Image

ഓര്‍മയിലേയ്ക്ക് മറഞ്ഞ കേരളത്തിന്റെ സ്വന്തം എസ്.ബി.ടി (എ.എസ് ശ്രീകുമാര്‍)

Published on 03 April, 2017
ഓര്‍മയിലേയ്ക്ക് മറഞ്ഞ കേരളത്തിന്റെ സ്വന്തം എസ്.ബി.ടി (എ.എസ് ശ്രീകുമാര്‍)
ഇന്ത്യ സ്വതന്ത്രമാവും മുമ്പ്, പ്രവര്‍ത്തനം തുടങ്ങി സ്വാതന്ത്ര്യ പ്രാപ്തിക്ക് ശേഷം കേരള സംസ്ഥാന രൂപവത്കരണത്തോടെയുണ്ടായ ചടുലമായ സാമ്പത്തിക, സാമൂഹിക മാറ്റങ്ങളിലും വികസനക്കുതിപ്പിലും ചരിത്രത്തോടൊപ്പം നടന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ഈ ഏപ്രില്‍ ഒന്നുമുതല്‍ ഇല്ലാതായി. എസ്.ബി.ഐ-എസ്.ബി.ടി ലയനം പൂര്‍ത്തിയായതോടെ കേരളത്തിന്റെ ബാങ്കിങ് മേഖലയുടെ കടിഞ്ഞാണ്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കൈയിലായി. 1945ല്‍ ആരംഭിച്ച എസ്.ബി.ടി 72-ാമത്തെ വയസിലാണ് ലയിച്ച് മറഞ്ഞത്. ഇതോടെ കേരളം ആസ്ഥാനമായ ഏക പൊതുമേഖലാ ബാങ്കാണ് ഇല്ലാതായത്. മലയാളികളെ ഏറെ വൈകാരികമായി സ്വാധീനിച്ച ജനകീയ പ്രസ്ഥാനമായിരുന്നു എസ്.ബി.ടി. ''ഇനി മുതല്‍ ഈ ബാങ്കിന്റെ ബോര്‍ഡ് കാണാന്‍ കഴിയാതെ വരുന്നതില്‍ ദുഖമുണ്ട്....'' 31 വര്‍ഷം എസ്.ബി.ടിയില്‍ ഉദ്യോഗസ്ഥനും മൂന്നു വര്‍ഷം ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായിരുന്ന സാഹിത്യകാരന്‍ സേതു പറയുന്നു. സേതുവിന്റെ അതേ ദുഖംതന്നെയാണ് കേരളത്തിനകത്തും പുറത്തുമുള്ള മലയാളി സമൂഹത്തിന്റേത് എന്ന് നിസംശയം പറയാം.

കേരളത്തിന്റെ സാമ്പത്തിക, സാമൂഹിക വികസന മുന്നേറ്റങ്ങളില്‍ നേതൃപരവും നിര്‍ണായകവുമായ പങ്ക വഹിച്ച,്  കേരളത്തിന്റെ സ്വന്തം ബാങ്ക് എന്ന വിശേഷണത്തിനര്‍മായ പ്രസ്ഥാനമാണ് എസ്.ബി.ടി. തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ശ്രീചിത്തിരതിരുനാള്‍ തന്റെ തിരുവിതാംകൂര്‍ സംസ്ഥാനത്തിന് സ്വന്തമായൊരു ബാങ്ക് വേണമെന്നാഗ്രഹിച്ചതില്‍നിന്നാണ് എസ്.ബി.ടിയുടെ തുടക്കം. 1945 സെപ്തംബര്‍ 12ന് ഒരു കോടി രൂപ മൂലധനത്തില്‍ 'ട്രാവന്‍കൂര്‍ ബാങ്ക് ലിമിറ്റഡ്' ആയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ സ്ഥാപിതമായത്. തിരുവിതാംകൂര്‍ സര്‍ക്കാര്‍, മൂലധനത്തിന്റ മുപ്പത് ശതമാനവും 4000 ഓഹരിയുടമകള്‍ ബാക്കിയുള്ള ഭാഗവും മുതല്‍മുടക്കി.1946-ല്‍ ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കായി.1960-ല്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുബന്ധ ബാങ്കായി 'സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍' എന്ന പേര് സ്വീകരിച്ചു. തിരുകൊച്ചി മേഖലയില്‍ പ്രവര്‍ത്തിച്ചുവരുന്ന ചെറിയ ബാങ്കുകള്‍ എസ്.ബി.ടി.യില്‍ ലയിപ്പിച്ചു. ട്രാവന്‍കൂര്‍ ഫോര്‍വേഡ് ബാങ്ക്, ഇന്തോ മര്‍ക്കന്റയില്‍ ബാങ്ക്, കൊച്ചിന്‍ നായര്‍ ബാങ്ക്, ബാങ്ക് ഓഫ് ന്യൂ ഇന്ത്യ, കാല്‍ഡിയന്‍ സിറിയന്‍ ബാങ്ക്, ചമ്പക്കുളം കാത്തലിക് ബാങ്ക്, ബാങ്ക് ഓഫ് ആലുവ, കോട്ടയം ഓറിയന്റ് ബാങ്ക്, ലാറ്റിന്‍ ക്രിസ്ത്യന്‍ ബാങ്ക്, വാസുദേവവിലാസം ബാങ്ക് തുടങ്ങിയവയാണ് അന്ന് ലയിപ്പിച്ചത്. 1960ഓടുകൂടി എസ്.ബി.ടി.യുടെ പ്രവര്‍ത്തനപരിധി വര്‍ധിക്കാന്‍ തുടങ്ങി. ഈ ലയന സമയത്ത് ഇന്ത്യയിലെ 16 സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ബാങ്കിന്റെ പ്രവര്‍ത്തനമേഖല വ്യാപിച്ചിരുന്നു.

'സേഫ് ബാങ്കിങ്' ആയിരുന്നു എസ്.ബി.ടിയുടെ എക്കാലത്തെയും മുദ്രാവാക്യം. ദേശസാല്‍കരണത്തിലൂടെ വളര്‍ന്നുവന്ന സോഷ്യല്‍ ബാങ്കിങ്ങിലൂടെ കേരളത്തിലുടനീളം ശാഖകള്‍ തുറന്ന് എസ്.ബി.ടി മാതൃകകാട്ടി. പൊതുസ്ഥാപനങ്ങള്‍ക്കൊപ്പം സ്വകാര്യ സംരംഭകര്‍ക്കും വായ്പകള്‍ നല്‍കിക്കൊണ്ട് വികസനരംഗത്തെ ഗതിവേഗത്തിന് ആക്കംകൂട്ടുകയും ചെയ്തു. വികസനസാധ്യതകള്‍കൂടി കണക്കിലെടുത്ത് വായ്പകള്‍ അനുവദിക്കുന്നതില്‍ ബാങ്ക് മുന്‍പന്തിയിലായിരുന്നു. വ്യാവസായികരംഗത്തു മാത്രമല്ല, കാര്‍ഷികരംഗത്തും ആയിരക്കണക്കിനാളുകള്‍ക്ക് സഹായം നല്‍കി. കേരള വിപണിയില്‍ വായ്പാവിതരണത്തിന് ബാങ്കുകള്‍ പൊതുവെ മടികാണിച്ചിരുന്ന കാലത്ത് ആ രംഗത്തും സജീവമായി മികച്ച വായ്പാ-നിക്ഷേപ അനുപാതം നിലനിര്‍ത്താന്‍ എസ്.ബിക്ക് സാധിച്ചു. ചെറുകിട വ്യവസായ സംരംഭകര്‍ക്ക് വായ്പ നല്‍കി പ്രോത്സാഹിപ്പിച്ചതിന് പലതവണ കേന്ദ്രസര്‍ക്കാറിന്റെ അംഗീകാരം നേടി.

സാമൂഹിക മാറ്റത്തിനുവേണ്ടി ആവിഷ്‌കരിച്ച പി.എം.ആര്‍.വൈ (പ്രൈം മിനിസ്റ്റേഴ്‌സ് റോസ്ഗാര്‍ യോജന) പോലുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ പദ്ധതികള്‍ വിജയിപ്പിക്കുന്നതിലും വലിയ പങ്കുവഹിച്ചിരുന്നു. എണ്‍പതുകളുടെ അവസാനത്തോടെ പ്രാധാന്യം നേടിയ വ്യക്തിഗത ബാങ്കിങ് രംഗത്തും എസ്.ബി.ടിയായിരുന്നു നേട്ടപ്പട്ടികയില്‍ മുന്നില്‍. കൂടുതല്‍ ഭവനവായ്പകളും വാഹനവായ്പകളും നല്‍കി മികച്ച വിപണി പങ്കാളിത്തം ആര്‍ജിച്ച ബാങ്ക്, ഏറെ ചര്‍ച്ചചെയ്യപ്പെട്ട വിദ്യാഭ്യാസ വായ്പാവിതരണത്തിലും ഇതരബാങ്കുകളെ അപേക്ഷിച്ച് ബഹുദൂരം മുന്നേറി. ചില വര്‍ഷങ്ങളില്‍ വിദ്യാഭ്യാസ വായ്പയുടെ കാര്യത്തില്‍ വിപണി പങ്കാളിത്തം 70 ശതമാനം എസ്.ബി.ടിക്കായിരുന്നു. ഇതിനെല്ലാം പുറമേ കുടുംബശ്രീ, വ്യാപാരി കൂട്ടായ്മകള്‍, പെന്‍ഷന്‍കാര്‍, പ്രൊഫഷണലുകള്‍ തുടങ്ങിയ വിവിധ വിഭാഗങ്ങള്‍ക്ക് വായ്പാ സൗകര്യമൊരുക്കിക്കൊണ്ട് പുതിയ പാതകള്‍ വെട്ടിത്തുറന്നു. കേരളത്തില്‍ മാത്രം നിക്ഷേപത്തിലും വായ്പയിലും അമ്പേ മുന്നിലായിരുന്നു.

മറ്റൊരു സുപ്രധാനകാര്യം, പ്രവാസി മലയാളികള്‍ക്ക് നിക്ഷേപ സൗകര്യം മാത്രമല്ല, പണമയക്കാനുള്ള ആധുനിക  സംവിധാനങ്ങളുമൊരുക്കാന്‍ എസ്.ബി.ടിക്ക് സാധിച്ചു. നിലവില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നയക്കുന്ന പണത്തിന്റെ 40 ശതമാനവും എസ്.ബി.ടി.വഴിയാണു നാട്ടിലെത്തുന്നത്. വേഗത്തില്‍ നാട്ടിലേയ്ക്ക് പണമയയാക്കാനുള്ള സംവിധാനവും നിക്ഷേപ നയങ്ങളും അമേരിക്കന്‍ മലയാളികള്‍ക്കും പ്രയോജനകരമായി. എസ്.ബി.ടിയുടെ മുന്‍കൈയില്‍ തുടങ്ങിയ ഇപ്രൊക്യൂര്‍മെന്റ് കേരളസര്‍ക്കാറുമായി ചേര്‍ന്നുള്ള സംയുക്ത സംരംഭമായിരുന്നു. ഈരംഗത്ത് കേരളസര്‍ക്കാറിന് അഖിലേന്ത്യാ തലത്തില്‍ അംഗീകാരം ലഭിച്ചതിനുള്ള അടിത്തറയൊരുക്കിയത് എസ്.ബി.ടിയായിരുന്നു. വിവരസാങ്കേതികവിദ്യയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള പ്രസ്തുത സംരംഭം ഏറെ ശ്രദ്ധ നേടി. 1964ല്‍ തുടങ്ങിയ എസ്.ബി.ടി. ക്രിക്കറ്റ് ടീം, 1984ല്‍ തുടങ്ങിയ ഫുട്‌ബോള്‍ ടീം എന്നിവ കായികരംഗത്ത് സജീവ സാന്നിധ്യമാണ്. യുവകളിക്കാരെ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും ജോലിനല്‍കാനും മാതൃകാപരമായ നയമാണ് ബാങ്ക് സ്വീകരിച്ച് വന്നത്. എസ്.ബി.ടി മലയാളം പുരസ്‌കാരങ്ങള്‍ സാഹിത്യത്തിനും സംസ്‌കാരത്തിനും ഉണര്‍വുനല്‍കി. പുതിയ എഴുത്തുകാര്‍ക്ക് വലിയ പ്രോത്സാഹനമായി അവ തുടര്‍ന്നു. മുതിര്‍ന്ന എഴുത്തുകാരെ ആദരിക്കുന്ന പദ്ധതിയുമാവിഷ്‌കരിച്ചു. എസ്.ബി.ടി പ്രവാസി പുരസ്‌കാരങ്ങളും സാമൂഹികരംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങളും പൊതുരംഗത്ത് മതിപ്പുളവാക്കിയവയാണ്.

സാമൂഹിക രംഗത്ത് നിശ്ശബ്ദസേവനമാണ് എസ്.ബി.ടി നടത്തിയത്. ബാങ്കിന്റെ 750ഓളം ശാഖകളില്‍ പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ സര്‍ക്കിളുകള്‍ വഴി സമൂഹത്തിലെ അശരണരെയും നിരാലംബരെയും പാര്‍ശ്വവത്കരിക്കപ്പെടുന്നവരെയും സഹായിക്കുന്ന ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ ആശ്വാസകരമായിരുന്നു. തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററിലെ അഗതികളായ രോഗികളുടെ ബില്ലടച്ചുകൊണ്ടുള്ള സോഷ്യല്‍ സര്‍ക്കിളിന്റെ സേവനം പ്രശംസനീയമാണ്. തിരുവനന്തപുരത്ത് പൂജപ്പുര ആസ്ഥാനമാക്കി പ്രവര്‍ത്തിച്ചുവന്ന ബാങ്കിന് ലയന സമയത്ത് 777ലേറെ ശാഖകളുണ്ട്. ഇതില്‍ 700ഉം കേരളത്തില്‍. 95000 കോടിയുടെ ഇടപാടുകള്‍ നടത്തുന്ന ബാങ്കില്‍ നിലവില്‍ 54000 ഓളം കോടി രൂപയുടെ നിക്ഷേപവും 41000 ഓളം കോടി രൂപയുടെ വായ്പയുമുണ്ട്. മലയാളക്കരയുടെ സാമ്പത്തിക സാംസ്‌കാരിക കായിക രംഗങ്ങളുടെ വളര്‍ച്ചയില്‍ നിറസാന്നിധ്യമായിരുന്നു ഈ ബാങ്ക്. ആ മഹത് സംസ്‌കാരം തുടരാന്‍ എസ്.ബി.ഐക്ക് സാധിക്കട്ടെയെന്നാണ് പ്രാര്‍ത്ഥന. 

ഓര്‍മയിലേയ്ക്ക് മറഞ്ഞ കേരളത്തിന്റെ സ്വന്തം എസ്.ബി.ടി (എ.എസ് ശ്രീകുമാര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക