Image

ലോകത്തിലെ ഏറ്റവും മാലിന്യമേറിയ സമുദ്രതീരം കേരളത്തില്‍ ജര്‍മ്മന്‍ പഠന റിപ്പോര്‍ട്ട്

ജോര്‍ജ് ജോണ്‍ Published on 07 April, 2017
ലോകത്തിലെ ഏറ്റവും മാലിന്യമേറിയ സമുദ്രതീരം കേരളത്തില്‍ ജര്‍മ്മന്‍ പഠന റിപ്പോര്‍ട്ട്
ഫ്രാങ്ക്ഫര്‍ട്ട്: കേരളത്തോട് ചേര്‍ന്നുകിടക്കുന്ന സമുദ്രതീരം ലോകത്തിലെ ഏറ്റവും മാലിന്യമേറിയതെന്ന് അന്താരാഷ്ട്ര ഗവേഷണ റിപ്പോര്‍ട്ട്. വന്‍തോതില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അടിഞ്ഞുകൂടിയതിനാല്‍ ഈ സമുദ്രമേഖല കടല്‍പക്ഷികള്‍ക്കും മത്സ്യങ്ങള്‍ക്കും ഗുരുതരഭീഷണി ഉയര്‍ത്തുന്നു. മുംബൈ, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുസമൂഹങ്ങള്‍ എന്നിവിടങ്ങളിലെ തീരമേഖലയും മാലിന്യത്തിന്റെ പിടിയിലാണ്. ജര്‍മ്മനിയിലെ ആല്‍ഫ്രഡ് വെഗ്‌നര്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഞെട്ടിപ്പിക്കുന്ന കണ്ടെത്തല്‍.

വേമ്പനാട്ട് കായലിലാണ് ഏറ്റവുമധികം പ്ലാസ്റ്റിക് മാലിന്യമുള്ളത്. കായലില്‍ എല്ലായിടത്തും മൈക്രോപ്ലാസ്റ്റിക്കിന്റെ അംശം കണ്ടെത്തി. ആലപ്പുഴയിലെ ചില മേഖലകളില്‍ നിന്ന് പിടിച്ച മീനുകളില്‍ പ്ലാസ്റ്റിക്കിന്റെ സാന്നിധ്യം ഉണ്ടായിരുന്നു. കക്കാ വര്‍ഗങ്ങളിലും ചെറുമീനുകളിലും അകത്തുകടന്ന പ്ലാസ്റ്റിക് ഘടകങ്ങള്‍ ഭക്ഷ്യമേഖലയെ വിഷമയമാക്കുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. സമുദ്രമലിനീകരണം സംബന്ധിച്ച 1237 പഠനങ്ങള്‍ എകോപിപ്പിച്ചാണ് ഗവേഷണം നടത്തിയത്. 'ലിറ്റര്‍ബേസ്' എന്ന് പേരുനല്‍കിയ പഠനറിപ്പോര്‍ട്ടില്‍ ലോകത്തെ ഓരോ മേഖലയിലെയും മലിനീകരണത്തിന്റെ കണക്കുവിവരങ്ങള്‍ പരാമര്‍ശിക്കുന്ന ഭൂപടങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഗാര്‍ഹികമാലിന്യം കടലില്‍ തള്ളുന്നത് മലിനീകരണത്തോത് വര്‍ധിക്കാന്‍ കാരണമാകുന്നെന്ന് ജര്‍മ്മന്‍ ഗവേഷകര്‍ ചൂണ്ടിക്കാണിച്ചു. ഇന്ത്യന്‍ മഹാസമുദ്രത്തിലെ വിദൂരദ്വീപുകളില്‍ നിന്നുപോലും പരിശോധനയ്ക്കായി ശേഖരിച്ച സാമ്പിളുകളില്‍ പ്ലാസ്റ്റിക് ഘടകങ്ങളുടെ സാന്നിധ്യമുണ്ട്. ടിബറ്റന്‍ പീഠഭൂമിയിലെ തടാകങ്ങളും പ്ലാസ്റ്റിക് മാലിന്യത്തിനിന്ന് മുക്തമല്ല. ഓസ്‌ട്രേലിയ, ആഫ്രിക്ക, അമേരിക്ക, യൂറോപ്പ് തുടങ്ങിയ ഭൂഖണ്ഡങ്ങളുടെ സമുദ്രതീരങ്ങളിലെയും നദികളിലെയും മലിനീകരണത്തിന്റെ വിവരങ്ങളും 'ലിറ്റര്‍ബേസില്‍' ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ ലോക റിപ്പോര്‍ട്ട് കേരളത്തിലെ ടൂറിസം മേഖലയെ പ്രതികൂലമായി ബാധിക്കാന്‍ സാദ്ധ്യത കുറവല്ല.


ലോകത്തിലെ ഏറ്റവും മാലിന്യമേറിയ സമുദ്രതീരം കേരളത്തില്‍ ജര്‍മ്മന്‍ പഠന റിപ്പോര്‍ട്ട്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക