Image

ലേഡി സൂപ്പര്‍സ്റ്റാര്‍ വിളി ഇഷ്ടമല്ലെന്നു പാര്‍വതി

Published on 01 April, 2017
ലേഡി സൂപ്പര്‍സ്റ്റാര്‍  വിളി ഇഷ്ടമല്ലെന്നു പാര്‍വതി


തിരുവനന്തപുരം: പത്ത്‌ വര്‍ഷത്തിനിടെ ഒരുപാട്‌ അനുഭവങ്ങളിലൂടെ കടന്നു പോയെന്നും ഇനി അതിലേറെ അനുഭവങ്ങള്‍ വരാനിരിക്കുന്നെന്നും നടി പാര്‍വതി. ജീവിതം ഈസിയല്ല. ഞാന്‍ എപ്പോഴും നിവര്‍ന്നാണ്‌ നിന്നിട്ടുള്ളത്‌. ജീവിതത്തിലെ ലക്ഷ്യം മനസാക്ഷിക്കുത്തില്ലാതെ കിടന്നുറങ്ങണം എന്നത്‌ മാത്രമാണെന്നും പാര്‍വതി പറയുന്നു.

ആത്മവിശ്വാസം എപ്പോഴും എന്നിലുണ്ടായിരുന്നു. സത്യസന്ധമായി സിനിമചെയ്യുക വീട്ടില്‍ പോവുക എന്ന്‌ മാത്രമേയുള്ളൂ. ഞാന്‍ എന്നെക്കാള്‍ കൂടുതല്‍ എന്റെ ജോലിയെ സ്‌നേഹിക്കുന്നു. പടം ചെയ്‌താല്‍ വീട്ടില്‍ പോവുക. വിശ്രമിക്കുക. 

 സിനിമ വിജയിച്ചാലും പരാജയപ്പെട്ടാലും തന്നെ ബാധിക്കില്ല. ആളുകള്‍ അങ്ങനെ പറയരുത്‌ ഇങ്ങനെ ചെയ്യരുത്‌ എന്ന്‌ പറയുമ്പോള്‍ ശരിയെന്ന്‌ പറഞ്ഞ്‌ ചിരിക്കും. എന്നിട്ട്‌ എനിക്ക്‌ തോന്നിയ പോലെ ചെയ്യും. അങ്ങനെ ഒഴുകാനാണ്‌ ഇഷ്ടമെന്നും പാര്‍വതി പറയുന്നു.

ടോക്‌ ടൈം വിത്ത്‌ മാത്തുക്കുട്ടി എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പാര്‍വതി. മുന്‍ റേഡിയോ അവതാരകന്‍ മാത്തുക്കുട്ടിയാണ്‌ പാര്‍വ്വതിയുമായി അഭിമുഖ സംഭാഷണം നടത്തിയത്‌. ക്രോസ്‌ പോസ്റ്റ്‌ നെറ്റ്‌ വര്‍ക്ക്‌ എന്ന ഫെയ്‌സ്‌ബുക്ക്‌ പേജിലൂടെയാണ്‌ അഭിമുഖം സംപ്രേഷണം ചെയ്‌തത്‌.

ഞാന്‍ ഒരു ഫെമിനിസ്റ്റാണെന്നും മകള്‍, കാമുകി, ഭാര്യ, അമ്മ, അമ്മൂമ്മ എന്നിങ്ങനെ സ്‌ത്രീകള്‍ ജീവിതമാകെ ടാഗ്‌ ചെയ്യപ്പെടുകയാണെന്നും പാര്‍വതി പറയുന്നു. എല്ലാവരും പെണ്ണുങ്ങള്‍ ആയിട്ടാണ്‌ കാണുന്നത്‌. വ്യക്തികളായിട്ടാണ്‌ കാണേണ്ടത്‌.

 
കുട്ടിയായിരുന്നപ്പോള്‍ മൊളസ്റ്റേഷന്‍ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്‌. നടന്നുപോകുമ്പോള്‍ അടിക്കുകയും നുള്ളുകയും ചെയ്‌തിട്ടുണ്ട്‌. 17ാം വയസ്സിലാണ്‌ ആദ്യമായി പ്രതികരിക്കുന്നത്‌. ഇങ്ങനെ സംഭവിക്കുമെന്നേ പറഞ്ഞു തന്നിരുന്നുള്ളൂ. എനിക്ക്‌ എന്നെത്തന്നെ സംരക്ഷിക്കാന്‍ പറ്റുമെന്ന്‌ സമൂഹം പറഞ്ഞു തന്നിരുന്നില്ല.

സിനിമയില്‍ അഭിനയിക്കുക എന്ന്‌ പറയുന്നത്‌ സമൂഹത്തിലെ ആളുകളെ പ്രതിനിധീകരിക്കലാണ്‌. അഭിനയം എന്നു പറയുന്നത്‌ വലിയൊരു നുണ പറച്ചിലാണ്‌. ആ നുണയില്‍ ജീവിക്കലാണെന്നും പാര്‍വ്വതി പറയുന്നു.

ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന വിളിയേക്കുറിച്ചുള്ള ചോദ്യത്തിന്‌ ആ വിളി കേള്‍ക്കാള്‍ ഇഷ്ടമില്ലെന്നായിരുന്നു പാര്‍വതിയുടെ പ്രതികരണം. ആള്‍ക്കാര്‍ സെല്‍ഫി ചോദിച്ച്‌ വരും. പലപ്പോഴും നോ ആണ്‌ പറയാറ്‌. സിനിമചെയ്യുമ്പോള്‍ കഥാപാത്രവും പ്രേക്ഷകനും തമ്മില്‍ മാത്രമാണ്‌ ബന്ധം. അത്‌ കഴിഞ്ഞാല്‍ തന്നെ തന്റെ വഴിക്ക്‌ വിടണം. പാര്‍വതി പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക