍ ഫോണ്‍ സംഭാഷണം നടത്തി എന്ന വാര്‍ത്തയെക്കുറിച്ച് സൂചിപ്പിച്ചത്. കുട്ടികള്‍ ടെലിവിഷന് മുന്നില്‍ നിന്ന് മാറണം എന്ന മുന്നറിയിപ്പോടെയായിരുന്നു ഏവരെയും ഞെട്ടിപ്പിക്കുന്ന അശ്ലീല സംഭാഷണം ഒരു 'ബീപ്പ്' പോലുമില്ലാതെ പച്ചയായി എയര്‍ ചെയ്തത്. മന്ത്രിക്ക് പരാതി നല്‍കാനെത്തിയ വീട്ടമ്മയാണ് ആ പരാതിക്കാരി എന്നും മന്ത്രി ഫോണ്‍ നമ്പര്‍ വാങ്ങി നിരന്തരം ശല്യം ചെയ്തു എന്നുമായിരുന്നു തങ്ങള്‍ നടത്തിയത് സ്റ്റിങ് ഓപ്പറേഷനോ ഹണി ട്രാപ്പോ അല്ലെന്നും ശബ്ദം മന്ത്രിയുടേതല്ലെന്ന് തെളിഞ്ഞാല്‍ ചാനല്‍ അടച്ചുപൂട്ടുമെന്നും മാധ്യമ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും അജിത്ത് കുമാര്‍ പ്രഖ്യാപിച്ചിരുന്നു. പരാതിക്കാരി ഒരു വീട്ടമ്മയാണ്. അവരുടെ വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സമയവും സന്ദര്‍ഭവും വന്നാല്‍ അവര്‍ തന്നെ സ്വയം വെളിപ്പെടുത്തുമെന്നും വാര്‍ത്തയില്‍ പറയുകയുണ്ടായി. എന്നാല്‍ ഇന്നലത്തെ മാപ്പു പറച്ചിലിലൂടെ ഇതെല്ലാം പ്രകോപനകരമായ നുണക്കഥകളായി.

തങ്ങള്‍ നടത്തിയത് ഒരു സ്റ്റിങ് ഓപ്പറേഷന്‍ ആണെന്നും അത് മാധ്യമ പ്രവര്‍ത്തനത്തില്‍ ഉപയോഗിക്കുന്ന രീതി ആണെന്നും പറയുന്ന അജിത്കുമാര്‍ സഭ്യമല്ലാത്ത മാധ്യമ പ്രവര്‍ത്തനമാണ് നടത്തിയിരിക്കുന്നത്. അതേസമയം, പുരുഷ ശബ്ദം മന്ത്രിയുടേതാണോയെന്ന് ഫോറന്‍സിക് പരിശോധനയിലൂടെ തെളിയിക്കണമെന്ന ആവശ്യം പരക്കെ ഉയര്‍ന്നുകഴിഞ്ഞു. ശബ്ദം മന്ത്രിയുടേതാണെന്ന് തെളിഞ്ഞാല്‍ അദ്ദേഹം സമൂഹമധ്യത്തില്‍ നാണം കെടും, വിചാരണ ചെയ്യപ്പെടും. ഒരു സ്ത്രീ വിളിക്കുമ്പോള്‍ പ്രായവും സ്ഥാനവും നോക്കാതെ അവളോട് ഫോണ്‍വേഴ്ച നടത്തിയതെന്തിനെന്ന ചോദ്യത്തിന് അദ്ദേഹം ഉത്തരം പറയേണ്ടിവരും. വയസ്സുകാലത്ത് പെണ്‍കുട്ടിയോട് അശ്ലീല ചുവയോടെ സംസാരിച്ചെന്ന പേരു ദോഷം മാറാതെ നില്‍ക്കും. എങ്കിലും തന്നെ കെണിയില്‍പ്പെടുത്തിയെന്ന വാദവുമായി പിടിച്ചു നില്‍ക്കാന്‍ ശശീന്ദ്രന്‍ ശ്രമിക്കും. പരിചയപ്പെടുന്നവരുമായി പരിധിയില്ലാത്ത സ്വാതന്ത്ര്യം സൂക്ഷിക്കുന്ന ആളാണ് താനെന്ന് മറ്റൊരു ചാനലില്‍ ശശീന്ദ്രന്‍ പറഞ്ഞു. മാധ്യമ പ്രവര്‍ത്തന രംഗത്ത് ഇങ്ങനെയാണോ വേണ്ടതെന്ന് പൊതുസമൂഹം ചര്‍ച്ച ചെയ്യണമെന്നും ശശീന്ദ്രന്‍ പറയുന്നു.

ഭരണം കൈയാളുന്നവരും സമൂഹത്തില്‍ നേതൃപരമായ സ്ഥാനങ്ങള്‍ അലങ്കരിക്കുന്നവരും പൊതുജീവിതത്തിലെന്നപോലെ സ്വകാര്യതകളിലും സംശുദ്ധമായ വ്യക്തിത്വം കാത്തുസൂക്ഷിക്കുന്നവരാവണം. ഒരു വ്യക്തിയുടെ സ്വകാര്യതയിലേക്ക് നൂണ്ടുകടക്കാന്‍ വ്യക്തിയുടെയോ മാധ്യമപ്രവര്‍ത്തകന്റെയോ ശ്രമങ്ങളെ അനുവദനീയമാക്കുന്ന സാഹചര്യമെന്ത് എന്ന ചോദ്യവുമുയരുന്നുണ്ട്. രാജ്യത്തിന്റെ സുരക്ഷയുമായോ പൊതുതാല്‍പര്യങ്ങളുമായോ ബന്ധപ്പെട്ടതാണെങ്കില്‍ ഒരാളുടെ സ്വകാര്യത ചികയേണ്ടതുതന്നെ. പക്ഷേ, ഒരു വ്യക്തിയുടെ തീര്‍ത്തും സ്വകാര്യമായ ഒരിടത്തേക്ക് പ്രലോഭനങ്ങളുമായി കടന്നുചെന്ന് ഒരു സ്ത്രീയെ ഉപയോഗിച്ച് അപമാനിക്കുന്നത് മഞ്ഞപ്പത്രക്കരുടെ നിലവിട്ട തൊഴിലാണ്. ഇവിടെ ഒരു പെണ്ണിന്റെ ശബ്ദം കേട്ടപ്പോള്‍ ചതിക്കുഴിയറിയാതെ ശശീന്ദ്രന്‍ വികാരലോലനായി. കാമപരവശന്റെ വാക്കുകള്‍ നമ്മുടെ അമ്മപെങ്ങന്‍മാരും അറിയാതെ കേട്ടതാണ് അതിലേറെ സങ്കടം. ഏതാലാലും ഈ വിടവില്‍ ലോട്ടറിയടിച്ച് മന്ത്രിയാവുന്ന തോമസ് ചാണ്ടിക്ക് 'മംഗളം'നേരാം...

മന്ത്രിയെ വിളിച്ച് വീഴ്ത്തിയ ചതിപ്പണിക്ക് മാപ്പുപറഞ്ഞ് ചാനല്‍ നാണംകെട്ടു
Join WhatsApp News
Philiph 2017-03-31 06:02:00
ഞാൻ ഹണീ ട്രാപ്പിനെയോ , ചാനലിനെയോ അനുകൂലിക്കുകയല്ല... പക്ഷെ എന്തെല്ലാം പ്രലോഭനങ്ങൾ ഉണ്ടായാലും, ഒരു വിദ്യാഭ്യാസവും ഇല്ലാത്ത ഒരു സാധാരണ പൗരൻ ആയാലും ഏതെല്ലാം ട്രാപ്പിൽ പെട്ടാലും ഉപയോഗിക്കുവാൻ ലജ്ജ തോന്നുന്ന തരാം താണ ഭാഷ ആണ് ഈ മന്ത്രി ഉപയോഗിച്ചത്... ഒരു പൊതുപ്രവര്തകന്റെ രഹസ്യ പരസ്യ ജീവിതങ്ങൾ മറ്റുള്ളവർക്ക് മാതൃക ആകണം... കേരളത്തിലെ സാഹിത്യ ബുദ്ധി ജീവികൾ ഒരു വാക്കു പോലും ഉരിയാടി ഇല്ല എന്നത് ശ്രദ്ധിക്കണം ... ഇദ്ദേഹം പൊതു പ്രവർത്തനം അവസാനിപ്പിക്കുന്നതാണ് നല്ലതു ....പൊതുജനങ്ങളെ ഓർത്തില്ലെങ്കിലും സ്വന്തം ഭാര്യയെയും മക്കളെയും പ്രായത്തെയും ഓർത്തിരുന്നെങ്കിൽ ഇത്ര തരം താണു സംസാരിക്കില്ലായിരുന്നു... എന്തായാലും ഇന്ന് വാർത്തകൾ ഓരോദിവസവും വായിക്കുമ്പോൾ എന്റെ നാടിനെ ഓർത്തു ലജ്ജ തോന്നുന്നു... കഷ്ടം എന്നെല്ലാതെ എന്ത് പറയുവാൻ... 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക