Image

തെക്കേ ഇന്ത്യക്കാരുടെ ഇഡ്ഡലിക്കുമുണ്ട് ഒരു ആഗോള ദിവസം

മലയാളി വീട്ടമ്മ Published on 02 April, 2017
തെക്കേ ഇന്ത്യക്കാരുടെ ഇഡ്ഡലിക്കുമുണ്ട് ഒരു ആഗോള ദിവസം
അന്നും നമ്മള്‍ ഇഡ്ഡലി കഴിച്ചു. പക്ഷേ ആ മാര്‍ച്ച് 30 എന്ന ദിവസത്തിന്റെ പ്രത്യേകത അറിഞ്ഞിരുന്നില്ല. അന്ന് ഇഡ്ഡലി ദിനമായിരുന്നു...!!! ദോശയ്ക്ക് പോലുമില്ലാത്ത രാഷ്ട്രാന്തര അംഗീകാരമാണ് ഇഡ്ഡലിക്കുള്ളത്. 2015 മുതലാണ് മാര്‍ച്ച് 30 ഇഡ്ഡലി ദിനമായി ആചരിച്ച് തുടങ്ങിയത്. ഇഡ്ഡലി നമ്മുടെ പ്രിയപ്പെട്ട പലഹാരമാണ്. ഇത് കഴിക്കാത്ത ഒരു മലയാളിയും ഭൂമുഖത്തുണ്ടാവില്ല. ഇഡ്ഡലിക്കുമുണ്ട് അന്തസിന്റെയും ആഭിജാത്യത്തിന്റെയും ചരിത്രം. അതിപുരാതന കാലം മുതല്‍ക്കേ പ്രചാരത്തിലുണ്ടായിരുന്ന ഭക്ഷണമാണ് ഇഡ്ഡലി. കര്‍ണ്ണാടകത്തിലാണ് ഇഡ്ഡലിയുടെ ജനനമെന്ന് കരുതുന്നു. ക്രിസ്തുവര്‍ഷം 920-ാം ആണ്ടില്‍ ശിവകോടി ആചാര്യ കന്നഡത്തില്‍ എഴുതിയ ഒരു കൃതിയില്‍ സമാനമായ ഒരു ഭക്ഷ്യവസ്തുവിനെ പറ്റി പരാമര്‍ശിക്കുന്നു. അതില്‍ ഉഴുന്ന് മാത്രമാണ് ഉപയോഗിച്ചിരുന്നത്. കന്നട ഭാഷയിലെ 'വഡ്ഢാ രാധനെ' എന്ന കൃതിയില്‍ ഇഡ്ഡലിയെപ്പറ്റി പരാമര്‍ശിച്ചിട്ടുണ്ട്. ക്രിസ്തുവര്‍ഷം 1025-ലെ ഒരു കൃതിയില്‍ മോരിലിട്ട് കുതിര്‍ത്ത ഉഴുന്ന് അരച്ചതും, കുരുമുളക്, മല്ലി, പെരുങ്കായം എന്നിവ ചേര്‍ത്തതുമായ ഒരു തരം ഇഡ്ഡലിയെ പറ്റി സൂചനയുണ്ട്.

ക്രിസ്തുവര്‍ഷം 1130ല്‍ കന്നഡ ദേശ രാജാവായിരുന്ന സോമേശ്വര മൂന്നാമന്റെ കാലത്ത് സംസ്‌കൃതത്തില്‍ തയ്യാറാക്കിയ മാനസോല്ലാസ എന്ന സര്‍വ്വവിജ്ഞാനകോശത്തില്‍ ഇഡലി ഉള്‍പ്പെട്ടിട്ടുണ്ടായിരുന്നു. പതിനേഴാം നൂറ്റാണ്ട് വരെ ഇഡലിയില്‍ അരി ചേര്‍ത്തിരുന്നതിന് തെളിവുകള്‍ ഒന്നും തന്നെ ഇല്ല. അരി, മാവ് പുളിക്കലിനെ ത്വരിതപ്പെടുത്തുന്നത് കൊണ്ടാവാം ചേര്‍ത്ത് തുടങ്ങിയത്. റവ ഇഡലി, സാമ്പാര്‍ ഇഡലി (സാധാരണ ഇഡ്ഡലി സാമ്പാറില്‍ മുങ്ങി കുളിച്ച്), രസ ഇഡലി, നെയ്യ് ഇഡ്ഡലി (ആഡ്രാ), സിനിമാനടി കുശ്ബുവിന്റെ പേരില്‍ അറിയപ്പെ ഉലുവ ചേര്‍ത്തുള്ള ഇഡ്ഡലി എന്നിങ്ങനെ പല രൂപത്തിലും രുചിയിലുമുള്ള ഇഡ്ഡലികള്‍ ഉണ്ട്. ദക്ഷിണേയില്‍ ഇഡ്ഡലി ഒഴിച്ചുകൂടാനാവാത്ത ഭക്ഷണമാണ്.

താമരശ്ശേരി ചുരത്തപ്പറ്റി നമ്മള്‍ കേട്ടിട്ടുണ്ട്. പക്ഷേ രാമരശ്ശേരി ഇഡ്ഡലിയെപ്പറ്റിയോ...? പാലക്കാട് ജില്ലയിലുള്ള രാമശ്ശേരി എന്ന ഗ്രാമത്തിലാണ് രുചിയില്‍ വളരെ വ്യത്യാസമുള്ള രാമശ്ശേരി ഇഡ്ഡലി എന്ന പ്രത്യേക തരം ഇഡ്ഡലിയുള്ളത്. പാലക്കാടുനിന്നും വാളയാറിലേയ്ക്കുള്ള വഴിയില്‍ പുതുശ്ശേരിക്ക് അടുത്ത് എലപ്പുള്ളി പഞ്ചായത്തിലാണ് രാമശ്ശേരി എന്ന ഗ്രാമം. പൊള്ളാച്ചി റൂട്ടില്‍ കുന്നാച്ചി യില്‍ നിന്നും രണ്ട് കിലോമീറ്റര്‍ പോയാലും രാമശ്ശേരിയില്‍ എത്താം. ഈ ഗ്രാമത്തിന്റെ പേര് തന്നെ ഈ ഇഡ്ഡലിപ്പെരുമ കൊണ്ടാണ്. മുതലിയാര്‍ സമുദായക്കാരാണ് ഇതുണ്ടാക്കുന്നത്. തമിഴ്‌നാട്ടിലെ കാഞ്ചീപുരത്ത് നിന്നും പാലക്കാട്ടേയ്ക്ക് കുടിയേറിയവരാണ് മുതലിയാര്‍ കുടുംബങ്ങള്‍. മുമ്പ് അറുപതോളം കുടുംബങ്ങള്‍ ഇഡ്ഡലി ഉണ്ടാക്കി വിറ്റിരുന്നുന്നെങ്കില്‍, ഇന്ന് നാലഞ്ചു കുടുംബങ്ങളേ ഈ ഇഡ്ഡലി ഉണ്ടാക്കുന്നുള്ളൂ.

രാമശ്ശേരി ഇഡ്ഡലി ഉണ്ടാക്കുന്ന വിധം ഒന്ന് പരിശോധിക്കാം...പത്തുകിലോ പൊന്നി അരിക്ക് ഒന്നരകിലോ ഉഴുന്ന് പരിപ്പ് എന്ന കണക്കിലാണ് ഉപയോഗിക്കുന്നത്. ഇതില്‍ 50 ഗ്രാം ഉലുവ കൂടി ചേര്‍ത്ത്, ഇവ മുന്നും കൂട്ടി നന്നായി അരച്ച് വെക്കയ്ക്കണം. പിറ്റേ ദിവസം കാലത്ത് എടുത്ത് ഇഡ്ഡലി ഉണ്ടാക്കാം. പുറത്ത് പലരും മേല്‍പ്പറഞ്ഞ രീതിയില്‍ ഇത് ഉണ്ടാക്കി പരീക്ഷിച്ചിട്ടുണ്ടെങ്കിലും ഇവിടെ ഉണ്ടാക്കുന്ന രുചി ലഭിക്കാത്തത് കൊണ്ട് വെളിപ്പെടുത്തുന്ന ചേരുവകള്‍ക്കപ്പുറം മറ്റെന്തൊ രഹസ്യമുണ്ടെന്ന് ജനങ്ങളുടെ അനുഭവം. വിറകടുപ്പില്‍ അതും പുളി മരത്തിന്റെ വിറകാണ് ഉപയോഗിക്കുന്നത്. മണ്‍പാത്രത്തിന്റെ മുകളില്‍ നുല് തലങ്ങനെയും വിലങ്ങനെയും കെട്ടി വെച്ചതിന്റെ മുകളില്‍ തുണി വിരിക്കും. അതിനു മുകളിലാണ് മാവ് കോരി ഒഴിക്കുന്നത്. തൊട്ടുമുകളില്‍ നൂല് കെട്ടിയ മറ്റൊരു തട്ട് വെക്കും. അതിനു മുകളിലും മാവ് ഒഴിക്കും. ഇങ്ങനെ അഞ്ച് എണ്ണം വരെ വെക്കാം. ഇതെല്ലാം കൂടെ ആവി പുറത്തു പോകാത്ത രീതിയില്‍ ഒരു പാത്രം കൊണ്ട് മൂടും. ആവിയില്‍ നന്നായി വെന്ത ശേഷം ഇറക്കിവെച്ച് ഒരോന്നായി ഇളക്കിയെടുക്കും. ഒരാഴ്ച വെച്ചാലും രാമശ്ശേരി ഇഡ്ഡലി കേടുവവരില്ലത്രേ. ചമ്മന്തിപ്പൊടിയും കൂട്ടി രാമശ്ശേരി ഇഡ്ഡലി തിന്നുന്നതിന് പ്രത്യേക രുചിയാണ്. ഇപ്പോള്‍ വിദേശികളടക്കം നിരവധി പേര്‍ രാമശ്ശേരി ഇഡ്ഡലിയുടെ രുചിയറിയാന്‍ ഇവിടെയെത്തുന്നുണ്ട്. കൂടാതെ കല്യാണം തുടങ്ങിയ ചടങ്ങുകള്‍ക്കും ഇവ വ്യാപകമായി ഉപയോഗിക്കുന്നു.
*** 
വധുവിനെ തേടിയാണ് അന്ന് ആ ഇന്തോനേഷ്യന്‍ രാജാവ് തെക്കേ ഇന്ത്യയിലെത്തിയത്. രാജാവിനൊപ്പാം ആസ്ഥാന പാചകവിദഗ്ദ്ധരുമുണ്ടായിരുന്നു. 'കേട്‌ലി'യായിരുന്നു രാജാവിന്റേയും പ്രജകളുടേയും അന്നത്തെ പ്രിയ ഭക്ഷണ വിഭവം. ഇന്ത്യയില്‍ വന്ന് 'കേട്‌ലി'യുണ്ടാക്കി തിന്ന് രാജാവ് വധുവിനെത്തേടി സഞ്ചരിച്ചു. രാജാവിന് വധുവിനെക്കിട്ടിയോ എന്നറിയില്ല. പക്ഷേ  തെക്കേ ഇന്ത്യക്ക് ഒരു സവിശേഷ ഭക്ഷണവിഭവം കിട്ടി. പൂപൊലെ മൃദുവായ ഒരു തൂവെള്ള ഭക്ഷണ വിഭവം...അതുതന്നെയാണ് ഇഡ്ഡലി. ആ ഇഡ്ഡലി പുരാണത്തെപ്പറ്റിയുമറിയാം. ഇന്തോനേഷ്യയുടെ 'കേട്‌ലി'യുടെ രസക്കൂട്ടുകള്‍ മനസ്സിലാക്കിയാണ് നമ്മുടെ പാചകക്കാര്‍ ഒരു സ്വദേശി ഇഡ്ഡലിക്ക് രൂപം കൊടുത്തത്. വിദേശത്ത് നിന്നെത്തി തെക്കെ ഇന്ത്യയുടെ പ്രാതല്‍ മേശകീഴടക്കിയ ഇഡ്ഡലി മലേഷ്യ, സിംഗപ്പൂര്‍, ശ്രീലങ്ക, ബര്‍മ്മ തുടങ്ങിയ രാജ്യങ്ങളിലും വ്യാപകമായി ഭക്ഷിച്ചുവരുന്നു. 

രണ്ടിഡ്ഡലി,അലപം സാമ്പാറും ചട്‌നിയും ഒരു ഫില്‍റ്റര്‍ കോഫി,അല്ലെങ്കില്‍ ചായ...ഇതാണ് ലോകത്തിലെ ഏറ്റവും മികച്ച പ്രാതല്‍ എന്ന് വിദേശപഠനങ്ങള്‍ പണ്ടേ തെളിയിച്ചതാണ്. അന് വ്യക്തമായ ശാസ്ത്രിയാടിസ്ഥാനഉണ്ട്. പുളിപ്പ് കലര്‍ന്ന വിഭവമായ ഇഡ്ഡലിയില്‍ (ദോശ, പാലപ്പം എന്നിവയിലും) ആരോഗ്യപ്രദമായ ഒരുപാട് ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. ധാന്യങ്ങളും പയര്‍വര്‍ഗങ്ങളും പുളിപ്പിക്കുമ്പോള്‍ അവയില്‍ അടങ്ങിയിട്ടുള്ള ഫിറ്റിക്ക് ആസിഡ് ഇല്ലാതാവുന്നു. ധാതുപദാര്‍ഥങ്ങള്‍ വലിച്ചെടുക്കുന്നത് തടയുകയും, ദഹനക്കേടിനും പുളിച്ചുതികട്ടലിനും കാരണമാകുകയും ചെയ്യുന്ന സംയുക്തമാണ് ഫിറ്റിക്ക് ആസിഡ്. അതിനാല്‍ പുളിപ്പുള്ള ഭക്ഷണം കഴിക്കുന്നത് ദഹനം എളുപ്പമാക്കാനും മതിയായ പോഷണം ശരീരത്തിന് ലഭ്യമാക്കുവാനും സഹായിക്കുന്നു. ഭക്ഷണം പുളിപ്പിക്കുമ്പോള്‍ അത് ബി കോംപ്ലക്‌സ് വൈറ്റമിനുകളായ ഫോളിക് ആസിഡ്, നിയാസിന്‍, തിയാമിന്‍, കെ, ആന്റിബയോട്ടിക്ക്, ആന്റികാര്‍സിനോജിക്ക് (കാന്‍സറിനെ തടയുന്ന) സംയുക്തങ്ങള്‍ എന്നിവയുടെ സങ്കലനത്തിനു കാരണമായ ലാക്‌റ്റോബാസില്ലി ഉണ്ടാകുവാന്‍ കാരണമാകുന്നു. മിക്കവരിലും കുറവുള്ള വൈറ്റമിന്‍ ബി 12ന്റെ സങ്കലനത്തിനും ഇത് കാരണമാകുന്നു. ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പുളിപ്പിക്കുന്ന സമയത്ത് ബാക്ടീരിയ തന്നെ ആദ്യമേ ഭക്ഷണം ദഹിപ്പിച്ചുവച്ചിട്ടുണ്ടാവും. അതിനാല്‍ ആ ഭക്ഷണം നിങ്ങള്‍ കഴിക്കുമ്പോള്‍ ശരീരത്തിലെ ദഹനപ്രക്രിയ വളരെ വേഗത്തിലാക്കാന്‍ അത് നിങ്ങളെ സഹായിക്കുന്നു. ഇതിനാല്‍ തന്നെ ദഹനസംബന്ധമായ അസുഖങ്ങളുള്ളവര്‍ കൂടുതലും തിരഞ്ഞെടുക്കുന്നത് പുളിപ്പ് കലര്‍ന്ന ഭക്ഷണമാണ്. 
***
ഇനി അടുത്ത ലോക ഇഡ്ഡലി ദിനത്തിലെങ്കിലും ഉണ്ടാക്കാന്‍ രുചികരമായ റവ ഇഡ്ഡലിയുടെ ഒരു പാചകവിധി.10-12 മിനിട്ടുകള്‍ക്കകം ഉണ്ടാക്കാന്‍ സാധിക്കുന്ന ഏറ്റവും നല്ല വിഭവമാണ് റവ ഇഡ്ഡലി. റവ ഇഡ്ഡലി ഉണ്ടാക്കുന്ന വിധവും അതിന് വേണ്ട ചേരുവകളും...
തയ്യാറാക്കാന്‍ എടുക്കുന്ന സമയം-15 മിനിറ്റ്. പാകം ചെയ്യാന്‍ എടുക്കുന്ന സമയം-10 മിനിറ്റ്. വേണ്ട ചേരുവകള്‍. മാവിന് വേണ്ടി:
റവ-ഒരു കപ്പ്
തൈര്- കാല്‍ കപ്പ്
മല്ലിയില-ഒരു ടേബിള്‍സ്പൂണ്‍ (അരിഞ്ഞത്)
സോഡാ പൊടി-മുക്കാല്‍ ടീസ്പൂണ്‍
ഉപ്പ്-ആവശ്യത്തിന്
മറ്റ് ചേരുവകള്‍
എണ്ണ- ഒരു ടീസ്പൂണ്‍
നെയ്യ്-അര ടീസ്പൂണ്‍
ഉഴുന്ന് പരിപ്പ്-ഒരു ടീസ്പൂണ്‍
കടുക്-അര ടീസ്പൂണ്‍
കശുവണ്ടി-ഒരു ടേബിള്‍സ്പൂണ്‍ (കഷണങ്ങളാക്കിയത്)
ജീരകം-അര ടീസ്പൂണ്‍
കറിവേപ്പില നാല് 
പച്ചമുളക്-രണ്ട് ടീസ്പൂണ്‍ (ചെറുതായി അരിഞ്ഞത്)
കായപ്പൊടി-ഒരു നുള്ള്
***
ഉണ്ടാക്കേണ്ട വിധം: ഒരു വലിയ പാത്രത്തില്‍ റവ, തൈര്, ഉപ്പ് എന്നിവ ചേര്‍ക്കുക. ആവശ്യത്തിനു വെള്ളം ഒഴിച്ചുകൊടുത്ത് കൊണ്ട് ഇവ തമ്മില്‍ നന്നായി യോജിപ്പിക്കുക. കട്ട പിടിക്കാത്ത പരുവമാകുന്നത് വരെ മാവ് നന്നായി വെള്ളം ചേര്‍ത്ത് യോജിപ്പിക്കുക. ഇനി, ഒരു ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച് ചൂടാക്കുക. അതിലേക്ക് നെയ്യ്, കടുക്, ഉഴുന്ന് പരിപ്പ്, കറിവേപ്പില,മല്ലിയില, കശുവണ്ടി, ജീരകം, കായപ്പൊടി, എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക. വഴറ്റിയത് നന്നായി വറുത്ത് വന്നതിനുശേഷം അവ മാവിലേക്ക് ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. അതിലേക്ക് സോഡാപ്പൊടി ചേര്‍ത്ത് കുറച്ച് വെള്ളം കൂടി തളിച്ചതിനുശേഷം അടച്ചുവയ്ക്കുക. കുറച്ച് കഴിയുമ്പോള്‍ ഈ മാവ് പൊന്തി വരും. അതിനുശേഷം വീണ്ടും നന്നായി യോജിപ്പിക്കുക.

ഇഡ്ഡലിത്തട്ടില്‍ എണ്ണ പുരട്ടിയതിനുശേശം മാവ് ഇഡ്ഡലിത്തട്ടിലെ ഓരോ കുഴിയിലും ഒഴിക്കുക. അതിനുശേഷം ആവി കയറ്റാന്‍ അടുപ്പില്‍ വയ്ക്കുക. ഇഡ്ഡലി ആവിയില്‍ വേവാന്‍ 7-8 മിനിറ്റ് എടുക്കും. വെന്തതിനുശേഷം ഒരു സ്പൂണ്‍ ഉപയോഗിച്ച് ഇഡ്ഡലികള്‍ തട്ടില്‍ നിന്ന് അടര്‍ത്തിയെടുത്ത് ഒരു പ്ലേറ്റിലേക്ക് മാറ്റുക.ചൂടുള്ള റവ ഇഡ്ഡിലി തയ്യാര്‍. ഇത് നിങ്ങള്‍ക്ക് സാമ്പാറിന്റെ കൂടെയോ തേങ്ങാ ചമ്മന്തിയുടെ കൂടെയോ കഴിക്കാവുന്നതാണ്. നാവില്‍ വെള്ളമൂറുന്നുണ്ടെങ്കില്‍ ഉടന്‍ ട്രൈ ചെയ്യൂ...

തെക്കേ ഇന്ത്യക്കാരുടെ ഇഡ്ഡലിക്കുമുണ്ട് ഒരു ആഗോള ദിവസം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക