Image

നിശ്ശബ്ദമായിരിക്കാന്‍ നമുക്ക് എന്ത് അവകാശം ? (വാല്‍ക്കണ്ണാടി കോരസണ്‍)

Published on 13 April, 2017
നിശ്ശബ്ദമായിരിക്കാന്‍ നമുക്ക് എന്ത് അവകാശം ? (വാല്‍ക്കണ്ണാടി കോരസണ്‍)
നമ്മുടെ ഈ നിശബ്ധതകള്‍ ആത്മവഞ്ചനയാണ്. "അമേരിക്കയാണ് അക്രമത്തിന്റെ കലവറക്കാരന്‍" എന്ന് ന്യൂയോര്‍ക്കിലെ റിവര്‍സൈഡ് പള്ളിയില്‍ വച്ച്, അമ്പതു വര്ഷം മുന്‍പുള്ള ഏപ്രില്‍ നാലിന്, ഇക്കാര്യം പറഞ്ഞത് അമേരിക്കയുടെ പൗരാവകാശത്തിന്റെ പ്രതിബിംബമായ, മാര്‍ട്ടിന്‍ ലൂതര്‍ കിംഗ് ജൂനിയര്‍ ആയിരുന്നു. വിയറ്റ്‌നാം യുദ്ധത്തിന്റെ പാരമ്യത്തില്‍, അമേരിക്ക വിയറ്റ്‌നാമില്‍ അതി ക്രൂരമായ നാപാം ബോംബ് ഇട്ടു കൊന്നുകൂട്ടിയ കുട്ടികളുടെ വികൃതമായ കത്തിക്കരിഞ്ഞ മൃതശരീങ്ങള്‍ കണ്ടു ഹൃദയം പൊട്ടിയ ഒരു മനുഷ്യ സ്‌നേഹിയുടെ വിലാപമായിരുന്നു അത്. "രാഷ്ട്രത്തിന്റെ ആത്മാവിനു ക്ഷതമേല്‍ക്കുമ്പോള്‍ എനിക്ക് നിശ്ശബ്ദനാകാനാവില്ല, നമ്മുടെ രാജ്യം തെറ്റിലേക്കാണ് പോകുന്നത് എന്ന് എനിക്ക് തോന്നുന്നു. നിശ്ശബ്ദതയുടെ മൂടുപടം വലിച്ചുകീറാന്‍ മനസ്സാക്ഷി എന്നെ നിര്‍ബന്ധിക്കുന്നു.വിയറ്റ്‌നാംയുദ്ധം ഒരു കൈപ്പിഴയല്ല, അത് അമേരിക്കയുടെ അഭിമാനം ഉയര്‍ത്താനുള്ള വ്യഗ്രതയുമല്ല , മറിച്ചു ഒരു തീരാ വ്യാധിയാണ് . വിയറ്റ്‌നാമില്‍ നാം തുടക്കത്തിലേ പിഴച്ച ചുവടുകളായി മാറി .

ഞാന്‍ കേവലം രാജ്യഭക്തിയും, കൂറും പറഞ്ഞുഉള്ള വികലമായ സ്‌നേഹത്തിനല്ല വില കല്‍പ്പിക്കുന്നത്. നാം നമ്മുടെ രാസായുധങ്ങള്‍ പരീക്ഷിക്കാനുള്ള ഇടങ്ങളാക്കി വിയറ്റ്‌നാമിനെ കാണരുത് , മാര്‍ട്ടിന്‍ ലൂതര്‍ കിംഗ് അമേരിക്കന്‍ ഗവണ്‍മെന്റിനു നേരെ കത്തിക്കയറി; ജനതയുടെ പൗരബോധവും സ്വാതന്ത്ര്യവും സമത്വവും കാറ്റില്‍ പറത്തി , ലാഭേച്ഛയും വസ്തുസമ്പാദനവും മാത്രം ലക്ഷ്യം വച്ചാല്‍ ഒരു രാജ്യത്തിന് അതിന്റെ ആത്മാവില്‍ എങ്ങനെ നിലനില്‍ക്കാനാവും? വര്‍ഗീയതയും ഭൗതികവാദവും സൈനീകരണവും കീഴ്‌പ്പെടുത്താനാകാത്ത ശത്രുക്കളാണ്. ഗോത്രം, വര്‍ഗം, ക്ലാസ് തട്ടുകള്‍, നിറം തുടങ്ങിയ ഘടകങ്ങള്‍ ഒഴിവാക്കി അയല്‍ക്കാരന്റെകൂടെ കരുതല്‍ മുഖ്യമാക്കിയ ഒരു അന്തര്‍ദേശീയ കൂട്ടായ്മ ഉണ്ടാകണം അദ്ദേഹം പറഞ്ഞു.
മാധ്യമങ്ങളും രാഷ്രീയക്കാരും മാര്‍ട്ടിന്‍ ലൂതര്‍ കിംഗ് ജൂനിയറിനെ കൊല്ലാക്കൊല ചെയ്തു. 1799 ലെ ലോഗോണ്‍ ആക്ട് പ്രകാരം അദ്ദേഹത്തെ രാജ്യദ്രോഹിയായി ചിത്രീകരിച്ച സെനറ്റര്‍ തോമസ് ടോഡ്, പ്രസിഡണ്ട് ജോണ്‍സന്റെ പ്രിയ മിത്രമായി. വാഷിഗ്ടണ്‍ പോസ്റ്റും, ന്യൂ യോര്‍ക്ക് ടൈംസ് തുടങ്ങിയ മാധ്യമങ്ങളെല്ലാം ഇത് വെറും വിലകുറഞ്ഞ ദുരാരോപണമാണെന്നും ഈ ചെറു മനുഷ്യന്‍ വലിയ കാര്യത്തില്‍ ഇടപെടേണ്ട എന്നുള്ള ഇകഴ്ത്തിയ പ്രസ്താവനകളാണ് പുറത്തുവിട്ടത്. “അനുസരണയില്ലത്ത ചേരി മര്യാദകളായിട്ടാണ്” ന്യൂ യോര്‍ക്ക് ടൈംസ് പത്രം അദ്ദേഹത്തിന്റെ പ്രസംഗത്തെ വിമര്‍ശിച്ചത്. മാര്‍ട്ടിന്‍ ലൂതര്‍ കിംഗ് അക്ഷോഭ്യനായി ഈ ആരോപങ്ങളെ നേരിട്ടു . " ഞാന്‍ ഒരു പക്ഷേ രാഷ്രീയമായി ഒരു മരമണ്ടന്‍ ആയിരിക്കാം , എന്നാല്‍ ധാര്‍മ്മികമായി ഞാന്‍ ബുദ്ധിമാന്‍ തന്നെയാണ്. ജനപ്രീതിയില്ലാത്ത ഒരു നിലപാട് എനിക്ക് എടുക്കേണ്ടി വന്നേക്കാം, ഉത്തരവാദിത്വമുള്ള ആരെങ്കിലും ഈ രാജ്യം തെറ്റായ പാതയിലാണ് സഞ്ചരിക്കുന്നതെന്നു പറയുമെന്ന് ഞാന്‍ വെറുതെ നിനച്ചു പോയി. എന്താണ് എല്ലാവരും ഭയക്കുന്നത് എന്നാണ് എനിക്ക് മനസ്സിലാകാത്തത്”.

അക്രമത്തിന്റെ കലവറക്കാരനായ എന്റെ രാജ്യത്തെ വിമര്ശിക്കാതെ തെരുവുകളിലെ പീഡിതര്‍ക്കുവേണ്ടി എനിക്ക് ശബ്ദമുയര്‍ത്താന്‍ ആകുമോ? " 1964 ലെ നോബല്‍ സമ്മാനം കിട്ടയപ്പോള്‍ അദ്ദേഹം പറഞ്ഞത്, " ദേശീയബോധത്തിന്റെ അതിരുകള്‍ വിട്ടിട്ടു, മനുഷ്യ സാഹോദര്യത്തിന്റെ കെട്ടുറപ്പിനായി പ്രവര്‍ത്തിക്കാന്‍ ഇപ്പോള്‍ എന്റെ ഉത്തരവാദിത്വം വര്‍ദ്ധിച്ചു”. വലിയ വില കൊടുക്കേണ്ടി വന്നു അദ്ദേഹത്തിന്റെ ധൈര്യത്തിന്. കൃത്യം ഒരു വര്ഷം തികഞ്ഞപ്പോള്‍, വെടിയുണ്ടയുടെ ഭാഷയില്‍ ആ മൂര്‍ച്ചയുള്ള വാക്കുകളെ നിശ്ശബ്ദമാക്കി എന്നത് ചരിത്രം . 50 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആ വാക്കുകള്‍ക്ക് ഇന്നും പ്രസക്തിയേറുകയാണ്.
ഇത്തരം ഒരു പ്രസ്താവനയിലേക്കു മാര്‍ട്ടിന്‍ ലൂതര്‍ കിംഗ് ജൂനിയറിനെ നയിച്ച സാഹചര്യം കൂടി മനസ്സിലാക്കുമ്പോഴേ വാക്കുകളുടെ തീവ്രത മനസ്സിലാകുകയുള്ളൂ. നൂറു വര്ഷം മുന്‍പ്, യൂറോപ്പ് മൂന്നു വര്‍ഷത്തിലേറെ നീണ്ട കലാപകലുഷിതമായ ഒന്നാം ലോക മഹായുദ്ധത്തെ അഭിമുഖീകരിക്കയായിരുന്നു . അമേരിക്ക ഇതില്‍ പെടാതെ വളരെ സൂക്ഷിച്ചു മുന്‍പോട്ടു പോകുമ്പോള്‍ അമേരിക്കന്‍ പ്രെസിഡന്റ് വുഡ്ട്രൗ വില്‍സണ്‍ പറഞ്ഞു " നമ്മുടെ രാജ്യം അതിന്റെ രൂപപ്പെടുത്തലിനു ലക്ഷ്യം വച്ച സമാധാനവും സന്തോഷവും മനസ്സില്‍ കണ്ടുകൊണ്ട്, അതിന്റെ അവകാശവും ശക്തിയും ഉപയോഗിച്ച് രക്തം ചൊരിയാന്‍ തയ്യാറെടുക്കുകയാണ് ." അടുത്ത ഒരു വര്ഷം കൊണ്ട് ഒന്നാം ലോക മഹായുദ്ധം അവസാനിച്ചപ്പോള്‍ ഒരു ലക്ഷത്തി പതിനേഴായിരം അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെടുകയും രണ്ടു ലക്ഷത്തിലധികം സൈനികര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു.


മൂന്നുവര്‍ഷത്തിലധികം പോരാടി തളര്‍ന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ ഒരു തീരുമാനത്തിലും ധാരണയിലും എത്താതെ യുദ്ധം അവസാനിപ്പിച്ചു , 17 മില്യണ്‍ ആളുകള്‍ മരിച്ചുവീണ ആ യുദ്ധത്തിന് പൂര്‍ണ്ണ വിരാമം ഇടാന്‍ കഴിയാത്തതാവണം പിന്നീട് 50 മില്യണ്‍ ആളുകള്‍ മരിക്കാന്‍ കാരണമായ രണ്ടാം ലോക മഹായുദ്ധം ഉരുത്തിരിഞ്ഞത് എന്നും ചരിത്രം വിലയിരുത്തുന്നുണ്ട്. യുദ്ധത്തില്‍ ഇടപെടരുത് എന്ന പൊതു അഭിപ്രായം മാനിക്കാതെ സങ്കീര്‍ണമായ ഒരു ഇടപെടലിന് മറുപടി എന്നോണം, വുഡ്ട്രൗ വില്‍സണ്‍ കൊണ്ടുവന്ന സമാധാന പ്രക്രിയകള്‍ ഒന്നും അമേരിക്കന്‍ സെനറ്റ് അംഗീകരിച്ചില്ല. അന്ന് അമേരിക്ക ആ മഹായുദ്ധത്തില്‍ ഇടപെടേണ്ട കാരണത്തെക്കുറിച്ചു ഇന്നും തര്‍ക്കം നിലനില്‍ക്കുന്നു. പക്ഷെ ഈ രണ്ടു ലോക മഹായുദ്ധത്തിനുമിടയ്ക്കു അമേരിക്കയുടെ ഉല്പാദനക്ഷമതയും, വ്യവസായ ഉല്‍പന്നങ്ങളും സാങ്കേതികതയും, വ്യാപാരവും, ധനവും വര്‍ദ്ധിച്ചു എന്നത് ഓര്‍മ്മയില്‍ ഇരിക്കട്ടെ.

അന്ന് വുഡ്ട്രൗ വില്‍സണ്‍ കൊണ്ടുവന്ന "ദേശ സ്‌നേഹത്തിനെതിരെ ചാരവൃത്തിയും രാജ്യദ്രോഹവും " എന്ന നിയമം യുദ്ധത്തിനെതിരെ പ്രതികരിച്ച അനേകായിരം പേരെ തുറങ്കലില്‍ അടച്ചു. അന്ന് തുടങ്ങിയ രാഷ്രീയഅധികാര നിയന്ത്രണങ്ങള്‍ പൗരബോധത്തെ ആകെ നിയന്ത്രിച്ചു, ഒരു പരിധിവരെ അത് ഇന്നും തുടരുന്നു. അങ്ങനെ വിദേശത്തു സമാധാനത്തിനും ജനാധിപത്യത്തിനുമായി യുദ്ധങ്ങളില്‍ നേരിട്ട് ഇടപെടുമ്പോഴും ,ആഭ്യന്തര പൗരബോധത്തിന്റെ കൂച്ചുവിലങ്ങു നിലനിര്‍ത്തുകയാണ് ചെയ്യുന്നത്. രാജ്യത്തിന്റെ ശത്രുക്കള്‍ മാറി മറിഞ്ഞു വരുമെങ്കിലും, യുദ്ധവും തന്ത്രവും മാറ്റമില്ലാതെ പോകുന്നു.

ലോകം ഇന്ന് ഒരു മഹാ യുദ്ധത്തെ പ്രതീക്ഷിക്കുകയാണെന്നു തോന്നും, ഓരോ ദിവസത്തെയും പ്രധാനപ്പെട്ട വിഷയങ്ങള്‍ കേള്‍ക്കുമ്പോള്‍. ഒരു രാജ്യത്തിനും നിലക്ക് നിര്‍ത്താനാവാത്ത ഭീകര പ്രവര്‍ത്തനങ്ങള്‍, മുഖമില്ലാത്ത ശത്രുക്കള്‍, രാജ്യമില്ലാത്ത യുദ്ധനിരകള്‍ , അന്തമില്ലാത്ത സംഘര്ഷങ്ങള്‍ , നിലയ്ക്കാത്ത പലായനങ്ങള്‍ . വര്‍ദ്ധിച്ചുവരുന്ന അസമത്വങ്ങള്‍ , ജനാധിപത്യത്തിന് മൂല്യശോഷണം ബാധിച്ചു തിരിച്ചുവരുന്ന ജന്മിത്ത സമ്പ്രദായങ്ങള്‍, അതിനെ പിന്തുണക്കുന്ന മതത്തിന്റെ പ്രതാപങ്ങള്‍ . വേലികെട്ടി സൂക്ഷിക്കേണ്ടി വരുന്ന അതിരുകള്‍, രാസായുധങ്ങള്‍ക്കു പകരം തൊടുത്തുവിടുന്ന മിസൈലുകള്‍ , അന്യ സമൂഹത്തിനുമേല്‍ നിരന്തരമായി കഴുകന്‍റെ കണ്ണുമായി പരതി നടക്കുന്ന ഉപഗ്രഹങ്ങള്‍ , രഹസ്യ നിരീക്ഷണങ്ങള്‍, കൂച്ചുവിലങ്ങിടുന്ന മാധ്യമ രംഗങ്ങള്‍ , സംരക്ഷണത്തിന് എന്ന പേരില്‍ നിര്‍ബ്ബന്ധപൂര്വ്വം വോട്ട് ചെയ്യിക്കുന്ന കപട രാഷ്രീയ തന്ത്രങ്ങള്‍ , ഏകീഭവിക്കുന്ന സാമ്പത്തിക ഉറവിടങ്ങള്‍ , ഒക്കെ അധാര്‍മ്മികതയുടെ വിവിധ മുഖങ്ങള്‍! .

അത്യന്തം വിചിത്രമായ ഒരു ഇടത്തേക്കാണ് നാം അറിയാതെ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്, എവിടേയോ കൈമോശം വന്ന നമ്മുടെ ധാര്‍മ്മീക കവചങ്ങള്‍ , കണ്ടു പിടിക്കാന്‍ ഒരു ശ്രമവും ഉണ്ടാകുന്നില്ല . ഭയമാണ് നമ്മളെ ഒന്നിനും കൊള്ളാത്ത കൂട്ടങ്ങളാക്കുന്നത് . അധികാരത്തോട് പറ്റിനടന്നാല്‍ പിടിച്ചു നില്ക്കാന്‍ എളുപ്പമാണ്. ആരെങ്കിലും മറിച്ചൊരു അഭിപ്രായം പറഞ്ഞു തുടങ്ങിയാല്‍ അത് എത്രയും വേഗത്തില്‍ അധികാരത്തെ അറിയിച്ചു കൂറ് പിടിച്ചു പറ്റാനാണ് പലരും ശ്രമിക്കുന്നത്.

നാമൊക്കെ ആരെയോ എപ്പോഴും ഭയന്നാണ് ജീവിക്കുന്നതെന്ന സത്യം ഓരോ നിമിഷവും വ്യക്തമാവുകയാണ്. ജോലിയിലും വീട്ടിലും ആരാധനാകേന്ദ്രങ്ങളിലും, വഴിനടക്കുമ്പോഴും , സമൂഹത്തിലും സംസാരത്തിലും എന്ന് വേണ്ട, ഉറക്കത്തില്‍പോലും എന്തോ, ഏതോ ഭീതിയുടെ അടിമകളാണ് നാം. കാര്യങ്ങള്‍ വ്യക്തമായി പറയാന്‍ മടി, ഉറച്ചു സംസാരിക്കാന്‍ പ്രയാസം, മറ്റുള്ളവര്‍ നമ്മെപ്പറ്റി എന്ത് ചിന്തിക്കും എന്ന ആശങ്ക വല്ലാതെ കൂച്ചുവിലങ്ങിടുകയാണ് നമ്മുടെ ഓരോ നിമിഷത്തേയും. നിര്‍ഭയം എന്ന അവസ്ഥ ചിന്തിക്കാന്‍കൂടി കഴിയില്ല. നാം ഇടപഴകുന്ന എല്ലാ വിഷയത്തിലും നമ്മുടെ ഈ ഭീതി ഒരു ചെറിയ അധികാരകേന്ദ്രം മുതലെടുക്കുന്നു എന്നും നമുക്കറിയാം. എന്നാലും , പോകട്ടെ ,തല്ക്കാലം ഒരു മനഃസമാധാനമുണ്ടല്ലോ എന്ന ചിന്തയാണ്. ഭീരുത്വവും കാപട്യവും ചേര്‍ന്ന് നമുക്ക് വരിഞ്ഞു മുറുക്കിയ ഒരു മുഖഛായ ആണ് സമ്മാനിച്ചിരിക്കുന്നത്.

എന്നും സമൂഹം നിസ്സഹായകരായ പേടിത്തൊണ്ടന്മാരുടെ കൂട്ടമായിരുന്നു. ഇന്നലെ ഓശാനപാടിയവര്‍ തന്നെ നാളെ കല്ലുകളെടുക്കാന്‍ യാതൊരു മടിയും ഇല്ലാത്തവരാണ്. 2000 വര്ഷം മുന്‍പ്, വളരെ കാത്തിരുന്നു "ആരാധനാലയം കള്ളന്മാരുടെ ഗുഹയാണ് " എന്ന് വിളിച്ചു പ്രതികരിക്കാന്‍തുടങ്ങിയ ക്രിസ്തുവിനെ ഭയന്ന യഹൂദ മഹാപുരോഹിതന്‍ പറഞ്ഞു " ആളുകള്‍ മുഴുവന്‍ ചീത്തയാകുന്നതിനു മുന്‍പ് ഈ ഒരാളെ അങ്ങ് ഇല്ലാതാക്കുക, അതോടെ പ്രശനം ശാശ്വതമായി പരിഹരിക്കപ്പെടും" . മൂന്നു വര്ഷം കൊണ്ട് ജനത്തിന്റെ പ്രതീക്ഷകളെ ക്രൂശില്‍ തൂക്കാന്‍ മുന്നില്‍ നിന്നതു രാഷ്രീയ പ്രചോദിതരായ മതനേതൃത്വമായിരുന്നു . അത് ഇന്നും എല്ലാ ദേശത്തും പരീക്ഷിക്കപ്പെടുന്നു. പക്ഷേ നിശബ്ദമായ ജനം അപ്പോഴാണ് പ്രതികരിച്ചു തുടങ്ങുന്നതെന്ന യാഥാര്‍ഥ്യം ഭരണകൂടം അപ്പോഴാണ് മനസ്സിലാക്കുന്നത്. ഇത്തരം സാഹചര്യങ്ങള്‍ മുതലെടുത്താണ് ഭരണം എന്ന പ്രക്രിയ നടത്തപ്പെടുന്നത്. അതുകൊണ്ടുതന്നെ സ്ഥിരമായ സൗഹൃദങ്ങളോ ബന്ധങ്ങളോ മനസ്സില്‍ ഉണ്ടാവില്ല, പിന്നെ ഒക്കെ അഭിനയിച്ചു തീര്‍ക്കുക, അത്രതന്നെ !

ഇന്ന് പ്രതികരിക്കാന്‍ ഒരു വീര നായകന്റെ കാത്തിരിപ്പു വേണ്ടിവരുന്നില്ല; തല്‍ക്ഷണം നമ്മുടെ വിചാര വികാരങ്ങള്‍ ആയിരക്കണക്കിന് പേരില്‍ എത്തിക്കാന്‍ സാധിക്കുന്ന നെറ്റ്‌വര്‍ക്ക് സംവിധാനം നിലയുറപ്പിച്ചു. ചില മുല്ലപ്പൂ വിപ്ലവങ്ങള്‍ ചീറ്റി പോയെങ്കിലും, നിലക്കാത്ത തരംഗമായി ഈ വിരല്‍ ചലനങ്ങള്‍ വിപ്ലവം സൃഷ്ട്ടിച്ചുകൊണ്ടേയിരിക്കുന്നു. ഈ അവസ്ഥ നിയന്ത്രിക്കാനുള്ള എല്ലാ സാഹചര്യവും ഉടന്‍ ഉണ്ടാകാം. ഇപ്പോള്‍ നാമെല്ലാം നിരീക്ഷണത്തിലാണ്. സ്വതന്ത്രമായി ചിന്തകളെ ദീര്‍ഘനാള്‍ കയറഴിച്ചുവിട്ടാല്‍ സാമ്പ്രാജ്യങ്ങള്‍ക്ക് നിലനില്‍ക്കാനാവില്ല. ഏതു നിമിഷവും ചിതല്‍ അരിച്ചുപോകുന്ന ഓര്‍മ്മകളായി നമ്മുടെ ഇന്നത്തെ വ്യക്തിഗത മാധ്യമ സംസ്കാരം മാറിപ്പോയാല്‍ അത്ഭുതപ്പെടേണ്ടി വരില്ല , എന്തിനീ മൗനം ?

vkorason@yahoo.com, http://vkorason1960.blogspot.com
നിശ്ശബ്ദമായിരിക്കാന്‍ നമുക്ക് എന്ത് അവകാശം ? (വാല്‍ക്കണ്ണാടി കോരസണ്‍)നിശ്ശബ്ദമായിരിക്കാന്‍ നമുക്ക് എന്ത് അവകാശം ? (വാല്‍ക്കണ്ണാടി കോരസണ്‍)നിശ്ശബ്ദമായിരിക്കാന്‍ നമുക്ക് എന്ത് അവകാശം ? (വാല്‍ക്കണ്ണാടി കോരസണ്‍)നിശ്ശബ്ദമായിരിക്കാന്‍ നമുക്ക് എന്ത് അവകാശം ? (വാല്‍ക്കണ്ണാടി കോരസണ്‍)
Join WhatsApp News
CHERIAN GEORGE 2017-04-14 19:23:43
അകലങ്ങളിൽ ഇടിമുഴക്കം, ഇനിയുറങ്ങാൻ നേരമില്ല..... ഉണർന്നു പ്രവർത്തിക്കാൻ സമയമായി. മൗനത്തിന്റെ വാല്മീകത്തിൽനിന്നും പുറത്തു വരിക. സമയം ആർക്കുവേണ്ടിയും കാത്തിരിക്കുന്നില്ല, പറയാനുള്ളത് യഥാ സമയം പറയുക, ഒരുപക്ഷെ ഇനിയും പറയാൻ ഒരു അവസരം കിട്ടിയില്ലെങ്കിലോ ?? ഓർക്കുക, നാളത്തെ ദിവസം നമുക്കുള്ളതല്ല.....അകലങ്ങളിൽ ഇടിമുഴക്കം, ഇനിയുറങ്ങാൻ നേരമില്ല..... ഉണർന്നു പ്രവർത്തിക്കാൻ സമയമായി. മൗനത്തിന്റെ വാല്മീകത്തിൽനിന്നും പുറത്തു വരിക. സമയം ആർക്കുവേണ്ടിയും കാത്തിരിക്കുന്നില്ല, പറയാനുള്ളത് യഥാ സമയം പറയുക, ഒരുപക്ഷെ ഇനിയും പറയാൻ ഒരു അവസരം കിട്ടിയില്ലെങ്കിലോ ?? ഓർക്കുക, നാളത്തെ ദിവസം നമുക്കുള്ളതല്ല.....
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക