Image

വീടിലേയ്ക്കുള്ള വഴി (കവിത: റോബിന്‍ കൈതപ്പറമ്പ്)

Published on 11 April, 2017
വീടിലേയ്ക്കുള്ള വഴി (കവിത: റോബിന്‍ കൈതപ്പറമ്പ്)

വീട്ടിലേയ്ക്ക് എന്നുഞാന്‍ എത്തിടും എന്‍സഖീ
വീട്ടിലേയ്ക്കുള്ള വഴി എന്നോടാരോതും
വീടെന്നും ഓര്‍മ്മയില്‍ ഉള്‍പുളകമായ്
വിരിയുന്ന നൊമ്പര പൂവു പോലെ

വീടൊരു ഓര്‍മ്മയായ് മാറിയതെന്നെനിക്ക്
അറിയില്ല ആരുമെ ചൊല്ലിയില്ല
തൊടിയിലെ പൈക്കളും, മൂവാണ്ടന്‍ മാവും
കളകളമൊഴുകിയ ചേലുള്ളൊരരുവിയും

അണ്ണാറക്കണ്ണനും, തെച്ചിയും, മുല്ലയും
കാറ്റിലായ് നിറയുന്ന പൂക്കളിന്‍ ഗദ്ധവും
മുത്തശ്ശിക്കഥയിലെ രാജാവും, റാണിയും
സ്വപ്നത്തിലായി വന്നൊരാ ബാല്യവും

അനുജനോടടിയിട്ട് മിണ്ടാതിരുന്നതും
മാമ്പഴം കാട്ടീട്ട് പിന്നെ അടുത്തതും
ഒന്നിച്ച് മഴയില്‍ കളിക്കാനിറങ്ങിയതി
നച്ചന്റെ ചൂരലിന്‍ മധുരം നുണഞ്ഞതും

അമ്മതന്‍ വാത്സല്യം തലോടലായാ
അച്ചന്റെ ചൂരലിന്‍ നോവു മായിച്ചതും.
എവിടെയാണെല്ലാം നഷ്ടപ്പെടുത്തിയത്
ഓര്‍മ്മിച്ചെടുക്കുവാന്‍ ആവില്ല തെല്ലും

വീണ്ടുമെനിക്ക് മടങ്ങേണം വീട്ടിലേയ്ക്ക്
എന്‍ ഗ്രഹം എന്നെ കാത്തിരിപ്പുണ്ടാം
കലങ്ങള്‍ ഏല്‍പിച്ചൊരെന്‍ മുറിപ്പാടിലേക്ക്
ഇറ്റിറ്റ് വീഴ്ത്തണം അമ്മതന്‍ വാത്സല്യം
മാപ്പെനിക്കേകിടു കാലമേ ഞാനും

മടങ്ങട്ടെ എന്റെ വീട്ടിലേയ്ക്കായി
അമ്മതന്‍ ഗര്‍ഭത്തിലെന്ന പോലെന്‍
വീടിന്റെ ഉള്ളില്‍ ഞാന്‍ നിര്‍ഭയം നില്‍ക്കട്ടെ
ഓടിക്കളിച്ചൊരെന്‍ മിറ്റവും, തൊടിയും
മധുരമായ് നിറയട്ടെന്‍ ഓര്‍മ്മയിലെന്നും
Join WhatsApp News
വിദ്യാധരൻ 2017-04-12 06:23:05

 വഴി തെറ്റുന്നവർ

അന്ന് ഞങ്ങൾ നിന്നോട് ചൊന്നതല്ലേ
നന്നാകില്ല നിൻ വഴി ശരിയല്ലയെന്ന്
കൂട്ടാക്കിയില്ല നീ ഒട്ടും എന്നാൽ
കൂട്ടുകാരോടൊത്തു പൊയ്ക്കളഞ്ഞു
അപ്പനും അമ്മയും ചൊന്നതൊക്കെ
ചപ്പുചവറായ് നീ തിരസ്കരിച്ച
എത്രത്ര രാവുകൾ തേങ്ങി ഞങ്ങൾ
തത്രപ്പെട്ടേറെ നെഞ്ചിലെ തീയണയ്ക്കാൻ
എന്നാലും നീ ഞങ്ങടെ പുത്രനല്ലേ
വന്നാട്ടെ വാതിൽ തുറന്നിരിപ്പൂ
വഴിതെറ്റിപോകാത്ത മർത്ത്യരുണ്ടോ
പഴിയ്ക്കില്ല ഒന്നിനും നിന്നെ ഞങ്ങൾ
നഷ്ടമായതു തിരികെ വന്നാൽ
ഇഷ്ടമില്ലാത്ത മനുഷ്യരുണ്ടോ?
കാണാതെ പോയതു കണ്ടുകിട്ടി
ഓണമാണിനി ഇവിടെ എന്നും


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക