Image

ഡോറ: പുതുമയുള്ള ഹൊറര്‍ ചിത്രം

Published on 06 April, 2017
ഡോറ: പുതുമയുള്ള ഹൊറര്‍ ചിത്രം
നയന്‍താരയ്ക്ക് ഇപ്പോള്‍ ഹൊറര്‍ സിനിമകളോട് വലിയ താല്‍പര്യമാണെന്നു തോന്നുന്നു. മായ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം നയന്‍താര വീണ്ടും പ്രേക്ഷകനെ പേടിപ്പിക്കാന്‍ വന്നിരിക്കുകയാണ് ഡോറ എന്ന ഹൊറര്‍ ചിത്രത്തിലൂടെ. താരത്തിന്റെ ആരാധകരെ തൃപ്തിപ്പെടുത്തുന്ന പ്രകടനത്തിലൂടയാണ് ചിത്രത്തിന്റെ മുന്നോട്ടുള്ള പ്രയാണം.

മായ എന്ന ചിത്രത്തില്‍ തുടക്കം മുതല്‍ പ്രേക്ഷകരില്‍ ഭീതി നിറയ്ക്കാന്‍ അതിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ ഈ ചിത്രത്തില്‍ ഏറെ കണ്ടുപരിചയമുളള രംഗങ്ങള്‍ തന്നെയാണ് ഉള്ളത്. അതുകൊണ്ട് അക്കാര്യങ്ങളിലൊന്നും തന്നെ പുതുമയില്ല.

കാറില്‍ കൂടിയ ഒരു പ്രേതത്തിന്റെ കഥയാണ് ഡോറ. സാധാരണ ഹൊറര്‍ സിനിമകളില്‍ മനുഷ്യന്റെ ദുരാത്മാവാണ് പ്രേതമായി വരുന്നത്. എന്നാല്‍ ഈ ചിത്രത്തില്‍ ഒരു നായയുടെ ആത്മാവാണ് പ്രേതമായി സ്ക്രീനിലെത്തുന്നത്. അതു തന്നെ നല്ലൊരു പുതുമയാണ്.

സ്വന്തമായി ഒരു കോള്‍ ടാക്‌സി സെന്റര്‍ തുടങ്ങുന്നതിന്റെ ഭാഗമായി പവലക്കൊടിയും ( നയന്‍താര) അച്ഛന്‍ വൈരക്കണ്ണുവും ഒരു കാര്‍ വാങ്ങുന്നു. പവലക്കൊടിയുടെ നിര്‍ബന്ധമനുസരിച്ച് 83 മോഡല്‍ ആസ്റ്റണ്‍ കേംബ്രിഡ്ജ് കാറാണ് അവര്‍ വാങ്ങന്നത്. എന്നാല്‍ കാര്‍ വാങ്ങി വീട്ടില്‍ എത്തിയതു മുതല്‍ തികച്ചും അസ്വാഭാവികമായ സംഭവങ്ങളാണ് അവരുടെ ജീവിതത്തില്‍ അരങ്ങേറുന്നത്. കാറിനുള്ളില്‍ പ്രതികാരദാഹിയായ ഒരു ദുരാത്മാവ് കുടിയിരിക്കുന്നു എന്ന് പവലക്കൊടി മനസിലാക്കുന്നു. എന്നാല്‍ അത് മനുഷ്യന്റേതല്ല, ഒരു നായയുടേതാണെന്നു തിരിച്ചറിയുന്നതോടെ കഥയില്‍ വഴിത്തിരിവുണ്ടാകുനന്നു.

എന്തിനാണ് ഈ ദുരാത്മാവ് ഈ കാറിനുള്ളില്‍ കുടിയിരിക്കുന്നത് എന്നുള്ളതാണ് പിന്നീടുള്ള കഥ. പവലക്കൊടി സാക്ഷിയാകേണ്ടി വന്ന ഒരു കൊലപാതകദൃശ്യവും അതിലെ കുറ്റവാളികളിലേക്ക് ദുരാത്മാവ് പവലക്കൊടിയെ എത്തിക്കുന്നതുമാണ് കഥയുടെ ത്രില്ലടിപ്പിക്കുന്ന ഭാഗങ്ങള്‍.

സിനിമയുടെ തുടക്കം ഒരു ഹൊറര്‍ ചിത്രത്തിനു ചേര്‍ന്ന വിധമായിരുന്നില്ല. അതുപോലെ ഭീതിജനകമായ രംഗങ്ങളില്‍ തമ്പി രാമയ്യന്റെ അതിഭാവുകത്വം നിറഞ്ഞ കോമഡി രംഗങ്ങള്‍ തികച്ചും അരോചകമാണ്. അതുവരെ കെട്ടിയുയര്‍ത്തിയ മൂഡു മുഴുവനും ഒറ്റയടിക്കു ചോര്‍ന്നു പോകുന്നതു പോലെ തോന്നും. എങ്കിലും അതൊഴിച്ചു നിര്‍ത്തിയാല്‍ ഡോറ കണ്ടിരിക്കാന്‍ രസമുള്ള ചിത്രമാണ്.

ചിത്രതതിന് എ സര്‍ട്ടിഫിക്കറ്റാണ് നല്‍കിയിട്ടുള്ളത്. എന്നാല്‍ അതിന്റെ ആവശ്യമുണ്ടായിരുന്നോ എന്ന് സിനിമ കാണുമ്പോള്‍ തോന്നിയേക്കാം. കാരണം ഞെട്ടി വിറയ്ക്കുന്ന രംഗങ്ങളൊന്നും തന്നെ ചിത്രത്തിലില്ല. അതുകൊണ്ടു തന്നെ കുട്ടികള്‍ക്കും കാണാവുന്ന ചിത്രമാണിത്.

അഭിനേതാക്കളുടെ പ്രകടനവും എടുത്തു പറയേണ്ടതാണ് .പവലക്കൊടിയായെത്തിയ നയന്‍താരയുടെ പ്രകടനം ആരാധകരുടെ മനം നിറയ്ക്കാന്‍ പോന്നതാണ്. രൂപത്തിലും ഭാവത്തിലും തികച്ചും വേറിട്ടു നില്‍ക്കുന്ന ശൈലിയാണ് നയന്‍സ് പുറത്തെടുത്തത്. ഹരീഷ് ഉത്തമനും തന്റെ റോള്‍ ഭംഗിയാക്കിയിട്ടുണ്ട്.

സമീപകാലത്ത് ഹൊറര്‍ ചിത്രങ്ങള്‍ ഒരുപാട് വന്നെങ്കിലും ഒരു നായയുടെ പ്രതികാര ദാഹിയായ ദുരാതമാവ് തന്നെ ദ്രോഹിച്ചവരോട് പ്രതികാരം ചെയ്യാന്‍ നടക്കുന്ന കഥ ഇതാദ്യമാണ്. അതുകൊണ്ടു തന്നെ അണിയറ പ്രവര്‍ത്തകര്‍ക്ക് കുറച്ചുകൂടി രസകരമായ രീതിയില്‍ ചിത്രം ഒരുക്കാമായിരുന്നു. പ്രത്യേകിച്ചും അനവസരത്തിലുള്ള തമ്പിരാമയ്യന്റെ കോമഡി ഒരല്‍പം നിയന്ത്രിച്ചിരുന്നെങ്കില്‍ കഥയ്ക്ക് ഒരു ത്രില്ലിങ്ങ് മൂഡും ലഭിക്കുമായിരുന്നു. ഏതായാലും ഡോറ നിരാശപ്പെടുത്തില്ല.
ഡോറ: പുതുമയുള്ള ഹൊറര്‍ ചിത്രം ഡോറ: പുതുമയുള്ള ഹൊറര്‍ ചിത്രം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക