Image

ക്യൂവിന്റെ പരിണാമ സിദ്ധാന്തം: പകല്‍ക്കിനാവ്-47 (ജോര്‍ജ് തുമ്പയില്‍)

ജോര്‍ജ് തുമ്പയില്‍ Published on 09 April, 2017
ക്യൂവിന്റെ പരിണാമ സിദ്ധാന്തം: പകല്‍ക്കിനാവ്-47 (ജോര്‍ജ് തുമ്പയില്‍)
ക്യൂവിന്റെ പരിണാമസിദ്ധാന്തത്തെക്കുറിച്ച് ഇതിനു മുന്‍പ് ആരും ഒരുപക്ഷേ ചര്‍ച്ച ചെയ്തിട്ടുണ്ടാവില്ല. ആ നിലയ്ക്ക് നോക്കിയാല്‍ ഇതൊരു ഭയങ്കര എക്‌സ്‌ക്ലൂസീവാണ്. കാര്യമിതാണ്-കേരളത്തിലെ ക്യൂ. ഈ ക്യൂവിലാണ് പരിണാമം സംഭവിച്ചിരിക്കുന്നത്. അത് ഇന്ന് ഒന്നൊന്നര സംഭവമായിരിക്കുന്നു എന്നു പറയാതെ വയ്യ. പണ്ട്, ഒരു ക്യൂ നില്‍ക്കുന്ന സംഭവം കേട്ടപ്പോള്‍ ഇന്ത്യന്‍ ജനതയോട്, പ്രത്യേകിച്ച് കേരളജനതയോട് ഏറെ സഹതാപം തോന്നിയിരുന്നു. ഇന്ന് ആ സഹതാപം ഇല്ലാതായി എന്നു മാത്രമല്ല പരമപുച്ഛവും തോന്നി തുടങ്ങിയിരിക്കുന്നു. പണ്ട്, 2016 നവംബര്‍ പത്തു മുതലായിരുന്നു ക്യൂ നിന്നത്. അന്ന് എടിഎമ്മിന്റെ മുന്നിലും ബാങ്കുകള്‍ക്ക് മുന്നിലുമാണ് കുപ്പിവെള്ളവും പിടിച്ച് കേരളജനത ക്യൂ നില്‍ക്കുന്ന കാഴ്ച കണ്ട് മനമലിഞ്ഞത്. അതൊക്കെ ഒരു കാലം, ഇന്ന് ബിവറേജസ് ഔട്ട്‌ലെറ്റില്‍ വിദേശമദ്യം വാങ്ങാനാണ് ജനം ക്യൂ നില്‍ക്കുന്നത്, തല കറങ്ങി വീഴുന്നത്. ഇത് കേരളം തന്നെയാണോ, അതോ പണ്ട് സ്വാമി വിവേകാനന്ദന്‍ പറഞ്ഞ മാതിരിയാണോ എന്നു ആരെങ്കിലും സംശയിച്ചാല്‍ തെറ്റ് പറയാനാവില്ല. ഗോഡ്‌സ് ഓണ്‍ കണ്‍ട്രി ഇന്ന് 'ഹോട്ട്‌സ് ഓണ്‍ കണ്‍ട്രി'യായി മാറിയിരിക്കുന്നു. കേരളത്തിലെ കൊടും ചൂടു നിറഞ്ഞ ഹോട്ട് സ്‌പോട്ടുകളില്‍ 'ഹോട്ട്' അടിക്കാന്‍ വേണ്ടി ഹോട്ടായിരിക്കുന്നവര്‍ എരിപൊരി പകലത്ത് കൈയില്‍ കുപ്പി വെള്ളവും പിടിച്ച് കിലോമീറ്ററോളം ദൂരത്തില്‍ അച്ചടക്കത്തോടെ നില്‍ക്കുന്ന വിരോധാഭാസമായ കാഴ്ചയാണ് ഇപ്പോള്‍ ടിവി തുറന്നാല്‍ കാണാന്‍ കഴിയുന്നത്.

ഇത് യാഥാര്‍ത്ഥ്യമാണ്. ആര്‍ക്കും കണ്ടില്ലെന്നു നടിക്കാനാവില്ല. മദ്യവിമോചനവും മദ്യവര്‍ജ്ജനവും ലക്ഷ്യമിട്ടാണ് കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ സുപ്രീംകോടതി നിയന്ത്രിത നിരോധനം കൊണ്ടു വന്നത്. എന്നാല്‍ അത് എങ്ങനെ മറികടക്കാമെന്നാണ് അധികാരികള്‍ രാത്രി പകലാക്കിയിരുന്ന് ആലോചിക്കുന്നത്. അതിനു കാരണം ഖജനാവില്‍ ഉണ്ടാവുന്ന വന്‍ വരുമാന നഷ്ടമാണത്രേ. ആ നഷ്ടം നികത്താനുള്ള ഓട്ടമത്സരം കാണുമ്പോള്‍ ഈ ജനങ്ങള്‍ക്കു പിടിച്ച ഭ്രാന്ത് അധികാരികള്‍ക്കും പകര്‍ന്നു കിട്ടിയോ എന്നു പോലും തോന്നിപ്പോകുന്നു. അങ്ങനെയായിരുന്നുവെങ്കില്‍ പിന്നെ എന്തിന് ഇപ്പോള്‍ കാണിക്കുന്ന ഈ പൊറാട്ട് പ്രഹസനമെന്നു കൂടി സര്‍ക്കാര്‍ വ്യക്തമാക്കേണ്ടിയിരിക്കുന്നു. ജനങ്ങളെ നിര്‍ബന്ധിപ്പിച്ച് കുടിപ്പിക്കാനും അവര്‍ക്ക് വേണ്ട സൗകര്യങ്ങളൊരുക്കാനും ഒരു പോലീസ് സ്‌റ്റേഷനിലെ എസ്‌ഐ ഉള്‍പ്പെടെയുള്ള മുഴുവന്‍ പോലീസുകാരും ഇപ്പോള്‍ ക്യൂ നില്‍ക്കുന്നവര്‍ക്ക് കാവല്‍ നില്‍ക്കുന്നു.

ദേശീയ-സംസ്ഥാന പാതകളില്‍ നിന്നും ദൂരപരിധി പാലിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടതോടെ അതതു പാതകളുടെ പദവി എടുത്തു കളയാനാണത്രേ സര്‍ക്കാര്‍ ഇപ്പോള്‍ ആലോചിക്കുന്നതെന്നു വാര്‍ത്തകളില്‍ കാണുന്നു. അപ്പോള്‍ പിന്നെ ഗട്ടറില്‍ വീണു നടുവൊടിയുന്നേ എന്ന പരാതിയും നാഥനില്ലാ റോഡുകളും എന്ന പേരില്‍ കേരളത്തിലെ പത്രങ്ങള്‍ക്ക് നല്ല കിടിലന്‍ പരമ്പരയ്ക്ക് സ്‌കോപ്പുണ്ട്. പറയാതെ വയ്യ സുഹൃത്തുക്കളെ, ദാ കേള്‍ക്കുന്നു പുതിയ വാര്‍ത്ത- ഔട്ട്‌ലെറ്റുകളിലെ തിരക്ക് നിയന്ത്രണവിധേയമാക്കാന്‍ വിദേശ മദ്യം കള്ളു ഷാപ്പുകളിലൂടെ വില്‍ക്കാന്‍ ശ്രമിക്കുമെന്ന് എക്‌സൈസ് മന്ത്രി ജി.സുധാകരന്‍ തന്നെ പറയുന്നു. എങ്ങനെയുണ്ട്? പാവം, മന്ത്രി റേഷന്‍ കടകളും മാവേലി സ്റ്റോറുകള്‍ വഴിയും കൊടുക്കുമെന്നു പറഞ്ഞില്ലല്ലോ. ഭാഗ്യം. ഇതൊന്നും പോരാഞ്ഞിട്ട് മദ്യശാലകള്‍ പൂട്ടുന്നതിന് അധികസമയം വേണമെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയോട് ആവശ്യപ്പെടുമെന്നും മന്ത്രി പറയുന്നു. അത്രയ്ക്ക് നിയന്ത്രാതീതമാണ് സര്‍ ഇവിടുത്തെ കാര്യങ്ങള്‍  ലഹളയുണ്ടായാല്‍ പിന്നെ പറഞ്ഞില്ലെന്നു പറയരുത്. അത്രയ്ക്ക് നിലവിട്ട നിലയില്‍ ജനങ്ങള്‍ ക്യൂ നിന്നു വലയുന്നു, ബഹു. സര്‍!

മദ്യശാലകള്‍ പൂട്ടണമെന്ന പ്രശ്‌നമുണ്ടാക്കിയത് ആരാണോ അവര്‍ തന്നെ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും സുധാകരന്‍ മന്ത്രി പറയുമ്പോള്‍ ഇപ്പോള്‍ നാട്ടില്‍ കലാപമുണ്ടാകുമെന്ന സ്ഥിതിയാണ് ഉള്ളതെന്നു മാധ്യമങ്ങള്‍ പറയുന്നു. ഔട്ട്‌ലെറ്റുകളുടെ പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിച്ചുള്ള സര്‍ക്കാര്‍ ഉത്തരവും ഇറക്കി കഴിഞ്ഞു. പ്രകൃതി ദുരന്തമുണ്ടാകുമ്പോള്‍ ദുരിതനിവാരണത്തിനു വേണ്ടി സര്‍ക്കാര്‍ ദ്രുതകര്‍മ്മ പ്രവര്‍ത്തനം നടത്തുന്നതു പോലെയാണ് ഇപ്പോള്‍ കാര്യങ്ങള്‍. ഓക്‌സിജന്‍ ഇല്ലെങ്കില്‍ മരിച്ചു പോവും എന്നല്ലേ ഉള്ളു, മദ്യമില്ലെങ്കില്‍ മദം പൊട്ടുമെന്നതാണ് കേരളത്തിലെ അവസ്ഥ. മധ്യതിരുവിതാംകൂര്‍ കേന്ദ്രീകരിച്ച് മദ്യപന്മാര്‍ 'മദ്യസേവാ സമിതി' എന്ന പേരില്‍ കൂട്ടായ്മ ഉണ്ടാക്കിയ വാര്‍ത്തയും ഇതിനോടനുബന്ധിച്ച് വായിക്കണം. അതിനു വേണ്ടി അവര്‍ ഏതു സമയത്തും എപ്പോള്‍ വേണമെങ്കിലും ക്യൂ നില്‍ക്കാന്‍ തയ്യാറാണ് താനും. രാവിലെ അഞ്ചു മണി മുതല്‍ ക്യൂ ആരംഭിക്കും. വെയിലാവുന്നതോടെ ക്യൂ കിലോമീറ്ററുകള്‍ നീളും. അപ്പോഴേയ്ക്കും അന്യ നാട്ടുകാരുമെത്തി തുടങ്ങും. ഈ വിഷമസ്ഥിതി കണ്ട്, പാവം സര്‍ക്കാരിന് നെഞ്ചു പൊട്ടിയില്ലെങ്കിലല്ലേ അതിശയമുള്ളു. ഇതൊക്കെ കാണുമ്പോള്‍ കേരളത്തിനാണോ ഭ്രാന്ത്, അതോ ക്യൂ നില്‍ക്കുന്ന സാംസ്‌ക്കാരിക പ്രഭുക്കന്മാരെ സൃഷ്ടിച്ച ബഹുമാനപ്പെട്ട കോടതിക്കാണോ ഭ്രാന്ത് എന്നുള്ള സംശയം മാത്രമേ ഇനി മാറാനുള്ളു. ഇതു അടുത്ത ദിവസങ്ങള്‍ക്കുള്ളില്‍ തീരുമാനമുണ്ടായേക്കും. കാരണം എല്ലാം ശരിയാക്കാമെന്നുറപ്പിച്ച് കസേരയില്‍ കയറിയ എല്‍ഡിഎഫ് പ്രശ്‌നം ഏറ്റെടുത്തു കഴിഞ്ഞു.
 
എന്തായാലും ക്യൂ നീളുകയാണ്, കിലോമീറ്ററുകളും കടന്ന്... ഈ ക്യൂവിന്റെ ഒരറ്റത്തു നിങ്ങളുടെ സുഹൃത്തുക്കളിലാരെങ്കിലും ഉണ്ടാവും. പണ്ട്, തലയില്‍ മുണ്ടിട്ട് മദ്യം വാങ്ങാന്‍ കാത്തു നിന്നവര്‍ പോലീസ് പ്രൊട്ടക്ഷനോടെ നെഞ്ച് വിരിച്ച് നല്ല അന്തസ്സോടെ ക്യൂ നില്‍ക്കുന്നു. ഇതാണ് നേരത്തെ പറഞ്ഞ ക്യൂവിന്റെ പരിണാമ സിദ്ധാന്തം... ഇപ്പോള്‍ മനസ്സിലായില്ലേ, ഡാര്‍വിന്‍ പോലും മറന്നു പോയ സിദ്ധാന്തത്തിന് കേരളത്തില്‍ പരിണാമമുണ്ടായത്. (കേരളത്തില്‍ നിന്നും നേരിട്ടു കണ്ട അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ രോഷാകുലനായി എഴുതി പോയത്. )

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക