Image

തെക്കുതെക്കൊരു ദേശത്ത്, അലമാലകളുടെ തീരത്ത്.... (ദല്‍ഹി കത്ത് : പി.വി.തോമസ്)

പി.വി.തോമസ് Published on 10 April, 2017
തെക്കുതെക്കൊരു ദേശത്ത്, അലമാലകളുടെ തീരത്ത്.... (ദല്‍ഹി കത്ത് : പി.വി.തോമസ്)
അറുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്‍ഡ്യയില്‍, കേരളത്തില്‍, നടന്ന ഒരു ചരിത്രസംഭവം ആണ് അത്. അതിന്റെ വജ്രജൂബിലി കേരളം ആഘോഷിക്കുകയാണ്. ദല്‍ഹിക്കും അത് മറക്കാനാവാത്ത ഒരു രാഷ്ട്രീയ ചരിത്രസംഭവം ആണ്.

1957 ഏപ്രില്‍ അഞ്ചാം തീയതി ലോക ചരിത്രത്തില്‍ ആദ്യമായി ഒരു കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റ് ബാലറ്റ് പേപ്പറിലൂടെ അധികാരത്തില്‍ വന്നു. അതിനു മുമ്പ് റഷ്യയിലും ചൈനയിലും യൂറോപ്യന്‍ രാജ്യങ്ങളിലും രക്തരൂക്ഷിതമായ വിപ്ലവത്തിലൂടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വന്നിട്ടുണ്ട്. പക്ഷേ, ചരിത്രത്തില്‍ ആദ്യമായി ജനാധിപത്യപ്രക്രിയയിലൂടെ ഒരു കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റ് അധികാരത്തില്‍ വന്നത് കേരളത്തില്‍ ആയിരുന്നു, സഖാവ് ഈ.എം.എസിന്റെ-ഇളംകുളത്ത് മനയ്ക്കല്‍ ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ- നേതൃത്വത്തില്‍. അത് ഇന്‍ഡ്യയിലെ, ലോകത്തിലെ തന്നെ, ജനാധിപത്യ ചരിത്രത്തിലെ ഒരു ഉജ്ജ്വല ഏട് ആയിരുന്നു. എന്നാല്‍ വെറും, 28 മാസങ്ങള്‍ക്കുള്ളില്‍ ദല്‍ഹിയിലെ കോണ്‍ഗ്രസ് ഗവണ്‍മെന്റ് വിമോചനസമരം എന്ന അട്ടിമറിയിലൂടെ ആ ഗവണ്‍മെന്റിനെ പുറത്താക്കി. ഇന്‍ഡ്യയുടെ ചരിത്രത്തില്‍ ആദ്യമായി ഭരണഘടനയിലെ ആ ചാപക്ഷരം- ആര്‍ട്ടിക്കള്‍ 356- ദുരുപയോഗപ്പെടുത്തിക്കൊണ്ട്. ആദ്യകമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റിന്റെ ജനനവും ഭരണവും അന്ത്യവും ഈ അറുപതാം വാര്‍ഷികത്തില്‍ ശ്രദ്ധ അര്‍ഹിക്കുന്നു.
1950 കളില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇന്‍ഡ്യയിലെ ഒരു പ്രധാനപ്പെട്ട രാഷ്ട്രീയ പാര്‍ട്ടി ആയിരുന്നു.(ഇത് ഭൂതകാലത്തില്‍ പറയേണ്ടി വന്നതില്‍ ഖേദിക്കുന്നു. ലോകസഭയിലെ പ്രധാനപ്രതിപക്ഷകക്ഷി ആയിരുന്നു സഖാവ് എ.കെ.ഗോപാലന്റെ നേതൃത്വത്തില്‍. പ്രധാനമന്ത്രിയാകട്ടെ ജവഹര്‍ലാല്‍ നെഹ്‌റുവും. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇന്‍ഡ്യന്‍ സ്വാതന്ത്ര്യത്തെയും പാര്‍ലിമെന്ററി ജനാധിപത്യത്തെയും ഒന്നും മുഖവിലയ്ക്ക് അംഗീകരിച്ചിരുന്നില്ലെങ്കിലും സ്വാതന്ത്ര്യസമരത്തില്‍ ശക്തമായ ഒരു സാന്നിദ്ധ്യം ആയിരുന്നു. അത് ആന്ധ്രപ്രദേശ്, ബംഗാള്‍, കേരളം, പഞ്ചാബ്, ഉത്തര്‍പ്രദേശ്, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ നിര്‍ണ്ണായകമായ സ്വാധീനമുള്ള ഒരു ശക്തിയും ആയിരുന്നു. അതിന്റെ ഇന്നത്തെ പതനവും ആയി രാഷ്ട്രീയ ഗവേഷക വിദ്യാര്‍ത്ഥികള്‍ ഇതിനെ തുലനം ചെയ്യേണ്ടതാണ്.

ഏതായാലും 1957- ലെ ഐക്യകേരളത്തിലെ ആദ്യത്തെ നിയമസഭ തെരഞ്ഞെടുപ്പിനു ശേഷം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വന്നു. വ്യക്തമായ കേവല ഭൂരിപക്ഷം ഒന്നും ഉണ്ടായിരുന്നില്ല. പക്ഷേ, സ്വതന്ത്രരുടെ പിന്തുണ ഉറപ്പ് വരുത്തുവാന്‍ പാര്‍ട്ടിക്ക് സാധിച്ചു. അങ്ങനെയാണ് വി.ആര്‍.കൃഷ്ണ അയ്യരും ജോസഫ് മുണ്ടശേരിയും മറ്റും ഇന്ഡ്യയിലെ ആദ്യത്തെ ആ കൂട്ടുകക്ഷി ഗവണ്‍മെന്റില്‍ എത്തുന്നത്. അങ്ങനെ ആ കൂട്ടുകക്ഷി  മന്ത്രിസഭയുടെ പരീക്ഷണ ശാല എന്ന പേരും സമ്പാദിച്ചു. പ്രഗത്ഭരായ എം.എന്‍. ഗോവിന്ദന്‍ നായരും(സി.പി.ഐ. സംസ്ഥാന സെക്രട്ടറി) റ്റി.വി.തോമസും (തൊഴിലാളി നേതാവ്, തിരുക്കൊച്ചി പ്രതിപക്ഷ നേതാവ്-1952-57) പാര്‍ട്ടിയില്‍ ഉണ്ടായിരുന്നെങ്കിലും നീലേശ്വരം എം.എല്‍.എ. ആയ ഇ.എം.എസ്. എങ്ങനെ മുഖ്യമന്ത്രി ആയി എന്ന ചോദ്യം ചില കേന്ദ്രങ്ങളില്‍ ഉയര്‍ന്നെങ്കിലും ഇ.എം.എസ്. അദ്ദേഹത്തിന്റെ സമര്‍ത്ഥമായ ഭരണ നൈപുണ്യത്തിലൂടെ വിമര്‍ശകരെ നിശബ്ദരാക്കി. റ്റി.വി. തോമസ്(ഗതാഗതം, തൊഴില്‍) അദ്ദേഹത്തിന്റെ മന്ത്രിസഭയില്‍ അംഗവും ആയി. എം.എന്‍. പാര്‍ട്ടി സെക്രട്ടറിയായി ഭരണകക്ഷിയുടെ ചുക്കാന്‍ ് പിടിച്ചു. 11-അംഗ ഈ.എം.എസ്. മന്ത്രിസഭയില്‍ പ്രഗത്ഭന്‍ മാരുടെ ഒരു നിര തന്നെ ഉണ്ടായിരുന്നു. ചേലാട്ട് അച്യുതമേനോന്‍(ധനകാര്യം), കെ.സി.ജോര്‍ജ്(ഭക്ഷ്യം, വനം), കെ.പി.ഗോപാലന്‍(വ്യവസായം), ടി.എ.മജീദ്(പൊതുമരാമത്ത്), പി.കെ.ചാത്തന്‍(പൊതുമരാമത്ത്), ജോസഫ് മുണ്ടശേരി(വിദ്യാഭ്യാസം, സഹകരണം), കെ.ആര്‍.ഗൗരി(റവന്യൂ), വി.ആര്‍.കൃഷ്ണ അയ്യര്‍(നിയമം), ഡോ. എ.ആര്‍.മേനോന്‍(ആരോഗ്യം) തുടങ്ങിയവര്‍ അവരവരുടെ മേഖലകളില്‍ കഴിവ് തെളിയിച്ചവര്‍ ആയിരുന്നു. ഒരു പക്ഷേ കേരളത്തിന് ഇതിനുശേഷം ഇത്രമാത്രം പ്രതിഭാശാലികളായ മന്ത്രിമാരെ ലഭിച്ചിട്ട് ഉണ്ടോയെന്നും സംശയം ആണ്. പട്ടംതാണു പിള്ള, പി.ടി.ചാക്കോ, സി.എച്ച്. മുഹമ്മദ്‌കോയ എന്നീ പ്രതിപക്ഷ രാഷ്ട്രീയ സിംഹങ്ങളെ മെരുക്കുവാനും ഒരു പരിധിവരെ ഇവര്‍ക്ക് സാധിച്ചു. പക്ഷേ, അമേരിക്കന്‍ ചാരസംഘടനയായ സി.ഐ.എ.യും പള്ളിയും നായര്‍ സര്‍വ്വീസ് സൊസൈറ്റിയും കോണ്‍ഗ്രസ് പ്രസിഡന്റ് ഇന്ദിര ഗാന്ധിയും സര്‍വ്വോപരി ആര്‍ട്ടിക്കിള്‍ 336 എന്ന അട്ടിമറിവകുപ്പും ഇവരുടെയൊക്കെ നിയന്ത്രണത്തിനും അപ്പുറം ആയിരുന്നു.

ഒരു കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റിന്റെ എല്ലാ മുദ്രയും പതിച്ചുകൊണ്ടായിരുന്നു നമ്പൂതിരിപ്പാടിന്റെ ഭരണം. ഭൂപരിഷ്‌ക്കരണം, വിദ്യാഭ്യാസം, സാമൂഹ്യനീതി, ആരോഗ്യം ഇവയെല്ലാം പുതിയ ഗവണ്‍മെന്റിന്റെ മുന്‍ഗണനയില്‍ വന്നു. അങ്ങനെ പ്രസിദ്ധമായ കേരളമാതൃകയും അടിത്തറയിട്ടു. വിദ്യാഭ്യാസരംഗത്തെ ചൂഷണം അവസാനിപ്പിക്കുവാന്‍ തുനിഞ്ഞിറങ്ങിയ വിദ്യാഭ്യാസ ബില്‍ പള്ളിയുടെ ശക്തമായ എതിര്‍പ്പിനെ നേരിട്ടു. അതുപോലെ ഭൂപരിഷ്‌ക്കരണ നിയമം ഫ്യൂഡല്‍ ജന്മികളുടെയും. അവസാനം ജന്മി-മുതലാളിത്ത-പൗരോഹിത്യ മാഫിയ അരയും തലയും മുറുക്കി വിമോചന സമരം എന്ന പേരില്‍ സി.ഐ.എ.യുടെയും കേന്ദ്രത്തിലെ കോണ്‍ഗ്രസ് ഗവണ്‍മെന്റിന്റെയും സഹായത്തോടെ രംഗത്തിറങ്ങി.

വിമോചനസമരം കത്തിപടര്‍ന്നു 1959 ആയപ്പോഴേക്കും. കേരളം ആകെ സമരമുഖരിതമായി. എങ്ങും സമരവും ഘോഷയാത്രയും വെടിവയ്പ്പും. മുദ്രാവാക്യങ്ങള്‍ മുഴങ്ങി. 'തെക്ക് തെക്കൊരു ദേശത്ത് അലമാലകളുടെ തീരത്ത് ഫ്‌ളോറി എന്നൊരു ഗര്‍ഭിണിയെ ഭര്‍ത്താവില്ലാ നേരത്ത് വെടിവെച്ച് കൊന്നൊരു സര്‍ക്കാരെ...' എന്നത് ഇതില്‍ ഒന്നായിരുന്നു. ഇത് വിമോചന സമരത്തിന് കരുത്ത് നല്‍കി. 'അങ്കമാലികല്ലറയില്‍ ഞങ്ങളുടെ സോദരന്‍ ആണെങ്കില്‍, ആ, കല്ലറയാണേ കട്ടായം പകരം ഞങ്ങള്‍ ചോദിക്കും. ഇതെല്ലാം വിമോചന സമരക്കാര്‍ ഏറ്റുപാടി. മുണ്ടശ്ശേരിയും അദ്ദേഹത്തിന്റെ വിദ്യാഭ്യാസ ബില്ലും വിമോചനസമരത്തിന്റെ മുഖ്യ ശത്രുക്കള്‍ ആയിരുന്നു. 'മണ്ടാ, മുണ്ടാ, മുണ്ടശ്ശേരി' എന്ന മുദ്രാവാക്യവും പ്രസിദ്ധം ആയിരുന്നു. അവസാനം 1959 ജൂലൈ 31 ന് ദല്‍ഹി കേരള ഗവണ്‍മെന്റിനെ പിരിച്ച് വിട്ടപ്പോള്‍ കേരളത്തിലെ പള്ളികളില്‍ നിന്നും ഒറ്റയും പെട്ടയുമായി മരണമണി മുഴങ്ങിയത് ഞാന്‍ ഓര്‍ക്കുന്നു.

ഈ ജനാധിപത്യ കുരുതിക്ക് കളമൊരുക്കിയത് കോണ്‍ഗ്രസ് അദ്ധ്യക്ഷ ഇന്ദിരഗാന്ധി ആയിരുന്നു. ഇന്ദിര 1959-ലെ വസന്തത്തില്‍ കേരളം പ്രത്യേകം ആയി സന്ദര്‍ശിച്ചു. നമ്പൂതിരിപ്പാട് ഗവണ്‍മെന്റിന്റെ നിലനില്‍പിന്റെ കാര്യത്തില്‍ ഇത് നിര്‍ണ്ണായകവും ആയിരുന്നു.
വെല്‍സ് ഹെങ്ങെല്‍ എന്ന ഒരു വിദേശമാധ്യമ പ്രവര്‍ത്തകന്‍ ഈ സംഭവ വികാസങ്ങള്‍ സൂക്ഷമമായി പഠിച്ച് അദ്ദേഹത്തിന്റെ നെഹ്‌റുവിനു ശേഷം ആര് എന്ന പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഹെങ്ങല്‍ ദല്‍ഹി കേന്ദ്രമായി മാധ്യമപ്രവര്‍ത്തനം നടത്തിയിരുന്ന വ്യക്തി ആണ്. ഇന്ദിരഗാന്ധിയുടെ കേരള സന്ദര്‍ശനത്തില്‍ വിമോചനസമരത്തില്‍ ആടി ഉലയുന്ന നമ്പൂതിരിപ്പാട് ഗവണ്‍മെന്റിന്റെ ശവപ്പെട്ടിയില്‍ അവസാനത്തെ ആണിയും തറഞ്ഞു. കമ്മ്യൂണിസ്റ്റുകാര്‍ ചെയ്യുന്നത് എല്ലാം തെറ്റാണ്. ഇന്ദിര മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അവര്‍ പാഠപുസ്തകങ്ങളില്‍ ലെനിനെയും മാവോയെയും മഹത് വല്‍ക്കരിക്കുകയാണ്. മഹാത്മാഗാന്ധിയെ അവഗണിക്കുകയാണ്. ഇന്ദിര പറഞ്ഞു. ഇതു തന്നെയാണ് ഇന്ന് ബി.ജെ.പി. സംസ്ഥാന ഗവണ്‍മെന്റുകളുടെ കാര്യത്തില്‍ മഹാത്മജിയെ സംബന്ധിച്ച് ആരോപിക്കുന്നത്. കേരളത്തില്‍ നിന്നും തിരിച്ചെത്തിയ ഇന്ദിര പ്രധാനമന്ത്രിയും അച്ഛനും ആയ നെഹ്‌റുവിന് നമ്പൂതിരിപ്പാട് ഗവണ്‍മെന്റിനെതിരെ ഒരു കുറ്റപത്രം സമര്‍പ്പിച്ചു. സംസ്ഥാന ഗവണ്‍മെന്റിനെ പിരിച്ചുവിടണം. കേരളത്തില്‍ ഭരണഘടന തകര്‍ച്ചയിലാണ്. ക്രമസമാധാനനില തകര്‍ന്നിരിക്കുന്നു. നെഹ്‌റു ഒന്നു പതറി. അപ്പോള്‍ ഇന്ദിര കോണ്‍ഗ്രസ്, അദ്ധ്യക്ഷ എന്ന നിലയില്‍ രാഷ്ട്രപതി രാജേന്ദ്രപ്രസാദിനെ നേരിട്ടു കൊണ്ട് കാര്യം ബോധിപ്പിച്ചു. അങ്ങനെ അവസാനം കേരളത്തില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തി കമ്മ്യൂണിസ്റ്റു ഗവണ്‍മെന്റിനെ പിരിച്ചുവിടുവാന്‍ നെഹ്‌റു ഗവണ്‍മെന്റ് തീരുമാനിച്ചു. ഭരണഘടനയുടെ 356-ാം വകുപ്പിന്റെ ഏറ്റവും നഗ്നമായ ദുരുപയോഗം ആയിരുന്നു അത്. അത് ഇന്നും കക്ഷി-രാഷ്ട്രീയ ഭേദമെന്യെ നിര്‍ബാധം തുടരുന്നു.
കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റിനെ പിരിച്ചുവിടുക മാത്രമല്ല ഇന്ദിര ചെയ്തത്. മുസ്ലീംലീഗുമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് എതിരായി ഒരു രാഷ്ട്രീയ മുന്നണി ഉണ്ടാക്കുവാനും ഇന്ദിരമുന്‍കൈ എടുത്തു. മുസ്ലീം ലീഗ് ഒരു വര്‍ഗ്ഗീയ പാര്‍ട്ടി ആണെന്ന് പറഞ്ഞവരോട് ഇന്ദിര പറഞ്ഞു കേരളത്തില്‍ വര്‍ഗ്ഗീയമല്ലാത്തതായി ഒന്നും ഇല്ലെന്ന്!

ലോകത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ ജനാധിപത്യപരമായ രൂപീകരണവും അതിന്റെ സ്ഥായിയായ സംഭാവനകളും തുടര്‍ന്ന് അതിന്റെ ഡിസ്മിസലും ചരിത്രവിദ്യാര്‍ത്ഥികള്‍ക്ക് ഇന്നും, ഈ 60-ാം വര്‍ഷത്തിലും ഒരു പഠനവിഷയം ആണ്. അത്ര വലിയ ജനകീയ സമിതിയോടെ ഒന്നും അല്ല കമ്മ്യൂണിസ്റ്റു ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതും. അത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിജയത്തെക്കാള്‍ കോണ്‍ഗ്രസിന്റെ പരാജയം ആയിട്ടാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. 126 സീറ്റുകള്‍ ഉള്ള അസംബ്ലിയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ലഭിച്ചത് 60 സീറ്റുകള്‍ ആയിരുന്നു. കേവല ഭൂരിപക്ഷം എന്ന മാജിക്ക് മാര്‍ക്ക് കടക്കുവാന്‍ 64 അംഗങ്ങള്‍ വേണം. എം.എന്‍.എന്ന മാന്ത്രികന്‍ അഞ്ച് സ്വതന്ത്രരരെ സ്വന്തമാക്കി. അങ്ങനെ 35 ശതമാനം മാത്രം വോട്ടം വീതം ഉണ്ടായിരുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി 37 ശതമാനം വോട്ട് വീതം ഉണ്ടായിരുന്ന(43 സീറ്റുകള്‍) കോണ്‍ഗ്രസിനെ മറികടന്ന് ഗവണ്‍മെന്റ് രൂപീകരിച്ചു.

കേരള വികസനത്തിന്റെ അടിസ്ഥാനമേഖലകളില്‍ കാതലായ സംഭാവന നല്‍കുവാന്‍ ഈ കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റിന് സാധിച്ചു. വ്യവസായവും, വിദ്യാഭ്യാസവും, ആരോഗ്യവും, വര്‍ഗ്ഗപരിഗണനയും, സാമ്പത്തീക-സാമൂഹ്യ ഉച്ചനീചത്വ വിരുദ്ധതയും എല്ലാം ഇതില്‍ ഉള്‍പ്പെടും. എന്നിട്ടും ഇതിനെ ഭരിക്കുവാന്‍ അനുവദിച്ചില്ല എന്നത് വലിയ ഒരു വിരോധാഭാസം ആണ്.

തെക്കുതെക്കൊരു ദേശത്ത്, അലമാലകളുടെ തീരത്ത്.... (ദല്‍ഹി കത്ത് : പി.വി.തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക