Image

ഐശ്വര്യസമൃദ്ധിയുമായി മലയാളികള്‍ വിഷു ആഘോഷിക്കുന്നു

Published on 14 April, 2017
ഐശ്വര്യസമൃദ്ധിയുമായി മലയാളികള്‍ വിഷു ആഘോഷിക്കുന്നു


കൊച്ചി:ഐശ്വര്യത്തിന്റേയും സമ്പല്‍സമൃദ്ധിയുടേയും സന്ദേശവുമായി മലയാളികള്‍ വിഷു ആഘോഷിക്കുന്നു. ശബരിമലയിലും ഗുരുവായൂരിലും ആയിരങ്ങള്‍ക്ക്‌ ദര്‍ശന പുണ്യമേകി വിഷുക്കണി ദര്‍ശനം നടന്നു.

ശബരിമലയില്‍ പുലര്‍ച്ചെ നാല്‌ മണി മുതല്‍ ഏഴ്‌ മണി വരെയായിരുന്നു വിഷുക്കണി ദര്‍ശനം. തന്ത്രിയും മേല്‍ശാന്തിയും ഭക്തര്‍ക്ക്‌ വിഷുക്കൈനീട്ടം നല്‍കി. ഗുരുവായൂര്‍ ക്ഷേത്രത്തിലും വിഷുക്കണിക്കായി തിരക്കേറെയായിരുന്നു. കൂടാതെ കേരളത്തിലെ മിക്ക ക്ഷേത്രങ്ങളിലും വിഷുക്കണി ദര്‍ശനവും വിഷുക്കൈനീട്ടവും നല്‍കി.

കേരളത്തിന്റെ കാര്‍ഷികോത്സവം കൂടിയാണ്‌ വിഷു. മലയാളിയുടെ പുതുവര്‍ഷമാണെങ്കിലും വടക്കന്‍ കേരളത്തിലാണ്‌ വിഷുവിന്റെ ആഘോഷങ്ങളേറെയും. തേച്ചൊരുക്കിയ ഓട്ടുരുളിയും അരിയും നെല്ലും പാതി നിറച്ച്‌, അലക്കിയ മുണ്ടും, പൊന്നും വാല്‍ക്കണ്ണാടിയും വെള്ളരിയും കണിക്കൊന്നയും കിഴക്കോട്ട്‌ തിരിയിട്ട്‌ കത്തിച്ച്‌ വച്ച നിലവിളക്കും ഒക്കെയായി മലയാളികള്‍ വിഷു ആഘോഷിക്കുന്നു.

പ്രത്യേകം തയ്യാറാക്കിയ അപ്പം , അട എന്നിവ കണിക്കൊപ്പം വയ്‌ക്കുന്ന പതിവും വടക്കന്‍ കേരളത്തിലുണ്ട്‌. പിന്നീടിത്‌ കുട്ടികള്‍ക്ക്‌ വിതരണം ചെയ്യും. കണിയും വിഷുകൈനീട്ടത്തിനും ശേഷം പിന്നീട്‌ ആഘോഷത്തിന്റെ മണിക്കൂറുകളാണ്‌.പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചും ആണ്ടുപിറപ്പിനെ വരവേല്‍ക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക