Image

ഭൂമി കുലുങ്ങി; കട്ടിലില്‍ നിന്നു തെറിച്ചു താഴേയ്ക്ക്; മാനം മുട്ടെ അഗ്‌നികുണ്ഠം (ഫ്രാന്‍സിസ് തടത്തില്‍ -12)

Published on 14 April, 2017
ഭൂമി കുലുങ്ങി; കട്ടിലില്‍ നിന്നു തെറിച്ചു താഴേയ്ക്ക്; മാനം മുട്ടെ അഗ്‌നികുണ്ഠം  (ഫ്രാന്‍സിസ് തടത്തില്‍ -12)

ഠോാാാ...!
കാതടപ്പിക്കുന്ന ഉഗ്രസ്‌ഫോടനശബ്ദം ...കണ്ണു തുറക്കുമ്പോള്‍ ഞാന്‍ കട്ടിലില്‍ നിന്നു നിലത്തു തെറിച്ചു വീണു കിടക്കുന്നു... ചെരുപ്പു പോലുമെടുക്കാതെ കയ്യില്‍ കിട്ടിയ തുണി വാരിച്ചുറ്റി വാതില്‍ തുറന്ന് ഒറ്റയോട്ടം .

 
ഓട്ടത്തിനിടെ ആകാശത്തേയ്‌ക്കൊന്നു നോക്കി, മാനം മുട്ടെ ഉയരത്തില്‍ വന്‍ അഗ്‌നി കുണ്ഠം . പ്രഭവസ്ഥലം ഏതാണ്ടു പിടികിട്ടി . വെളിയന്നൂര്‍ ഓഫീസിനു തൊട്ടടുത്തു തന്നെയുള്ള കൊക്കാല ജംഗ്ഷനിലുള്ള സിദ്ധാര്‍ഥ റീജന്‍സി പാര്‍ക്ക് ഹോട്ടല്‍ നിന്നു കത്തിയെരിയുന്നു..
 
മാനം മുട്ടെ ഉയരത്തിലുള്ള പടുകൂറ്റന്‍ കെട്ടിടത്തില്‍ എത്ര പേര്‍ കുടുങ്ങിയിട്ടുണ്ടാകും...എത്രപേര്‍ വെന്തു മരിച്ചുകാണും ..ഒരൂഹവുമില്ല .അതൊന്നും ആലോചിക്കാന്‍ സമയമില്ല.
 
 നിലവിളിച്ചുകൊണ്ട് ഞാന്‍ സ്റ്റെയര്‍കേസ് ഓടിയിറങ്ങി പുറത്തേക്കു വരുമ്പോള്‍ എന്നെക്കാള്‍ ഉച്ചത്തില്‍ നിലവിളിച്ചു കൊണ്ട് ഓഫീസിനകത്തു നിന്ന് മറ്റൊരാള്‍ പുറത്തേക്കു വരുന്നു..ഷാജന്‍. സി.മാത്യു., സബ് എഡിറ്റര്‍ ട്രെയ്‌നിയായി വന്നിട്ട് ഒരു മാസം മാത്രമായിട്ടുള്ള ഷാജന്‍ മാത്രമാണ് അപ്പോള്‍ ഡസ്‌കിലുണ്ടായിരുന്നത് .സമയം അപ്പോള്‍ രണ്ടു മണിയോടടുത്തിരുന്നു . ഷാജനെ ചുമതല ഏല്‍പ്പിച്ച് നൈറ്റ് എഡിറ്റര്‍മാരെല്ലാം പോയി . 
 
എന്തു ചെയ്യണമെന്നറിയില്ല . എന്താണു സ്‌ഫോടനമെന്നറിയില്ല താനും .അലറിക്കൂവിക്കൊണ്ട് ഞങ്ങള്‍ രണ്ടു പേരും മുഖാമുഖം വന്നു നിന്നു . റാംജിറാവു സ്പീക്കിംഗില്‍ ഇന്നസെന്റ് പ്രേതത്തെ കണ്ടു ഞെട്ടിയ അവസ്ഥ പോലായിരുന്നു ഞങ്ങളുടേത് .
 
എന്താ അണ്ണാ പറ്റീത് ..? ഷാജന്‍ .
സിദ്ധാര്‍ഥാ പാലസില്‍ സ്‌ഫോടനമാണെന്നു തോന്നുന്നു ..ഞാന്‍
രണ്ടു പേരും കണ്ണുപൊട്ടന്മാരും .ഷാജന്റെ കണ്ണട നേരത്തെ തറയില്‍ വീണു പൊട്ടിയിരുന്നു . ഞാനാണെങ്കില്‍ ഓട്ടത്തിനിടെ എടുക്കാനും മറന്നു. ഓഫീസില്‍ കയറി എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എന്‍.എസ് .ജോര്‍ജ് സാറിനെ വിളിച്ചു വിവരം പറഞ്ഞു . മൂന്നു നാലു കിലോമീറ്റര്‍ ദൂരത്തുള്ള അദ്ദേഹവും കേട്ടൂ സ്‌ഫോടന ശബ്ദം . പത്രം അടിച്ചു തീരാറായി.

എന്താ സാര്‍ ചെയ്യേണ്ടത്? 

സ്റ്റോപ് ദ പ്രസ് പറഞ്ഞു പത്രം നിര്‍ത്തടോ .ബാക്കിയുള്ള പത്രം കാര്യമറിഞ്ഞിട്ട് അടിച്ചാല്‍ മതി .

എനിക്കാണെങ്കില്‍ ഡസ്‌കില്‍ യാതൊരു പരിചയവുമില്ല . ഷാജന്‍ വന്നിട്ട് ഒരു മാസമേ ആയിട്ടുള്ളൂ. ഞങ്ങള്‍ പറഞ്ഞാല്‍ പ്രിന്റിംഗുകാര്‍ കേള്‍ക്കുമോ ആവോ? എന്തായാലും പ്രസില്‍ കയറി രണ്ടും കല്‍പ്പിച്ച് സൂപ്പര്‍വൈസറോട് അലറിപ്പറഞ്ഞു ...
സ്റ്റോപ് ദ പ്രസ് ...

സൂപ്പര്‍വൈസര്‍ ഞെട്ടിപ്പോയി . രണ്ടു പീക്കിരിപ്പിള്ളേര്‍ വന്നു പ്രിന്റിംഗ് നിര്‍ത്താന്‍ പറയുന്നു ...
എന്താ കാര്യം ? സൂപ്പര്‍വൈസര്‍ .

ഐ സെഡ് സ്റ്റോപ്പ് ദ പ്രസ് ...എന്റെ അലര്‍ച്ചയില്‍ സ്റ്റോപ് ബട്ടണ്‍ ഞെങ്ങി . ഞാന്‍ വിറയലോടെ പറഞ്ഞു .സ്‌ഫോട...സ്‌ഫോട..നം....കൊക്കാലയില്‍ ...

തൃശൂര്‍ നഗരം മുഴുവന്‍ അറിഞ്ഞ സ്‌ഫോടന ശബ്ദം പത്രഅടിക്കുന്ന ഒച്ചപ്പാടിനു മുമ്പില്‍ പ്രിന്റിംഗുകാര്‍ അറിഞ്ഞില്ല ????

ഉടന്‍ തന്നെ ഫോട്ടോഗ്രാഫര്‍ ടി.എ .സാബുവിനെയും വിവരമറിയിച്ചു .എന്നിട്ടു ഞാനും ഷാജനും എന്റെ മോട്ടോര്‍ സൈക്കിളില്‍ സംഭവസ്ഥലത്തേക്കു പാഞ്ഞു . തൊട്ടടുത്തെത്തിയപ്പോണു മനസിലായത് ..കത്തിയതു സിദ്ധാര്‍ഥാ പാലസല്ല ...സ്‌ഫോടനം നടന്നത് അതിനടുത്തുള്ള ചെറിയ പീടികമുറികളുള്ള ഒരു കെട്ടിടത്തിലായിരുന്നു . 
 
ശക്തന്‍തമ്പുരാന്‍ സ്റ്റാന്‍ഡില്‍ നിന്ന് കൊക്കാല ജംഗ്ഷനിലേക്കു വരുന്ന വഴിക്ക് ജംഗ്ഷനോടു ചേര്‍ന്നു കിടക്കുന്ന കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ന്നു കിടക്കുന്നു . എങ്ങും കരിമരുന്നിന്റെ രൂക്ഷ ഗന്ധം . രണ്ടു മൂന്നു കൊന്നത്തെങ്ങുകളുടെ ഉയരത്തില്‍ തീ ആളിക്കത്തുന്നു ..അഗ്‌നികുണ്ഠത്തില്‍ നിന്ന് ഇടയ്ക്കിടെ ഉഗ്രസ്‌ഫോടനങ്ങളും കേള്‍ക്കാം . 

സാബുവിനോട് സിദ്ധാര്‍ഥാ പാലസ് എന്നാണു പറഞ്ഞത് വിളിക്കാനാണെങ്കില്‍ അന്നത്തെ കാലത്തു സെല്‍ഫോണ്‍ അത്ര പ്രചാരത്തില്‍ വന്നിട്ടുമില്ല . ഓഫീസില്‍ പോയി വിളിച്ചു പറയാമെന്നു വച്ചു നോക്കുമ്പോളുണ്ട് ഒരു മോട്ടോര്‍സൈക്കിള്‍ ചീറിപ്പാഞ്ഞു വരുന്നു . നേരെ സിദ്ധാര്‍ഥ പാലസിലേക്ക് കയറ്റാന്‍ നോക്കുമ്പോള്‍ ആളെപ്പിടി കിട്ടി ..സാബു .
 
 ഉറക്കെ വിളിച്ചു ..എവിടെ കേള്‍ക്കാന്‍ ..കെട്ടിടത്തിനു ചുറ്റും കെട്ടിയിരുന്ന ചങ്ങലയില്‍ തട്ടി ബൈക്ക് മറിഞ്ഞു . അതിനു മുമ്പേ ക്യാമറാബാഗുമായി സാബു ചാടിയിറങ്ങി. ഞാന്‍ ബൈക്ക് സ്റ്റാന്‍ഡില്‍ വച്ചപ്പോഴേക്കും സാബുവിനെ കാണാനില്ല . 
 
കര്‍മനിരതനായ ആ ഫോട്ടോഗ്രാഫര്‍ അഗ്‌നിശമന സേനക്കാര്‍ പോലും അറച്ചു നിന്ന സമയത്ത് തീക്കുണ്ഠത്തിനകത്തേക്കു കയറി പോകുന്നു . ഞാനും ഷാജനും ഉറക്കെ നിലവിളിച്ചു തടയാന്‍ നോക്കിയെങ്കിലും നടന്നില്ല . പോലീസും ഫയര്‍ ഫോഴ്‌സും സാബുവിനോട് അവിടേക്കു പോകരുത് , പൊട്ടിത്തെറി ഉണ്ടാകുമെന്നു പറഞ്ഞു . സാബുവിന് ഒരേയൊരു ലക്ഷ്യം . നല്ല പടങ്ങള്‍...പടങ്ങള്‍ ..മാത്രം ..!!! 
 
വെറും അഞ്ചു മിനിറ്റ് ..! തീക്കുണ്ഠത്തിനുള്ളിലേക്കു കയറിയ സാബു ക്യാമറയും തൂക്കിപ്പുറത്തേക്ക് .. കൈലി മുണ്ടും ടീഷര്‍ട്ടുമാണു വേഷം . കിടക്കപ്പായയില്‍ നിന്നു വിളിച്ചെഴുന്നേല്‍പ്പിച്ചതാണ് . അപ്പോഴാണു ഞാനോര്‍ത്തത് ..ഞാന്‍ ചുറ്റിയിരിക്കുന്നതു പുതച്ച പുതപ്പാണെന്ന് ..!!!
വണ്ടി എടുക്കടാ പ്രാഞ്ചീസേ .. സാബു ആക്രോശിച്ചു . 
 
ഞങ്ങള്‍ മൂന്നു പേരും ഒറ്റ ബൈക്കില്‍ ഓഫീസിലേക്ക് മടങ്ങി . സാബു വന്നതോടെ ഞങ്ങളുടെ ഭയമൊക്കെ മാറി . 

സിദ്ധാര്‍ഥാ പാലസിന്റെ മുന്‍വശം മുഴുവന്‍ ഗ്ലാസു കൊണ്ടു തീര്‍ത്ത ജനലുകളായിരുന്നതിനാല്‍ അഗ്‌നിബാധയുടെ പ്രതിഫലനം ഈ ഗ്ലാസില്‍ കണ്ടതാണ് ഞങ്ങളെ തെറ്റിദ്ധരിപ്പിച്ചത് . പോരാത്തതിന് രണ്ടു പേര്‍ക്കും കണ്ണടയില്ലായിരുന്നു താനും .
പെട്ടെന്നു സ്റ്റോറി തയാറാക്കിക്കോ .. മെയിന്‍ സ്റ്റോറിയായിരിക്കും . ..സാബു പറഞ്ഞതു കേട്ടു ഞാന്‍ ഞെട്ടി . 

സ്റ്റോറി ...? ഒരഗ്‌നിബാധ കണ്ടുവെന്നല്ലാതെ എന്റെ കയ്യില്‍ യാതൊരു വിവരങ്ങളുമില്ല . ഞാന്‍ ഷാജന്റെ മുഖത്തേക്കു നോക്കി. സമയം കളയാനില്ല . ഡി.റ്റി.പി ഓപ്പറേറ്റര്‍ ടൈപ്പു ചെയ്യാന്‍ കാത്തിരിക്കുന്നു . കൈവിറ കാരണം എഴുതാനും പറ്റുന്നില്ല . അതിലുപരി എങ്ങനെ തുടങ്ങണമെന്നും അറിയില്ല . ഒടുവില്‍ ഡിറ്റിപി ഓപ്പറേറ്റര്‍ പറഞ്ഞു . നിങ്ങള്‍ പറഞ്ഞാല്‍ മതി , ഞാന്‍ ടൈപ്പു ചെയ്യാം . 

ആശയത്തിന്റെയും ഭാവനയുടെയും കാര്യത്തില്‍ ഷാജനതിബുദ്ധിമാനാണ് . ഷാജന്‍ തുടങ്ങി വച്ചു .
തൃശൂര്‍ നഗരഹൃദയത്തില്‍ ഉഗ്രസ്‌ഫോടനം
അടുത്തത് എന്റെ വക 

കൊക്കാല ജംഗ്ഷനു സമീപം ഹോട്ടല്‍ സിദ്ധാര്‍ഥ പാലസിനു മുമ്പിലുള്ള കെട്ടിടത്തിലാണ് പുലര്‍ച്ചെ ബോംബു സ്‌ഫോടനമെന്നു തോന്നും വിധമുള്ള ഉഗ്രസ്‌ഫോടനമുണ്ടായത് . ആളപായമോ സ്‌ഫോടന കാരണമോ അറിവായിട്ടില്ല . 

അടുത്തത് ഷാജന്‍
നഗരം ഗാഢനിദ്രയിലായിരിക്കുമ്പോള്‍ ഭൂമികുലുക്കത്തെ അനുസ്മരിപ്പിക്കും വിധമുണ്ടായ സ്‌ഫോടനം ഏതാണ്ടു ഏഴു കിലോമീറ്ററോളം ദൂരത്തില്‍ അനുഭവപ്പെട്ടു . സ്‌ഫോടനത്തെ തുടര്‍ന്ന് സമീപത്തെ കെട്ടിടങ്ങള്‍ കുലുങ്ങി . വീടുകളിലുറങ്ങി കിടന്നവര്‍ ഇറങ്ങിയോടി. ഇപ്പോഴും ചെറിയ പൊട്ടിത്തെറികളും സ്‌ഫോടനങ്ങളും നടന്നു കൊണ്ടിരിക്കുകയാണ് . 

നഗരത്തിലെ ഏറ്റവും തിരക്കേറിയ കൊക്കാല ജംഗ്ഷനില്‍ സ്‌ഫോടനം നടന്നത് പുലര്‍ച്ചെയായതിനാല്‍ വന്‍ ദുരന്തം ഒഴിവായി . പകലായിരുന്നുവെങ്കില്‍ നൂറുകണക്കിനു വാഹനങ്ങള്‍ സ്‌ഫോടനത്തിനിരയാകുമായിരുന്നു . കുറഞ്ഞത് മൂന്നു കൊന്നത്തെങ്ങുകളുടെ ഉയരത്തിലാണ് അഗ്‌നി ഉയര്‍ന്നത് . ഇത്രയും ടൈപ്പ് ചെയ്തു കഴിഞ്ഞപ്പോഴേക്കും സാബു ഫോട്ടോയുമായി അകത്തെത്തി . 
 
ഞങ്ങള്‍ കിടുങ്ങിപ്പോയി ..ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങളാണെങ്കിലും നിമിഷ നേരം കൊണ്ടു പകര്‍ത്തിയ ആ ചിത്രങ്ങളെല്ലാം ദുരന്തത്തിന്റെ എല്ലാ തീവ്രതയുമടങ്ങുന്നതായിരുന്നു . അതോടെ ഞങ്ങളെഴുത്തു നിര്‍ത്തി . 

ആറു കോളത്തില്‍ സാബുവിന്റെ പടം . ടി.എ. സാബുവിന്റെ ബൈലൈനോടു കൂടി..രണ്ടു കോളം വാര്‍ത്ത . ഹെഡിങ് എട്ടു കോളം . 

അന്നത്തെ പ്രധാന വാര്‍ത്ത ഇടമലയാര്‍ കേസോ മറ്റോ ആയിരുന്നു .ആ വാര്‍ത്ത പൊളിച്ചു ദൂരെക്കളഞ്ഞു . എന്നിട്ട് ഈ വാര്‍ത്തയും ഫോട്ടോയും എട്ടു കോളത്തില്‍ വിന്യസിപ്പിച്ചു . അപ്പോഴാണ് പ്രശ്‌നം തലക്കെട്ട് എന്തു കൊടുക്കും ? .എട്ടു കോളത്തില്‍ ബ്ലോ അപ് ചെയ്തു നില്‍ക്കണം . 
 
ഒടുവില്‍ ഗത്യന്തരമില്ലാതെ എന്‍.എസ്. സാറിനെ തന്നെ വിളിച്ചു . അദ്ദേഹം പറഞ്ഞു ..തൃശൂര്‍ നഗരത്തില്‍ ഉഗ്രസ്‌ഫോടനം . 

ഷാജന്‍ പറഞ്ഞു .. പത്രം ഏതായാലും തൃശൂര്‍ മാത്രമേ ഇറങ്ങൂ . അപ്പോള്‍പ്പിന്നെ നഗരത്തില്‍ ഉഗ്ര സ്‌ഫോടനം എന്നു മതി . അതാകുമ്പോള്‍ മുഴുവനായും എറിച്ചു നില്‍ക്കും . അങ്ങനെ റിവേഴ്‌സ് ബ്ലാക് ഹെഡിങില്‍ ആ വാര്‍ത്ത വന്നു സിറ്റി എഡിഷനില്‍ മാത്രം . എന്റെയും ഷാജന്റെയും വീണു കിട്ടിയ സ്‌കൂപ്പ് .റിപ്പോര്‍ട്ടര്‍ എന്ന നിലയില്‍ എനിക്കും നൈറ്റ് എഡിറ്റര്‍ എന്ന നിലയില്‍ ഷാജനും കിട്ടിയ ഏറ്റവും വലിയ അംഗീകാരമായിരുന്നു അത് . കൂടുതല്‍ അഭിമാനിക്കാവുന്നത് ഷാജനാണ് . കാരണം ഷാജന്‍ പത്രപ്രവര്‍ത്തനം തുടങ്ങിയിട്ട് രണ്ടു മാസം തികയ്ക്കും മുമ്പ് കിട്ടിയ അംഗീകാരം ..

പിറ്റേന്നിറങ്ങിയ മറ്റൊരു പത്രത്തിലും ഈ വാര്‍ത്തയുണ്ടായിരുന്നില്ല എന്തിനേറെ ..തൊട്ടടുത്തു സ്ഥിതി ചെയ്യുന്ന മാതൃഭൂമിയിലോ തൃശൂരില്‍ എഡിഷനുള്ള എക്‌സ്പ്രസ് പത്രത്തിലോ ലോക്കല്‍ പേജില്‍ പോലുമീ വാര്‍ത്ത വന്നില്ല .അതിനു മറ്റൊരു കാരണം കൂടിയുണ്ട്. സംഭവം നടന്നത് ഒരു ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു . ശനിയാഴ്ച എല്ലാ നൈറ്റ് റിപ്പോര്‍ട്ടര്‍മാരും നൈറ്റ് എഡിറ്റര്‍മാരും കാലേകൂട്ടിത്തന്നെ പണിയവസാനിപ്പിച്ച് വീട്ടില്‍ പോയിരുന്നു . 
 
ഞാനും ഷാജനും താമസിച്ചിരുന്നത് ഓഫീസിന്റെ കോമ്പൌണ്ടില്‍ തന്നെയുള്ള കെട്ടിടത്തിലായതിനാലാണ് ദീപീകയ്ക്ക് ഈ വാര്‍ത്ത സ്‌കോര്‍ ചെയ്യാന്‍ കഴിഞ്ഞത് . 

1996 ലാണ് ഈ സംഭവം നടക്കുന്നത് . തലേന്ന് ബ്യൂറോ അടച്ച് രാഗം തിയേറ്ററി
ല്‍ നിന്ന് ഒരു സിനിമയും കണ്ട് ഡസ്‌കിലെത്തിയപ്പോള്‍ ഞങ്ങള്‍ പിആര്‍ എന്നു സ്‌നേഹപൂര്‍വം വിളിക്കുന്ന പേസ്റ്റ് അപ് ആര്‍ട്ടിസ്റ്റ് പതിവു പിരിവുമായി വന്നു . പിആര്‍ അങ്ങനെയാണ് . തോന്നിയാല്‍ അപ്പോള്‍ വരി ഇടും .കിട്ടുന്നവരെയെല്ലാം പിഴിയും . ഒടുവില്‍ ഒരു ഫുള്ളിനു തികയുമ്പോള്‍ നേരെ വി.കെ. അശോകന്റെ കടയിലേക്ക് . 
 
പിആറിനറിയാം ...ഏതു പാതിരായ്ക്കും മുട്ടിയാല്‍ തുറക്കുന്ന കിളിവാതില്‍ ഏതെന്ന് ഒരു ക്വോട്ടര്‍ അടിച്ച് ഞാന്‍ മുറിയിലേക്കും പിആര്‍ വീട്ടിലേക്കും മറ്റുള്ളവര്‍ ജോലിക്കും പോയി. അപ്പോള്‍ കാശ്മീര്‍ അതിര്‍ത്തിയില്‍ നല്ല സംഘര്‍ഷം നടക്കുന്ന സമയമാണ് . കാര്‍ഗില്‍ , പൂഞ്ച് മേഖലകളില്‍ നുഴഞ്ഞു കയറ്റവും സംഘര്‍ഷവും . എപ്പോള്‍ വേണമെങ്കിലും യുദ്ധം ഉണ്ടായേക്കാമെന്ന് പത്രങ്ങള്‍ എഴുതിപിടിപ്പിക്കുന്നു . ഞാനാകട്ടെ , യുദ്ധവും സ്വപ്നം കണ്ട് ഞെട്ടിത്തരിച്ചിരിക്കുമ്പോഴാണ് ഓര്‍ക്കാപ്പുറത്ത് കട്ടിലില്‍ നിന്നു പൊത്തോന്ന് ... താഴെ വീഴുന്നത് . പിന്നെ ജീവനും കൊണ്ടോടുകയല്ലാതെ എന്തു ചെയ്യാന്‍ .. 
കാര്യങ്ങളെല്ലാം ഭംഗിയായി നടത്തിക്കഴിഞ്ഞപ്പോഴാണ് ഞാനും ഷാജനും ഒരു കാര്യം ഓര്‍ത്തത് . ഷാജന്‍ ന്യൂസ് എഡിറ്റര്‍ സാബു കുര്യനെയും ഞാന്‍ ബ്യൂറോ ചീഫ് ഫ്രാങ്കോ ലൂയീസിനെയും കാര്യമറിയിക്കാന്‍ വിട്ടു പോയി . എന്‍.എസ് . സാറുമായി സംസാരിച്ചതിനാല്‍ ഈ വിഷയം ഞങ്ങളോര്‍ത്തില്ലെന്നതാണു സത്യം . ഉടന്‍ തന്നെ ഞാന്‍ ഇരുവരെയും വിളിച്ചു . രണ്ടു പേരും പക്ഷേ , ഞങ്ങളെ അഭിനന്ദിക്കുകയാണ് ചെയ്തത് . 
 
ആരുമില്ലാതെ തന്നെ ഞങ്ങള്‍ കാര്യങ്ങള്‍ കൈകാര്യംചെയ്തതില്‍ ആണ് അവര്‍ക്കു സന്തോഷം തോന്നിയത് . നേരം വെളുക്കുന്നതിനു മുമ്പേ തന്നെ ഫ്രാങ്കോ സാറെത്തി. ഞാനും ഷാജനും നേരത്തെ തന്നെ സംഭവ സ്ഥലത്തു മടങ്ങിയെത്തി .നാട്ടുകാരോടു കാര്യങ്ങള്‍ തിരക്കി . അപ്പോഴും തീയണക്കാനുള്ള ശ്രമം ആരംഭിച്ചിട്ടില്ല . ഫയര്‍സര്‍വീസുകാര്‍ അടുത്തെത്തുമ്പോള്‍ സ്‌ഫോടനം നടക്കും .നാട്ടുകാരിലൊരാള്‍ പറഞ്ഞു . 
 
ഒരു പത്രഫോട്ടോഗ്രാഫര്‍ അകത്തു കയറിയിട്ടുണ്ട് . അയാള്‍ പുറത്തു വന്നു കണ്ടില്ല . എന്തു സംഭവിച്ചോ എന്തോ ..ആ ഫോട്ടോഗ്രാഫര്‍ പണിയും കഴിഞ്ഞു വീട്ടില്‍ കിടന്നു ഉറങ്ങുകയാണെന്ന വിവരം അയാളുണ്ടോ അറിയുന്നു ..

തീയണയ്ക്കല്‍ തുടങ്ങി നേരം പരപരാ വെളുത്തപ്പോഴാണ് സംഭവത്തിന്റെ യഥാര്‍ഥ ചിത്രം വ്യക്തമായത് . സംഭവം ബോംബോ ഭൂമികുലുക്കമോ അല്ല . നഗരമധ്യത്തില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന പടക്ക ഗോഡൌണിലുണ്ടായ പൊട്ടിത്തെറിയാണ് കാരണം . ഡൈറ്റോനൈറ്റര്‍, ജലാറ്റിന്‍ സ്റ്റിക് , ഗ്രനേഡ് തുടങ്ങിയ മാരക രാസവസ്തുക്കളും നാലഞ്ചു തൃശൂര്‍ പൂരങ്ങള്‍ക്കു പൊട്ടിക്കാന്‍ മാത്രമുള്ള ഗുണ്ടുകളും അമിട്ടുകളുമുള്‍പ്പടെ വന്‍ പടക്കശേഖരമായിരുന്നു ഇവിടെ സൂക്ഷിച്ചിരുന്നത് . 
 
സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ വെടിക്കെട്ടു കോപ്പുകള്‍ സൂക്ഷിച്ചിരുന്ന മുറിയുടെ കോണ്‍ക്രീറ്റില്‍ തീര്‍ത്ത മേല്‍ക്കൂര അപ്പാടെ തകര്‍ന്ന് റോഡിനു മറുവശത്തുള്ള മറ്റൊരു കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ പതിച്ച് ആ കെട്ടിടവും തീര്‍ന്നു . 
 
ഏതാണ്ടു 150 മീറ്റര്‍ ദൂരത്തുള്ള കെട്ടിടത്തിനു മുകളിലാണിതു വീണത് . സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ സമീപത്തുണ്ടായിരുന്ന കോണ്‍ക്രീറ്റില്‍ തീര്‍ത്ത നാലു കടമുറികളും തകര്‍ന്നു നാമാവശേഷമായി . നേരം വെളുത്തപ്പോള്‍ തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ കൊണ്ടുള്ള കൂമ്പാരമായിരുന്നു കൊക്കാല റോഡിലെങ്ങും ... 

ഏതാണ്ടു രണ്ടു മണിക്കാണ് സ്‌ഫോടനം നടന്നത് . ഇത് ആറുമണിക്കൂര്‍ മുമ്പോ പിറകിലോ ആയിരുന്നെങ്കില്‍ ഒരു പക്ഷേ കേരളം കണ്ടതില്‍ വച്ചേറ്റവും വലിയ ദുരന്തമായി മാറിയേനെ . രാവിലെ എട്ടുമണി മുതല്‍ കൊക്കാല ജംഗ്ഷനില്‍ ഗതാഗതക്കുരുക്ക് ആരംഭിക്കും . പിന്നീടത് രാത്രി എട്ടു മണി വരെ ബംബര്‍ ടു ബംബര്‍ ട്രാഫിക് . പോരാത്തതിന് ശക്തന്‍തമ്പുരാന്‍ സ്റ്റാന്‍ഡിലേക്കുള്ള എല്ലാ ബസുകളും പോകുന്നത് ഇതു വഴി . 
 
റോഡാകട്ടെ നിറയെ കുണ്ടും കുഴിയും . ഒച്ചിഴയുന്ന വേഗത്തിലാണ് വാഹനങ്ങള്‍ നീളുന്നത് . സ്‌ഫോടനം സമയം തെറ്റി സംഭവിച്ചിരുന്നു വെങ്കില്‍ കുറഞ്ഞത് പത്തിരുപത് വാഹനങ്ങളെങ്കിലും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിലായേനെ . പിന്നെന്താണു സംഭവിക്കുകയെന്നതു പ്രവചനാതീതം . 

അപകടം വെളുപ്പിനു നടന്നിട്ടു പോലും നാലുപേര്‍ കൊല്ലപ്പെട്ടു . ഇന്നു വരെ അതാരെന്നു തിരിച്ചറിഞ്ഞിട്ടില്ല . തകര്‍ന്ന കടകളുടെ വരാന്തകളിലുറങ്ങിയ യാചകരാകാമെന്നാണ് അനുമാനം . സംഭവം നടന്നയുടന്‍ സ്ഥലം എസ്പിയായിരുന്ന ബി. സന്ധ്യ ഐപിഎസ് സംഭവ സ്ഥലത്ത് എത്തി രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി . എസ്പിയുടെ സമീപത്തായിരുന്നു ഞാനും ഷാജനും നിലയുറപ്പിച്ചത് . നേരം വെളുക്കുവോളം അവശിഷ്ടങ്ങളില്‍ നിന്നാരെയും കണ്ടെത്താനായില്ല .. 

അങ്ങനെയിരിക്കെ നേരം ഏതാണ്ട് 7 മണിയായി . പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും കെട്ടിടാവശിഷ്ടങ്ങള്‍ക്കുള്ളില്‍ തെരച്ചില്‍ നടത്തുകയാണ് . എല്ലാം വീക്ഷിച്ചു കൊണ്ട് എസ്.പി. സന്ധ്യക്കു സമീപം ഞാനും ഷാജനുമുണ്ട്. ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുകയായിരുന്ന ടിഎ സാബു പെട്ടെന്ന് അലറി വിളിച്ചു ...ദേ...ഒരു കൈ....ഞങ്ങള്‍ നില്‍ക്കുന്നതിനു തൊട്ടു മുമ്പാണ് കൈ പ്രത്യക്ഷപ്പെട്ടത് . കൈയുടെ ഉറവിടം തേടിയപ്പോള്‍ കണ്ടത് ഞാനും ഷാജനും എസ്പിയും നിലയുറപ്പിച്ചിരുന്നത് ഒരു മനുഷ്യ ശരീരത്തിനു മുകളിലായിരുന്നുവെന്നതാണ് ...
 
ഇരുട്ടും പൊടിപടലവും കാരണം കോണ്‍ക്രീറ്റ് പൊടിയിലാണ്ട ശവശരീരം കാണാനേ പറ്റില്ലായിരുന്നു . ഞാനും ഷാജനും ഞെട്ടിത്തരിച്ചു എടുത്തൊരു ചാട്ടം . 
 
അന്നു പ്രസിദ്ധീകരിച്ച രാഷ്ട്രദീപിക സായാഹ്ന പത്രത്തിലെ എന്റെ പ്രത്യേക സ്റ്റോറി ഈ കൈ സംഭവമായിരുന്നു . പിറ്റേന്നത്തെ ദീപികയിലും ഈ സ്റ്റോറി സ്‌കൂപ്പ് ആയിത്തന്നെ പ്രസിദ്ധീകരിച്ചു . 

അന്നത്തെ രാഷ്ട്രദീപികയ്ക്കു ഒരു പ്രത്യേകതയുണ്ട് . സാധാരണ രാഷ്ട്രദീപിക സായാഹ്ന പത്രം ഞായറാഴ്ചകളില്‍ പ്രസിദ്ധീകരിക്കാറില്ല . പക്ഷേ , എന്‍.എസ്. ജോര്‍ജ് സാറിന്റെ പ്രത്യേക നിര്‍ദ്ദേശപ്രകാരം രാഷ്ട്രദീപിക ഡസ്‌ക് സജീവമായി . രാത്രി 9 വരെ നാല് എഡിഷനുകളുമായി ഏതാണ്ട് 22000 കോപ്പി അടിച്ചു . അന്നു പുലര്‍ച്ചെ എക്‌സ്‌ക്ലൂസീവ് വാര്‍ത്തയുമായി ദീപിക 10,000 കോപ്പിയോളം വിറ്റതിനു പുറമേയാണിത് .
 
 പത്രം അടിച്ചതല്ലാതെ വില്‍ക്കാന്‍ ഏജന്റുമാര്‍ വളരെ കുറവായിരുന്നു ഉണ്ടായിരുന്നത് . അതിനും പെട്ടെന്നു തീരുമാനമായി . എന്‍.എസ് ജോര്‍ജ് സാറിന്റെ നേതൃത്വത്തില്‍ ഞാനും ഷാജനും സാബുവും പിന്നെ പ്രിന്റിങിലെ സ്‌ററാഫുകളും എല്ലാം വില്‍പനയ്ക്കു നേതൃത്വം നല്‍കി. ദീപികയും രാഷ്ട്രദീപികയും വിറ്റ വകയില്‍ കമ്മീഷനായി ഏതാണ്ട് 300 രൂപയോളം ലഭിച്ചു . അഞ്ചാറു ദിവസത്തേക്കു വട്ടച്ചെലവിനുള്ള കാശുമായി , സ്വന്തം സ്‌കൂപ്പ് അച്ചടിച്ച പത്രം വില്‍ക്കാനുള്ള യോഗവുമായി . 
 
ഇതു കൂടാതെ എന്‍.എസ് സാറിന്റെ വക അന്നത്തെ ദിവസത്തെ ശാപ്പാടും ഫ്രീ. എന്തായാലും എന്‍.എസ്.ജോര്‍ജ് സാറിനെപ്പോലെ പെട്ടെന്നു തീരുമാനമെടുക്കാന്‍ കഴിയുന്ന എഡിറ്റര്‍മാര്‍ വളരെ ചുരുക്കം ..അദ്ദേഹത്തെ അഭിനന്ദനം നിറഞ്ഞ മനസോടെയല്ലാതെ അനുസ്മരിക്കാന്‍ വയ്യ ...

കൊക്കാല സ്‌ഫോടനം തൃശൂര്‍ ജില്ലയ്ക്കു വന്‍ ആഘാതമാണു സൃഷ്ടിച്ചതെങ്കില്‍ ദീപികയ്ക്കും രാഷ്ട്രദീപികയ്ക്കും വന്‍ മൈലേജു തന്നെയുണ്ടാക്കി . അതാണ് പത്രപ്രവര്‍ത്തനത്തിന്റെ ഭീകരമായ മറ്റൊരു മുഖം . ദുരന്തങ്ങളും അപകടങ്ങളും ഒരു വിഭാഗത്തിനു വന്‍ ദുഖവും നഷ്ടവുമുണ്ടാക്കുമ്പോള്‍ നേട്ടമുണ്ടാക്കുന്ന ചില കൂട്ടരുണ്ടിവിടെ . അതിലൊന്ന് പത്രപ്രവര്‍ത്തകര്‍ , രണ്ട് ക്രെയിന്‍ സര്‍വീസുകാര്‍ ..വാഹനങ്ങള്‍ അപകടത്തില്‍ പെട്ടില്ലെങ്കില്‍ ഇവര്‍ ശരിക്കും പട്ടിണിയിലാകും . 
 
അപകടങ്ങളോ ദുരന്തങ്ങളോ സംഭവിച്ചില്ലെങ്കില്‍ പത്രങ്ങള്‍ക്കു കണ്ണീരിറ്റിക്കുന്ന വാര്‍ത്തകളും ഇല്ലാതാകും . 

പത്രപ്രവര്‍ത്തകര്‍ പോലീസ്, ഫയര്‍ഫോഴ്‌സ് , ആശുപത്രി എന്നിവിടങ്ങളില്‍ എല്ലാ ദിവസവും കുറഞ്ഞത് മൂന്നു തവണയെങ്കിലും വിളിക്കാറുണ്ട് . ഫോണ്‍ എടുക്കുന്നവരെ അഭിസംബോധന ചെയ്തിട്ടു ചോദിക്കും
..എന്തൊക്കെയുണ്ട് വിശേഷങ്ങള്‍ ..?
അടുത്തിരുന്നു കേള്‍ക്കുന്നവര്‍ക്കു തോന്നും ഫോണെടുത്തയാളുടെ വിശേഷം തിരക്കിയതാണെന്ന് . എന്നാല്‍ വിശേഷമായി മറുതലയ്ക്കല്‍ നിന്നു പറയുന്നത് ഒരു പക്ഷേ , വലിയ അപകടത്തെക്കുറിച്ചോ അല്ലെങ്കില്‍ ചെറിയ അപകടത്തെക്കുറിച്ചോ ആയിരിക്കും .അപ്പോള്‍ പത്രപ്രവര്‍ത്തകരുടെ ചോദ്യം ...
എത്രയാള്‍ പോയി ..? .കുറച്ചാണെങ്കില്‍ അടുത്ത ചോദ്യം
...അത്രയേ ഉള്ളൂ..?

മരണം രണ്ടായാല്‍ പോരാ ..അഞ്ചാറെണ്ണമുണ്ടെങ്കില്‍ ആഘോഷിക്കാം . അത്രയ്ക്കും മനസാക്ഷി മരവിപ്പിക്കുന്ന ചോദ്യോത്തരങ്ങളായിരിക്കും ഇരു തലയ്ക്കല്‍ നിന്നുമുണ്ടാകുക . എന്താ ചെയ്യുക .....? ഇതും തൊഴിലിന്റെ ഭാഗമല്ലേ ...?

ഇത്തരത്തില്‍ പീച്ചി പോലീസ് സ്റ്റേഷനിലേക്കും ഫയര്‍‌സ്റ്റേഷനിലേക്കും രാത്രി ജോലി സമയത്തിനു ശേഷം മൊബൈലില്‍ നടത്തിയ ഒരു സംഭാഷണം എന്റെ ജീവിതത്തിലെ ഏറ്റവും മറക്കാനാവാത്ത റിപ്പോര്‍ട്ടിങ് ആയി മാറിയിരുന്നു . കേരളത്തില്‍ തന്നെ ആദ്യമായി നടന്ന ആ സംഭവത്തെക്കുറിച്ച് അടുത്ത അധ്യായത്തില്‍ .
CONTACT : fethadathil@gmail.com
PH 9735183447 
ഭൂമി കുലുങ്ങി; കട്ടിലില്‍ നിന്നു തെറിച്ചു താഴേയ്ക്ക്; മാനം മുട്ടെ അഗ്‌നികുണ്ഠം  (ഫ്രാന്‍സിസ് തടത്തില്‍ -12)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക