Image

മനോഭിരാമം ഈ മലയാളം (ജോയ്‌സ് തോന്ന്യാമല)

Published on 11 April, 2017
മനോഭിരാമം ഈ മലയാളം (ജോയ്‌സ് തോന്ന്യാമല)
കാവ്യസുഭഗമായ ഭാഷയില്‍ മനുഷ്യജീവിതത്തിലെ വര്‍ണമഴവില്ലുകളെയും മഹാവിസ്മയങ്ങളെയും എഴുതി ഫലിപ്പിച്ച മലയാളത്തിന്റെ എഴുത്തുകാരുടെ നിര എന്നും ഓമനിക്കുന്ന ഓര്‍മച്ചിത്രമാണ്. നമ്മെ നയിക്കുന്നവരുടെ ഭാഷവിസ്‌ഫോടനത്തിന്റെ സുന്ദരലിപികള്‍ ആണ് ഇനി കുറിക്കാന്‍ പോകുന്നത്. ഇന്ത്യയെ സംബന്ധിച്ച് പറയുകയാണെങ്കില്‍ അത് ഭാഷാവൈവിധ്യങ്ങളുടെ നാടാണ്. തമ്മില്‍ സംസാരിക്കുന്ന, ആശയവിനിമയത്തിന്റെ വര്‍ണവാക്കുകളുടെ വൈകാരികത പലപ്പോഴും പദപ്രശ്‌നങ്ങള്‍ സൃഷ്ടിക്കാറുണ്ട്. അതിനൊരു പരിഹാരം എന്ന നിലയിലാണ് വിദേശഭാഷയും രാഷ്ട്രഭാഷയും ഇംഗ്ലീഷ് ഭാഷയും ഉള്‍പ്പെടുന്ന ത്രിഭാഷാ പദ്ധതിക്ക് രൂപം നല്‍കി അത് നമ്മള്‍ അനുവര്‍ത്തിച്ച് വര്‍ത്തമാനം പറഞ്ഞ് പോകുന്നത്. 

ഒരു ചെറു ചിന്തയിലേക്ക് പോകാം. ഇത് മഹാനായ ഉറൂബ് എഴുതി തന്നിരിക്കുന്ന വാക്കിന്റെ വിളംബരമാണത്. മനുഷ്യന്റെ പാദങ്ങളും മനസ്സും സഞ്ചരിക്കുന്ന മാര്‍ഗത്തിലൂടെ അന്വേഷിച്ച് പോകുന്നതില്‍ ഒരു രസമുണ്ട്. തന്നെത്താന്‍ കണ്ട് പിടിക്കുന്നതു പോലെയുള്ള എന്തോ ഒന്നാണത്. ഈ അന്വേഷണത്തിനിടയില്‍ മനുഷ്യഹൃദയത്തിലെ കട്ടപിടിച്ച ഇരുട്ടിനിടയില്‍ അനര്‍ഹങ്ങളായ കണ്ണീര്‍ കണങ്ങളും അത്യുജ്ജ്വലങ്ങളായ നക്ഷത്രങ്ങളും കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. തേജോഗോളങ്ങളെ പോലെ സഞ്ചരിക്കുന്ന മനുഷ്യരുടെ ഹൃദയത്തില്‍ ഇരുട്ടിന്റെ വന്‍കരകളും കണ്ടിട്ടുണ്ട്. പ്രാകൃത ജനങ്ങളുടെ സ്‌നേഹവായ്പും വിദ്യാസമ്പന്നരുടെ മനുഷ്യരോടുള്ള അനാദരവും കണ്ട് സംസ്‌കാരത്തിന്റെ അടിസ്ഥാനമെന്ത് എന്ന് ഞാന്‍ ചിന്തിച്ചു പോയിട്ടുണ്ട്. തെറ്റും ശരിയും കൂടിക്കലര്‍ന്ന വികാരോഷ്മളരായ മനുഷ്യരാശിയെപ്പറ്റിയാണ് ഞാന്‍ സംസാരിക്കുന്നത്...'' 

സരളഹൃദയമായ സംസാര ഭാഷയുടെ വിസ്മയ പ്രതലങ്ങളിലേയ്ക്ക് നമ്മെ കൈപിടിച്ചുണര്‍ത്തി വിട്ട ഭാഷാ ഭിഷഗ്വരന്മാരെ കണ്ടെത്തുവാന്‍ ഒരു എളിയ ശ്രമം നടത്തട്ടെ. ഏതു ഭാഷയുടെയും അഭിമാനമാണ് എഴുത്തുകാര്‍. അവരുടെ രചനാവിസ്മയങ്ങളിലൂടെയാണ് സാഹിത്യവും ഭാഷയും സംസ്‌കൃതിയുമെല്ലാം വികസിക്കുന്നത്. കഥയുടെ രാജഗാംഭീര്യം നമ്മുടെ മനസ്സിലേക്ക് തൊടുത്തുവിട്ട സി.വി രാമന്‍പിള്ളയുടെ പാദങ്ങള്‍ തൊട്ടുവണങ്ങിക്കൊണ്ട് പറയാം. നോവല്‍ എന്ന സാഹിത്യരൂപത്തെ മഹാകാവ്യ പദവിയിലേക്ക് ഉയര്‍ത്തിയ മഹാമനീഷിയായിരുന്നു സി.വി രാമന്‍പിള്ള. അതിശക്തവും ഭാവബന്ധുരവുമായ പ്രമേയങ്ങള്‍ സങ്കീര്‍ണതയുടെ ഇതളുകളിലൂടെ ആവിഷ്‌കരിച്ച ഇതിഹാസ തുല്യനാണ് സി.വി രാമന്‍പിള്ള. ഇതിവൃത്തത്തിന്റെ അച്ചടക്കം, സുന്ദരമായ മോഹഭാഷ എന്നിങ്ങനെ സി.വി രാമന്‍പിള്ളയുടെ സൃഷ്ടികളെ അത്ഭുതാരവങ്ങളോടെയാണ് ഓരോ മലയാളിയും എന്നും വായിച്ചെടുക്കുന്നത്. അദ്ദേഹത്തിന്റെ പ്രധാന കഥാപാത്രങ്ങളില്‍ എന്നും നമുക്ക് വഴികാട്ടികളാണ്. മാര്‍ത്താണ്ഡവര്‍മയിലെ സുഭദ്രയും പാറുക്കുട്ടിയും മാങ്കോയിക്കല്‍ കുറുപ്പും അനന്തപദ്മനാഭനും കുടമണ്‍പിള്ളയും രാമയ്യനും വായിച്ച് മറന്നവരല്ല. ജീവിതത്തില്‍ നമ്മുടെ ചിന്തയെ പ്രകോപിപ്പിക്കുകയും വീണ്ടുവിചാരം നടത്താന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന കഥാപാത്രങ്ങളാണ്, കഥാമുഹൂര്‍ത്തങ്ങളുടെ സൂചകങ്ങളാണ്. പിന്നെ ധര്‍മ്മരാജയിലെ നീട്ടെഴുത്ത് കേശവന്‍പിള്ള, ചന്ത്രക്കാരന്‍, ഉഗ്രഹരിപഞ്ചാനന്‍, ശാന്തഹരിപഞ്ചാനന്‍, ത്രിപുരസുന്ദരിക്കുഞ്ഞമ്മ, ഉണ്ണിത്താന്‍, മീനാക്ഷി എന്നിവരിലൂടെ സഞ്ചരിച്ച് രാമരാജബഹദൂറിലെ ത്രിവിക്രമകുമാരനെയും സാവിത്രിയെയും പെരിഞ്ചക്കോടനെയും കേശവപിള്ളയെയും കണ്ട് നമ്മള്‍ നമസ്‌കരിക്കുന്നു. 

മാര്‍ത്താണ്ഡവര്‍മയിലെ ഗംഭീരമായ ഗദ്യശൈലി... ''വിഷം തങ്കത്തിനല്ല, എനിക്കാണ്. തീരട്ടെ എന്നു വെക്കയോ...? ഈ ജന്തു മരിച്ചാല്‍ ആര്‍ക്കെന്തു ചേതം...? എങ്കിലും വെറുതെ ജീവനാശം വരുത്തുന്നതെന്തിന്...? അതുമല്ലാതെ ഇവരുടെ കൈയാല്‍ മരിക്കയോ...? ഇവരെ ഒന്ന് പഠിപ്പിക്കാതെ വിടുകയോ...? ഒരിക്കലും പാടില്ല...'' സി.വി രാമന്‍പിള്ളയുടെ വാക്കുകളുടെ മുമ്പില്‍ പ്രണമിച്ചു കൊണ്ട് തകഴി ശിവശങ്കരപ്പിള്ള എന്ന മണ്ണിന്റെ കഥാകാരനിലേക്ക് പോകാം. മലയാള നോവല്‍, ചെറുകഥാ സാഹിത്യത്തിന്റെ രണ്ടാം ഘട്ടത്തിലെ മുഖ്യ എഴുത്തുകാരനാണ് തകഴി ശിവശങ്കരപ്പിള്ള. സാമൂഹിക പ്രതിബദ്ധതയും സ്വാതന്ത്ര്യാവേശവും ആവോളം ഉണര്‍ത്തി കേരളീയര്‍ക്ക് നവോത്ഥാന സന്ദേശം പകര്‍ന്നു നല്‍കിയ മഹാനാണ് മനസ്സിലിന്നും മരിക്കാത്ത തകഴി. 

സഞ്ചാരിയുടെ ലോകം കാട്ടിത്തന്ന എസ്.കെ പൊറ്റെക്കാടിനെ മറക്കാനാവില്ല. നോവലിസ്റ്റ്, കഥാകൃത്ത്, കവി, എന്നതിനൊപ്പം സഞ്ചാര സാഹിത്യകാരന്‍ കൂടിയായിരുന്നു എസ്.കെ. വിഖ്യാതങ്ങളായ 'ഒരു ദേശത്തിന്റെ കഥ', 'ഒരു തെരുവിന്റെ കഥ' തുടങ്ങിയ നോവലുകള്‍ പോലെ തന്നെ ആസ്വാദ്യങ്ങളായ നിരവധി യാത്രാവിവരണങ്ങളും എസ്.കെ എന്ന നിത്യ യാത്രികന്‍ എഴുതി തന്നു. ഇങ്ങനെ പറയുമ്പോള്‍ മലയാളത്തിന്റെ വിശ്വസാഹിത്യത്തിലേക്ക് വെളിച്ചം വീശിയ, ഒരു മങ്കോസ്റ്റിന്‍ മാവിന്റെ കീഴിലിരുന്ന് ജീവിതാനുഭവങ്ങളുടെ കൈയൊപ്പ് ചാര്‍ത്തിയ വൈക്കം മുഹമ്മദ് ബഷീറിനെ ഓര്‍ക്കേണ്ടതല്ലേ. മുഖവുരയില്ലാത്ത എഴുത്തുകാരനാണ് അദ്ദേഹം. ചിരിയുടെ മുഖപടം അണിഞ്ഞ് വേദനയുടെയും വികാരങ്ങളുടെയും കഥ പറഞ്ഞു ബഷീര്‍. പാവപ്പെട്ടവന്റെ ചിരിയും കരച്ചിലും സാധാരണക്കാരന്റെ ഭാഷയില്‍ അസാമാന്യമായ കൈയടക്കത്തോടെ വൈക്കം എഴുതി. പട്ടിണിക്കാരും ദിവ്യന്മാരും യാചകരും വേശ്യകളും ആണ്‍വേശ്യകളും പോക്കറ്റടിക്കാരും സാമൂഹിക പരിഷ്‌കര്‍ത്താക്കളും വിഡ്ഢികളും ആനക്കാരും പ്രണയിനികളും നിറഞ്ഞ ആ കഥാലോകം ജീവിതവും എഴുത്തും തമ്മിലുള്ള അകലത്തെപ്പറ്റിയും അടുപ്പത്തെപ്പറ്റിയും നമുക്ക് പറഞ്ഞു തന്നു. 

മലയാള ചെറുകഥയ്ക്കും നോവലിനും പക്വത കൈവന്നത് ഉറൂബ് എഴുതിത്തുടങ്ങിയപ്പോഴാണ് എന്നു പറഞ്ഞു കൊണ്ട് തൊട്ടതെല്ലാം പൊന്നാക്കിയ എം.ടി വാസുദേവന്‍ നായരിലേക്ക് കടക്കാം. ആത്മനൊമ്പരങ്ങള്‍, ഏകാകിക, കുടുംബമെന്ന അധികാര വ്യവസ്ഥ ഇതെല്ലാം സാഹിത്യത്തിലെ കേന്ദ്രപ്രമേയങ്ങളാകുന്നത് എം.ടി വാസുദേവന്‍ നായര്‍ എഴുതിത്തുടങ്ങിയപ്പോഴാണ്. നോവലും കഥയും ഇത്രമേല്‍ ജനകീയമാക്കിയതിനു പിന്നില്‍ എം.ടിയുണ്ട് അദ്ദേഹത്തെ പോലെ എഴുതാന്‍ ശ്രമിച്ച വലിയൊരു വിഭാഗം മുതിര്‍ന്ന തലമുറയിലുണ്ട്. ചെറുകഥയില്‍, നോവലില്‍, തിരക്കഥയില്‍, സിനിമയില്‍ എം.ടിയെപോലെ വിജയം കൊയ്ത മറ്റൊരാളില്ല. അത്ഭുതകരമായ സവ്യസാചിത്വമാണ് എം.ടിയുടെ സവിശേഷത. 

എം.ടിയുടെ മോഹാഭിനിവേശങ്ങളില്‍ നിന്ന കേള്‍ക്കാം ഒരു ദാര്‍ശനികന്റെ ഇതിഹാസങ്ങള്‍. മറ്റാരുമല്ല, ഖസാക്കിന്റെ ഇതിഹാസം പറഞ്ഞു തന്ന സാക്ഷാല്‍ ഒ.വി വിജയന്‍. മലയാള കഥാ സാഹിത്യത്തിന് ദാര്‍ശനികമായ മാനങ്ങള്‍ പകര്‍ന്നു നല്‍കിയ അസാധാരണ വ്യക്തിത്വമായിരുന്നു ഒ.വി വിജയന്‍. മലയാള നോവലിന്റെ മുഖപടം തന്നെ മാറ്റി വരച്ച 'ഖസാക്കിന്റെ ഇതിഹാസം' ജനപ്രീതിയിലും ഭാവഗരിമയിലും ഖസാക്കിനെ അതിശയിച്ച നോവല്‍ പിന്നീടുണ്ടായിട്ടില്ലെന്ന് എല്ലാ നിരൂപകരും കൈയൊപ്പ് ചാര്‍ത്തിയിട്ടുണ്ട്. 

അറിയുമോ ഈ ആധുനിക വിദൂഷകനെ...? ആളുടെ പേര് വി.കെ.എന്‍ എന്നാണ്. ഹാസ്യത്തിന് പുതിയ മാനങ്ങള്‍ നല്‍കുകയും സ്വന്തമായൊരു മലയാളം സൃഷ്ടിച്ച് അനുവാചക ലക്ഷങ്ങളെ ജനിപ്പിക്കുകയും ചെയ്തു വടക്കേ കൂട്ടാല നാരായണന്‍കുട്ടി നായര്‍ എന്ന വി.കെ.എന്‍. ചരിത്രവും രാഷ്ട്രീയവും സാംസ്‌കാരിക വിമര്‍ശനവുമെല്ലാം വി.കെ.എന്‍ രചനകളില്‍ നിറഞ്ഞു പൂത്തുലഞ്ഞു നിന്നു. തോലനും നമ്പ്യാര്‍ക്കും സഞ്ജയനുമൊപ്പം ഹാസ്യസാഹിത്യകാരന്മാരില്‍ അഗ്രഗണ്യനായി വിലസുമ്പോഴും വി.കെ.എന്‍ എഴുതിയതെല്ലാം ഹാസ്യത്തിന് അപ്പുറത്തെത്തി. ഇങ്ങനെ പറയുമ്പോള്‍ അടുക്കളയില്‍ നിന്ന് അരങ്ങത്തേക്കു പോയി ലളിതാംബിക അന്തര്‍ജനത്തിനെ വണങ്ങാം. നമ്പൂതിരി സമുദായത്തിന്റെ കാര്‍മേഘങ്ങള്‍ നിറഞ്ഞ അകത്തളത്തില്‍ നിന്ന് അക്ഷരങ്ങളുടെ അഗ്നിത്തിളക്കത്തിലേക്ക് നടന്നു കയറി ലളിതാംബിക. നമ്പൂതിര സ്ത്രീകള്‍ക്ക് സ്‌കൂള്‍ വിദ്യാഭ്യാസം അന്യമായിരുന്ന കാലത്തു നിന്നാണ് അക്ഷരം അഗ്നിയാക്കി ഈ മഹാവനിത വിളക്കു തെളിച്ചത്. 

മയ്യഴിപ്പുഴയെ മറക്കാന്‍ പാടില്ല. അവിടെ കണ്ണാടി വച്ച് നമ്മെ അഭിവൃദ്ധിപ്പെടുത്തുന്ന ഒരു സാഹിത്യകാരനുണ്ട്. എം മുകുന്ദന്‍. മലയാള സാഹിത്യത്തിലെ ആധുനികതയുടെ പ്രയോക്താക്കളില്‍ പ്രമുഖനാണ് അദ്ദേഹം. സ്ഥലകാലങ്ങളെ പുനര്‍ നിര്‍വചിക്കുകയും പുതുപുത്തന്‍ പുരാവൃത്തങ്ങള്‍ നിര്‍മിക്കുകയും ചെയ്തു മുകുന്ദന്‍. മുകുന്ദന്റെ രചനകള്‍ ഡല്‍ഹിയും കടന്ന് മയ്യഴിക്കുമപ്പുറം സഞ്ചരിച്ചു. ഗ്രാമവും വ്യക്തിയും പാരമ്പര്യവും ഡല്‍ഹിയെന്ന ഇന്ദ്രപ്രസ്ഥത്തിന്റെ രാക്ഷസീയമായ യാന്ത്രികത ഗ്രസിക്കുന്ന ദുരന്ത കഥ വരച്ചുകാട്ടുന്ന രചനയാണ് ഡല്‍ഹി. ഫ്രാന്‍സിനും ഭാരതത്തിനുമിടയിലെ തൃശങ്കുവില്‍ സാംസ്‌കാരികാസ്തിത്വം തിരയുകയും കൊളോണിയല്‍ ചരിത്രത്തില്‍ നിന്ന് സ്വാതന്ത്ര്യത്തിലേക്കും ദേശീയതയിലേക്കും സംക്രമിക്കുകയും ചെയ്യുന്ന കഥപറയുന്ന 'മയ്യഴിപ്പുഴയുടെ തീരങ്ങളില്‍', 'ദൈവത്തിന്റെ വികൃതികള്‍', 'ഹരിദ്വാറില്‍ മണികള്‍ മുഴങ്ങുന്നു' തുടങ്ങിയ കൃതികള്‍ ദാര്‍ശനിക ഭാവത്തിന്റെ മകുടോദാഹരണങ്ങളാണ്. 

കല്പനാകാമനകള്‍... മാധവിക്കുട്ടി. സമകാലിക മലയാള കഥാ സാഹിത്യത്തിലെ ശക്തമായ സ്ത്രീ സാന്നിധ്യമാണ് മാധവിക്കുട്ടി. സ്വച്ഛസുന്ദരമായ ജീവിതമല്ല ഈ സുന്ദരസാന്നിദ്ധ്യത്തിന്റെ കൃതികളില്‍ തെളിയുക. കാപട്യവും കാമനകളും കൊണ്ട്  കലുഷമായ ജീവിതക്കടല്‍. വഴിപിഴയ്ക്കുന്ന ബന്ധങ്ങളുടെ അടക്കിപ്പിടിച്ച വിങ്ങല്‍ കേള്‍ക്കാം മാധവിക്കുട്ടിയുടെ രചനകളില്‍. കാല്പനിക ഭാവങ്ങളെ സ്ത്രീയുടെ വികാരവിചാരങ്ങളെ മോഹിപ്പിച്ച് സ്‌നേഹിപ്പിച്ച് തീവ്രമായി അവതരിപ്പിച്ച എഴുത്തുകാരികളില്ല. എഴുത്തും ദര്‍ശനവും നമുക്ക് നല്‍കിയ മഹാനാണ് ആനന്ദ്. വൈകാരികതയെ അപ്പാടെ തിരസ്‌കരിക്കുകയും ഭാഷയുടെ കാല്പനിക സൗന്ദര്യം തല്ലിക്കെടുത്തി പരുപരുത്തതാക്കുകയും ചെയ്ത് വായനക്കാരെ അത്ഭുതപ്പെടുത്തുന്ന ശില്പിയാണ് ആനന്ദ്. അടിസ്ഥാനപരമായി വിവരാണാത്മകമാക്കുന്നതയാണ് ആനന്ദിന്റെ ഭാഷ. ആ ദാര്‍ശനിക ഭാഷയിലേക്ക് ഒരു എത്തിനോട്ടം. അഭയാര്‍ത്ഥികള്‍ എന്ന നോവലിലെ വാക്കുകള്‍.

ഒരിടത്തു നിന്ന് വേറൊരിടത്തേക്കല്ലെങ്കില്‍, ഒരു കാലത്തു നിന്ന് വേറൊരു കാലത്തേക്ക് അവര്‍ ഇന്നും അഭയം തേടി നീങ്ങിക്കൊണ്ടിരിക്കുന്നു. ഒരിക്കലും അഭയം കിട്ടാത്ത, ശപിക്കപ്പെട്ട അഭയാര്‍ത്ഥിയായിരുന്നു എന്നെന്നും മനുഷ്യര്‍. അവന്റെ പ്രസ്ഥാനങ്ങളത്രയും വാസ്തവത്തില്‍ അഭയാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ മാത്രവും. ചരിത്രം എന്നതു, സ്ഥലത്തിലായായും കാലത്തിലായാലും ദുരിതത്തില്‍ നിന്നും അടിമത്വത്തില്‍ നിന്നും ആശ്വാസത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കുമുള്ള മനുഷ്യന്റെ നിത്യമായ അഭയം കിട്ടാത്ത അഭയാര്‍ത്ഥി പ്രവാഹത്തിന്റെ രേഖപ്പെടുത്തലാണ്. ആ മോഹ കാലത്തില്‍ നിന്ന് സ്‌നേഹസ്പന്ദനങ്ങള്‍ തീര്‍ത്ത വയലാര്‍ കവിതകളുടെ മോഹവര്‍ണനം കേള്‍ക്കൂ. 

''കിണ്ണം നിറയെ പാല്‍ക്കഞ്ഞിയുമായി വന്നുവിളിച്ചു രജനി.
നിറഞ്ഞ മുന്തിരി നീര്‍ക്കുമ്പിളുമായി വിരുന്നെത്തി പുലരി''...

''കന്നിനിലാവില്‍ കാറ്റത്തുലയും
കവുങ്ങുപ്പൂക്കുല പോലെ
ശരന്നഭസ്സില്‍ കൈയിലുലാവും
ചന്ദന ശശികലപോലെ
പറന്നു ചെല്ലും മല്ലിക''...ഇങ്ങനെ കാലിക സ്പന്ദനങ്ങളെ കലയുടെ താളമാക്കി മാറ്റി വയലാര്‍ രാമവര്‍മ്മ.

കേശവദേവിന്റെ നാടക മുഹൂര്‍ത്തങ്ങള്‍ അറിയാതെ യവനിക താഴ്ത്താനാവില്ല. കേശവദേവ് എന്ന പേര് കേള്‍ക്കുമ്പോള്‍ ഓര്‍മ വരിക 'ഓടയില്‍ നിന്ന്', 'ഭ്രാന്താലയം', 'അയല്‍ക്കാര്‍' എന്നിങ്ങനെ ചില നോവലുകളാണ്. അതും കഴിഞ്ഞാല്‍ കുറെ അധികം ചെറുകഥകള്‍. പിന്നെ വായിക്കുമ്പോള്‍ 'മുന്നോട്ട്', 'പ്രധാനമന്ത്രി', 'നാടകകൃത്ത്', 'ഞാനിപ്പം കമ്മ്യൂണിസ്റ്റാവും' തുടങ്ങിയ നാടകങ്ങള്‍ ഓര്‍മചിത്രം പോലെ മനസ്സിന്റെ ക്യാന്‍വാസില്‍ രൂഢമൂലമായിരിക്കുന്നു. 'മനുഷ്യന് ഒരു ആമുഖ'ത്തിലൂടെ നമ്മെ ചിന്തിപ്പിച്ച സുഭാഷ് ചന്ദ്രനും 'ആടു ജീവിതം' പകര്‍ന്നു തന്ന ബെന്യാമിനും 'ആരാച്ചാരെ' കാട്ടിത്തന്ന കെ. ആര്‍ മീരയയ്ക്കുമെല്ലാം നന്ദി...നന്ദി...നമ്മുടെ ആസ്വാദന മുകുളങ്ങള്‍ ഇവരിലൂടെ വിടരട്ടെ. 

പല ഇതളുകളുള്ള പൂക്കളാണ് മനുഷ്യര്‍. എഴുത്തുകാര്‍ പ്രത്യേകിച്ചും. പൂക്കളായി അവരെ കാണുന്നതാണ് കൗതുകകരം. പൂക്കളമിടുമ്പോള്‍ ഇതളുകള്‍ തിരിച്ച് മറ്റു പൂക്കളുകളുടെ ഇതളുകള്‍ കൂടി കലര്‍ത്തിവയ്‌ക്കേണ്ടി വരും. അങ്ങനെ അടര്‍ത്തിയെടുത്ത ചില പുഷ്പങ്ങളുടെ പൂക്കളമാണ് മേല്‍ സൂചിപ്പിച്ച മഹത് വ്യക്തിത്വങ്ങള്‍. അവരുടെ വാക്കിന്റെ, പദങ്ങളുടെ, അലങ്കാരങ്ങളുടെ നടുമുറ്റത്താണ് വായനക്കാരര്‍ ആത്മാഭിമാനത്തോടെ തന്റെ ഇഷ്ട പുസ്തകങ്ങളുടെ പേജുകള്‍ മറക്കാതെ തുറക്കുന്നത്. 
(തുടരും)

മനോഭിരാമം ഈ മലയാളം (ജോയ്‌സ് തോന്ന്യാമല)
Join WhatsApp News
Literary Student 2017-04-11 01:26:19
Nmaskarjee: Your article titled " This is Literary and Literary must be like this". I followed your article to learn some thing. But your title says some thing and you write some thing, infact some thing very vaugae. This not clear or  not filled with any true facts. You are not concenterating. You are just entering the literary forest without any way and means. It look like you picked up or copied some literary works of some famous writers and trying to mix with apples and a oranges. The subject matter is not clear, actulaay you beat the bushes around. Nothing  much their to pick up. or nothing much to learn stundent like me. Some of your recent writings and your expression of comments in these colums are not reasonable , rathe they are baseless    I understand that you are Houston based. At Houston there are two literary groups namely, Writers Forum and Malayalam Society. So go to any of these groups, there you can hear good poems, good literary lessons. At least some kind of basic ides you get from there about literary works. They are not so great I know, but some thing is better than nothing. Also Malayalee Assocition of Houston conducting some Malayalam Class also. It is a better idea to enroll there also. So you can improve your writing skills there. Then only you can carry better writers on your shoulders. From your previous aricles I understand that you carry some "Ezhytha Ezhthuj kar on your shoulders. Also you carry some paid or contract writers on your shoulders. That is what I understand in your column responses and in your recent articles. As a humble student, I will read whatever you write. After attending some coaching class, probably you wrie and start a Malayalam literary class to new students and also "Vayojana class for senior citizen malayalees belong to senoir malayalees group across USA cities..
അജ്ഞാതൻ 2017-04-11 08:58:31

നിങ്ങൾ വായിച്ചതോ ഉദാഹരണങ്ങൾ ആയി ഉപയോഗിച്ചതോ  പുസ്തകങ്ങളെക്കുറിച്ചും അതിലെ കഥാപാത്രങ്ങളെക്കുറിച്ചും എഴുതിയത് കൊണ്ട് നിങ്ങൾ അമേരിക്കയിലെ മലയാളി എഴുത്തുകാരെയും  വിലയിരുത്താൻ പോരുന്ന ഒരു വ്യക്തിയെന്ന് സ്വയം കരുതുന്നു എങ്കിൽ അത് അപക്വതയുടെ ഒരു അടയാളമാണ്. ഉറുബവും, എം ടി വാസുദേവൻ നായരും, ഒ. വി വിജയനും എം. മുകുന്ദനും പൊറ്റക്കാടും, ബഷീറും, കബീറും, ടാഗോറും, മുട്ടത്തു വർക്കിയും അങ്ങനെ മലയാളത്തിലെ പൈങ്കിളി കഥകൾ എഴുതുന്നവരുപോലും മനുഷ്യവികാരങ്ങളുടെയും അത്ജീവിതത്തിൽ സൃഷിട്ടിക്കുന്ന താള ലയങ്ങളുടെയും താളപ്പിഴകളുടെയും കഥയാണ് പറയുന്നത്. എങ്കിലും ഇവരാരും പൂർണ്ണരല്ല. കാരണം ജീവിതം എന്ന നാടകം ഒരു തുടർകഥയാണ് ഓരോ കാലഘട്ടത്തിന്റെ കഥകൾ പറഞ്ഞുകൊണ്ട് ആവരെല്ലാം ഈ നാടകവേദിയിൽ നിന്ന് തിരോധാനം ചെയ്യപ്പെടും.  കഥ എഴുതാൻ അറിയാത്തവരുപോലും കഥ പറയുന്നുണ്ട്. കഥയില്ലാത്തവരിലും കഥയുണ്ട്.  ഒരാൾ അവാർഡ് ഭ്രമമുള്ള അല്ലെങ്കിൽ പൊന്നാട ഭ്രമമുള്ള ആളെങ്കിൽ അയാളിലും ഒരു കഥയുണ്ട്. എന്തുകൊണ്ട് അയാൾ അതിന്റെ പിന്നാലെ പായുന്നു എന്ന് ചോദിച്ചാൽ അതിനുത്തരം നിങ്ങൾ പ്രശസ്തർ എന്ന് വാദിക്കുന്നവരിൽ തന്നെ കുടികൊള്ളുന്നു. എന്തിനു സാഹിത്യ അക്കാർഡാമി സ്ഥാപിക്കപ്പെട്ടു? എന്തിന് ജ്ഞാനപീഠം ഉണ്ടാക്കി? ഇതിന് ഉത്തരം തിരക്കിയാൽ അതിന്റ ഉള്ളുകള്ളികളിലേക്ക് പോയാൽ ഒന്നു വ്യകതമാണ് അവരിലെല്ലാം ലോകത്തുള്ള എല്ലാ എഴുത്തുകാരും കലാകാരന്മാരും കൊണ്ടുനടക്കുന്ന, താലോലിക്കുന്ന  ഒരു മോഹമുണ്ട് "മരിക്കുന്നതിന് മുൻപ് ഒരംഗീകാരം" അത് സൂക്ഷിച്ചു തപ്പിയാൽ നിങ്ങളുടെ ഉള്ളിലും ഒളിഞ്ഞു കിടപ്പുണ്ട്. അതില്ല എന്ന് നിങ്ങൾ അവകാശപ്പെടുമ്പോൾ അത് മറ്റൊരു തരത്തിൽ തലപൊക്കുന്നു അത് മുഖങ്ങളില്ലാത്ത ഞങ്ങൾക്ക് വ്യക്തമായി കാണാം. നിങ്ങൾ ഞങ്ങളെ ഭീരുക്കൾ എന്നാണ് വിളിക്കുന്ന്തെന്ന് ഞങ്ങൾക്കറിയാം. അതിൽ ഞങ്ങൾക്ക് നീരസമില്ല. കാരണം നിങ്ങളെപ്പോലെയുള്ളവരിൽ നിന്ന് അകന്നു നില്ക്കാനാണ് ഞങ്ങൾ മുഖം മൂടി വച്ച് നടക്കുന്നത് . നിങ്ങൾ മറ്റാരേക്കാളും ഭയപ്പെടുന്നത് മുഖമില്ലാത്ത ഞങ്ങളെയാണെന്ന് ഞങ്ങൾക്കറിയാം.  വായനകൊണ്ടോ ബിരുദങ്ങൾ കൊണ്ടോ അവയിലൂടെ സൃഷ്ടിക്കുന്ന വാക്കുകളുടെ നക്ഷത്ര തിളക്കത്തിൽ വീഴുന്നവരല്ല വായനക്കാർ. നിങ്ങളുടെ വാക്കുകളിൽ ഞങ്ങളുടെ വികാരങ്ങളെ ഒപ്പിയെടുത്തതിന്റെ നനവില്ലെങ്കിൽ അത് ഞങ്ങളെ സ്പർശിക്കാറില്ല.  ഇന്നത്തെ എഴുത്തുകാർ സുഖ സന്തോഷത്തിന്റെ ചില്ലുകൊട്ടാരങ്ങളിൽ ഇരുന്ന് കഥയും നോവലും എഴുതുന്നു പ്രത്യകിച്ച് മലയാളികൾ. അവരാരും അവരുടെ സ്വന്ത ജീവിത കഥകളെക്കുറിച്ച് എഴുതാൻ തയാറല്ല, കാരണം ദുരഭിമാനം കാശിനു വിലയില്ലാത്ത ശ്രേഷ്ഠതയുടെയും മുഖമൂടിയാണ് അവർക്കിഷ്ടം. അത്തരക്കാരോട് സംസാരിക്കണം എങ്കിൽ ഞങ്ങൾക്ക് മുഖം മൂടിവച്ചെ സംസാരിക്കാൻ കഴിയു. അല്ലെങ്കിൽ അവർ ഞങ്ങളുടെ ശത്രുക്കളായി മാറും. ഇപ്പോൾ ഞാൻ ആരാണെന്ന് വെളുപ്പെടുത്തിയാൽ അത് നിങ്ങളെ എന്റെ ശത്രു ആക്കി മാറ്റും. അല്ല അതല്ല ഞങ്ങളുടെ ലക്‌ഷ്യം ഞങ്ങളുടെ ലക്‌ഷ്യം അപൂർണ്ണമായ അറിവുകൾ സൃഷ്‌ടിച്ച തെറ്റായ ധാരണകളിൽ നിന്ന് നിങ്ങളെ പുറത്തുകൊണ്ടുവന്ന് കുറ്റവും കുറവും ഉള്ള ഞങ്ങളെ സ്നേഹിക്കാൻ പോരുന്ന നല്ല മനുഷ്യർ ആക്കുക എന്നുള്ളതാണ്.  അതെ നിങ്ങൾക്ക് മനുഷ്യരെ സ്നേഹിക്കാൻ കഴിയുമായിരുന്നെങ്കിൽ നിങ്ങൾ ഒരിക്കലും നിഷേധാതകമായ ഒരു കാൽവെപ്പിലൂടെ രംഗത്തു വരില്ലായിരുന്നു. നിങ്ങളിൽ, ഒബാമയുടെ ജന്മദേശം അമേരിക്കയല്ല എന്ന് പറഞ്ഞു അമേരിക്കൻ രാഷ്ട്രീയത്തിൽ കാൽവെയ്പ്പ് നടത്തിയ ട്രംപിന്റെ കാപട്യം ഒളിഞ്ഞു കിടപ്പുണ്ട്. അത് സാധാരണക്കാരന് അതാര്യമെങ്കിലും മുഖമൂടിധാരികളായ വായനക്കാർക്ക് സുതാര്യമാണ്. കാപട്യം അത് ഞങ്ങൾക്ക് എടുക്കാനാവില്ല. അതാരെത്ര പണ്ടിതനായാലും. സ്നേഹ സൗഹാർദത്തിന്റെ മാര്ഗ്ഗങ്ങളാണ് നമ്മൾക്ക് മുൻപ് പോയവർ കുറിച്ചിട്ടത്. അതാണ് ശ്വാശതമാർഗ്ഗം അതുകൊണ്ടു നമ്മൾക്ക് അതിന്റെ മാർഗ്ഗം തിരയാം
"സ്നേഹിക്കയില്ല ഞാൻ നോവുമെന്നാത്മാവിനെ
സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും"


Fake John 2017-04-11 10:14:48
.anonymous. is beautiful and eloquent
സുകുമാരകുറുപ്പ് 2017-04-11 11:10:02
സാഹിത്യത്തിന്റ ബാലപാഠങ്ങൾ പഠിക്കുന്നതിനു മുൻപ് എംടിയും എം മുകുന്ദനും ഒക്കെ ഇവിടെ വന്നുപോയിട്ടുണ്ട്. നിങ്ങൾ ഈ പറയുന്നവരുടെ കൃതികൾ ഞങ്ങൾ വായിക്കാത്തതും അല്ല. പിന്നെ ഹൂസ്റ്റണിലെ തല മൂത്ത എഴുത്തുകാരൻ ജോൺ മാത്യു, ഒ.വി വിജയൻറെ കൂടെയും എം മുകുന്ദന്റെ കൂടെയും അടിച്ചു കളിച്ചു നടന്നപ്പോൾ നിങ്ങൾ ഏതു പരുവത്തിലായിരുന്നു എന്ന് ആർക്കറിയാം. സാധാരണ ഇത്തരക്കാരെ പോയിക്കണ്ടു ഒരു ദക്ഷിണ ഒക്കെ കൊടുത്താണ് ഗുരുത്വം ഉള്ളവർ  അമേരിക്കൻ സാഹിത്യമണ്ഡലത്തിലേക്ക് കാൽവെപ്പ് നടത്തുന്നത്. എന്തായാലും കൂടുതൽ എഴുതുന്നില്ല . അജ്ഞാതൻ വിജ്ഞാനപരമായി എഴുതിയിട്ടുണ്ടല്ലോ അത് മതി

Dr.Sasi 2017-04-11 18:02:30
സാഹിത്യലോകത്തെ   സ്നേഹിക്കുന്നതുകൊണ്ടാണ് ശ്രീ.ജോയ്‌സ് അമേരിക്കയിലെ  മലയാള സാഹിത്യലോകത്തിന്റെ കലവറയെ ഒരു താക്കോൽ ഉപയോഗിച്ച് തുറന്നു പരിശോധിക്കാൻ ഒരു എളിയ ശ്രമം നടത്തിയത് .ഒരാൾ കർമ്മത്തിൽ ഏർപ്പെടുമ്പോൾ വിമർശനം തീർച്ചയായും ഉണ്ടാകാം .വിമർശനമില്ലെങ്കിൽ  നല്ല ജീവിതമില്ല , ഭാരതീയ സാഹിത്യദർശനത്തിലെ ഏറ്റവും സത്യവും , ശിവവും ,സുന്ദരവുമായ ശബ്ദമാണ് വിമർശനം.ഓരോ വ്യക്തിയുടെയും ചിന്താസരണിക്കനുസരിച്ചു വിഭിന്നങ്ങളായ കാഴ്ച്ച്ചപ്പാടുകൾ ചൂണ്ടികാണിക്കുന്നതിലൂടെ സാഹിത്യം കൂടുതൽ സുന്ദരമാകുന്നു.മലയാളിക്ക് വഴങ്ങാത്ത  ഏതെങ്കിലും ഭാഷയുണ്ടോ ?ഇത്രക്കും സന്പന്നവും സംബുഷ്ടവുമായ ഭാഷ വേറെയില്ല .അതിന്റെ ഉടമസ്ഥത  മലയാളിക്ക് സ്വന്തം . അതാണ് മുഖ്യമായത്.പ്രാചിനസംസ്കാരങ്ങൾ എല്ലാം തന്നെ വൈവിധ്യങ്ങളെ ആദരിച്ചവരായിരുന്നു.അമേരിക്കയിലെ  തിരക്കുപിടിച്ചുള്ള ജീവിതത്തിൽ നിന്നും അടർത്തിയെടുത്ത അൽപ്പ സമയത്തിൽ പല തലങ്ങളിലൂടെ ആഴ്ന്നിറിങ്ങി സാഹിത്യപ്രവർത്തനങ്ങളിൽ  ഏർപ്പെടുന്നത് എന്തുകൊണ്ടും പ്രശംസിനിയമാണെന്നുള്ള  സത്യം തിരിച്ചറിയാനും ശ്രീ ജോയ്‌സിന് കഴിയണം .
(Dr.Sasi)

robin kaithaparampu 2017-04-11 18:02:34
അമേരിക്കയിൽ മലയാളി അസോസിയേഷനുകളോട് ചേർന്ന് നിന്നാൽ മാത്രമേ ഒരു സാഹിത്യകാരന് തന്റെ രചനകൾ ആവിഷ്കരിക്കാൻ സാധിക്കുകയുള്ളൂ എന്ന മിഥ്യാ ധാരണ എനിക്ക് ഇല്ല. ഒരു യഥാർദ്ധ കലാകാരൻ തന്റെ രചനകൾ നിർഭയമായി വേണം നിർവഹിക്കാൻ. നിരൂപണങ്ങളിൽ നിന്നും, വിമർശനങ്ങളിൽ നിന്നും ഊർജ്ജം ഉൾക്കൊണ്ട് തന്റെ കലാ ജീവിതം കരുത്തുള്ളതാക്കി തീർക്കുകയാണ് വേണ്ടത്.അല്ലാതെ വിമർശിക്കുന്നവരെ ഒളിഞ്ഞിരുന്ന് കല്ലെറിയുന്നത് ഭീരുത്തമാണ്. ജോയിസ് തോന്ന്യാമലയുടെ രചനകൾ വളർന്നു വരുന്ന കലാകാരൻമാർക്ക് പ്രചോദനവും പ്രോത്സാഹനവും  ആയി മാറട്ടെ. ഇനിയും നല്ല നല്ല രചനകൾ താങ്കളുടെ ഭാഗത്തു നിന്നും പ്രതീക്ഷിക്കുന്നു.

കട്ടക്കയം 2017-04-11 18:12:38
പൊട്ടക്കുളത്തിൽ പുളവരാകെയിളകി
തട്ടിൻപുറത്തെലികൾ ദേഷ്യം പിടിച്ചു
കാട്ടാളർ കുന്തം കുലുക്കിയാടി
ഞണ്ടിനെ ഞണ്ടുകൾ വലിച്ചു താഴ്ത്തി

വിദ്യാധരൻ 2017-04-11 20:33:13
സാഹിത്യം മാറിക്കൊണ്ടിരിക്കുന്ന ഒന്നാണ്. അപ്പോൾ പിടിവാശിയോടെ പറയാൻ കഴിയില്ല 'ഇതാണ് സാഹിത്യം' ഇങ്ങനെ ആയിരിക്കണം സാഹിത്യം എന്ന് .  സാഹിത്യതി കലകളെയും ദാരുശില്പാതി കലകളേയും തരം തിരിച്ചാൽ സൂക്ഷമം എന്നും സ്ഥൂലമെന്നും കാണാൻ കഴിയും  ഒന്ന്  മനസ്സും ബുദ്ധിയും ഉപയോഗിച്ചുള്ള സൂക്ഷമ കലയും സ്ഥൂല വസ്തുക്കൾ (അസംസ്‌കൃത) അടങ്ങിയ കരകൗശല കലയും. ഒന്ന് കൊട്ടാരങ്ങളിൽ രൂപാന്തരപെട്ടപ്പോൾ മറ്റതു കുടിലുകളിലും. കാലം മാറിയപ്പോൾ സാഹിത്യാതി കലകളും ദാരുശില്പാതി കലകളും മാറ്റങ്ങൾക്ക് വിധേയപ്പെട്ടു. സൂക്ഷമ സ്ഥൂല കലകൾക്ക് കാലാന്തരത്തിൽ വിടവേറി വന്നു. സ്ഥൂല കലകൾ കുടിൽ വ്യവസായങ്ങളായി മാറി സൂക്ഷമ കലകൾ കൊട്ടാരങ്ങളിൽ കയറികൂടി ശ്രേഷ്ഠത നേടി വിലസിയപ്പോൾ, സ്ഥൂല കലകൾ അവരുടെ മേശയിലും അലമാരയിലും നോക്ക്കുത്തികളായി . സൂക്ഷമ കലകളുടെ ഉപജ്ഞാതാക്കൾക്ക് അധികനാൾ സുഖ ജീവിതം നയിക്കാൻ കഴിഞ്ഞില്ല. അവർ അവരുടെ യജമാനന്മാർക്ക് വേണ്ടി കമ്പി കവിതകൾ എഴുതി 

"കുടുമ മുറുക്കി കെട്ടി പൂണൂലിഴകളിൽ
               ലോമൽക്കൈവിരലോടി-
ച്ചടിമുടി പെണ്ണിൻ മുലയും മൂടും 
           കവിതയിലാക്കിയ പണ്ഡിത വർഗ്ഗം" (മനുഷ്യനിലേക്ക് -വയലാർ) പക്ഷെ മാറ്റങ്ങൾക്ക് വിധേയപ്പെട്ടപ്പോൾ സൂക്ഷമ കലകൾ കൊട്ടാരങ്ങളുടെ മതിൽ കെട്ടുകളിൽ നിന്ന് മനുഷ്യരിലേക്ക് ഇറങ്ങിചെന്നു 

'ധാരണമാറി, മലയാളത്തിൽ 
       കവിതകളെഴുതാം എന്നായങ്ങനെ
കേരളനാടിനു കിട്ടി തനതായ്
        ശ്രീഭാരതവും രാമായണവും"   (മനുഷ്യനിലേക്ക് -വയലാർ) ഭക്തിസാഹിത്യം പിറന്നു പിന്നീട് അത് വളർന്നു പന്തലിച്ചു 

ദേവക്ഷേത്രമതിൽകെട്ടുകളിൽ 
         കൂത്തും പാഠകവും ചില നാടക-
ഭാവങ്ങളുമായ് കൈരളി കൊട്ടിയ 
           മ്ഴാവിനൊച്ചകൾ കേൾപ്പൂ നമ്മൾ  (മനുഷ്യനിലേക്ക് -വയലാർ) - നാടക കലകൾ ഇവിടെ ജന്മം കൊണ്ട് എന്ന് അനുമാനിക്കാം .  

കാലം ഏറെ കഴിഞ്ഞു. വൈവസായികവിപ്ലവം അവിടെയെല്ലാം വന്നു കയറിയോ അവിടെയെല്ലാം സാഹിത്യവിഷയകമായി വിവിധതരം മാറ്റങ്ങൾ സംഭവിച്ചു. അച്ചടിയുടെ ആവിർഭാവത്തോടെ സാഹിത്യത്തിന്റെ കെട്ടും മട്ടുംമാറി.  വൈവസായികവിപ്ലവത്തിന്റെ വേലിയേറ്റത്തിൽ എഴുത്തുകാർക്ക് സമ്പന്ന ന്യുന വർഗ്ഗത്തിന്റെ പൊയ്ക്കാലില്ലാതെ മിക്കവാറും സ്വന്ത കാലിൽ നിൽക്കാമെന്നായി. മനുഷ്യൻ സ്വാതന്ത്യത്തിനു വേണ്ടി കൊതിച്ചു, സാമൂഹ്യ വിപ്ലവങ്ങൾ പൊട്ടിപ്പുറപ്പെട്ടു. ചിലയിടങ്ങളിൽ രക്തത്തിൽ കുതിർന്ന സാഹിത്യം ഉടലെടുത്തു.

"ചോരചുവക്കും ഞങ്ങടെ നാട്ടിലെ 
നീരാവിക്കും മണലിന്നും 
കറുകകൂമ്പിലെ മഞ്ഞണി മുത്തിലും 
മൊരുത്തുള്ളി ചുടുനിണമില്ലേ 
ഇവിടെക്കായലിൽ ഒഴുകിപ്പോകും 
കവിതയ്ക്കുണ്ടൊരു കഥപറയാൻ 
വെടിയേറ്റന്നു തുളഞ്ഞ മരണങ്ങൾ -
ക്കിടിവെട്ടുന്നൊരു കഴിവില്ലേ "  (സംസ്ക്കാരത്തിന്റെ നാളങ്ങൾ )

അമേരിക്കയിലും ഇവിടുത്തെ സുഖ സൗകര്യങ്ങൾക്കിടയിൽ മാറ്റങ്ങൾക്ക് വിധേയപ്പെട്ടു പുതിയ സാഹിത്യ കൃതികൾ ഉണ്ടായെന്നിരിക്കും അപ്പോൾ വയലാറിന്റെ കവിത മാറി 

'ടൈയും കോട്ടും  കെട്ടി ത്രീപീസ് സൂട്ടിൽ 
               സ്വർണ്ണക്കൈവിരലോടി-
ച്ചടിമുടി പെണ്ണിൻ മുലയും മൂടും 
           കവിതയിലാക്കും പണ്ഡിതവർഗ്ഗം "

സാഹിത്യം മാറ്റങ്ങൾക്ക് വിധേയപ്പെട്ടു മുന്നോട്ട് പോയിക്കൊണ്ടിരിക്കും അപ്പോൾ സാഹിത്യം ഇങ്ങനെ ആയിരിക്കണം ഇതാണ് സാഹിത്യം എന്നുള്ള വാദങ്ങൾ നിരര്‍ത്ഥകമാകും ( മുണ്ടശ്ശേരിയുടെ നനയാതെ മീൻപിടിക്കാമോ എന്ന വിമർശന ഗ്രന്ഥത്തോട് കടപ്പാട്)
മുണ്ടക്കയം 2017-04-12 09:12:38
പെട്ടെന്നൊരുത്തൻ അമേരിക്കയിൽ വന്നിറങ്ങി
ഒറ്റക്ക് സാഹിത്യം പൊളിച്ചടുക്കാൻ
കിട്ടിയവനെയൊക്കെ  പിടിച്ചു തല്ലി
പിടിച്ചുപ്പറ്റി ശ്രദ്ധ,  പിന്നെഴുത്തുമായി  
പൊന്മുടി 2017-04-12 12:20:00
ഭേഷ്! കട്ടക്കയത്തിന് പറ്റിയ മുണ്ടക്കയം! ഇതൊക്കെ മലയാളത്തിന്റ വളര്ചയുടെ ഭാഗമാണ്. ഇപ്പോൾ കേരളത്തിലുള്ളവർക്കുപോലും ഇതുപോലെ ഉരുൾക്കുപ്പേരി പോലെ മറുപടി നൽകാൻ പറ്റില്ല. രണ്ടുപേരുകൂടി അങ്ങോട്ടും ഇങ്ങോട്ടും മൂപ്പിച്ചാൽ അമേരിക്കയിലുള്ള എലികളും പുലികളും എല്ലാം ഇളകാൻ സാദ്ധ്യതയുണ്ട്

ജിജോയ് 2017-04-12 12:33:22
സാഹിത്യത്തിന്റെ നിറഭേദങ്ങൾ ചാലിച്ച മലയാള എഴുത്തുകാരെ പരിചയപ്പെടുത്തുന്ന ഒരു ആമുഖപാഠമാണ് ജോയ്‌സ് തോന്നിയമാലയുടെ ഈ ലേഖനം. കാലഘട്ടത്തിന്റെ പൊരുളുകൾ തേടിയ ആ എഴുത്തുകാർ അവരുടെ രചനകൾ അന്തരാത്മാവിന്റെ അനുഭവങ്ങളിൽ അലിഞ്ഞു ചേർന്നവയാണ്. ആശയഗരിമ തീർത്ത  എഴുത്തുകൾ ഇവിടെ പരിചയപ്പെടുത്തുമ്പോൾ അത് ചെന്നെത്തുന്നത് നിർവികാരത തീർത്ത ഇടങ്ങളിലേക്കാണ്. അവിടെ ആ അനുഭവവിശേഷങ്ങൾ തീർക്കുന്ന അനുരണങ്ങൾ തിരിച്ചറിയുവാനെങ്കിലും  സാധിക്കണം. പ്രതിലോമകരമായ ചിന്താധാരകളെ പോലും സ്ഥലകാലങ്ങളുടെ  ഇടനാഴികളിൽ നിന്നും പുറത്തേക്കു വലിച്ചിടുമ്പോഴാണ് ജീവസ്സുറ്റ സൃഷ്ടിയായി മാറുന്നത്. അത് തന്നെയാണ് മലയാളത്തിന്റെ പ്രിയ എഴുത്തുകാരും ചെയ്തത്. അവിടെ നിന്നുകൊണ്ട് ആ എഴുത്തുകളെ പരിചയപ്പെടുത്തുമ്പോൾ  അത് ഭാവനാപൂർണമായ സൃഷ്ടിപരതയാണ് വെളിപ്പെടുത്തുന്നത്. ആത്മനിഷ്ഠമായ കലാമൂല്യങ്ങൾ സാഹിത്യത്തിൻറെ ദിശാബോധങ്ങളെ തീർത്തുവെങ്കിൽ ആ ബോധതലങ്ങളുടെ ഒരു നേർചിത്രം  സഹൃദയഹൃദയങ്ങളിലേക്ക് കൊണ്ടുവരുന്നതിൽ ഈ എഴുത്തുകാരനും വിജയിച്ചിട്ടുണ്ട്. 

പുലിവാല് 2017-04-12 12:40:39

എലികളെ പേടിച്ചു നീ ഇല്ലം ചുട്ടിടല്ലേ
പുലികളെ കൂട്ടി നീ വിന്നിടല്ലേ
എലികകളൊക്കെ ചാടിയോടും
പുലികൾ നിന്നെ പിടിച്ചു തിന്നും


വായനക്കരാൻ 2017-04-12 13:03:26
ഒരു മുൻവിധിയോടെയാണ് ജോയിസ് തോന്ന്യായമല എഴുത്തു തുടങ്ങിയത്. അതായത് അമേരിക്കയിൽ ഉള്ള മലയാളികൾക്ക് ശരിക്കും മലയാള ഭാഷയോ മലയാളത്തിലെ എഴുത്തുകാരെയോ അറിയില്ല.  അതുകൊണ്ടു മലയാളത്തിലെ എഴുത്തുകാരെ  ആദ്യം പരിചയപ്പെടുത്താം. ഒന്നുകിൽ അപക്വമായ ഒരു മനസ്സിന്റെ ഉടമ അല്ലെങ്കിൽ ഉദ്ധണ്ടന്റെ ചിലമ്പൽ..  ഈ ലേഖനങ്ങൾ എഴുതുന്ന ആളെ എഴുത്തുകാരൻ എന്ന് വിളിക്കില്ല ചരിതകാരൻ എന്ന് വിളിക്കാം. ഒരു എഴുത്തുകാരൻ എന്ന നിലക്ക് അദ്ദേഹം കൃതികൾ എഴുതുമ്പോൾ വായനക്കാരായ ഞങ്ങൾക്ക് അറിയാം കഴിയും അന്തരാത്മാവിൽ അലിഞ്ഞു ചേർന്ന അനുഭവങ്ങളിൽ ചാലിച്ച് ആത്മനിഷ്ടയോടെ എഴുതിയത്താണോ അല്ലിയോ  എന്ന്.  പിന്ന 'നിർവികാര ഇടങ്ങളിൽ ചെന്നു ചേരുന്നു' എന്നുള്ളത് ഒരു അശുഭദര്‍ശിയുടെ കാഴ്ചപ്പാടാണ്.

വിദ്യാധരൻ 2017-04-12 13:10:31

 

"അമേരിക്കയിൽ മലയാളി അസോസിയേഷനുകളോട് ചേർന്ന് നിന്നാൽ മാത്രമേ ഒരു സാഹിത്യകാരന് തന്റെ രചനകൾ ആവിഷ്കരിക്കാൻ സാധിക്കുകയുള്ളൂ എന്ന മിഥ്യാ ധാരണ എനിക്ക് ഇല്ല." ഇത് മിഥ്യാ ധാരണമാതമല്ല തെറ്റായ ധാരണയുമാണ്. അപക്വമായ മനസ്സിന്റെ ആവേശവും.  അമേരിക്കൻ മലയാളി അസോസിയേഷനും, സൊസൈറ്റികൾക്കും, ഫോറത്തിനും, വേദികൾക്കും, സാഹിത്യ അക്കാർഡമികളിലും  ഒക്കെ കുറ്റങ്ങളും കുറവുകളും ഉണ്ട്. പക്ഷെ അതിനെ ഒക്കെ അടച്ചുപൂട്ടി ഞാനാണ് ശരിയെന്ന് വാദിക്കാൻ ഞാൻ തയാറല്ല. അത് ശരിയായ ഒരു 'വഴി' യുമല്ല. നിങ്ങളുടെയും നിങ്ങൾ പിന്താങ്ങുന്ന ആളുടെയും നിലപാടിനോട് ഒട്ടും യോജിക്കാൻ കഴിയില്ല.

 യേശു എന്ന ആചാര്യനെക്കുറിച്ച് ചിന്തിക്കുമ്പോൾ എന്നും ഒന്ന് വളരെ ശ്രദ്ധേയമാണ്. അദ്ദേഹം പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കാൻ ശ്രമിച്ചത്   സമൂഹത്തിനോട് ചേർന്ന് നിന്നുകൊണ്ടാണ്. ആ വഴികൾ നിങ്ങൾ ചെറുപ്പക്കാർക്ക് മാതൃക ആക്കി എടുക്കാം.  മലയാളി അസോസിയേഷനിലും സൊസൈറ്റിയിലും വേദികളിലും, ലാന ഫൊക്കാന ഫോമ ഇവിടെയൊക്കെ ഒക്കെ കടന്നു ചെല്ലണം. എന്നിട്ടു നിങ്ങളുടെ ലേഖനങ്ങളൂം കവിതകളും ഒക്കെ അവതരിപ്പിക്കണം നല്ലത് കണ്ടാൽ തള്ളിക്കളയുന്ന സമൂഹം ഇതാണ് സാഹിത്യം ഇതായിരിക്കണം സാഹിത്യം എന്നൊക്കെ പറഞ്ഞാൽ ആരും വകവെച്ചു തന്നെന്നിരിക്കില്ല.  ഞാൻ ചെന്ന് പറ്റാവുന്ന എല്ലാ മീറ്റിങ്ങുകളിലും എത്തിപിടിക്കും. എനിക്ക് അമേരിക്കയിലെ എല്ലാ എഴുത്തുകാരേം ഇഷ്ടമാണ്. അവരില്ലായെങ്കിൽ ഞാനില്ല.

 

ഒറ്റയ്ക്ക് നില്ക്കാനായല്ല നമ്മെ

ചിട്ടയിൽ സൃഷ്ടിച്ചത് ആരെന്നാലും

നമ്മളും പ്രകൃതിയും എന്നുമെന്നും

ഉൺമയിൽ വാണാൽ നല്ലതല്ലേ?

ഒന്ന് വിശകലനം ചെയ്‌തു നോക്കിൽ

ഒന്നാണ് നമ്മളും ചുറ്റുപാടും

പഞ്ചഭൂതങ്ങൾ  സർവ്വതിലും

തഞ്ചത്തിൽ ചേർത്തു വച്ചിരിപ്പു

എവിടെ ചിട്ടകൾ തെറ്റിടുമ്പോൾ

അവിടെ അസ്വാസ്ഥ്യം ഉടലെടുക്കും

മസിലിനാലെല്ലാം സാദ്ധ്യമല്ല


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക