Image

അറവുശാലയിലെ ആത്മീയ വിപ്ലവം! (ദല്‍ഹികത്ത് : പി.വി.തോമസ്)

പി.വി.തോമസ് Published on 03 April, 2017
അറവുശാലയിലെ ആത്മീയ വിപ്ലവം! (ദല്‍ഹികത്ത് : പി.വി.തോമസ്)
ഇന്‍ഡ്യയില്‍ ഇപ്പോള്‍ അറവുശാലയിലും അടുക്കളയിലും പൂന്തോട്ടത്തിലും ഒരു തരം ആത്മീയ-രാഷ്ട്രീയ വിപ്ലവം നടക്കുകയാണ്. 2014-ല്‍ നരേന്ദ്രമോഡി അധികാരത്തില്‍ വന്നതിനുശേഷം രൂപം കൊണ്ടത് ആണ് ഇത്. ഇപ്പോള്‍ ഉത്തര്‍പ്രദേശില്‍ കാഷായ വസ്ത്രധാരിയായ യോഗി ആദിത്യനാഥ് മുഖ്യമന്ത്രി ആയതിനുശേഷം ഇത് വ്യാപകമായി ശക്തി പ്രാപിച്ചിരിക്കുകയാണ്. മാംസനിരോധനം. യുവാക്കള്‍ക്കും യുവതികള്‍ക്കും പൂന്തോട്ടം പോലുള്ള പൊതുസ്ഥലങ്ങളില്‍ സംസര്‍ഗ്ഗം നിഷിദ്ധം. അറവുശാലയിലെയും അടുക്കളയിലെയും പൂന്തോട്ടത്തിലെയും ഈ ആത്മീയ വിപ്ലവം ഏറ്റെടുത്ത് നടത്തുന്നത് സംഘപരിവാര്‍ സംഘടനകള്‍ ആണ്- ഗോമാതാവിന്റെയും ഹിന്ദുത്വയുടെയും പേരില്‍, ഇവയുടെ സ്വന്തം രക്ഷകര്‍!

ഉത്തര്‍പ്രദേശിലും ബി.ജെ.പി. ഭരിക്കുന്ന ഇതര സംസ്ഥാനങ്ങളിലും പശു സംരക്ഷണത്തിന്റെ പേരിലും സ്ത്രീ സംരക്ഷണത്തിന്റെ പേരിലും(ആന്റി റോമിയോ സ്‌ക്വാഡ്) നടക്കുന്നത് തികഞ്ഞ അതിക്രമം, ആഭാസം ആണ്. ഉത്തര്‍പ്രദേശിലെ അറവുശാലകള്‍ പശുസംരക്ഷണത്തിന്റെ പേരില്‍ അടച്ചുപൂട്ടി. ഒപ്പം ആട്, കോഴി, പോത്ത്-എരുമ ഇറച്ചി വില്‍ക്കുന്ന കടകളും. ഇവയെല്ലാം അനധികൃതം എന്നാണ് ആരോപണം. എന്നാല്‍ ഈ വ്യവസായം(മാംസം, തുകല്‍, അസ്ഥി) നടത്തുന്നതില്‍ ഭൂരിഭാഗവും മുസ്ലീങ്ങള്‍ ആണെന്നതിനാല്‍ ആണ് ഈ അതിക്രമം എന്നതാണ് വാസ്തവം.

യോഗി ആദിത്യനാഥും സംഘവും ഗോരക്ഷയുടെ പേരില്‍ മുസ്ലീം ഭൂരിപക്ഷമുള്ള ഈ വ്യവസായത്തെ പണ്ടു മുതലെ നോട്ടമിട്ടിരുന്നതാണ്. സര്‍ക്കാര്‍ കണക്കുപ്രകാരം (അഗ്രിക്കള്‍ച്ചറല്‍ ആന്റ് പ്രോസസ്ഡ് ഫുഡ് പ്രൊഡക്ട്‌സ് എയ്‌സ്‌പോര്‍ട്ട് ഡവലപ്പ്‌മെന്റ് അഥോറിറ്റി)ഇന്‍ഡ്യയില്‍ 4,000 അംഗീകൃത അറവ് ശാലകള്‍ ആകട്ടെ 25,000-ത്തിലേറെയും. ഇതിനെതിരെ ആണ് ഒറ്റദിവസം കൊണ്ട് ബി.ജെ.പി. ഗവണ്‍മെന്റ് സന്ധിയില്ലാ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ബി.ജെ.പി. ഉത്തര്‍പ്രദേശിലും മറ്റ് സംസ്ഥാനങ്ങളിലും അധികാരത്തില്‍ ഇരുന്നിട്ടുള്ളതാണ്. പക്ഷേ, അന്നൊന്നും ഈ വ്യഗ്രത കാണിച്ചിട്ടില്ല. ഇന്‍ഡ്യയിലെ മാംസ-തുകല്‍ വ്യാപാരത്തിന്റെ 19 ശതമാനം ഉത്തര്‍പ്രദേശി ആണ്. മുസ്ലീങ്ങള്‍ ആണ് ഏറിയ പങ്കും വ്യാപാരികള്‍. 26,000 കോടിരൂപയാണ് പോത്ത്-എരുമ, ഇറച്ചി കയറ്റുമതിയിലൂടെ ഇന്‍ഡ്യയുടെ പ്രതിവര്‍ഷ വരുമാനം. ഇതില്‍ 11,000 കോടി രൂപ ഉത്തര്‍പ്രദേശിന്റെ സ്വന്തം ആണ്. അവിടെയാണ് യോഗി കത്തിവച്ചിരിക്കുന്നത്. ആര്‍ക്കുവേണ്ടി? എന്തിനുവേണ്ടി? ഉത്തര്‍പ്രദേശും മറ്റ് ബി.ജെ.പി. ഭരണ സംസ്ഥാനങ്ങളും ജനങ്ങളും വന്‍പ്രതിസന്ധിയില്‍ ആണ്.

അറവുശാലകള്‍ക്കും മാംസവ്യാപാരത്തിനും എതിരായി ബി.ജെ.പി. ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലും കരിങ്കൊടി ഉയര്‍ന്നിരിക്കുകയാണ്. ഝാര്‍ഖണ്ട്, രാജസ്ഥാന്‍, ഉത്തരാഖണ്ഡ്, ഛത്തീസ്ഘട്ട്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവ ഇതില്‍പെടും. ഗോഹത്യയില്‍ ആരോപണ വിധേയരായവരെ പതിനാല് വര്‍ഷത്തെ തടവു ശിക്ഷക്കുള്ള നിയമം ആണ് ഗുജറാത്ത് നടപ്പിലാക്കിയിരിക്കുന്നത്. ഇതേ നിയമം തന്നെയാണ് മഹാരാഷ്ട്രയില്‍ ബജ്രങ്ങ്ദളും വിശ്വഹിന്ദുപരിക്ഷത്തും നടപ്പിലാക്കുവാന്‍ ശ്രമിക്കുന്നത്. ഛത്തീസ്ഘട്ട് മുഖ്യമന്ത്രി രമണ്‍സിംങ്ങ് ഗോഹത്യക്ക് വധശിക്ഷയാണ് വിധിക്കുന്നത്.

എന്നാല്‍ ഇതിന്റെ എല്ലാ വിരോധാഭാസം ആണ് വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങൡ സംഘപരിവാറും ബി.ജെ.പി.യും അരങ്ങേറുന്നത്. ഗോസംരക്ഷണത്തിന്റെ പേരിലുള്ള രാഷ്ട്രീയ കാപട്യം നോക്കണമെ! വടക്ക്, കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഗോഹത്യക്ക് വിലക്ക് ഉണ്ടാവുകയില്ലെന്നും പ്രഖ്യാപനം ഉണ്ട്. മാര്‍ച്ച് 30-ാം തീയതി മിസോറാം ബി.ജെ.പി. അദ്ധ്യക്ഷന്‍ ജെ.വി. ലൂന ആണ് ഈ പ്രഖ്യാപനം നടത്തിയത്. ഇടക്കാല തെരഞ്ഞെടുപ്പ്(ലോകസഭ) നടക്കുന്ന മലപ്പുറത്തും(കേരളം) ബി.ജെ.പി. ഇങ്ങനെ ഒരു പ്രസ്താവന നടത്തുകയുണ്ടായി. വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളായ മേഘാലയ, മിസോറാം, നാഗാലാന്റ്, ത്രിപുര എന്നിവിടങ്ങളില്‍ നിയമസഭ തെരഞ്ഞെടുപ്പുകള്‍ നടക്കുവാന്‍ ഇരിക്കവെയാണ് ബി.ജെ.പി.-സംഘ പരിവാറിന്റെ ഈ മലക്കം മറിച്ചില്‍. നാഗാലാന്റില്‍ 88 ശതമാനം ക്രിസ്ത്യന്‍ ജനവിഭാഗം ആണ്. മിസോറാമിലും(87 ശതമാനം), മേഘാലയയിലും(750 ശതമാനം) തഥൈവ. വോട്ടിനായി ഇവര്‍ പശുവൊ, പോത്തോ, എരുമയോ കഴിച്ചു കൊള്ളട്ടെ. ഇവിടത്തെ പശുവിന്റെ-ഗോമാതാവിന്റെ- സംരക്ഷണം ബി.ജെ.പി.യും സംഘപരിവാറും ഏറ്റെടുക്കുന്നില്ല! ആസാമിലും മണിപ്പൂരിലും അരുണാചല്‍ പ്രദേശിലും ഭരണം ഉറപ്പിച്ച് വടക്ക്-കിഴക്കന്‍ ഇന്‍ഡ്യയെ കാവിപുതപ്പിക്കുവാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുന്ന ബി.ജെ.പി.ക്ക് അവിടങ്ങളില്‍ ഗോമാതാവിന്റെ രക്ഷയും പ്രശനം അല്ല. ആ അവസരവാദ രാഷ്ട്രീയം ആണ് മുസ്ലീം ഭൂരിപക്ഷ മലപ്പുറത്തും ബി..ജെ.പി. പയറ്റുന്നത്. ഈശ്വരാരക്ഷതു ഗോമാതാവിനെ എന്നല്ലാതെ എന്ത് പറയുവാന്‍? അതുപോലെ തന്നെ ഗോസംരക്ഷക സംഘങ്ങളെയും.

ഈ മാംസവിപ്ലവസംഘങ്ങളുടെ മറ്റ് ഒരു അവതാരം ആണ് ആദിത്യനാഥിന്റെ സ്വന്തം ഹിന്ദുയുവവാഹിനിയുടെ ആന്റി റോമിയോ സംഘങ്ങള്‍. ഇവറ്റകള്‍ ഉത്തര്‍പ്രദേശിലും ഇതര സംസ്ഥാനങ്ങളിലും അഴിഞ്ഞാടുകയാണ്. ആണും പെണ്ണും ഒരുമിച്ച് നടക്കുന്നത് കണ്ടാല്‍ സ്ത്രീ സംരക്ഷണത്തിന്റെ പേരില്‍ ഇവര്‍ അവരെ വളഞ്ഞ് പിടിച്ച് ആക്രമിച്ച് അപമാനിക്കു പതിവായിരിക്കുന്നു. ഈ സ്ത്രീ-പുരുഷ സംസര്‍ഗ്ഗം സദാചാര വിരുദ്ധം ആണ് എന്നാണ് ഈ കാവിപ്പടയുടെ അനുശാസനം! ശാന്തം, പാവം, നാം ഏത് യുഗത്തില്‍ ആണ് ജീവിക്കുന്നത് എന്ന് ഓര്‍ത്ത് പോകുന്നു. ബറേലിയില്‍ ഒരു ആണ്‍-പെണ്‍സഖ്യത്തെ ആക്രമിച്ച് പിടിച്ച് ഇവര്‍ പോലീസുകാരെ കൊണ്ട് തലമുണ്ഡനം ചെയ്തത് ഏപ്രില്‍ ഒന്നാം തീയതി ആണ്. ഇതുപോലെ ഒട്ടേറെ ഗുണ്ടായിസം വിവിധ സ്ഥലങ്ങളില്‍ അഴിഞ്ഞാടുന്നുണ്ട് കാവി ധാര്‍മ്മികതയുടെ പേരില്‍. ഇതാണോ ഹിന്ദുരാഷ്ട്രം കൊണ്ട് ഇവര്‍ ഉദ്ദേശിക്കുന്നത്? എങ്കില്‍ കഷ്ടം തന്നെ.

മോഡി പ്രധാനമന്ത്രി ആയതുമുതല്‍ (2014) ഗോരാക്ക് നാഥ് ക്ഷേത്രത്തിലെ മുഖ്യന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആയതുവരെ(2017) ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഒട്ടേറെ തീവ്ര ഹിന്ദുത്വ പ്രവര്‍ത്തനങ്ങള്‍ ആണ് ശ്രദ്ധിക്കപ്പെടുന്നത്. രാജസ്ഥാനില്‍ പാഠപുസ്തക സിലബസില്‍ നിന്നും മഹാത്മഗാന്ധിയുടെ വധത്തെക്കുറിച്ചും ജവഹര്‍ലാല്‍ നെഹ്‌റുവിനെകുറിച്ചും ഉള്ള ഭാഗങ്ങള്‍ നീക്കം ചെയ്തു. പകരം രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ ആദര്‍ശപുരുഷന്മാരായ ശ്യാമപ്രസാദ് മുഖര്‍ജി ചെയ്യും ദീന്‍ ദയാള്‍ ഉപാദ്ധ്യയയെയും നായകന്മാര്‍ ആക്കി. മദ്ധ്യപ്രദേശില്‍ ഗവണ്‍മെന്റ് ജീവനക്കാര്‍ ആര്‍.എസ്.എസില്‍ ചേരുന്നതിനുള്ള വിലക്ക് നീക്കി. ഹിന്ദു തീര്‍ത്ഥാടകര്‍ക്ക് ധനസഹായം ഏര്‍പ്പെടുത്തി. ഹരിയാനയില്‍ ഗോസംരക്ഷണത്തിനായി ഒരു ഐ.പി.എസ്. പോലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ ഒരു പ്രത്യേകസേന രൂപീകരിച്ചു. ഋഗ്വേദയിലെ സാങ്കല്പിക നദി ആയ സരസ്വതിയെ കണ്ടുപിടിക്കുവാനായിട്ട് വാഡിയ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹിമാലയന്‍ ഇക്കോളജിയെ ഏര്‍പ്പെടുത്തി. ഗുജറാത്തിലും ഝാര്‍ഖണ്ഡിലും ഒട്ടേറെ തീവ്രഹിന്ദുത്വ അജണ്ടകള്‍ നടപ്പിലാക്കി. വികസനത്തെക്കാള്‍ ഹിന്ദുത്വ ആണ് പുതിയ ഭരണാധികാരികളുടെ നാഡിഞരമ്പില്‍ ഓടുന്ന വികാരം.

അത് എന്ത് തന്നെ ആയാലും ജനങ്ങളുടെ ഭക്ഷണരീതിയിലും ജീവിതക്രമത്തിലും ഇടപെടുന്നത് ജനാധിപത്യപരം അല്ല. ആര് എന്ത് ഭക്ഷിക്കണമെന്ന് നിഷ്‌കര്‍ഷിക്കേണ്ടത് രാജ്യത്തിന്റെ കടമ അല്ല. അല്ലെങ്കില്‍ പ്രായപൂര്‍ത്തിയായ ചെറുപ്പക്കാര്‍ ആരുടെ കൂടെ പുറത്ത് സഞ്ചരിക്കണമെന്ന് തീരുമാനിക്കേണ്ടതും ഭരണാധികാരികളും അവരുടെ സദാചാരഗുണ്ടകളും അല്ല. ഭക്ഷണ-സഞ്ചാര സ്വാതന്ത്ര്യങ്ങളെ തുടലില്‍ ഇടരുത്. ഭരണാധികാരികളുടെ അവരുടെ കാലഹരണപ്പെട്ട സദാചാര മൂല്യങ്ങളെയും കപട സംസ്‌ക്കാരത്തെയും താങ്ങി നിര്‍ത്തുവാന്‍ ജനം കടപ്പെട്ടവര്‍ അല്ല. ഇന്‍ഡ്യയിലെ കോടിക്കണക്കിന് ജനങ്ങള്‍ക്ക് വ്യത്യസ്തമായ ആചാരാനുഷ്ഠാനങ്ങള്‍ ഉണ്ട്. ഭക്ഷണക്രമം ഉണ്ട്. എലിയെപ്പിടിച്ച് ചുട്ടുകൊന്ന് ഭക്ഷിക്കുന്നവര്‍ ഉണ്ട്. വെണ്ണയും നെയ്യും കലര്‍ന്ന ഭക്ഷണം കഴിക്കുന്ന ശുദ്ധസസ്യഭുക്കുകള്‍ ഉണ്ട്. ആരെയാണ് നിങ്ങള്‍ ഉദ്ധരിക്കുവാന്‍ ശ്രമിക്കുന്നത്? ആരില്‍ ആണ് നിങ്ങള്‍ നിങ്ങളുടെ ഇഷ്ടാനിഷ്ടങ്ങള്‍ അടിച്ചേല്‍പിക്കുവാന്‍ ശ്രമിക്കുന്നത്? ഭക്ഷണത്തിനുള്ള വകയില്ലാതെ വനത്തിലെ വിഷാംശമുള്ള കാട്ടുകിഴങ്ങ് തിളപ്പിച്ച് കട്ടു കളഞ്ഞ് ജീവിക്കുന്ന ആദിവാസികളെ ഞാന്‍ തെലുങ്കാനയിലെ വനങ്ങളില്‍ കണ്ടിട്ടുണ്ട്. ചിലവര്‍ വിഷം ഏറ്റ് മരിക്കും. ചിലര്‍ ജീവിക്കും. അവര്‍ക്ക് ശരിയായ ഭക്ഷണം നല്‍കുവാന്‍ നിങ്ങള്‍ക്ക് സാധിക്കുമോ? ഇല്ല. കാരണം മനുഷ്യനും അവന്റെ ജീവനും അല്ല നിങ്ങളുടെ വിഷയം. നിങ്ങളുടെ വിഷയം നിങ്ങളുടെ ധാര്‍മ്മീക ഭോഗാസക്തിയാണ്. ഇതാകട്ടെ ഒരു തരം പൈശാചികമായ ബലാല്‍സംഗവും ആണ്. അതോ ഇതാണോ എല്ലാവര്‍ക്കും ഒപ്പം എല്ലാവരുടെയും വികാസം എന്നതുകൊണ്ടു ഉദ്ദേശിക്കുന്നത്?

അറവുശാലയിലെ ആത്മീയ വിപ്ലവം! (ദല്‍ഹികത്ത് : പി.വി.തോമസ്)
Join WhatsApp News
pappu 2017-04-03 14:14:20

Mr. PV Thomas Delhi letter is only a political stunt. Still then Modi come to power he has only thing to found wrong against Modi and his government. From this,everybody can clearly see that he is a anti-BJP and doing"pada seva .. to congress.


In his each every article he is having some to blame the hindus.  He never write anything aganist congress or the congress government for these last 50 years.By writing all these types of this he is spreading non-secularism


The  media like e-maalayalee should stop writing article from Mr. PV Thomas

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക