Image

ബ്രിട്ടന്‍ വീസ നിയന്ത്രണം പ്രാബല്യത്തില്‍

Published on 07 April, 2017
ബ്രിട്ടന്‍ വീസ നിയന്ത്രണം പ്രാബല്യത്തില്‍

      ലണ്ടന്‍: ബ്രക്‌സിറ്റിനുശേഷം ബ്രിട്ടന്‍ വീസ നല്‍കുന്നതിന് ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങള്‍ വ്യാഴാഴ്ച മുതല്‍ നിലവില്‍ വന്നു. ഇന്ത്യ ഉള്‍പ്പടെ യൂറോപ്യന്‍ യൂണിയന് പുറത്ത് നിന്ന് വരുന്നവര്‍ക്ക് വീസ നല്‍കുന്നതിനാണ് യുകെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ടയര്‍ ടു വീസ നല്‍കുന്നതിനാണ് യുകെ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ഇന്ത്യയുള്‍പ്പടെ രാജ്യങ്ങള്‍ കൂടുതലായും ഉപയോഗപ്പെടുത്തുന്നത് ഈ വീസ സംവിധാനമാണ്. ഇന്ത്യയുള്‍പ്പടെയുള്ള യൂറോപ്യന്‍ യൂണിയന് പുറത്തുള്ള രാജ്യങ്ങളില്‍ നിന്ന് തൊഴിലാളികളെ യുകെയില്‍ ജോലിക്കെത്തിക്കുന്ന സ്‌പോണ്‍സര്‍മാര്‍ ഇനി ആയിരം പൗണ്ട് ഇമിഗ്രേഷന്‍ സ്‌കില്‍സ് ചാര്‍ജായി നല്‍കണം. സന്നദ്ധസംഘടനകളില്‍ തൊഴിലെടുക്കുന്നവര്‍ക്ക് ഇതില്‍ ഇളവുണ്ട്. ഇവര്‍ 364 പൗണ്ട് നല്‍കിയാല്‍ മതിയാവും. തൊഴില്‍ സ്ഥാപനങ്ങളില്‍ കൂടുതല്‍ യുകെ പൗരന്‍മാരെ ഉള്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ നടപടിയുടെ ഭാഗമാണ് പുതിയ നിയന്ത്രണങ്ങള്‍.

പുതിയ തീരുമാനം മൂലം യുകെയിലെ പല സ്ഥാപനങ്ങളും യൂറോപ്യന്‍ യൂണിയന് പുറത്ത് നിന്നുള്ള തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതില്‍ മേലില്‍ വിമുഖ കാണിക്കുമെന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ വിലയിരുത്തുന്നത്. ബ്രിട്ടീഷ് വീസക്ക് അപേക്ഷിക്കുന്നവര്‍ ക്രിമിനല്‍ കേസുകള്‍ നിലവില്ല എന്നതിന്റെ സര്‍ട്ടിഫിക്കറ്റ് കൂടി അപേക്ഷക്കൊപ്പം മേലില്‍ നല്‍കിയിരിക്കണം. ടയര്‍ ടു വീസയുമായി യുകെയില്‍ ജോലിക്കെത്തുന്നവരുടെ മിനിമം ശന്പളം 25,000 പൗണ്ടില്‍ നിന്ന് 30,000 പൗണ്ടായി ഉയര്‍ത്തിയിട്ടുണ്ട്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക