Image

വരള്‍ച്ച: തമിഴ്‌നാട്‌ സര്‍ക്കാരിന്റെ അനാസ്ഥയ്‌ക്കെതിരെ സുപ്രീംകോടതി

Published on 14 April, 2017
വരള്‍ച്ച: തമിഴ്‌നാട്‌ സര്‍ക്കാരിന്റെ അനാസ്ഥയ്‌ക്കെതിരെ സുപ്രീംകോടതി

ന്യൂഡല്‍ഹി : തമിഴ്‌നാട്ടില്‍ രൂക്ഷമായ വരള്‍ച്ചയെ തുടര്‍ന്ന്‌ പ്രതിസന്ധിയിലായ കര്‍ഷകരെ സഹായിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തതില്‍ സുപ്രീംകോടതിക്ക്‌ അമര്‍ഷം. കര്‍ഷകരെ സഹായിക്കേണ്ടത്‌ സംസ്ഥാന സര്‍ക്കാരിന്റെ കടമയാണെന്നും വിഷയത്തില്‍ തമിഴ്‌നാട്‌ മാനുഷിക പരിഗണന കാണിക്കുന്നില്ലെന്നും ജസ്റ്റിസ്‌ ദീപക്‌മിശ്ര അധ്യക്ഷനായ ബെഞ്ച്‌ വിമര്‍ശിച്ചു. 

കര്‍ഷകരെ സഹായിക്കാന്‍ ചെറുവിരല്‍ അനക്കാന്‍പോലും തയ്യാറാകാത്ത സംസ്ഥാന സര്‍ക്കാരിന്റെ നടപടി ആശങ്കപ്പെടുത്തുന്നുവെന്നും കോടതി അഭിപ്രായപ്പെട്ടു. എന്തിനും ഏതിനും കേന്ദ്രസഹായം തേടിയിട്ടുണ്ടെന്ന വാദമുന്നയിച്ച്‌ സംസ്ഥാനങ്ങള്‍ ഒഴിഞ്ഞുമാറുന്നത്‌ അംഗീകരിക്കാനാകില്ല. കര്‍ഷകര്‍ തുടര്‍ച്ചയായി ജീവനൊടുക്കുമ്പോഴും തമിഴ്‌നാട്‌ പുലര്‍ത്തിവരുന്ന മൌനം അസ്വസ്ഥതപ്പെടുത്തുന്നതാണെന്നും കോടതി വിമര്‍ശിച്ചു.

വിഷയത്തില്‍ തമിഴ്‌നാട്‌ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച മുഴുവന്‍ രേഖകളും മെയ്‌ രണ്ടിനു മുമ്പ്‌ ഹാജരാക്കാനും കോടതി നിര്‍ദേശിച്ചു. മഹാരാഷ്ട്രയിലെ കര്‍ഷകരും സമാനമായ പ്രതിസന്ധിയിലാണെന്ന്‌ കേസില്‍ കോടതി നിയോഗിച്ച അമിക്കസ്‌ക്യൂറിയായ അഭിഭാഷകന്‍ ഗോപാല്‍ ശങ്കരനാരായണന്‍ ചൂണ്ടിക്കാണിച്ചു.

 എന്നാല്‍, ഇപ്പോള്‍ തമിഴ്‌നാടിന്റെ കാര്യമാണ്‌ പരിഗണിക്കുന്നതെന്നും മറ്റു സംസ്ഥാനങ്ങളുടെ അവസ്ഥയുംകൂടി ഉള്‍പ്പെടുത്തി വിഷയത്തില്‍ വെള്ളംചേര്‍ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. 

കര്‍ഷകരുടെ ദുരിതം പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുള്ള പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ്‌ കോടതിയുടെ ഇടപെടല്‍. വരള്‍ച്ചയെ തുടര്‍ന്ന്‌ പ്രതിസന്ധിയിലായ കര്‍ഷകരുടെ വായ്‌പകള്‍ എഴുതിത്തള്ളാന്‍ മദ്രാസ്‌ ഹൈക്കോടതി നേരത്തെ സംസ്ഥാന സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മോശമാണെന്നും കടം എഴുതിത്തള്ളിയാലുള്ള സാമ്പത്തിക നഷ്ടം ഒറ്റയ്‌ക്ക്‌ താങ്ങാന്‍ പറ്റാത്ത സാഹചര്യമാണെന്നുമായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ പ്രതികരണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക