Image

കാല്‍വരിയില്‍ നിന്ന്! (കവിത: ജയന്‍ വര്‍ഗീസ്)

ജയന്‍ വര്‍ഗീസ് Published on 12 April, 2017
കാല്‍വരിയില്‍  നിന്ന്!  (കവിത: ജയന്‍  വര്‍ഗീസ്)
( കഠിന  പീഡനങ്ങള്‍   ഏറ്റുവാങ്ങിക്കൊണ്ട്   കുരിശുമരണത്തിലേക്ക്   നടന്നടുക്കുന്ന   അരുമപ്പുത്രനെ   അകലെ  നിന്ന്  വീക്ഷിക്കുന്ന  
അമ്മമനസ്സിന്റെ   തേങ്ങലുകളാണ്  ഈ  കവിത.)

പൊന്നോമല്‍കരളേ   നിന്‍
ചെന്നിണപൂമേനിയില്‍
ഒന്നുമ്മ  വയ്ക്കാന്‍   പോലും
അമ്മക്കിന്നാവില്ലല്ലോ ?

ചമ്മട്ടി   വീശാന്‍   മാത്രം
തെമ്മാടിക്കൂട്ടം  നിന്റെ
യുള്ളിലെ  സ്‌നേഹത്തിന്റെ
കിളിയെ  കശക്കുന്‌പോള്‍ ,

തറഞ്ഞ   മുള്ളില്‍  നിന്നും
കിനിഞ്ഞ   ചോരത്തള്ളി
പരന്നു   വീണിട്ടേവ
മുഴന്നു   നീ   നോക്കുന്‌പോള്‍ ,

ചുമലില്‍   നീ   പേറുന്ന
കുരിശിന്‍   ഭാരത്താലേ
കുനിഞ്ഞു  പോകും  നിന്റെ
യുടലില്‍  നീ  വീഴുന്‌പോള്‍,

ഒന്നടുത്തെത്താന്‍   കൂലി
പ്പടയെ   രൗദ്രത്തിന്റെ 
ചെങ്കനല്‍ത്തീയില്‍   തള്ളി
നിന്നെ   വീണ്ടെടുക്കുവാന്‍,

അമ്മതന്‍  മോഹം  പറ
നടുത്തെത്തുന്നൂ   പക്ഷെ,
ഒന്നുമാവാതെ   തക
ര്‍ന്നടിഞ്ഞു   വീണീടുന്നു!

എന്തപരാധം   നിന്നെ
കൊലക്കു   കൊടുക്കുവാന്‍?
ചിന്തയില്‍   സ്‌നേഹത്തിന്റെ
മുന്തിരി   നിറച്ചതോ?

അദ്ധ്വന   ഭാരം   പേറി
ത്തളര്‍ന്ന  മനുഷ്യനോ
രത്താണിയായി   ത്തീര്‍ന്നീ
സത്യങ്ങള്‍   പറഞ്ഞതോ?

പാപ  പുസ്തകത്തിന്റെ
താളുകള്‍   കീറിക്കീറി
പാപിനിപ്പെണ്ണിന്‍   ജീവന്‍
ഏറില്‍   നിന്നണച്ചതോ ?

കടലും,  കാറ്റും,  പിന്നെ
വയലില്‍പ്പൂവും,  മീനും, 
ഇടയപ്പാട്ടും,  വിത
ക്കിറങ്ങാ  പ്പക്ഷികുഞ്ഞും,

ഒരുപോല്‍   കരളിലെ
കനവായ്   പേറിത്തനി
തെരുവിലലയുന്ന
തെണ്ടിയായ്   നടന്നതോ?

തല  ചായ്ക്കുവാന്‍   പോലു
മിടമില്ലാതെ   യൊറ്റ
തുണിയില്‍   വിശപ്പിന്റെ
വേദന  യറിഞ്ഞതോ?
               
മാനവ   സമൂഹത്തിന്‍
നീതി   ശാസ്ത്രങ്ങള്‍   നിന്നെ
യാണിയില്‍   തറക്കുന്‌പോ
ളൊന്നവരറിഞ്ഞില്ലാ ,

കാലമാകുന്നൂ   വധി
ച്ചൊടുക്കാന്‍   കഴിയാത്ത
ഭാവമാകുന്നൂ   വീണ്ടും
ജനിക്കാനിരിക്കുന്നു !

ഏതു   കാലത്തും   പീലാ
ത്തോസുമാരുയിര്‍ക്കുന്നൂ ,
നീതി  ശാസ്ത്രത്തിന്‍   കഴു
മരങ്ങളുയര്‍ത്തുന്നു !

പിടഞ്ഞു   പിടഞ്ഞു   നീ
കുരിശില്‍   മരിക്കുന്‌പോള്‍,
ഇരുളില്‍   പുലരിയായ്
ഇനിയുമുയിര്‍ക്കുന്നു !!

കാല്‍വരിയില്‍  നിന്ന്!  (കവിത: ജയന്‍  വര്‍ഗീസ്)
Join WhatsApp News
വിദ്യാധരൻ 2017-04-13 06:57:08

എത്ര നാളായി നിങ്ങളെന്നെ
ചാട്ടവാറുകൊണ്ടടിച്ചിടുന്നു?
എത്ര നാളായി നിങ്ങളെന്നെ
ക്രൂശിച്ചു ക്രൂശിച്ചു കൊന്നിടുന്നു?
എന്നാണ് ഇതിനൊരന്ത്യമെന്ന്
ചൊല്ലാമോ കൂട്ടരേ നിങ്ങളൊന്ന്?
പുത്തനൊരാകാശോം ഭൂമിയും ഞാൻ
സ്വപ്നങ്ങൾ കണ്ടു നടന്നിരുന്നു
ഇവിടെ സമത്വവും സാഹോദര്യം
വരണേയെന്നു ഞാൻ ആഗ്രഹിച്ചു
ചൊല്ലിയും കാണിച്ചും നിങ്ങളെ ഞാൻ
നേർവഴിക്കാക്കാൻ ശ്രമിച്ചിരുന്നു
കുരിശെടുത്തെൻ പിന്നാലെ വന്നിടുവാൻ
വിളിച്ചപ്പോൾ നിങ്ങൾ തിരിച്ചുപോയി,
മരകുരിശെനിക്കായി തീർത്തു നിങ്ങൾ
തിരികെ വന്നതിൽ ക്രൂശിച്ചെന്നെ
കുന്തത്താൽ കുത്തിയും പീഡിപ്പിച്ചും
നിങ്ങൾ ആർത്തട്ടഹസിച്ചു
പങ്കിലമായ  എൻ വസ്ത്രമൊക്കെ
പങ്കിട്ടു നിങ്ങൾ നിന്ദയോടെ
മതി മതി നിങ്ങടെ നാടകങ്ങൾ
മതിയാക്കു നിങ്ങടെ കാപട്യങ്ങൾ
വെറുമൊരു സാധാരണക്കാരൻ  ഞാനോ
കൊതിച്ചത് പുതിയൊരു ലോകമത്രെ
സ്നേഹത്തിൻ പാശത്തിൽ ബന്ധിതമാം
പുതിയൊരു ഭൂമിയും ആകാശവും
അവിടെ മനുഷ്യർക്ക് ശ്വസിച്ചീടാം
സ്വാതന്ത്യത്തിൻ പ്രാണവായു എന്നുമെന്നും
എഴുതുക  കവികളെ അതിനായി നിങ്ങൾ
കവിതകൾ; മാലോകർ സത്യം അറിഞ്ഞിടിട്ടെ
മതി മതി നിങ്ങടെ നാടകങ്ങൾ
മതിയാക്കു നിങ്ങടെ കാപട്യങ്ങൾ


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക