Image

എനിയ്‌ക്കെതിരെയുള്ള ഗൂഡാലോചനയ്ക്കുപിന്നില്‍ പരസ്യക്കമ്പനി; ദിലീപ്

Published on 11 April, 2017
എനിയ്‌ക്കെതിരെയുള്ള ഗൂഡാലോചനയ്ക്കുപിന്നില്‍ പരസ്യക്കമ്പനി; ദിലീപ്

നടിക്ക് നേരെയുണ്ടായ ആക്രമണത്തിനു പിന്നില്‍ താനാണെന്ന മാധ്യമവാര്‍ത്തകള്‍ ഗൂഢാലോചനപരമാണെന്ന അവകാശവാദവുമായി നടന്‍ ദിലീപ് രംഗത്ത്. തന്നെ കുറ്റാരോപിത സ്ഥാനത്ത് നിര്‍ത്താനായി ഒരു പരസ്യക്കമ്പനി ഗൂഢാലോചന നടത്തിയെന്നും അദ്ദേഹം ആരോപിക്കുന്നു. താനാണ് ആ നടിക്ക് അവസരങ്ങള്‍ നല്‍കിയത്. എന്നിട്ടും തനിക്കെതിരെയുള്ള വാര്‍ത്തകള്‍ക്കെതിരെ അവര്‍ രംഗത്ത് വരാത്തതിലുള്ള നീരസവും താരം പ്രകടിപ്പിച്ചു. ജീവിതത്തിലെ ഏറ്റവും ഗ്ഷോക്കിം ആയ സംവമാണ് പ്രമുഖ നടിക്ക് നേരെ നടന്ന അക്രമത്തില്‍ തന്റെ പേര് പരാമര്‍ശിക്കപ്പെട്ടതെന്ന് നടന്‍ ദിലീപ് പറഞ്ഞു. താനാണ് അക്രമത്തിന് പിന്നിലെന്ന് കേട്ടപ്പോള്‍ ജീവിതം മടുത്തതായി തോന്നി. രാവിലെ എണീക്കുമ്പോള്‍ എന്താ ഏതാ എന്നറിയാത്ത ഒരു സാധനം നമുക്ക് നേരെ വരികയാണ്. ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിച്ചുവെന്നും ദിലീപ് പറഞ്ഞു. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തല്‍.

തിളക്കം എന്ന സിനിമയില്‍ അഥിതി വേഷത്തില്‍ ആ നടി വേഷം ചെയ്തിരുന്നു. അതിന് താനാണ് സഹായിച്ചത്. അടുത്ത തന്റെ ചിത്രത്തില്‍ ഈ നടിയെ താന്‍ നായികയാക്കി. ഇവരെ എന്തിന് നായികയാക്കുന്നു എന്ന് അന്ന് പലരും തന്നോട് ചോദിച്ചതായും ദിലീപ് പറയുന്നു. അവര്‍ ഭാവിയിലെ ഹീറോയിന്‍ ആണെന്നായിരിന്നു തന്റെ മറുപടി. അതിനുശേഷം ആറോ ഏഴോ സിനിമയില്‍ ഒന്നിച്ചഭിനയിച്ചു. ഈ എല്ലാസിനിമയിലും നിര്‍മ്മാതാവോ സംവിധായകനോ ഇവരെ നായികയാക്കണമെന്ന് തന്നോട് പറഞ്ഞിട്ടില്ല. താനാണ് ഇവരെ നായികയാക്കണമെന്ന് ആവശ്യപ്പെട്ടത്. തെറ്റില്ലാതെ അഭിനയിക്കുന്ന ആര്‍ക്കും ചെയ്യാവുന്ന വേഷങ്ങളാണ് അതെല്ലാം. അവരുടെ അച്ഛനുമായി തനിക്ക് അടുപ്പമുണ്ട്, ബഹുമാനമുണ്ട്. ഒരു പാവം മനുഷ്യനാണെന്നും ദിലീപ് പറയുന്നു. അവരുടെ ബുദ്ധിമുട്ടും കാര്യങ്ങളും അറിയുന്നതിനാല്‍ താന്‍ പരമാവധി അവരെ സഹായിച്ചു. പിന്നീട് ചില സാഹചര്യങ്ങളില്‍ അവരുടെ പെരുമാറ്റങ്ങളും രീതികളും ഇഷ്ടപ്പെടാത്തതിനെ തുടര്‍ന്ന് താന്‍ മാറിയെന്നും ദിലീപ് പറഞ്ഞു.

കുറച്ചുകാലം മുന്‍പ് ഒരു മാസികയില്‍, ഒരു സുപ്പര്‍ താരം തന്റെ ചിത്രങ്ങള്‍ മുടക്കുന്നു എന്ന് ആ നടി ആരോപിച്ചിരുന്നു. തന്റെ പേര് പറയാത്തതിനാല്‍ താന്‍ പ്രതികരിക്കാന്‍ പോയില്ലെന്നും ദിലീപ് പറഞ്ഞു. അതിന് ശേഷമാണ് ഈ പീഡനപ്രശ്‌നം. അത് കേട്ടപ്പോള്‍ ഞെട്ടിയെന്നും ദിലീപ് വിശദീകരിക്കുന്നു. രാമലീലയുടെ ഷൂട്ടിംഗിനിടെ വൈറല്‍ പനി പിടിച്ച്, തളര്‍ന്നുകിടക്കുകയായിരുന്നു താന്‍. അറിഞ്ഞയുടന്‍ ചാടിഎണീറ്റ് രമ്യനമ്പീശനെ വിളിച്ചു. രമ്യയുടെ അമ്മയോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. എല്ലാവരും കൂടെയുണ്ടെന്ന് അവരോട് പറയുകയും ചെയ്തു.

രണ്ട് ദിവസം കഴിഞ്ഞപ്പോളാണ് സാധനം നമുക്ക് നേരെ തിരിഞ്ഞുവന്നത്. സിനിമ ബ്ലോക്ക് ചെയ്തിരുന്ന പ്രമുഖ നടനാണ് പിന്നിലെന്നാണ് പ്രധാന ആരോപണം. ആകെ രണ്ടോ മൂന്നോ സിനിമ മാത്രം ചെയ്യുന്ന ആളാണ് താന്‍. ഒരു നായകനെയും വിളിച്ച് അവരെ അഭിനയിപ്പിക്കരുതെന്ന് താന്‍ പറഞ്ഞിട്ടില്ല. തന്റെ സിനിമയില്‍ വേണ്ടെന്നേ താന്‍ പറഞ്ഞിട്ടുള്ളൂവെന്നും ദിലീപ് വ്യക്തമാക്കി. തമിഴിലും കന്നടയിലും തെലുങ്കിലുമൊന്നും തനിക്ക് വലിയ പിടിയില്ല. വെറുതെ കാര്യമില്ലാത്ത കാര്യങ്ങളാണ് പേരില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചത്. കഴിവും സൗന്ദര്യവും മാത്രമല്ല, ദൈവാനുഗ്രഹവും അവസരത്തിലെ പ്രധാനഘടകമാണ്. അതൊന്നും മനസിലാക്കാതെയായിരുന്നു തനിക്കെതിരെയുള്ള ആരോപണങ്ങള്‍. അവര്‍ക്ക് അങ്ങനെയൊരു കാര്യം നേരിട്ടതില്‍ സങ്കടമുണ്ട്. മഞ്ഞപത്രങ്ങളിലൂടെ തനിക്കെതിരെ വിഷയത്തില്‍ പല വാര്‍ത്തയും വന്നു. അതില്‍ പ്രമുഖമായിരുന്നു റിയല്‍ എസ്‌റ്റേറ്റ് ബിസിനസെന്നും ദിലീപ് പറയുന്നു. അത്തരത്തില്‍ ഒരു ഭൂമിയുണ്ടെന്ന് തെളിയിക്കുന്ന പത്രക്കാര്‍ക്ക് ആ ഭൂമി വിട്ടുതരുമെന്ന് ദിലീപ് വെല്ലുവിളിച്ചു.

ഫെയ്‌സ്ബുക്കിലൊക്കെ സജീവമായി നില്‍ക്കുന്നയാളാണ് ആ നടി. താനാണ് അവരെ ആദ്യമായി നായികയാക്കിയതും, ഇത്രയുംഅവസരങ്ങള്‍ നല്‍കിയതും. ഇങ്ങനെ ഒരു സംഭവത്തില്‍ താനുമായി യാതൊരു ഇടപാടുമില്ലെന്ന് ഒരു പോസ്റ്റ് നടിക്കിടാം. പക്ഷേ ഈ മൗനം അത് വല്ലാത്ത വിഷമമാണ്. പക്ഷേ രണ്ട് ദിവസം കൊണ്ട് പഴയ ജീവിതത്തിലേക്ക് തിരിച്ചുവന്ന അവരുടെ ചങ്കൂറ്റത്തെ താന്‍ അഭിനന്ദിക്കുന്നുവെന്നും ദിലീപ്അറിയിച്ചു.

സത്യത്തില്‍ എന്താ സംഭവിച്ചതെന്ന് വാദിയായ ആള്‍ക്കും പ്രതിയായ ആള്‍ക്കും മാത്രമേ അറിയൂ. പക്ഷേ ഇപ്പൊ ആര്‍ക്കും ഒന്നും അറിയേണ്ട, നിരാഹാരം കിടക്കാനും ആരുമില്ല. (മഞ്ജുവിന്റെ പേരില്‍ വന്ന വാര്‍ത്തയെ ഉദ്ദേശിച്ചാകണം).

ഗൂഢാലോചനയും ക്വട്ടേഷനുമെല്ലാം തനിക്കെതിരെയായിരുന്നു, ശരീരത്തില്‍ ആരും തൊട്ടില്ല എന്നേ വ്യത്യാസമുള്ളൂ. താന്‍ ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിച്ചുവെന്നും ദിലീപ് വ്യക്തമാക്കി. തനിക്കെതിരെ വാര്‍ത്തകള്‍ ചമച്ചത് കോടികളുടെ പരസ്യം നല്‍കുന്ന ഒരു പരസ്യക്കമ്പിനിയാണെന്നും ദിലീപ് ആരോപിച്ചു. തന്നെ മഫ്ടിയിലെത്തിയ പൊലീസ് ചോദ്യം ചെയ്‌തെന്ന് പ്രമുഖ പത്രത്തിന്റെ ഒന്നാം പേജിലുള്‍പ്പെടെ വന്നു. തന്നെ ചലച്ചിത്ര മേഖലയില്‍ നിന്ന് പുറത്താക്കുമെന്നാണ് ഒരു പരസ്യക്കമ്പനി മുതലാളി പ്രഖ്യാപിച്ചത്.

ബോംബെയില്‍ നിന്നുള്ള ഒരു ഇന്റര്‍നെറ്റ് പത്രത്തില്‍ നിന്നാണ് ഈ വാര്‍ത്ത ആദ്യംവരുന്നത്. ബോംബെയിലുള്ള അധോലോകത്തിനും താനൊരു വിഷയമായിരിക്കുമെന്ന് ദിലീപ് അവകാശപ്പെട്ടു. അവിടുത്തെ ആളുകള്‍ക്ക് ഇത് എന്നിലേക്ക് അക്കിവെക്കണമെന്ന് എന്താണ് താല്പര്യമെന്നും ദിലീപ് ചോദിക്കുന്നു. മാധ്യമങ്ങളിലെ വാര്‍ത്താ അവതാരകരുടെ പേരുള്‍പ്പെടെ പരാമര്‍ശിച്ചാണ് ഇക്കാര്യങ്ങള്‍ ദിലീപ് വിശദീകരിക്കുന്നത്.

ജീവിതത്തില്‍ മൊത്തത്തില്‍ പൂരമാണെന്നും ദിലീപ് പറഞ്ഞു. മാധ്യമങ്ങളില്‍ നിന്ന് താന്‍ മാറിനിന്നിട്ടില്ല. മാധ്യമങ്ങളെ കാണുന്നത് ജോര്‍ജേട്ടന്‍സ് പൂരം ഇറങ്ങിയശേഷമാകാമെന്ന് തീരുമാനിച്ചു.കുടുംബപ്രേക്ഷകള്‍ കൈവിട്ടുവെന്ന പ്രചരണമുണ്ടായി. ജോര്‍ജേട്ടന്‍സ് പൂരത്തിലൂടെ അത് മാറ്റിയ ശേഷമാണ് ഈ അഭിമുഖത്തിന് വന്നിരിക്കുന്നതെന്നും ദിലീപ് പറയുന്നു. പ്രേക്ഷകര്‍ കൂടെയുണ്ടെന്ന ധൈര്യമുണ്ട്. ആരെന്ത് പറഞ്ഞാലും അവര്‍ തന്നെ വിശ്വസിക്കും. എത്ര മോശം സിനിമയായാലും പിന്തുണയ്ക്കുന്ന ആളുകളുണ്ട്, അവരിലാണ് വിശ്വാസം താന്‍ ഒരു നിമിഷം കൊണ്ട് പൊട്ടിമുളച്ചതല്ല. 25 കൊല്ലമായി വേദിയില്‍, 21 കൊല്ലമായി സിനിമയില്‍. ആ അനുഭവമുണ്ട് കൂടെ. അതിനാല്‍മഞ്ഞപ്പത്രങ്ങള്‍ ജീവിക്കാന്‍ വേണ്ടിയുണ്ടാക്കുന്ന കഥകള്‍ക്ക് ചെവികൊടുക്കാറില്ലെന്നും ദിലീപ് മനോരമയോട് പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക