Image

കശ്‌മീരില്‍ യുവാവിനെ ജീപ്പിന്റെ ബംപറിന്‌ മുന്നില്‍ കെട്ടിവെച്ച്‌ സൈന്യത്തിന്റെ റോന്ത്‌ ചുറ്റല്‍

Published on 14 April, 2017
കശ്‌മീരില്‍ യുവാവിനെ ജീപ്പിന്റെ ബംപറിന്‌ മുന്നില്‍ കെട്ടിവെച്ച്‌ സൈന്യത്തിന്റെ റോന്ത്‌ ചുറ്റല്‍

ശ്രീനഗര്‍: കശ്‌മീരില്‍ യുവാവിനെ ജീപ്പിന്റെ ബംപറിന്‌ മുന്നില്‍ കെട്ടിവെച്ച്‌ മനുഷ്യകവചമാക്കി സൈന്യം പ്രകടനം നടത്തുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.

 മധ്യകശ്‌മീരിലെ ബുഡ്‌ഗാം ജില്ലയിലെ ഗ്രാമത്തിലൂടെ സൈനികവാഹനവ്യൂഹം കടന്നുപോകുന്നതാണ്‌ വീഡിയോയിലുള്ളത്‌. കല്ലെറിയുന്നവരുടെ ഗതി ഇതാണെന്ന്‌ ജീപ്പിനുള്ളില്‍ നിന്ന്‌ വിളിച്ചുപറയുന്നതും വീഡിയോയില്‍ കേള്‍ക്കാം.

ജമ്മു-കശ്‌മീരില്‍ ആള്‍ക്കൂട്ടം ആക്രമിക്കുമ്പോഴും സംയമനം പാലിക്കുന്ന ജവാന്‍മാരുടെ വീഡിയോ കഴിഞ്ഞയാഴ്‌ച്ച വൈറലായതിനു പിന്നാലെയാണ്‌ പുതിയ വീഡിയോ പുറത്തിറങ്ങിയിരിക്കുന്നത്‌. ജമ്മു-കശ്‌മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള വീഡിയോ ട്വീറ്റ്‌ ചെയ്‌തു. സിആര്‍പിഎഫ്‌ വീഡിയോ വെച്ച്‌ ഇതിനെ ന്യായീകരിക്കാനാവില്ലെന്ന്‌ ഒമര്‍ അബ്ദുള്ള പറഞ്ഞു.

സിആര്‍പിഎഫ്‌ വീഡിയോ സൃഷ്ടിച്ച രോഷം മനസ്സിലാക്കുന്നു. ജീപ്പിനുമുന്നില്‍ യുവാവിനെ കെട്ടിവച്ചിരിക്കുന്ന ഈ ദൃശ്യങ്ങള്‍ അതേ രോഷം പുറപ്പെടുവിക്കാത്തതില്‍ ഞാനും ക്ഷുഭിതനാണ്‌.
ഒമര്‍ അബ്ദുള്ള



അക്രമോത്സുകരായി പാഞ്ഞടുത്ത ആള്‍ക്കൂട്ടത്തിന്‌ മുന്നില്‍ സംയമനം പാലിച്ച്‌ സംഘര്‍ഷം ഒഴിവാക്കിയ ജവാന്റെ വീഡിയോ വൈറലായിരുന്നു. ഞായറാഴ്‌ച്ച ജമ്മു കശ്‌മീരിലെ ശ്രീനഗറിലെ പോളിങ്ങ്‌ ബൂത്തില്‍ നിന്ന്‌ മടങ്ങുന്നതിനിടയിലാണ്‌ സിആര്‍പിഎഫ്‌ ജവാന്റെ നേരെ വന്ന ആള്‍ക്കുട്ടം അദ്ദേഹത്തെ ആക്രമിച്ചത്‌.

 ആള്‍ക്കൂട്ടം ജവാന്റെ കണങ്കാലില്‍ ചവിട്ടുകയും മര്‍ദ്ദിക്കുകയും ചെയ്‌തു. മുദ്രാവാക്യം വിളിച്ചെത്തിയ ഒരുപറ്റം ആളുകളാണ്‌ ജവാന്റെ നേര്‍ക്ക്‌ തിരിഞ്ഞത്‌. ജവാന്റെ കൈയ്യില്‍ ആയുധമുണ്ടായിട്ടും പ്രകോപിതനാകാതെ സംയമനത്തോടെയാണ്‌ സാഹചര്യം അദ്ദേഹം കൈകാര്യം ചെയ്‌തത്‌. തങ്ങളുടെ പക്കലുള്ള വോട്ടിങ്ങ്‌ മെഷിനുകള്‍ സുരക്ഷിതമായി എത്തിക്കുക മാത്രമായിരുന്നു ആ സമയത്തെ ലക്ഷ്യമെന്ന്‌ ജവാന്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക