Image

വിഷുക്കണി കണ്ട് മലയാളം (അനില്‍ പെണ്ണുക്കര)

Published on 13 April, 2017
വിഷുക്കണി കണ്ട് മലയാളം  (അനില്‍ പെണ്ണുക്കര)
ലോകത്ത് ആഘോഷങ്ങള്‍ ഏറ്റവും കൂടുതല്‍ ഉള്ളത് കേരളത്തിലാണെന്ന് . ഒരു ഉത്സവം കഴിയുമ്പോള്‍ മറ്റൊന്ന്.മലയാളിയോളം ഭാഗ്യം ചെയ്തവര്‍ വേറെ ഉണ്ടാകുമെന്ന് തോന്നുന്നില്ല .കേരളീയരുടെ പ്രധാന ആഘോഷങ്ങളാണ് ഓണം, തിരുവാതിര, വിഷു എന്നിവ. ഓണം ഒരു ജനസമൂഹത്തിന്റെ മുഴുവനും ആഹ്‌ളാദവും ആഘോഷവും ഉള്‍ക്കൊള്ളുന്നു. തിരുവാതിര സ്ത്രീകളുടെ വിശേഷ ദിവസമാണ്. അന്ന് വ്രതാനുഷ്ഠാനങ്ങളും ശിവദര്‍ശനവും ഉപവാസാദികളും അനുഷ്ഠിച്ച് നെടുമംഗല്യത്തിന് പ്രാര്‍ത്ഥിക്കുന്നു, സ്ത്രീകളും പെണ്കുട്ടികളും.
'കള്ളന്‍ ചക്കേട്ടു, കണ്ടാല്‍ മിണ്ടണ്ട
കൊണ്ടേയ് തിന്നോട്ടെ, വിത്തും കൈക്കോട്ടും'
ഈ നാടന്‍പാട്ട് എവിടെയെങ്കിലും കേട്ടാല്‍ വിഷു വരവായി എന്നോര്‍ക്കണം .വിഷു കര്‍ഷകരുടെ ഒരാഘോഷമായിരുന്നു മുമ്പ്. കാര്‍ഷിക കേരളത്തിന്റെ ഒരാഘോഷം. അത് ഗ്രാമങ്ങളിലും നഗരങ്ങളിലും ആഘോഷിക്കാറുണ്ടെങ്കിലും പ്രധാനമായും അന്ന് കാര്‍ഷികവൃത്തിയുടെ ആരംഭച്ചടങ്ങുകള്‍ക്കായിരുന്നു പ്രാധാന്യം. കൃഷിയായുധങ്ങള്‍ നന്നാക്കുക, കലപ്പയും കൊഴുവും മറ്റും ശരിപ്പെടുത്തുക, കാളകളെ പരിപാലിച്ച് ഉഴുവാന്‍ തയ്യാറാക്കി നിര്‍ത്തുക എന്നിവയെല്ലാം വിഷുവിന് മുമ്പേ നടന്നിരിക്കും. സമൃദ്ധിയുടെ കാലവുമാണ് വിഷുവല്‍ പുണ്യകാലം. ചക്ക, മാങ്ങ, തേങ്ങ, പച്ചക്കറികള്‍, വാഴപ്പഴങ്ങള്‍ എന്നിവയൊക്കെ ധാരാളമുള്ള കാലം. കൊന്ന പൂത്തുലയുന്ന കാലവുമാണത്.

വരണ്ടുകിടന്ന പാടങ്ങള്‍ ഇടമഴ പെയ്തു കുളിര്‍ത്ത് പച്ചപുതയ്ക്കാന്‍ തുടങ്ങിയിരിക്കും. വിഷുപ്പക്ഷിയുടെ പാട്ടുകള്‍ കര്‍ഷകഹൃദയങ്ങളില്‍ ആഹ്‌ളാദമുയര്‍ത്തും.

സമൃദ്ധമായി ചക്കയും മാങ്ങയുമൊക്കെയുണ്ടെങ്കിലും സ്വന്തമായി അതൊന്നുമില്ലാത്ത പാവങ്ങള്‍ കുറച്ചൊക്കെ മോഷണവും നടത്തും. കൃഷിക്കാര്‍ അതൊന്നും സാരമാക്കാറില്ല. നല്ലൊരു കൃഷിക്കാരനായിരുന്നു നാണുക്കുറുപ്പ്. കൃഷിയുടെ എല്ലാ പാഠങ്ങളും വ്യക്തമായിത്തന്നെ അനുഭവത്തില്‍ പഠിച്ചറിഞ്ഞ ഈ വയോവൃദ്ധന്‍ എന്നും ഞങ്ങളുടെ തറവാട്ടില്‍ വരും. അദ്ദേഹമാണ് ഈ പാട്ടിന്റെ അര്‍ത്ഥം പറഞ്ഞുതന്നത്. 'ചക്കയും, മാങ്ങയും, തേങ്ങയുമൊക്കെ പ്രകൃതിയുടെ വരദാനങ്ങളാണ്. വിശപ്പടക്കാന്‍ ഒരു ചക്കയിട്ടുകൊണ്ടുപോയാല്‍ അത് കണ്ടതായി നടിക്കരുത്.നിങ്ങള്‍ക്കു കയ്യിന്നു ബലവും, ആയുധമായി കൈക്കോട്ടും, വിതക്കാന്‍ വിത്തുമുള്ളപ്പോള്‍ എന്തിനാണ് വേവലാതി'? എന്നാണത്രെ അര്‍ത്ഥം. വിഷുകണിക്ക് തലേന്ന് സകലരും ഉത്സാഹത്തിമിര്‍പ്പിലായിരിക്കും. കണിവെക്കാനുള്ള ഒരുക്കങ്ങള്‍ ഒരുവശത്ത്, വിഷുച്ചാല്‍ പൂട്ടാനും വിത്തു നനയ്ക്കാനും ഭൂമിപൂജയ്ക്കുമുള്ള ഒരുക്കങ്ങള്‍ മറുവശത്ത്.കൊന്നപ്പൂവ്, കണിവെള്ളരി, ചക്ക, മാമ്പഴം, പഴുക്കടക്ക, വെറ്റില, അഷ്ടമംഗല്യം, ഉരുളി, ഉണങ്ങല്ലരി, അലക്കിയ തുണി എന്നിവ കണിവെയ്ക്കുന്നതിന്റെ തലേന്നുതന്നെ തയ്യാറാക്കി വെക്കണം.

പലരും മുമ്പ് രണ്ടരക്കും 5 നും ഇടയിലൊരു സമയത്താണ് വിഷുക്കണി വെയ്ക്കുന്ന മുഹൂര്‍ത്തം വരിക പതിവ്. ഭൂരിപക്ഷം ജനങ്ങളും ഗുരുവായൂരില്‍ കണിവെയ്ക്കുന്ന സമയത്താണ് ഗൃഹത്തിലും കണിവെയ്ക്കുക. കണി കാണുന്നതും ആ സമയം നോക്കിയാവും. രാത്രിയാണ് കണി ഒരുക്കുക.സാമാന്യം വലിയ ഒരു ഉരുളിയില്‍ മൂന്നു നാഴിയോ അഞ്ചുനാഴിയോ അരി(ഉണങ്ങല്ലരിയോ, പച്ചരിയോ) ഇട്ട് അത് സമമായി പരത്തിവെക്കും. അതില്‍ ഒരറ്റത്ത് കണിവെള്ളരി വെക്കുന്നു. അതിന്മേല്‍ ചാരി വാല്‍ക്കണ്ണാടി വെക്കും. വെള്ളരിക്കയുടെ മീതെ ധാരാളം കൊന്നപ്പൂവുകള്‍ വെക്കും. വാല്‍ക്കണ്ണാടിയില്‍ മുല്ലമാല, സ്വര്‍ണ്ണമാല എന്നിവ ചാര്‍ത്തും. അരിയില്‍ അവിടവിടെയായി ചാന്ത്, കണ്മഷി, കുങ്കുമം, വെറ്റില, പഴുക്കടക്ക തുടങ്ങിയവ വെക്കുന്നു. മാമ്പഴവും വെക്കും. ഈ ഉരുളിയുടെ ചുറ്റുമായി വെള്ളരിക്കകള്‍, ചക്ക, മാമ്പഴങ്ങള്‍, പഴുക്കടക്കാക്കുല എന്നിവ വെച്ച് കൃഷിക്കാര്‍ കണിക്ക് ഭംഗി വരുത്താറുണ്ട്. ഒരു നാളികേരം നടുകെ ഉടച്ച്, വെള്ളം തുടച്ചശേഷം അതില്‍ എണ്ണയൊഴിച്ച്, രണ്ടു തേങ്ങാമുറികളിലും അരിത്തിരി വെക്കുന്നു. (അലക്കിയ വെള്ളത്തുണി സമചതുരത്തില്‍ ചീന്തിയെടുത്ത്, അതില്‍ മൂന്നുനുള്ള് അരിവെച്ചുകെട്ടി തിരിപോലെയാക്കണം) ഈ അരിത്തിരി കൊളുത്തലാണ് കണി കൊളുത്തല്‍ എന്നു പറയുന്നത്.

ഉരുളിക്കുപിന്നില്‍ ഒരു വലിയ നിലവിളക്കു വെച്ച് അതില്‍ എണ്ണയൊഴിച്ച് അന്ച്ചുതിരിയിട്ടു വെക്കണം. ഈ വിളക്കിനും പിന്നിലായി ഗുരുവായൂരപ്പന്റെയോ ഇഷ്ടദേവതയുടെയോ പടമോ വിഗ്രഹമോ വെക്കുന്നു. ചിലര്‍ കണിവെക്കുന്ന ഉരുളിയില്‍ മുഖക്കണ്ണാടി വെക്കാറുണ്ട്. ഇത്തരം ആചാരങ്ങള്‍ക്ക് കാല, ദേശ വ്യത്യാസമനുസരിച്ച് ചില്ലറ വ്യത്യാസങ്ങള്‍ വരിക സാധാരണമാണ്. കണി ഒരുക്കിവെച്ച് എല്ലാവരും ഉറങ്ങുന്നു. ഗൃഹനാഥനോ, ഗൃഹനാഥയോ കണിവെച്ചതിടുത്ത് ഒരു കിണ്ടിയില്‍ വെള്ളവും വെച്ചാണ് അതിനടുത്തായി ഉറങ്ങുക. സമയമായാല്‍ എഴുന്നേറ്റ് വെള്ളമെടുത്ത് കാലും മുഖവും കഴുകി ആദ്യം നിലവിളക്ക് കൊളുത്തും. ദേവനെ തൊഴുത് ഇക്കൊല്ലം ഈ കണികണ്ടവര്‍ക്കെല്ലാം നല്ല ഫലങ്ങള്‍ അരുളി അനുഗ്രഹിക്കണേ! എന്നു പ്രാര്‍ത്ഥിച്ചശേഷം തേങ്ങാമുറിയിലെ അരിത്തിരി കത്തിക്കുന്നു. സ്വയം കാണികണ്ടശേഷം കുടുംബാംഗങ്ങളെ വിളിച്ചുണര്‍ത്തി കണി കാണിക്കുന്നു. ഉരുളിയുടെ മുമ്പില്‍ ഒരു പലക ഇട്ടിരിക്കും. കണ്ണടച്ചു കണികാണാന്‍വരുന്നവരെ ഈ പലകയിലിരുത്തി കൈകൊണ്ട് ഉരുളിയില്‍ പിടിപ്പിച്ചശേഷം കണ്ണു തുറന്നുകൊള്ളാന്‍ പറയും. ഇങ്ങിനെ ഭക്തിവിശ്വാസങ്ങളോടെ കണികണ്ടാല്‍ ആ കൊല്ലം കാര്യതടസ്സങ്ങളോ ചീത്തകാര്യങ്ങളോ ഉണ്ടാവില്ലെന്നാണ് വിശ്വാസം. എല്ലാവരും കണികണ്ടു കഴിഞ്ഞാല്‍ ഉരുളിയെടുത്ത് കിഴക്കുവശത്തുവന്നു സൂര്യന് കണികാണിക്കും. പശുക്കള്‍ ഉള്ളവര്‍ തൊഴുത്തിനടുത്തു കൊണ്ടുപോയി പശുക്കള്‍ക്കും കണി കാണിക്കും. പിന്നെ ആദ്യം ഉരുളിവെച്ച സ്ഥലത്തു തന്നെ കൊണ്ടുവന്നുവെയ്ക്കും. ഇതോടെ വിഷുക്കണി കാണല്‍ പൂര്‍ത്തിയാവും. ക്ഷേത്രങ്ങളില്‍ കണിവെയ്ക്കുന്നതും ഈ രീതിയിലാണ്. ചിലര്‍ തലേന്നുതന്നെ ക്ഷേത്രങ്ങളിലെത്തി പുലര്‍ച്ചെ കാണികാണാറുണ്ട്. ശ്രീ ഗുരുവായൂരപ്പന്റെ കണി കാണല്‍ വരുന്നവര്‍ നിരവധിയാണ്.

കണി കണ്ടശേഷം പടക്കം, പൂത്തിരി, നിലച്ചക്രം, മത്താപ്പ് മുതലായവ പൊട്ടിച്ചും കത്തിച്ചും കുട്ടികള്‍ ആഹ്‌ളാദിക്കും. അപ്പോഴേക്കും വിഷുകൈനീട്ടം നല്‍കാന്‍ ഗൃഹനാഥന്‍ എല്ലാവരേയും വിളിക്കും. എല്ലാവര്‍ക്കും വിഷുക്കൈനീട്ടം കൊടുക്കും. അതോടെ വിഷുവിന്റെ ചടങ്ങുകള്‍ കഴിഞ്ഞു. ഉച്ചയ്ക്ക് സദ്യയും ഉണ്ടാകും.

എന്നാല്‍ കര്‍ഷകന് വിഷു തുടങ്ങുന്നത് അപ്പോഴാണ്. ഒരപ്പം ചുട്ട് അതും പൂക്കളുമൊക്കെ വെച്ച് അതിനു മുമ്പില്‍ ഒരു വിളക്ക് കൊളുത്തിവെക്കും. ഭൂമീദേവിയോടു, അക്കൊല്ലം നല്ല വിളവ് നല്‍കണേ! എന്നു പ്രാര്‍ത്ഥിക്കുന്ന ചടങ്ങാണിത്. എന്റെ ബാല്യകാലത്ത് തലച്ചെരുമന്‍ മുല്ലനാണ് ഈ പൂജ നടത്തുക. ഇക്കാലത്ത് ഇതൊക്കെ ഉണ്ടോ എന്നറിയില്ല. അക്കാലത്ത് തലച്ചെറുമന് കൃഷിക്കാര്യത്തില്‍ വലിയ അധികാരവും അവകാശവും ആയിരുന്നു. വിഷുവിനാണ് വിഷുച്ചാല്‍ പൂട്ടുക. ഇതും തലച്ചെറുമനാണ് ചെയ്യുക. അന്നുമുതല്‍ ഉഴുതുമറിച്ചും കട്ട ഉടച്ചും വെള്ളവും വളവും നല്‍കി പാടം നിരപ്പാക്കിയും കൃഷിയുടെ ആരംഭ പ്രവൃത്തികള്‍ തുടങ്ങും.

സന്ധ്യയ്ക്ക് വലിയ മരപ്പാത്തികളില്‍ കൂവയിലയിട്ട് അതില്‍ വിത്ത് (നെല്ലിന്റെ വിത്ത്) അളന്നിടും. ചാണകത്തിന്റെ തെളിഞ്ഞ നീരുകൊണ്ട് നന്നായി നനയ്ക്കും. കൂവയിലയിട്ട് വിത്ത് മൂടും. പിന്നെ അഞ്ചു ദിവസം കുറേശ്ശെ നനയ്ക്കും. അഞ്ചാം ദിവസം കൂവയില മാറ്റുമ്പോള്‍ വിത്ത് മുളച്ചിരിക്കും. ഈ വിത്തില്‍ മൂന്നു പൊങ്ങ് വിത്ത് (കൈകൊണ്ടു വാരിയെടുക്കാവുന്നത്ര വിത്ത്) വാരിയെടുത്ത് മാറ്റിവെക്കും. ഇത് തലച്ചെറുമന്റെ കുലദേവതയ്ക്കുള്ളതാണ്. പിന്നെ വിത്തുകള്‍ വാരി കൊട്ടയിലും മറ്റുമാക്കി പാടത്തെത്തിക്കുന്നു, വിത്തുവിതയ്ക്കുന്നു. ഇങ്ങനെ കൃഷിയോട് ചേര്‍ന്ന മഹത്തായ ഒരാചാരമാണ് വിഷു എന്നാണെന്റെ ധാരണ. ഇക്കൊല്ലത്തെ വിഷുക്കണി എല്ലാവര്‍ക്കും ശുഭകരവും മംഗളമയവുമാവാന്‍ ശ്രീ ഗുരുവായൂരപ്പന്‍ എല്ലാവരേയും അനുഗ്രഹിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

കൃഷിയിലുണ്ടായിരുന്ന പരിശുദ്ധിയും കൃഷിക്കാരിലുണ്ടായിരുന്ന സത്യസന്ധതയും ഈശ്വരവിശ്വാസവും, സന്ധ്യയ്ക്ക് കൃഷീവലഗൃഹങ്ങളില്‍ നിന്നു കേട്ടിരുന്ന രാമായണം ശീലുകളും എന്റെ ബാല്യകാലസ്മരണകളില്‍ ഇന്നും തെളിഞ്ഞുവിളങ്ങുന്നു. അന്നത്തെ പരസ്പര വിശ്വാസവും സഹകരണവും സത്യസന്ധതയും കൃഷിയിലുള്ള താല്പര്യവും കര്‍ഷകരോടുള്ള ആദരവും വീണ്ടും തിരിച്ചുവന്നാല്‍ കേരളം ശരിക്കും ദൈവത്തിന്റെ നാടാവും.
വിഷുക്കണി കണ്ട് മലയാളം  (അനില്‍ പെണ്ണുക്കര)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക