Image

ജോര്‍ജേട്ടന്‍സ് പൂരം: കണ്ടു കൈയ്യടിക്കാം, പൊട്ടിച്ചിരിക്കാം

Published on 06 April, 2017
ജോര്‍ജേട്ടന്‍സ് പൂരം: കണ്ടു കൈയ്യടിക്കാം, പൊട്ടിച്ചിരിക്കാം
എല്ലാ അര്‍ത്ഥത്തിലും ഒരു ദിലീപ് കോമഡിചിത്രം എന്നു വിശേഷിപ്പിക്കാവുന്നതാണ് ജോര്‍ജേട്ടന്‍സ് പൂരം എന്ന ചിത്രം. പല കാരണങ്ങള്‍കൊണ്ടും റിലീസിങ്ങ് നീട്ടി വച്ച സിനിമയാണിത്. വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍ എന്ന ചിത്രത്തിന്റെ കനത്ത പരാജത്തിനു ശേഷം ദിലീപ് ജനപ്രിയനായകന്‍ എന്ന തന്റെ ഇമേജ് വീണ്ടെടുക്കാനുള്ള ശ്രമമായിട്ടും ഈ ചിത്രത്തെ കാണാം.

ഡോക്ടര്‍ ലവ് എന്ന ചിത്രത്തിന്റെ സംവിധയകനായ കെ.ബിജുവിന്റെ രണ്ടാമത്തെ ചിത്രമാണിത്. തിരക്കഥ എഴുതിയിരിക്കുന്നത്. വൈ.വൈ രാജേഷും. ഒരു മൈതാനവും അതിനെ ചുറ്റിപ്പറ്റി നടക്കുന്ന കബഡിമത്സരവുമാണ് ചിത്രത്തിന്റെ പ്രമേയം. ആദ്യാവസാനം ദിലീപിന്റെ കഥാപാത്രമായ ജോര്‍ജേട്ടനാണ് കഥയില്‍ നിറഞ്ഞു നില്‍ക്കുന്നത്. തുടക്കവും ഒടുക്കവും ഇന്നസെന്റിന്റെ വിവരണത്തോടെയാണ് സിനിമ ആരംഭിക്കുന്നതും അവസാനിക്കുന്നതും. തൃശൂരിന്റെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. അതുകൊണ്ട് ചിത്രത്തിലെ നായകനായ ദിലീപും കൂട്ടുകാരുമെല്ലാം തൃശൂര്‍ ഭാഷയാണ് സംസാരിക്കുന്നത്.

നാട്ടിന്‍പുറത്തെ ഗ്രാമങ്ങളില്‍ പണിയില്ലാതെ നടക്കുന്ന ആണ്‍പിളേളേരെ കാണാനാകും. അതുപോലെയാണ് ഈ ചിത്രത്തിലെ ജോര്‍ജേട്ടനും കൂട്ടുകാരും. വിനയ് ഫോര്‍ട്ട്, ഷറഫുദ്ദീന്‍ എന്നിവരാകട്ടെ, സ്കൂള്‍ മുതല്‍ക്കേ ജോര്‍ജിന്റെ കൂട്ടുകാരാണ്. വീട്ടുകാര്‍ക്ക് പ്രത്യേകിച്ച് ഗുണമൊന്നുമില്ലെങ്കിലും നാട്ടുകാര്‍ക്കു വേണ്ടി എന്തു സഹായവും ചെയ്തു കൊടുക്കുന്നവരാണ് ജോര്‍ജും കൂട്ടുകാരും.

ആദ്യപകുതി മുഴുവന്‍ കബഡികളിയും തമാശയുമൊക്കെയായി നീങ്ങുകയാണ്. എന്നാല്‍ രണ്ടാം പകുതി കളിയില്‍ മാത്രമൊതുങ്ങാതെ തികച്ചും ഗൗരവമേറിയതാകുന്നു. കബഡി മത്സരം ചിത്രത്തില്‍ ഏറെയുണ്ടെങ്കിലും അത് സ്‌പോര്‍ട്ട്‌സ് സിനികളുടെ ട്രാക്കിലേക്ക് ജോര്‍ജേട്ടനെ എത്തിക്കുന്നില്ല. കഥ പറയാന്‍ ഉപയോഗിക്കുന്ന രീതിനമുക്ക് ചിരപരിചിതമാണ്. എങ്കിലും ചില അപ്രതീക്ഷിത ട്വിസ്റ്റുകള്‍ സംവിധായകന്‍ പ്രേക്ഷകര്‍ക്കായി ഒരുക്കിയിട്ടുണ്ട്. അത് രസകരമാണ്.

മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് നേടിയ രജീഷ വിജയനാണ് ചിത്രതതിലെ നായിക. പക്ഷേ എണ്ണം പറഞ്ഞ സീനുകളില്‍ മാത്രമായി ഒതുങ്ങാനായിരുന്നു ഈ ചിത്രത്തില്‍ രജീഷയുടെ നിയോഗം. നായകന് പ്രേമിക്കാന്‍ ഒര പെണ്ണ്. അത്രമാത്രം. അല്ലാതെ കഥയില്‍ ചേര്‍ന്നു നില്‍ക്കുന്ന പ്രാധാന്യമൊന്നും രജീഷയുടെ കഥാപാത്രത്തിനില്ല.
രണ്‍ജി പണിക്കര്‍, ചെമ്പന്‍ വിനോദ്, ടി.ജി രവി, സുധീര്‍ കരമന, മുരുകന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങള്‍. ഗോപീ സുന്ദറിന്റെ പാട്ടുകളും പശ്ചാത്തല സംഗീതവും മികച്ചതാണ്. ഏതായാലും ചിത്രം ദിലീപിന്റെ ആരാധകര്‍ക്ക് ഇഷ്ടപ്പെടുമെന്നതില്‍ സംശയമില്ല.
ജോര്‍ജേട്ടന്‍സ് പൂരം: കണ്ടു കൈയ്യടിക്കാം, പൊട്ടിച്ചിരിക്കാംജോര്‍ജേട്ടന്‍സ് പൂരം: കണ്ടു കൈയ്യടിക്കാം, പൊട്ടിച്ചിരിക്കാം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക