Image

വിമോചനത്തിന്റെ സര്‍ഗ വസന്തര്‍ത്തു (ജോയ്‌സ് തോന്ന്യാമല)

Published on 08 April, 2017
വിമോചനത്തിന്റെ സര്‍ഗ വസന്തര്‍ത്തു (ജോയ്‌സ് തോന്ന്യാമല)
വ്യത്യസ്ത മനുഷ്യരെ ഉള്‍ക്കൊള്ളുന്നതാണ് സമൂഹം. വിവിധ ജാതികള്‍ മതവിശ്വാസികള്‍, പല തൊലിനിറമുള്ളവര്‍, ആണും, പെണ്ണും. പിന്നെ അവഗണിക്കപ്പെടുന്ന ഭിന്നലിംഗക്കാരും. ഇവരേവരും സമഭാവനയോടെ ജീവിക്കുമ്പോഴാണ് ഒരു സമൂഹം വിശിഷ്ട സമൂഹമായി മാറുന്നത്. അവിടുത്തെ മണല്‍പ്പുറങ്ങളില്‍ സ്വാതന്ത്ര്യവും സാഹോദര്യവും അണമുറിയാതെ പരന്നൊഴുകും. എന്നാല്‍ ലോകമെമ്പാടുമുള്ള മനുഷ്യരാശി പലവിധ ചൂഷണങ്ങള്‍ക്ക് വിധേയരായിട്ടുണ്ട്. ഇന്നും വിധേയരായിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. അധികാര സിംഹാസനത്തിനായുള്ള അത്യാര്‍ത്തി, മേല്‍ക്കോയ്മാ മോഹം, ഏകാധിപത്യ കുടില ചിന്ത തുടങ്ങിയവയില്‍ നിന്നാണ് ചൂഷണസംസ്‌കാരം ഉടലെടുക്കുന്നത്. സവര്‍ണര്‍ നിസ്സഹായരായ അവര്‍ണരെ ചൂഷണം ചെയ്യുന്നു. ധാര്‍ഷ്ട്യമുള്ള വെളുത്ത വര്‍ഗക്കാര്‍ കറുത്തവരെ അടിമകളാക്കുന്നു... ഒരു മതക്കാര്‍ തങ്ങളാണ് മുന്തിയവരെന്ന് മേനിനടിച്ച് മറ്റു മതക്കാരെ താഴ്ത്തിക്കെട്ടുന്നു... പുരുഷന്മാര്‍ അബലകളെന്നു വിവക്ഷിച്ച് മാറ്റി നിര്‍ത്തുന്ന സ്ത്രീകളെ പീഡിപ്പിക്കുന്നു. ഇത്തരം ചൂഷണ രീതികള്‍ പരിഷ്‌കൃത സമൂഹത്തിന്റെ തെളിമയ്ക്ക് എക്കാലവും കളങ്കം ചാര്‍ത്തിയിട്ടുണ്ട്. 

ഭൂമുഖത്ത് പിറവിയെടുത്തിട്ടുള്ള മഹാവ്യക്തിത്വങ്ങള്‍ സമൂഹത്തിലെ അടിച്ചമര്‍ത്തപ്പെട്ട, പാര്‍ശ്വവത്ക്കരിക്കപ്പെട്ട ഹതഭാഗ്യരുടെ സര്‍വതോന്മുഖമായ ഉന്നമനത്തിനു വേണ്ടി ജീവന്‍ വെടിഞ്ഞും പോരാടിയ സഹന ചരിത്രം നമ്മുടെയെല്ലാം മുന്നിലുണ്ട്. ധാര്‍മികമായും ആത്മീയമായും ഭൗതികമായും ഈ കര്‍മം ജീവിത നിയോഗം പോലെ സ്തുത്യര്‍ഹമാം വിധം നിര്‍വഹിച്ചവരുടെ കൂട്ടത്തില്‍ ലോകം വാഴ്ത്തിച്ചൊല്ലിയ സാഹിത്യകാരന്മാരുണ്ട്, സാഹിത്യകാരികളുണ്ട്. മണ്‍മറഞ്ഞവരും അല്ലാത്തവരുമായ അവര്‍ തങ്ങളുടെ കവിതകളിലൂടെയും കഥകളിലൂടെയും നോവലുകളിലൂടെയുമൊക്കെ ഇന്നും നമ്മെ മാനസികമായും ശാരീരികമായും ചിന്താപരമായും അഭംഗുരം ഉയര്‍ത്തുന്നു...ബലപ്പെടുത്തിക്കൊണ്ടിരിക്കുന്നു... 

എഴുത്തുകാരും സാഹിത്യപ്രവര്‍ത്തകരും സാമൂഹികപരിഷ്‌കരണത്തിന്റെ നിറമനസ്സുള്ള വക്താക്കളാണ്. മനുഷ്യകുലത്തിന്റെ ജീവിത പരിതോവസ്തകളില്‍ ഉത്ക്കണ്ഠപ്പെടുന്നവരും വേദനിക്കുന്നവരും മാത്രമല്ല, ആ ദുരവസ്ഥയെ സമൂഹത്തില്‍ നിന്ന് ഇല്ലായ്മ ചെയ്യാന്‍ കര്‍മം ചെയ്ത് വിജയിക്കുന്നവരാണ്, അല്ലെങ്കില്‍ ആ ലക്ഷ്യപ്രാപ്തിക്കു വേണ്ടി സന്ധിയില്ലാ സമരം ചെയ്യുന്നവരാണ് യഥാര്‍ത്ഥ സാമൂഹിക പരിഷ്‌കര്‍ത്താക്കള്‍. കാലാകാലങ്ങളില്‍ നിലവിലിരുന്ന ഭരണകൂട ഭീകരതയെയും സ്വേഛാധിപത്യത്തെയും വെല്ലുവിളിച്ച് എഴുതിയതിന്റെ പേരില്‍ അധികാരവര്‍ഗം തുറുങ്കിലടച്ച, തൂക്കിലേറ്റിയ, കല്ലെറിഞ്ഞു കൊന്ന എണ്ണമറ്റ എഴുത്തുകാരുടെ വീരചരിതം വായിച്ച് നാം നമ്മുടെ ദേശാഭിമാന ബോധത്തെ എത്രമേല്‍ പുഷ്ടിപ്പെടുത്തിയിട്ടുണ്ട്.

മഹാത്മാക്കളായ എത്രയോ എഴുത്തുകാര്‍ ഈ ഭൂമിയിലെത്തി തങ്ങളുടെ നിയോഗം പൂര്‍ത്തിയാക്കി കടന്നുപോയി. അവര്‍ തങ്ങള്‍ക്കു പിന്നില്‍ അവശേഷിപ്പിച്ചത് സാമൂഹിക പരിഷ്‌കരണത്തിന്റെ ധീരോദാത്തമായ വര്‍ണ മുദ്രകളാണ്. എഴുത്തുകാരും സാഹിത്യവും സമൂഹവും തമ്മില്‍ ഇഴപിരിയാത്ത ഉദാത്ത ബന്ധമാണുള്ളത്. രസാത്മകവും ചമത്കാരപൂര്‍ണവും ആസ്വാദ്യവുമായ ഭാഷാനിബന്ധിതമായതിനെയാണ് സാഹിത്യം എന്ന് പറയുന്നത്. സഹിതമായ അവസ്ഥയാണ് സാഹിത്യം. ഒത്തുചേര്‍ന്ന, കൂടെയുള്ള അവസ്ഥ. സാഹിത്യം സമൂഹത്തിന്റെ കൂടെയുള്ളതാണ്. സമൂഹത്തിന് വേണ്ടിയുള്ളതാണ്. വിഖ്യാത റഷ്യന്‍ എഴുത്തുകാരന്‍ മാക്‌സിം ഗോര്‍ക്കി പറഞ്ഞത് മൂന്നു തരം ആള്‍ക്കാര്‍ സംസ്‌കാരത്തെ നിര്‍മിക്കുന്നു എന്നാണ്. സുകുമാര കലകളില്‍ പ്രാവീണ്യമുള്ളവര്‍ (ആര്‍ട്ടിസ്റ്റ്), ശാസ്ത്രജ്ഞര്‍, തൊഴിലാളികള്‍ എന്നിവരാണ്. ഇതില്‍ ആര്‍ട്ടിസ്റ്റുകളുടെ വിഭാഗത്തില്‍ എഴുത്തുകാര്‍ ഉള്‍പ്പെടുന്നു. ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെടുന്ന ലോകത്തിന്റെ ജനപ്രതിനിധികളാണ് എഴുത്തുകാര്‍ എന്ന് ഇംഗ്ലീഷ് കവി പി. ബി ഷെല്ലിയും സാധൂകരിച്ചിട്ടുണ്ട്.

ഭാരതത്തിന്റെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിനെ പറ്റി ഒരുകാര്യം ഭംഗ്യന്തരേണ സൂചിപ്പിക്കട്ടെ. നെഹ്‌റു എന്ന് കേള്‍ക്കുമ്പോള്‍ ധീരനായ സ്വാതന്ത്യ സമരഭടന്‍, സൂക്ഷ്മദര്‍ശിയായ രാജ്യതന്ത്രജ്ഞന്‍, വിശാലവീക്ഷണമുള്ള ചരിത്രകാരന്‍ എന്നിങ്ങനെയുള്ള അദ്ദേഹത്തിന്റെ കഴിവിനെയും ഗുണങ്ങളെയും പറ്റിയാവും നാം ഓര്‍ക്കുക. രവീന്ദ്രനാഥ ടാഗോറിനെപ്പോലെ ലോകമറിയുന്ന ഒരു കവിയോ നന്ദലാല്‍ ബോസിനെ പോലെ വിശ്രുതനായ ഒരു ചിത്രകാരനോ, സൈഗാളിനെ പോലെ ഒരു അനുഗ്രഹീത ഗായകനോ ആയിരുന്നില്ല ജവഹര്‍ലാല്‍ നെഹ്‌റു. അദ്ദേഹം തികഞ്ഞ കലാകാരനായിരുന്നു, സാഹിത്യകാരനായിരുന്നു. 

പ്രമുഖ സാഹിത്യകാരനും മുന്‍ വിദ്യാഭ്യാസ മന്ത്രിയുമായ ഹുമയൂണ്‍ കബീര്‍ ഒരിക്കല്‍ തന്റെ ലേഖനത്തില്‍ കുറിച്ചിട്ട ശ്രദ്ധേയമായ വാക്കുകള്‍ ഇങ്ങനെ... 'ഒരു മഹാനായ രാഷ്ട്രീയ നേതാവിനെ നേടുന്ന പ്രക്രിയയില്‍ ഭാരതത്തിന് കുറേക്കൂടി മഹാനായ ഒരു സാഹിത്യകാരന്‍ നഷ്ടപ്പെട്ടു...' അര്‍ത്ഥസമ്പുഷ്ടമായ നിരീക്ഷണമാണിത്. നെഹ്‌റു രാഷ്ട്രീയ നേതൃത്വത്തിലേക്ക് വന്നില്ലായിരുന്നുവെങ്കില്‍ അദ്ദേഹം മികച്ച സാഹിത്യകാരനായിട്ടായിരുന്നിരിക്കും അറിയപ്പെടുമായിരുന്നുള്ളൂ. 'ഡിസ്‌കവറി ഓഫ് ഇന്ത്യ' എന്ന ബൃഹദ് ഗ്രന്ഥത്തില്‍ ജയിലില്‍ കിടന്നുകൊണ്ടുള്ള രാത്രിയിലെ ആകാശക്കാഴ്ചകളെ പറ്റി വര്‍ണിക്കുന്നത് നെഹ്‌റുവിന്റെ ഭാവനാശാലിത്വത്തിന്റെ ഒന്നാം തരം ദൃഷ്ടാന്തമാണ്. 

അതിന്റെ മലയാള പരിഭാഷ ഇങ്ങനെ... 'കറുത്തവാവു കഴിഞ്ഞ് കാണാറായ പ്രതിപദചന്ദ്രന്‍ ഇരുണ്ടു തുടങ്ങിയ ആകാശത്തിലെ മന്ദപ്രഭമായ കല, അന്ന് ഞങ്ങളുടെ ആഗമന വേളയില്‍ ഞങ്ങള്‍ക്ക് സ്വാഗതമരുളി. ജയിലില്‍ ഇന്നും എനിക്കൊരു സഹചാരിയായിരുന്ന ചന്ദ്രന്‍, ഈ ലോകത്തിന്റെ രാമണീയകത്തെ ജീവിതത്തിന്റെ വൃദ്ധിക്ഷയങ്ങളെ, ഇരുട്ടിന്റെ പിന്നാലെ വെളിച്ചം വരുന്നതിനെ, മരണവും പുനരുദ്ധാനവും ഒന്നിനു പിന്നാലെ മറ്റൊന്നായി അങ്ങനെ അവസാനമില്ലാതെ തുടര്‍ന്നു പോകുന്നതിനെ... ഇവയെയെല്ലാം ഓര്‍മിപ്പിക്കുന്ന ചന്ദ്രന്‍, അടുത്തറിയും തോറും ഏറെ പ്രിയങ്കരനായിത്തീര്‍ന്നിട്ടുണ്ട്. നിരന്തരം മാറിക്കൊണ്ടിരുന്നാലും ഒന്നിലും വേറിട്ടൊന്നാകാത്ത അതിനെ ഞാന്‍ അതിന്റെ വിവിധ കലകളിലും, നാനാഭാവങ്ങളിലും നോക്കി നിന്നിട്ടുണ്ട്. നിഴലുകള്‍ നീങ്ങിവരുന്ന സായംകാലങ്ങളില്‍ യാമിനിയുടെ അനക്കമില്ലാത്ത യാമങ്ങളില്‍ പ്രത്യുഷസിന്റെ മണവും മര്‍മരവും വന്നണയുന്ന പകലിനെക്കുറിച്ചുള്ള പ്രത്യാശ സ്ഫുരിക്കുന്ന വേളകളില്‍, ദിവസങ്ങളും മാസങ്ങളും എണ്ണിക്കണക്കാക്കാന്‍ ചന്ദ്രന്‍ എത്രമാത്രം ഉപകരിക്കുന്നു...'

ഒരു സാഹിത്യാകരനുള്ള സവിശേഷതയാണ് ആത്മാവിഷ്‌കാരത്തിനുള്ള അദമ്യമായ തിടുക്കം. അതിന്റെ ആധിക്യത്തില്‍ മൂടുപടമില്ലാതെ അതാവിഷ്‌കരിക്കുകയാണ് നെഹ്‌റു തന്റെ സര്‍ഗസൃഷ്ടികളിലൂടെ...

കവികള്‍ക്കും കഥയെഴുത്തുകാര്‍ക്കും നോവലിസ്റ്റുകള്‍ക്കും തന്നോടല്ലാതെ സമൂഹത്തോട് ഒരു ഉത്തരവാദിത്വവുമില്ല, സമൂഹത്തിലുണ്ടാവേണ്ട പരിഷ്‌കാരങ്ങളെപ്പറ്റി മാനിഫെസ്റ്റോ തയ്യാറാക്കലല്ല എഴുത്തുകാരുടെ ജോലി... എന്നൊക്കെ വാദിക്കുന്നവരുണ്ട്. എഴുത്തുകാര്‍ തങ്ങളുടെ കൃതികളിലെ സംഭവപരിസമാപ്തിയിലൂടെ, കഥാപാത്രങ്ങളുടെ വാക്കുകളിലൂടെ, പ്രവൃത്തികളിലൂടെ സമൂഹജിവിതത്തെപ്പറ്റയുള്ള തന്റെ സങ്കല്പങ്ങള്‍ക്ക് രൂപം കൊടുക്കുന്നതില്‍ എന്ത് അപാകതയാണുള്ളത് എന്ന് മനസിലാവുന്നില്ല. ആശയലോകത്തിലൂടെ ഒരിക്കലും സഞ്ചരിക്കാതെയും കലാസൃഷ്ടികളുണ്ടാകാം. സംവിധാന ഭംഗികൊണ്ട് മാത്രം ഒരു കൃതി കലാസൃഷ്ടിയാവാം. എന്നാല്‍ ആ കൃതി ഈടുറ്റ വികാരതരംഗങ്ങളുണര്‍ത്തുമ്പോള്‍ അല്‍പം കൂടി ഉയര്‍ന്ന, ഉദാത്ത, ഉല്‍കൃഷ്ട കലാസൃഷ്ടിയായി. അതേ കലാസൃഷ്ടി ഉത്തേജനം കൂടി നിര്‍വഹിക്കുമ്പോഴാകട്ടെ പരമോല്‍കൃഷ്ടമായിത്തീരുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. 

ആധുനിക കവിത്രയത്തിലെ മഹാകവി കുമാരനാശാന്‍ സാമൂഹിക ബന്ധങ്ങള്‍ പ്രോജ്വലിപ്പിക്കുന്ന എത്രയോ കവിതകള്‍ രചിച്ച പരിഷ്‌കര്‍ത്താവാണ്. ആദ്യമൊക്കെ വ്യക്തിജീവിതം എങ്ങനെയാവണമെന്നതിനെപ്പറ്റിയും പിന്നീട് സാമൂഹികജീവിതം എങ്ങനെയാവണമെന്നതിനെക്കുറിച്ചും കൃത്യമായ അഭിപ്രായങ്ങള്‍ കുമാരാനാശാന്‍ തന്റെ കൃതികളില്‍ പ്രകടിപ്പിച്ചിട്ടുണ്ട്. യുഗപ്രഭാവനാവായ കവിയാണ് കുമാരനാശാന്‍. അദ്ദേഹം ഒരു പുതിയ സാമൂഹിക ജീവിതത്തിന്റെ സങ്കല്‍പ്പങ്ങള്‍ വായനക്കാര്‍ക്ക് നല്‍കി.

ലീലയിലും ചിന്താവിഷ്ടയായ സീതയിലും സമൂഹത്തില്‍ സ്ത്രീയുടെ സ്ഥാനം എന്ത് എന്ന ചിന്തയുടെ നാമ്പുകള്‍ കാണാം. അസ്വസ്ഥയായ സ്ത്രീ തന്റെ ഇഷ്ടങ്ങള്‍ അടക്കിപ്പിടിക്കേണ്ടി വന്നതിന്റെ വിപത്താണല്ലോ ലീലയിലെ പ്രതിപാദ്യം. ആഗ്രഹസാഫല്യത്തിന് സ്ത്രീക്കും സ്വാതന്ത്ര്യം ലഭിക്കണമെന്ന സമത്വചിന്ത ഈ കൃതിയില്‍ വെളിച്ചം വീശുന്നു. പുരുഷന് ഇഷ്ടമുള്ളപ്പോള്‍ തള്ളാനും കൊള്ളാനുമുള്ള വെറും ഉപഭോഗവസ്തുവായി സ്ത്രീ മാറുരുത് എന്ന വിളമ്പരമാണ് ചിന്താവിഷ്ടയായ സീതയില്‍ പ്രതിധ്വനിക്കുന്നത്. എല്ലാ മനുഷ്യര്‍ക്കും അവസര സമത്വമുള്ള ഒരു സാമൂഹിക വ്യവസ്ഥ വേണമെന്ന ആശയം കുമാരനാശാന്‍ മിക്ക രചനകളിലും പ്രകടമാക്കുന്നുണ്ട്.

നെല്ലിന്‍ ചുവട്ടില്‍ മുളയ്ക്കും കാട്ടു-
പുല്ലല്ല സാധു പുലയന്‍
ശങ്ക വേണ്ടൊന്നായ് പുലര്‍ന്നാല്‍ അതും
പൊന്‍കതിര്‍ പൂക്കും ചെടിതാന്‍...'
എന്ന ചണ്ഡാല ഭിക്ഷുകിയിലെ വരികള്‍ ജാതിവിവേചനത്തിന്റെ പേരില്‍ അവസരസമത്വം നിഷേധിക്കപ്പെട്ട് എക്കാലവും അടിയാനായി മാത്രം ജീവിക്കാന്‍ വിധിക്കപ്പെട്ട പാവപ്പെട്ടവന്റെ ദുരവസ്ഥയുടെ കണ്ണീരിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്.

'സംഘടിച്ചു സമരം ചെയ്യൂ, അസമത്വങ്ങള്‍ക്കെതിരെ...' എന്ന കുമാരനാശാന്റെ വാക്കുകളിലൂടെയാണ് ഒരാഹ്വാനം മലയാള സാഹിത്യത്തില്‍ മുഴങ്ങിക്കേട്ടത്... മാറ്റൊലികൊണ്ടത്. എട്ടുപതിറ്റാണ്ടുകള്‍ക്ക് മുമ്പ് ചങ്കൂറ്റത്തോടെ അവസരസമത്വത്തിനു വേണ്ടി കവിതകളിലൂടെ വീരോചിതം വാദിച്ച കുമാരനാശാന്‍ ഇന്ന് ജീവിച്ചിരുന്നെങ്കില്‍ അദ്ദേഹം ഒരു സോഷ്യലിസ്റ്റ് സമുദായത്തിന്റെ ആചാര്യനാകുമായിരുന്നു എന്നതില്‍ സംശയമില്ല.

എഴുത്തുകാരുടെ സാമൂഹിക കാഴ്ചപ്പാട് ഒരു തുറന്ന സംവാദത്തിന് തിരികൊളുത്തട്ടെയെന്നാണ് ഈ ലേഖകന്റെ എളിയ ആഗ്രഹം. 'അതൊക്കെ പണ്ടായിരുന്നു... ഇന്നൊക്കെ എന്ത്...?' എന്ന് പല കാര്യങ്ങളിലും നാം വിലപിക്കാറുണ്ട്. അങ്ങനെയുള്ള വിലാപത്തിനു കാരണക്കാര്‍ നാം തന്നെയാണ്. മാറിയിരുന്നു കരയാതെ മാറ്റത്തിനു വേണ്ടി ഉണരാനാവും നമുക്ക്. അതിന് മാതൃഭാഷയെ നെഞ്ചോടു ചേര്‍ക്കുക.

അമ്പിളിപ്പെണ്ണിനെ മൊത്തുവാന്‍ മാനത്ത്
പൊന്‍പണം തൂകിയോരേ, നിങ്ങടെ 
കൊമ്പന്‍ തലപ്പാവ് തട്ടിയെറിയുന്ന
ചെമ്പന്‍ പുലരി കണ്ടോ...?' എന്ന് വയലാര്‍ രാമവര്‍മ പാടിയ പോലെ ഒരു പുത്തന്‍ പുലരി ആഗ്രഹിക്കാത്തവരുണ്ടോ...?

(അഞ്ച് മാസങ്ങള്‍ക്ക് മുമ്പ് 'ആഴ്ചവട്ടം' പത്രത്തില്‍ ഖണ്ഡശ പ്രസിദ്ധീകരിച്ച ലേഖന പരമ്പരയാണിത്. പുതിയ വായനക്കാര്‍ക്കും പുനര്‍ വായനയ്ക്കും വേണ്ടി പോസ്റ്റ് ചെയ്യുന്നു. ആവര്‍ത്തന വിരസതയുണ്ടാവില്ലല്ലോ. ഇവിടുത്തെ സാഹിത്യ സമ്മേളനങ്ങളുടെ മേശപ്പുറത്തിരിക്കട്ടെ, ഈ എളിയ കുറിപ്പുകള്‍...)
(തുടരും)

വിമോചനത്തിന്റെ സര്‍ഗ വസന്തര്‍ത്തു (ജോയ്‌സ് തോന്ന്യാമല)
Join WhatsApp News
Think Straight 2017-04-10 08:02:29
ആദ്യമേ ചെയ്തു കൂടായിരുന്നോ? മലയാളം സൊസൈറ്റി ലേഖനത്തിന്റെ അടിയിൽ ആകെ ബഹളം ഉണ്ടാക്കി പിന്നെ സാഹിത്യത്തെ കുറിച്ച് ലേഖനം എഴുതുന്നതിൽ എന്ത് കാര്യം. ഇത് ആദ്യ ദിവസം ക്ലാസിൽ വരുന്ന അദ്ധ്യാപകൻ വിദ്യാർത്ഥികളെ പൊതിരെ തല്ലിയിട്ട് പിന്നെ പഠിപ്പിക്കുന്നത് പോലെയുണ്ട്.  സാഹിത്യലോകത്തിലെ ഓരോ തിരിമറികളെ!

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക