Image

പാവനസ്മരണയില്‍ പാമ്പാടി ദയറ (ജോര്‍ജ് തുമ്പയില്‍)

Published on 08 April, 2017
പാവനസ്മരണയില്‍ പാമ്പാടി ദയറ (ജോര്‍ജ് തുമ്പയില്‍)

പാമ്പാടി: സഹനജീവിതത്തിന്റെ ആര്‍ദ്രത മനുഷ്യമനസ്സുകള്‍ക്ക് കാട്ടിത്തന്ന പരിശുദ്ധ പാമ്പാടി തിരുമേനിയുടെ കാരുണ്യത്തിന്റെ നിര്‍മ്മലവഴികള്‍ നിറഞ്ഞ ഓര്‍മ്മപെരുന്നാളിന് സമാപനം. തപസിന്റെ ദിവ്യസുഗന്ധം നിറഞ്ഞ മലങ്കരയുടെ മുനിശ്രേഷ്ഠന്റെ വേദവിശുദ്ധി നിറഞ്ഞ ഓര്‍മ്മകള്‍ ആഘോഷഭരിതമായി പാമ്പാടിജനത കൊണ്ടാടി. പാവനവും നിര്‍മ്മലവുമായ ജീവിതത്തിന്റെ ഉത്തമ ഉദാഹരണമായ പാമ്പാടിയുടെ പരിശുദ്ധന്റെ ഓര്‍മ്മപ്പെരുന്നാളിന് പങ്കെടുക്കാന്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു ഭക്തജനങ്ങള്‍ ഒഴുകിയെത്തുകയായിരുന്നു. ഒരാഴ്ചയിലേറെ നീണ്ടു നിന്ന ധ്യാനയോഗങ്ങളുടെയും ഉപവാസന പ്രാര്‍ത്ഥനകളുടെയും പരിസമാപ്തിയാണ് ഏഴാം തീയതി വൈകുന്നേരം നടന്ന റാസയിലൂടെയും പിന്നേറ്റന്നത്തെ വിശുദ്ധ കുര്‍ബാനയിലൂടെയും അവസാനിച്ചത്. 

മാര്‍ച്ച് 31- വെള്ളിയാഴ്ച വൈകുന്നേരം കോട്ടയം പഴയ സെമിനാരി മാനേജര്‍ വെരി. റവ. സഖറിയ റമ്പാന്‍ ധ്യാനയോഗം നയിച്ചു. തുടര്‍ന്ന് കോട്ടയം ഭദ്രാസന യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ കബറിങ്കല്‍ അഖണ്ഡപ്രാര്‍ത്ഥന നടന്നു. ഏപ്രില്‍ 1-ശനിയാഴ്ച പാമ്പാടി കത്തീഡ്രല്‍ വികാരി റവ. ഫാ. ഡോ വറുഗീസ് വറുഗീസ് സുറിയാനിയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. തുടര്‍ന്ന് കോട്ടയം ഭദ്രാസന സണ്‍ഡേ സ്‌കൂള്‍ അധ്യാപക വാര്‍ഷിക ഏകദിന ധ്യാനം നടന്നു. വിശുദ്ധ വേദപുസ്തക പാരായണ യജ്ഞം കോല്‍ക്കത്ത ഭദ്രാസന അധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ ദിവന്നാസിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. സഭാദിനമായ ഏപ്രില്‍ രണ്ടാം തീയതി സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന അധ്യക്ഷന്‍ അലക്‌സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്ത വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. മാര്‍ യൗസേബിയോസ് സഭാ ദിന സന്ദേശം നല്‍കി. ഉച്ച കഴിഞ്ഞ് പെരുന്നാള്‍ കൊടിയേറ്റ് നടന്നു. അലക്‌സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്ത, ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറോസ് മെത്രാപ്പോലീത്ത സഭാ മാനേജിങ് കമ്മിറ്റിയംഗങ്ങളായ ജോര്‍ജ് തുമ്പയില്‍, പ്രൊഫ. സാജു ഏലിയാസ് തുടങ്ങി നിരവധിപേര്‍ പങ്കെടുത്തു. 

ഏപ്രില്‍ 3- തിങ്കളാഴ്ച വാകത്താനം വള്ളിക്കാട്ട് ദയറ മാനേജര്‍ വെരി. റവ. ബര്‍സ്ലീബി റമ്പാന്‍ ധ്യാനയോഗം നയിച്ചു. നാലാം തീയതി ചൊവ്വാഴ്ച പരുമല സെമിനാരി മാനേജര്‍ ഫാ. എം.സി കുര്യാക്കോസ് ധ്യാനപ്രസംഗം നയിച്ചു. സന്ധ്യയ്ക്ക് കബറിങ്കല്‍ അഖണ്ഡപ്രാര്‍ത്ഥനയും നടന്നു. അഞ്ചാം തീയതി ബുധനാഴ്ച ആലുവ തൃക്കുന്നത്ത് മാനേജര്‍ ഫാ. യാക്കൂബ് തോമസ് ധ്യാനപ്രസംഗം നയിച്ചു. ആറാം തീയതി വ്യാഴാഴ്ച വെട്ടിക്കല്‍ സെന്റ് തോമസ് ദയറ മാനേജര്‍ ഫാ.വിനോദ് ജോര്‍ജ് ധ്യാനപ്രസംഗം നയിച്ചു. ഏപ്രില്‍ ഏഴ് 40-ാം വെള്ളിയാഴ്ച ശുത്രി ലിറ്ററിജിക്കല്‍ മ്യൂസിക്ക് സ്‌കൂള്‍ ഡയറക്ടര്‍ റവ.ഫാ. ഡോ. എം.പി ജോര്‍ജ് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. കുന്നംകുളം പഴഞ്ഞി, പാലക്കാട് വടക്കഞ്ചേരി ഭാഗങ്ങളില്‍ നിന്നെത്തിയ തീര്‍ത്ഥാടകര്‍ക്ക് ദയറയില്‍ സ്വീകരണം നല്‍കി. ഇടുക്കി, കാരാപ്പുഴ, കോട്ടയം സെന്‍ട്രല്‍ ഭദ്രാസനം, കാസര്‍കോട് തീര്‍ത്ഥാടകര്‍ക്ക് പാമ്പാടി കത്തീഡ്രലില്‍ സ്വീകരണം നല്‍കി. കോട്ടയം ഭദ്രാസനത്തിലെ വിവിധ ഇടവകകളില്‍ നിന്ന് പദയാത്രയായി എത്തിയ തീര്‍ത്ഥാടകര്‍ക്കും ദയറയില്‍ സ്വീകരണം നല്‍കി. സന്ധ്യ നമസ്‌ക്കാരത്തിനു ശേഷം പാമ്പാടി സെന്റ് ജോണ്‍സ് കത്തീഡ്രലില്‍ നിന്നും ഭക്ത്യാദരപുരസരം പുറപ്പെട്ട റാസയില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു. മുത്തുക്കുട, കൊടി, മരക്കുരിശ് എന്നിവകളുമായി, പുണ്യശ്ലോകന്റെ സ്മൃതികളുയര്‍ത്തുന്ന ഗീതങ്ങള്‍ പാടിയാണ് ഭക്തജനങ്ങള്‍ റാസയില്‍ പങ്കെടുത്തത്. 

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ജാതിമത ഭേദമന്യേ തീര്‍ത്ഥാടകര്‍ എത്തിയിരുന്നു. 'താബോര്‍മലയിലെ മുനിശ്രേഷ്ഠ, പ്രാര്‍ത്ഥിക്കേണമേ ഞങ്ങള്‍ക്കായി..' എന്ന പ്രാര്‍ത്ഥനാഗീതം വേദികളില്‍ ഉടനീളം അലയടിച്ചു. റാസയ്ക്ക് ഏറ്റവും മുന്നിലായി ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറോസ് മെത്രാപ്പോലീത്ത, ജനറല്‍ കണ്‍വീനര്‍ ഫാ. കുര്യാക്കോസ് മാണി, ജോയിന്റ് കണ്‍വീനര്‍ ഡോ.എം.ഇ. കുര്യാക്കോസ്, ഭദ്രാസന സെക്രട്ടറി ഫാ. തോമസ് വറുഗീസ് കാവുങ്കല്‍, പാമ്പാടി പഞ്ചായത്ത് പ്രസിഡന്റ് മാത്തച്ചന്‍ പാമ്പാടി, സഭാ മാനേജിങ് കമ്മിറ്റിയംഗം പ്രൊഫ. സാജു ഏലിയാസ് അടക്കം നിരവധി വൈദികരുമുണ്ടായിരുന്നു. ആധ്യാത്മിക സംഘടന ഭാരവാഹികള്‍, സണ്‍ഡേ സ്‌കൂള്‍ പ്രതിനിധികള്‍, വിവിധ കമ്മിറ്റിയംഗങ്ങള്‍ എന്നിവര്‍ മെഴുകുതിരികളും സഭാ പതാകകളും, മുത്തുക്കുടകളും കുരിശുകളുമേന്തി റാസയ്ക്ക് ആത്മീയപരിവേഷമേകി. പാമ്പാടി കത്തീഡ്രലില്‍ നിന്നും പുറപ്പെട്ട റാസ കാളച്ചന്ത ജംഗ്ഷനില്‍ നിന്നും കെ.കെ. റോഡില്‍ എത്തി പാമ്പാടി ടൗണിലൂടെ ആലാമ്പള്ളി ജംഗ്ഷനില്‍ നിന്നു പൊത്തന്‍പുറം കവലയിലെത്തി ദയറയില്‍ എത്തുന്നിടം വരെ പരിശുദ്ധ തിരുമേനിയുടെ ഛായചിത്രത്തിനു മുന്നില്‍ നിലവിളക്കുകളും മെഴുകുതിരികളും തെളിച്ച് ഭക്ത്യാദരപുരസരം വ്യാപാര സ്ഥാപനങ്ങളും വിവിധ ഭവനങ്ങളും സ്വീകരണമൊരുക്കിയിരുന്നു. 

പരിശുദ്ധ തിരുമേനിയുടെ ഛായാചിത്രം വഹിച്ചുള്ള രഥവും റാസയ്ക്ക് അകമ്പടിയേകി. പാമ്പാടി തിരുമേനി കുടുംബയോഗം മുന്‍ പ്രസിഡന്റ് സാബു വടകരയായിരുന്നു രഥത്തിനു മേല്‍നോട്ടം വഹിച്ചത്. വഴിയില്‍ ഉടനീളം ഭക്തജനങ്ങള്‍ റാസയില്‍ പങ്കെടുത്തവര്‍ക്ക് ലഘുഭക്ഷണവും പാനീയങ്ങളും വിതരണം ചെയ്തു. റാസ കടന്നു പോയ വഴികളില്‍ പ്ലാസ്റ്റിക്ക് മാലിന്യം ഉള്‍പ്പെടെ ശേഖരിച്ച് ശുചീകരണ പ്രവര്‍ത്തനങ്ങളുമായി യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലുള്ള ഹരിതസേനയുമുണ്ടായിരുന്നു.

ചെറുവള്ളിക്കാവ് ദേവസ്വം ആലംപള്ളി ജംഗ്ഷനില്‍ മതമൈത്രിയുടെ പ്രതീകമായി മനോഹരമായ കമാനമൊരുക്കി റാസയ്ക്ക് സ്വീകരണം നല്‍കിയതും ശ്രദ്ധേയമായി. പാട്ടമ്പലം വക സംഭാരവും ഏര്‍പ്പെടുത്തിയിരുന്നു. ഒന്നര മണിക്കൂറിലേറെ സമയമെടുത്താണ് റാസ ഓരോ പോയിന്റും കടന്നത്. ദേശീയ പാതയിലൂടെ കടന്നുപോയ റാസയ്ക്ക് സുരക്ഷ ഒരുക്കുന്നതിനും ഗതാഗതം നിയന്ത്രിക്കുന്നതിനും പാമ്പാടി ജനമൈത്രി പോലീസിന്റെ സേവനം ലഭ്യമാക്കിയിരുന്നു. പാമ്പാടി ദയറയില്‍ നിന്നുമുള്ള ഗാനങ്ങളും പ്രാര്‍ത്ഥനകളും ഏഴു കിലോമീറ്റര്‍ അകലെയുള്ള കത്തീഡ്രല്‍ അങ്കണം വരെ ശ്രവിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു.
വിവിധ തീര്‍ത്ഥാടക സംഘങ്ങളും കത്തീഡ്രലില്‍ നിന്നുള്ള റാസയും താബോര്‍ മലയുടെ ഉത്തുംഗശൃംഗത്തില്‍ എത്തിയപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ മനുഷ്യസമുദ്രമായി മാറുകയായിരുന്നു. 

തുടര്‍ന്ന് കബറിങ്കല്‍ ധൂപപ്രാര്‍ത്ഥനയും സന്ധ്യനമസ്‌ക്കാരവും നടന്നു. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ നേതൃത്വം നല്‍കി. കൊച്ചി ഭദ്രാസന അധ്യക്ഷന്‍ ഡോ. യാക്കൂബ് മാര്‍ ഐറേനിയസ് മെത്രാപ്പോലീത്ത അനുസ്മരണ പ്രസംഗം നടത്തി. ദയറ ഗായകസംഘം ഗാനശുശ്രൂഷ നടത്തി. പരിശുദ്ധ പാമ്പാടി തിരുമേനി ചരമ കനക ജൂബിലി ഡോക്യുമെന്ററി, പാറേട്ട് മാത്യൂസ് മാര്‍ ഇവാനിയോസ് മെത്രാപ്പോലീത്തയുടെ ജീവചരിത്ര ഗ്രന്ഥം എന്നിവയുടെ പ്രകാശനം നടന്നു. 

തുടര്‍ന്ന് നടന്ന യോഗത്തില്‍ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട അല്‍മായ ട്രസ്റ്റി ഡോ. ജോര്‍ജ് പോള്‍, അസോസിയേഷന്‍ സെക്രട്ടറി ബിജു ഉമ്മന്‍, മാനേജിങ് കമ്മിറ്റിയംഗങ്ങളായ ഫാ. ജോണ്‍ ശങ്കരത്തില്‍, ഫാ. വറുഗീസ് വറുഗീസ്, ജേക്കബ് കോച്ചേരി, പ്രൊഫ. സാജു ഏലിയാസ്, വറുഗീസ് ടി. എബ്രഹാം, ഷിനു പറക്കോട്ട് എന്നിവരെ ആദരിച്ചു. പരിശുദ്ധ പാമ്പാടി തിരുമേനിയുടെ ജീവചരിത്ര ഗ്രന്ഥകാരനും ഡോക്ടറേറ്റ് നേടിയ പ്രൊഫ. ഡോ. കെ. എം. കുര്യാക്കോസിനെയും ചടങ്ങില്‍ ആദരിക്കുകയുണ്ടായി. ആശീര്‍വാദത്തിനും ശ്ലൈഹിക വാഴ്‌വിനും ശേഷം അവിടെ എത്തിച്ചേര്‍ന്ന ഇരുപതിനായിരത്തിലധികം വരുന്ന ഭക്തജനങ്ങള്‍ക്ക് ഭക്ഷണം നല്‍കി. 

എട്ടാം തീയതി ശനിയാഴ്ച പുലര്‍ച്ചെ അഞ്ചു മണിക്ക് ആദ്യ കുര്‍ബാന ഭദ്രാസന സഹായ മെത്രാപ്പോലീത്ത ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറസിന്റെ കാര്‍മ്മികത്വത്തില്‍ നടന്നു.  മൂന്നിന്മേല്‍ കുര്‍ബാനക്കു കുര്യാക്കോസ് മാര്‍ ക്ലീമ്മിസ്, ഡോ. യാക്കോബ് മാര്‍ ഐറെനിയസ്, ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് എന്നിവര്‍ കാര്‍മ്മികത്വം വഹിച്ചു.
പരി. ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ അനുസ്മരണ പ്രസംഗം നടത്തി.
ഫാ. ടി.ജെ. ജോഷ്വ, ദയറ മാനേജര്‍ ഫാ. മാത്യു കെ. ജോണ്‍, കണ്‍ വീനര്‍ ഫാ. കുര്യാക്കോസ് മാണി എന്നിവര്‍ പ്രസംഗിച്ചു. ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറസ്, തോമസ് മാര്‍ അത്തനാസിയോസ് എന്നിവരും സന്നിഹിതരായിരുന്നു.

തുടര്‍ന്ന്, കോട്ടയം ഭദ്രാസനത്തില്‍ നിന്നും വിരമിച്ച വൈദികരെ ആദരിക്കുകയുണ്ടായി. കബറിങ്കല്‍ ധൂപപ്രാര്‍ത്ഥനയ്ക്കും റാസയ്ക്കും ആശീര്‍വാദത്തിനും നേര്‍ച്ച വിളമ്പിനും ശേഷം പ്രഭാത ഭക്ഷണവും ക്രമീകരിച്ചിരുന്നു.

ജീവിത ലാളിത്യത്തിന്റെ ദിവ്യസുഗന്ധവും സഹജീവികളോടുള്ള കരുണയും നിറഞ്ഞ പരിശുദ്ധ പാമ്പാടി തിരുമേനയുടെ ഓര്‍മ്മപ്പെരുന്നാളില്‍ പങ്കെടുത്ത ഭക്തരില്‍ ആത്മീയനിര്‍വൃതിയുടെ ആനന്ദം അലയടിച്ചു. വേദനിക്കുന്നവന്റെ മനസ്സ് കാണുകയും കഷ്ടതയിലൂടെ ദൈവസാന്നിധ്യം അനുഭവിച്ചറിഞ്ഞതുമായ മലങ്കരയുടെ പരിശുദ്ധനായ പാമ്പാടി തിരുമേനി പാമ്പാടി കരിങ്ങനാമറ്റം കുടുംബത്തില്‍ മൂലക്കര ശാഖയില്‍ പേഴമറ്റത്ത് വീട്ടില്‍ ചാക്കോച്ചന്റെയും വെള്ളക്കോട്ട് വീട്ടില്‍ ഇളച്ചിയുടെയും മകനായി 1885 ഏപ്രില്‍ അഞ്ചിനാണ് ജനിച്ചത്. 

പതിനാലാം വയസ്സില്‍ ശെമ്മാശ്ശനായി. 21-ാം വയസ്സില്‍ വൈദികനായി. വൈദികനായതിന്റെ പിറ്റേ ദിവസം തന്നെ റമ്പാന്‍ സ്ഥാനം സ്വീകരിച്ചു. 26-ാം വയസ്സില്‍ മെത്രാന്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തു. 44-ാം വയസ്സില്‍ കോട്ടയം മാര്‍ ഏലിയ കത്തീഡ്രലില്‍ വച്ച് മാര്‍ ബസേലിയോസ് ഗീവറുഗീസ് ദ്വിതീയന്‍ കാതോലിക്ക ബാവ കുര്യാക്കോസ് മാര്‍ ഗ്രിഗോറിയോസ് എന്ന നാമത്തില്‍ മെത്രാനായി വാഴിച്ചു. എണ്‍പതാം വയസ്സില്‍ 1965 ഏപ്രില്‍ അഞ്ചാം തീയതി കാലം ചെയ്തു. ജനിച്ചു ദിവസം തന്നെ കാലം ചെയ്ത പാമ്പാടിയുടെ പരിശുദ്ധന്റെ ഓര്‍മ്മകള്‍ ഇന്നും ഭക്തരില്‍ മായാതെ നിലകൊള്ളുന്നു. എണ്‍പതു വര്‍ഷത്തെ ജീവിതം കൊണ്ടും 36 വര്‍ഷത്തെ ഭദ്രാസന ഭരണം കൊണ്ടും സകല ജനങ്ങളുടെയും ആരാധനപാത്രമായിരുന്നു ഈ നല്ലയിടയന്‍.

(പരിശുദ്ധ പാമ്പാടി തിരുമേനിയുടെ ജ്യേഷ്ഠന്റെ മകളുടെ മകളുടെ മകനാണ് ലേഖകന്‍)
പാവനസ്മരണയില്‍ പാമ്പാടി ദയറ (ജോര്‍ജ് തുമ്പയില്‍)പാവനസ്മരണയില്‍ പാമ്പാടി ദയറ (ജോര്‍ജ് തുമ്പയില്‍)പാവനസ്മരണയില്‍ പാമ്പാടി ദയറ (ജോര്‍ജ് തുമ്പയില്‍)പാവനസ്മരണയില്‍ പാമ്പാടി ദയറ (ജോര്‍ജ് തുമ്പയില്‍)പാവനസ്മരണയില്‍ പാമ്പാടി ദയറ (ജോര്‍ജ് തുമ്പയില്‍)പാവനസ്മരണയില്‍ പാമ്പാടി ദയറ (ജോര്‍ജ് തുമ്പയില്‍)പാവനസ്മരണയില്‍ പാമ്പാടി ദയറ (ജോര്‍ജ് തുമ്പയില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക