Image

മലപ്പുറത്തിന്റെ 'പച്ച 'പരമാര്‍ത്ഥം (അനില്‍ പെണ്ണുക്കര )

Published on 31 March, 2017
മലപ്പുറത്തിന്റെ 'പച്ച 'പരമാര്‍ത്ഥം (അനില്‍ പെണ്ണുക്കര )
മലപ്പുറത്തിന് എപ്പോളും പച്ച കളറാണെന്നു ലീഗുകാര്‍ പറയുക മാത്രമല്ല പ്രവര്‍ത്തിക്കുക കൂടി ചെയ്യും.കണ്ണില്‍ കാണുന്നതെല്ലാം പച്ച പൂശും.റോഡും പാലവും,കാറും,വേണ്ടിവന്നാല്‍ സ്വന്തം വീടുവരെ .അത് കാണുമ്പൊള്‍ ലീഗിണ്‌റ്റെ നേതാക്കന്മാര്‍ അണികളുടെ തോളില്‍ തട്ടി അഭിനന്ദിക്കും .ചില ലീഗ് അണികള്‍ക്ക് അത് മാത്രം മതി.പോലീസ് ബൈക്ക് പിടി കൂടിയാല്‍ ,ചെറിയ അടിപിടി കേസ് ഉണ്ടായാല്‍ ഒക്കെ നേതാക്കന്മാര്‍ ഓടി ചെല്ലണം .വോട്ടെല്ലാം കോണിക്ക്.ആണ്‍പെണ്‍ വിത്യാസമില്ലാതെ വോട്ടു മറിയും.അത് തന്നെ.

മലപ്പുറം പച്ചതന്നെ എന്ന് കഴിഞ്ഞ നാലു വര്‍ഷമായി ഈ മണ്ണില്‍ താമസിക്കുന്ന ലേഖകന് തോന്നിയിട്ടുണ്ട്,ആരും ശ്രദ്ധിക്കാത്ത ഒരു രാഷ്ട്രീയം ഇവിടെ ഉണ്ട്.അത് ജാതി രാഷ്ട്രീയം തന്നെയാണ്.ഇടതുവലതു മുന്നണികളുടെ കോര്‍ണര്‍ യോഗങ്ങളില്‍ പോയാല്‍ അത് മനസിലാകും.ഇടയ്ക്കിടയ്ക്ക് ചില ഒന്നാംതരം ബോംബുകള്‍ .അത് എവിടെ കൊടുക്കണമെന്ന് അറിയാവുന്ന പ്രാസംഗികരുമുണ്ട്.രണ്ടുപാര്‍ട്ടിയിലും .വടക്കേ ഇന്ത്യക്കാരനായ ബനാത്ത് വാല മലപ്പുറത്തിന് എം പി ആയി പല തവണ സേവനം അനുഷ്ഠിച്ചിട്ടുണ്ട് .ബനാത്ത് വാല വരാത്ത വാലാ എന്ന് മുല്ലക്കര രത്‌നാകരന്‍ ഒരിക്കല്‍ എവിടെയോ പ്രസംഗിച്ചതായും ഓര്‍ക്കുന്നു .

അതൊന്നും മലപ്പുറംകാര്‍ക്ക് ഒരു വിഷയമേ അല്ല.ഇപ്പോള്‍ നടക്കാന്‍ പോകുന്ന ഉപ തെരഞ്ഞെടുപ്പിലും മറിച്ചൊന്നും സംഭവിക്കില്ല എന്ന് തന്നെ കരുതാം .കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം രണ്ടുലക്ഷം കടക്കുമോ എന്ന് മാത്രം നോക്കിയാല്‍ മതി എന്നാണ് ഒരു ലീഗ് നേതാവ് പറഞ്ഞത് .കുഞ്ഞാലിക്കുട്ടിക്കൊപ്പം ലീഗുകാരുടെ ഒരു പട തന്നെയുണ്ട് .അതേസമയം ചിലയിടങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സഹകരണം നാമമാത്രമാണുതാനും. പ്രദേശിക കോണ്‍ഗ്രസ് നേതാക്കള്‍ ഒളിഞ്ഞും തെളിഞ്ഞും ലീഗിന് ഒളിയമ്പ് എയ്യുന്ന സാഹചര്യത്തിലാണ് ഈ ഭയം.

യുഡിഎഫ് നേതാക്കള്‍ മണ്ഡലപര്യടനം തുടരുന്ന സാഹചര്യത്തില്‍ത്തന്നെ താഴെ തട്ടിലുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ കടുത്ത അതൃപ്തിയുള്ളതായാണ് വിവരം. ഇതില്‍ മണ്ഡലം, ബ്ലോക്ക് തലം നേതാക്കള്‍ ഇക്കാര്യം മറയില്ലാതെ പറയുന്നുമുണ്ട്. എസ്ഡിപിഐ പിന്തുണ വേണ്ടെന്നു തന്നെയാണ് താഴെതട്ടിലെ നേതാക്കള്‍ നേതൃത്വത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനു പിന്നില്‍ ആര്യാടന്റെ നീക്കങ്ങളാണെന്നു വിവരമുണ്ട്.എസ്ഡിപിഐ പിന്തുണ പരസ്യമാക്കുന്നതോടെ കോണ്‍ഗ്രസില്‍ നല്ലൊരു വിഭാഗം പിന്തിരിയുമെന്നും സൂചനയുണ്ട്.

കോണ്‍ഗ്രസ് പാലം വലിക്കുമെന്ന ഭയത്തില്‍ നിന്നാണ് കുഞ്ഞാലിക്കുട്ടി ഇടപെട്ട് വെല്‍ഫെയര്‍ പാര്‍ട്ടിയുടെയും എസ്ഡിപിഐയുടെയും വോട്ടുകള്‍ ഉറപ്പിച്ചത്. മലപ്പുറമാണ് എസ്ഡിപിഐയ്ക്കും വെല്‍ഫെയര്‍ പാര്‍ട്ടിയ്ക്കും അത്യാവശ്യം സ്വാധീനമുള്ള സ്ഥലം. ഇവിടെ ഇരുപാര്‍ട്ടികളും സ്ഥാനാര്‍ഥികളെ നിര്‍ത്താത്തതിനു പിന്നില്‍ ഈ രഹസ്യബാന്ധവമാണൈന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗം ആരോപിക്കുന്നുണ്ട്.ആരുടെ വോട്ടുകിട്ടിയാലും വേണ്ടെന്നു വെയ്‌ക്കേണ്ടതില്ലെന്ന് യു ഡി എഫിന്റെ തീരുമാനം . മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ എം മാണി ഉള്‍പ്പെടെയുള്ള നേതാക്കള്‍ മണ്ഡലത്തില്‍ കുഞ്ഞാലിക്കുട്ടിയ്ക്കു വേണ്ടി പ്രചാരണത്തിനെത്തിയെങ്കിലും ആര്യാടന്‍ പിന്‍വലിയുന്ന അവസ്ഥയാണുള്ളത്.

വഴിപാട് പോലെ മാത്രമാണ് ആര്യാടന്‍ മുഹമദും മകന്‍ ഷൗക്കത്തും മണ്ഡലത്തിലെത്തുന്നത്. ആര്യാടന് മുസ്ലിംലീഗിനോടുള്ള സമീപനത്തില്‍ കാര്യമായ മാറ്റമൊന്നുമില്ലെന്ന് തന്നെയാണ് ഇത് വ്യക്തമാക്കുന്നത്. എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി ബാന്ധവത്തിനെതിരെ ആര്യാടന്‍ ശക്തമായ വിയോജിപ്പ് നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് പാലം വലിക്കുമെന്ന സംശയം മുസ്ലിംലീഗ് നേതൃത്വത്തിനുള്ളില്‍ ശക്തമായിരിക്കുന്നത്. അവസാന സമയത്തെ അടിയൊഴുക്കുകള്‍ ജയിക്കാനായാലും ഭൂരിപക്ഷം കുറച്ചാല്‍ കുഞ്ഞാലിക്കുട്ടിയുടെ ഇമേജിനെ ബാധിക്കുമെന്നിരിക്കെ കോണ്‍ഗ്രസുമായി ഉടക്കുണ്ടാക്കാതെ മുന്നോട്ടുപോകാനാണ് നേതൃത്വം തീരുമാനിച്ചിരിക്കുന്നത്.

എല്‍ഡിഎഫിലാകട്ടെ മുന്‍നിര നേതാക്കളൊന്നുമില്ലെങ്കിലും ജില്ലയിലെ ഘടക കക്ഷി നേതാക്കളധികവും കൂടെയുണ്ട്. ചില ദിവസങ്ങളില്‍ കാര്യമായ സിപിഐ നേതാക്കള്‍ പങ്കെടുക്കാത്ത അവസ്ഥയുമുണ്ട്. എല്‍ഡിഎഫിന് ഏറെ പ്രതീക്ഷയുള്ളത് പെരിന്തല്‍മണ്ണ, മങ്കട നിയോജകമണ്ഡലങ്ങളിലാണ്. ഇവിടെ ശക്തമായ പ്രചരണമാണ് ഇടതുമുന്നണി നടത്തുന്നത്. എല്‍ ഡി എഫിന്റെ സ്ഥാനാര്‍ഥി എം ബി ഫൈസല്‍ വ്യക്തിപരമായി മണ്ഡലത്തില്‍ നല്ല ബന്ധങ്ങള്‍ സ്ഥാപിച്ചിട്ടുള്ള ആളാണ്.ചെറുപ്പക്കാരുടെയിടയില്‍ വലിയ വേരോട്ടം ഉണ്ടാക്കാന്‍ ഫൈസലിന് സാധിച്ചിട്ടുണ്ട്.ജയിക്കാന്‍ സാധിച്ചില്ലെങ്കിലും കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം കുറയ്ക്കാന്‍ സാധിച്ചാല്‍ തു വലിയ നേട്ടം തന്നെ ആകും ഇടതു മുന്നണിക്ക്.പ്രത്യേകിച്ച് സി പി എമ്മിന് .

ബിജെപിയാകട്ടെ പെരിന്തല്‍മണ്ണ, വള്ളിക്കുന്ന്, മലപ്പുറം നിയോജകണ്ഡലങ്ങളിലെ ഹിന്ദുപോക്കറ്റുകളാണ് ലക്ഷ്യം വെയ്ക്കുന്നത്. എന്‍ഡിഎയില്‍ ബിജെപിയിലെ മുതിര്‍ന്ന നേതാക്കള്‍ മിക്ക ദിവസങ്ങളിലും മണ്ഡലത്തിലുണ്ട്.ഉള്ള വോട്ടുകള്‍ ഇടതു പാളയത്തിലേക്ക് പോകാതെ നോക്കാനാണ് ബി ജെ പി ഇപ്പോള്‍ ശ്രദ്ധിക്കുന്നത്.

അട്ടിമറി ജയത്തില്‍ കുറച്ചൊന്നും പ്രതീക്ഷിക്കാതെ കുഞ്ഞാലിക്കുട്ടി മുന്നോട്ടു പോകുമ്പോള്‍ ചെറുപ്പക്കാരുടെ ആവേശമായി അതെ പ്രതീക്ഷയോടെയാണ് ഫൈസലും ഒപ്പമുള്ളത് .പക്ഷെ മലപ്പുറം മാറുന്നു എന്ന് സി പി എം പറയുമ്പോഴും മത ,ജാതി സമവാക്യങ്ങള്‍ തന്നെയാണ് മലപ്പുറത്തെ രാഷ്ട്രീയം എന്നത് ഒരു "പച്ച "പരമാര്‍ത്ഥം തന്നെ.അതിനുപയോഗിക്കുന്ന മാര്‍ഗങ്ങളാണ് കൗതുകം.അത് നേരിട്ട് കാണുകയും കേള്‍ക്കുകയും തന്നെ വേണം.
മലപ്പുറത്തിന്റെ 'പച്ച 'പരമാര്‍ത്ഥം (അനില്‍ പെണ്ണുക്കര ) മലപ്പുറത്തിന്റെ 'പച്ച 'പരമാര്‍ത്ഥം (അനില്‍ പെണ്ണുക്കര ) മലപ്പുറത്തിന്റെ 'പച്ച 'പരമാര്‍ത്ഥം (അനില്‍ പെണ്ണുക്കര )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക