Image

ഫാ. ജോണിക്കുട്ടി പുലിശേരിക്ക് സ്‌നേഹോഷ്മളമായ യാത്രയയപ്പ്

ജോസ് മാളേയ്ക്കല്‍ Published on 04 April, 2017
ഫാ. ജോണിക്കുട്ടി പുലിശേരിക്ക് സ്‌നേഹോഷ്മളമായ യാത്രയയപ്പ്
ഫിലാഡല്‍ഫിയ: ചിക്കാഗോ സെന്റ് തോമസ് സീറോമലബാര്‍ കത്തോലിക്കാരൂപതയുടെ ചാന്‍സലറായി സ്ഥാനക്കയറ്റം ലഭിച്ചു ചിക്കാഗോയിലേക്കു സ്ഥലംമാറിപ്പോകുന്ന ഫിലാഡല്‍ഫിയ സെന്റ് തോമസ് സീറോമലബാര്‍ ഫൊറോനാപള്ളി വികാരി റവ. ഫാ. ജോണിക്കുട്ടി ജോര്‍ജ് പുലിശേരിക്ക് ഇടവകജനങ്ങള്‍ ഹൃദ്യമായ യാത്രയയപ്പ് നല്‍കി.

ഏപ്രില്‍ 2 ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാനക്കുശേഷം നടന്ന അനുമോദന സമ്മേളനത്തില്‍ വചനപ്രഘോഷകനും, കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്‍ഡ്യയുടെ സ്ഥാപകചെയര്‍മാനുമായ റവ. ഫാ. ഡേവിസ് ചിറമേല്‍, ചിറ്റൂര്‍ ധ്യാനകേന്ദ്രം ഡയറക്ടറും ധ്യാനഗുരുവുമായ റവ. ഫാ. ജോസ് ഉപ്പാണി, ഫിലാഡല്‍ഫിയ സെ. ജോണ്‍ ന്യൂമാന്‍ ക്‌നാനായ കത്തോലിക്കാ മിഷന്‍ ഡയറക്ടര്‍ റവ. ഫാ. റെന്നി കട്ടേല്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുത്തു.

കാലിഫോര്‍ണിയായിലെ സാക്രമെന്റോ ഇന്‍ഫന്റ് ജീസസ് സീറോമലബാര്‍ കാത്തലിക്ക് മിഷന്‍ ഡയറക്ടറായി സേവനം അനുഷ്ടിച്ചുവരവേയാണു വെസ്റ്റ് കോസ്റ്റില്‍ നിന്നും ഈസ്റ്റ് കോസ്റ്റിലേക്ക് ജോണിക്കുട്ടി അച്ചനു 2014 ഫെബ്രുവരിയില്‍ സ്ഥലം മാറ്റം ലഭിക്കുന്നത്. ഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളിവികാരി എന്നനിലയില്‍ മൂന്നുവര്‍ഷത്തെ സ്തുത്യര്‍ഹമായ ഇടയശുശ്രൂഷ പൂര്‍ത്തിയാക്കി രൂപതാ കൂരിയായിലേക്കു ചാന്‍സലറായി കുടിയേറുമ്പോള്‍ ഫാ. ജോണിക്കുട്ടി പുലിശേരിക്ക് അഭിമാനിക്കാന്‍ വകുപ്പുകളേറെയുണ്ട്.

ഫിലാഡല്‍ഫിയാ ഇടവക ഒരു ഫോറോനാദേവാലയമായി ഉയര്‍ത്തപ്പെടുന്നത് ജോണിക്കുട്ടി അച്ചന്‍ ചാര്‍ജെടുത്ത ഉടന്‍ ആയിരുന്നു. 2015 സെപ്റ്റംബറില്‍ വേള്‍ഡ് ഫാമിലി മീറ്റിംഗിനോടനുബന്ധിച്ച് പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പ ആദ്യമായി സഹോദരസ്‌നേഹത്തിന്‍ നഗരമായ ഫിലാഡല്‍ഫിയാ തീര്‍ത്ഥാടനത്തിനെത്തിയപ്പോള്‍ ഇടവക ജനങ്ങളെ മുഴുവന്‍ തന്നെ പാപ്പയെ സ്വീകരിക്കുന്നതിനായി ഫെസ്റ്റിവല്‍ ഗ്രൗണ്ടില്‍ എത്തിക്കാന്‍ ജോണിക്കുട്ടി അച്ചന്റെ നേതൃത്വത്തില്‍ സാധിച്ചത് പലരും ഇന്നും ആത്മനിര്‍വൃതിയോടെ സ്മരിക്കുന്നു. അതോടൊപ്പം തന്നെ ഫിലാഡല്‍ഫിയായിലെ എല്ലാ ക്രൈസ്തവവിഭാഗത്തിലുംപെട്ട 100 ല്‍ പരം കലാപ്രതിഭകളെ പാപ്പ പങ്കെടുത്ത വേദിയില്‍ അണിനിരത്തി ബേബി തടവനാലിന്റെ കോറിയോഗ്രാഫിയില്‍ ഭാരതനൃത്തരൂപങ്ങള്‍ അവതരിപ്പിക്കാന്‍ സാധിച്ചത് അച്ചന്റെ തൊപ്പിയിലെ മറ്റൊരു പൊന്‍ തൂവലായി.

ആഗോളസഭ കരുണയുടെ മഹാജൂബിലിവര്‍ഷം ആചരിച്ചപ്പോള്‍ ഫിലാഡല്ഫിയാ ഇടവകയെ ദണ്ഡവിമോചനത്തിനര്‍ഹമായ തീര്‍ത്ഥാടന കേന്ദ്രമായി ചിക്കാഗൊ രൂപത പ്രഖ്യാപിച്ചതും ഈ കാലയളവിലായിരുന്നു. ഇതിനെല്ലാത്തിനുമുപരി ഇപ്പോഴത്തെ ദേവാലയത്തിന്റെ സാക്രിസ്റ്റിയും മദ്ബഹായും സീറോമലബാര്‍ പാരമ്പര്യത്തിലും ആരാധനക്രമമനുസരിച്ചും രൂപകലപ്പനചെയ്ത് നവീകരിക്കുകയും, പള്ളിയുടെ സിറാമിക് ടൈല്‍ഡ് ഫ്‌ളോറില്‍ ആധുനികസൗകര്യങ്ങളോടെയുള്ള ബെഞ്ചുകള്‍ സ്ഥാപിച്ച് മനോഹരമാക്കിയതും അച്ചന്റെ പരിശ്രമഫലമായിരുന്നു.

ഹാരിസ്‌ബെര്‍ഗ്-ഹെര്‍ഷി സെ. ജോസഫ് സീറോമലബാര്‍ മിഷന്‍ ഡയറക്ടര്‍ കൂടിയായിരുന്ന ഫാ. ജോണിക്കുട്ടി പുലിശേരി മുന്‍കൈ എടുത്ത് പെന്‍സില്‍വേനിയായില്‍ ചെസ്റ്റര്‍-എക്സ്റ്റണ്‍ കേന്ദ്രമായി പുതിയ ഒരു മിഷനു രൂപംകൊടുത്തുകൊണ്ട് രണ്ടുസ്ഥലങ്ങളിലും ഫിലാഡല്ഫിയാ ഫൊറോനായുടെ കീഴില്‍ മാസത്തിലൊരിക്കല്‍ ദിവ്യബലിയര്‍പ്പിക്കുകയും ചെയ്തിരുന്നു.

ഗ്രേറ്റര്‍ ഫിലാഡല്‍ഫിയാ റീജിയണിലെ 22 കേരളക്രൈസ്തവ ദേവാലയങ്ങളുടെ സ്‌നേഹകൂട്ടായ്മയായ എക്യൂമെനിക്കല്‍ ഫെല്ലോഷിപ് ചെയര്‍മാന്‍, ഇന്‍ഡ്യന്‍ അമരിക്കന്‍ കാത്തലിക്ക് അസോസിയേഷന്‍ ചെയര്‍മാന്‍ എന്നീനിലകളിലും ഫാ. ജോണിക്കുട്ടി പുലിശേരി സ്തുത്യര്‍ഹമായ സേവനം അനുഷ്ടിച്ചു.

യാത്രയയപ്പു സമ്മേളനത്തില്‍ പ്രിന്‍സിപ്പല്‍ ട്രസ്റ്റി മോഡി ജേക്കബ്, ഫാ റെന്നി കട്ടേല്‍, സണ്ടേസ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജേക്കബ് ചാക്കോ, എസ്. എം. സി. സി പ്രസിഡന്റ് ജോര്‍ജ് വി. ജോര്‍ജ്, അള്‍ത്താരശുശ്രൂഷികളെ പ്രതിനിധീകരിച്ച് ജെറി, ജോസഫ് വര്‍ഗീസ് (സിബിച്ചന്‍), യുവജനങ്ങളുടെ പ്രതിനിധികള്‍ മലിസാ മാത്യു, ജോസഫ് സെബാസ്റ്റ്യന്‍, മോനിക്കാ ജസ്റ്റിന്‍, ജെറിന്‍ ജോണ്‍, അമേയാ ജോര്‍ജ്, ജസ്റ്റിന്‍ മാത്യു, ട്രസ്റ്റി ജോസ് തോമസ് എന്നിവര്‍ പുതിയ സ്ഥാനലബ്ധിയില്‍ അനുമോദനങ്ങളും ആശംസകളും അര്‍പ്പിച്ചു. ഇടവകയുടെ പ്രത്യേക പാരിതോഷികം ട്രസ്റ്റിമാരായ മോഡി ജേക്കബ്, ജോസ് തോമസ്, ഷാജി മിറ്റത്താനി, റോഷിന്‍ പ്ലാമൂട്ടില്‍ എന്നിവര്‍ നല്‍കി. സണ്ടേ സ്‌കൂള്‍ സ്റ്റാഫിന്റെ വക സ്‌നേഹോപഹാരം പ്രിന്‍സിപ്പല്‍ ജേക്കബ് ചാക്കോ, വൈസ് പ്രിന്‍സിപ്പല്‍ ജോസ് മാളേയ്ക്കല്‍, മുന്‍ ഡയറക്ടര്‍ ഡോ. ജയിംസ് കുറിച്ചി, പി.ടി.എ. പ്രസിഡണ്ട് ജോജി ചെറുവേലില്‍ എന്നിവര്‍ ചേര്‍ന്ന് നല്‍കി ആദരിച്ചു. ജോര്‍ജ് വി. ജോര്‍ജ്, ഡോ. ജയിംസ് കുറിച്ചി, ഡെയ്‌സി ജോര്‍ജ്, ദേവസിക്കുട്ടി വറീദ്, മെര്‍ലി പാലത്തിങ്കല്‍ എന്നിവര്‍ എസ്. എം. സി. സി യുടെ സമ്മാനം നല്കി. മറ്റു ഭക്ത സംഘടനകളായ സെ. വിന്‍സന്റ് ഡി പോള്‍, മരിയന്‍ മദേഴ്‌സ്, വാര്‍ഡ് കൂട്ടായ്മകള്‍ എന്നിവ വെവ്വേറെ മീറ്റിംഗുകളിലായി അച്ചനെ നേരത്തെ ആദരിച്ചിരുന്നു.

ഫാ. ഡേവിസ് ചിറമേല്‍, ഫാ. ജോസ് ഉപ്പാണി, ഫാ. റെന്നി കട്ടേല്‍ എന്നീ വൈദികര്‍ പുതിയ ദൗത്യനിര്‍വഹണത്തില്‍ ജോണിക്കുട്ടി അച്ചനു എല്ലാവിധ ആശംസകളും അര്‍പ്പിച്ചു. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളില്‍ പ്രസിദ്ധീകരിച്ച പ്രതിമാസ ചര്‍ച്ച് ന്യൂസ് ലെറ്ററുകളുടെ സമാഹാരം ഒരു സ്മരണികയായി എഡിറ്റോറിയല്‍ ബോര്‍ഡിനുവേണ്ടി ചീഫ് എഡിറ്റര്‍ ജോസ് തോമസും, എഡിറ്റര്‍ ജോസ് മാളേയ്ക്കലും ജോണിക്കുട്ടി അച്ചനു കൈമാറി.

ഫോട്ടോ: ജോസ് തോമസ്
ഫാ. ജോണിക്കുട്ടി പുലിശേരിക്ക് സ്‌നേഹോഷ്മളമായ യാത്രയയപ്പ്ഫാ. ജോണിക്കുട്ടി പുലിശേരിക്ക് സ്‌നേഹോഷ്മളമായ യാത്രയയപ്പ്ഫാ. ജോണിക്കുട്ടി പുലിശേരിക്ക് സ്‌നേഹോഷ്മളമായ യാത്രയയപ്പ്ഫാ. ജോണിക്കുട്ടി പുലിശേരിക്ക് സ്‌നേഹോഷ്മളമായ യാത്രയയപ്പ്ഫാ. ജോണിക്കുട്ടി പുലിശേരിക്ക് സ്‌നേഹോഷ്മളമായ യാത്രയയപ്പ്ഫാ. ജോണിക്കുട്ടി പുലിശേരിക്ക് സ്‌നേഹോഷ്മളമായ യാത്രയയപ്പ്ഫാ. ജോണിക്കുട്ടി പുലിശേരിക്ക് സ്‌നേഹോഷ്മളമായ യാത്രയയപ്പ്ഫാ. ജോണിക്കുട്ടി പുലിശേരിക്ക് സ്‌നേഹോഷ്മളമായ യാത്രയയപ്പ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക