Image

ചിരിയുടെ തമ്പുരാന്‍ നൂറാം ഈസ്റ്ററിന്റെ നിറവില്‍ ;ആദരവോടെ മലയാളം

അനില്‍ പെണ്ണുക്കര Published on 14 April, 2017
ചിരിയുടെ തമ്പുരാന്‍ നൂറാം ഈസ്റ്ററിന്റെ നിറവില്‍ ;ആദരവോടെ മലയാളം
ക്രിസോസ്റ്റം തിരുമേനി എന്ന ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത നൂറാം ഈസ്റ്ററിന്റെ നിറവിലാണ്.ദൈവം ഒപ്പം നടക്കുന്ന ഒരാള്‍ ഇന്ന് മലയാളത്തില്‍ വേറെ ഉണ്ടാകില്ല .കേരളത്തിന്റെ സാമൂഹിക സാംസ്ക്കാരികരംഗത്ത് സജീവസാന്നിധ്യമായ ക്രിസോസ്റ്റം തിരുമേനി ചിരിയും ചിന്തയും സമന്വയിപ്പിക്കാന്‍ ഭൂമിയില്‍ വന്നിട്ട് നൂറു വര്ഷം.ദൈവത്തിന്റെ നിയോഗം.നമുക്ക് അങ്ങനെ വലിയത് സൗഭാഗ്യങ്ങള്‍ ദൈവം കൊണ്ടുത്തരുന്നു .അതിലൊരാള്‍ ആണ് നമ്മുടെ സ്വന്തം വലിയ തിരുമേനി.

കാഴ്ചപ്പാടുകള്‍

അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍ കേവലം മതത്തിനുള്ളിലോ സമുദായത്തിനുള്ളിലോ ഒതുങ്ങുന്നില്ല.ജാതിമതഭേദമെന്യേ തന്റെ ചുറ്റുമുള്ള ജനങ്ങളുടെ നടുവില്‍ ഒരാളായി;ഏതു സമസ്യക്കും തന്റേതായ ശൈലിയിലുള്ള ഉത്തരവുമായി അദ്ദേഹമുണ്ട് .ഒരു യോഗിവര്യന്റെ കര്‍മ്മപഥവും ജീവിതവീക്ഷണങ്ങളും ചിന്താധാരകളും എന്നെന്നേക്കുമായി അദ്ദേഹം അടയാളപ്പെടുത്തിക്കഴിഞ്ഞു.ഇനി ആ ചിതകള്‍ക്കൊപ്പം മലയാളി നടന്നാല്‍ മാത്രം മതി .അദ്ദേഹം നമ്മുടെ മുന്നില്‍ നമ്മെക്കാള്‍ ഉര്‍ജ്ജസ്വലനായി നടന്നു നീങ്ങുന്നു.

റയില്‍വേ പോര്‍ട്ടര്‍

അദ്ദേഹം റെയില്‍വേ പോര്‍ട്ടര്‍ ആയി സേവനം അനുഷ്ഠിച്ചിരുന്നു.അദ്ദേഹത്തെ അളന്നെടുക്കാന്‍ ഒരു കഥ.
പെട്ടിയെടുക്കാന്‍ ഒരിക്കല്‍ ഒരു വലിയ ഉദ്യോഗസ്ഥനോട് പ്രതിഫലം ആവശ്യപ്പെട്ടു.നിയമം അനുവദിക്കുമെങ്കില്‍ തരാമെന്ന അദ്ദേഹത്തിന്റെ മറുപടി.ആ ഉദ്യോഗസ്ഥന്റെ പെട്ടി എടുത്തു വയ്ക്കാന്‍ 20 മിനിട്ട് വേണം.ഇതിനായി ഉദ്യോഗസ്ഥന്‍ 20 മിനിട്ട് ജോലി ചെയ്യുമ്പോള്‍ ലഭിക്കുന്ന വേതനം വേണമെന്നായി തിരുമേനി.ഇത് കേട്ട് ഉദ്യോഗസ്ഥന്‍ തന്റെ ബുദ്ധിയെ പുകഴ്ത്തിയപ്പോള്‍ പറഞ്ഞ മറുപടിയും രസകരമായി അവതരിപ്പിച്ചു അദ്ദേഹം.ബുദ്ധിയുണ്ടായിരുന്നേല്‍ സാര്‍ എന്റെ സ്ഥാനത്തും ഞാന്‍ സാറിന്റെ സ്ഥാനത്തും ഇരുന്നേനെ.സംഭാഷണം അല്‍പ സമയം നീണ്ടു. ഇതോടെ ചോദിക്കുന്നതെന്തും നല്‍കാമെന്നായിരുന്നു ഉദ്യോഗസ്ഥന്റെ വാഗ്ദാനം. ഇതുകേട്ടതോടെ ഒന്നും വേണ്ട ഈ മനസ്സ് മതിയെന്നായി ഉത്തരം. പരസ്പരം ആവശ്യങ്ങളറിഞ്ഞ് സഹായിക്കുന്നവരുടെ ലോകം തങ്ങള്‍ക്കിടയില്‍ രൂപം കൊണ്ടതായി ഇരുവരും തിരിച്ചറിഞ്ഞു.ഇത്തരത്തില്‍ മറ്റുള്ളവരുടെ ആവശ്യങ്ങള്‍ തന്റെ ആവശ്യങ്ങളായി കരുതുന്നവരുടെ ലോകം വരണമെന്നും അദ്ദേഹം പറഞ്ഞു.

സുബ്രഹ്മണ്യനും തിരുമേനിയും

മാര്‍ ക്രിസോസ്റ്റം തെരുവില്‍നിന്ന് കൈപിടിച്ച സുബ്രമണ്യന്‍ ഈ ലേഖകന്റെ ഉറ്റ സുഹൃത്താണ് വിവാഹം.പതിനൊന്ന് വര്‍ഷം മുമ്‌ബൊരു ക്രിസ്തുമസ്സില്‍ തിരുമേനി നാടോടികള്‍ക്കിടയില്‍നിന്ന് കണ്ടെടുത്ത കുട്ടിയാണ് സുബ്രമണ്യന്‍ . സുബ്രഹ്മണ്യനെ തിരുമേനി പഠിപ്പിച്ചു.ഇപ്പോള്‍ വിവാഹവും നടത്തിക്കൊടുത്തു. സുബ്രഹ്മണ്യനും ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയമെത്രാപ്പോലീത്ത തിരുമേനിയുമായുള്ള ബന്ധം തുടങ്ങുന്നത് 2005ല്‍ തിരുവല്ല വൈ.എം.സി.എ. സംഘടിപ്പിച്ച തെരുവിന്റെ മക്കള്‍ക്കായുള്ള ക്രിസ്മസ് ആഘോഷത്തില്‍നിന്നാണ്. ബാലനായിരുന്ന സുബ്രഹ്മണ്യനായിരുന്നു മുഖ്യാതിഥിയായി എത്തിയ തിരുമേനിക്ക് നാടോടികളുടെ ഭാഷ പരിഭാഷപ്പെടുത്തി കൊടുത്തത്. കുട്ടിയെ ശ്രദ്ധിച്ച ക്രിസോസ്റ്റം തിരുമേനി അവനെ മാര്‍ത്തോമ്മാ സഭയുടെ അരമനയായ പുലാത്തീനിലേക്ക് കൈപിടിച്ചു കയറ്റി. സൈക്കിള്‍ വാങ്ങി നല്‍കുകയും ഉപജീവനത്തിന് ലോട്ടറി വില്‍ക്കാന്‍ സൗകര്യവും ചെയ്തു കൊടുത്തു. തിരുപ്പതി സ്വദേശിയായ സുബ്രഹ്മണ്യത്തെ പ്ലസ്ടു വരെ പഠിപ്പിച്ചു. 2010ല്‍ റെയില്‍വേയ്ക്ക് സമീപം അഞ്ച് സെന്റ് ഭൂമി വാങ്ങി വീടുവച്ചു നല്‍കി. തുടര്‍ന്ന് നാടോടിയായ തന്റെ അമ്മയെ അവനൊപ്പമാക്കി. വിവാഹപ്രായം എത്തിയപ്പോള്‍ സുബ്രഹ്മണ്യന് രക്ഷിതാവിന്റെ സ്ഥാനത്തുനിന്ന് വിവാഹവും നടത്തി. സുബ്രഹ്മണ്യന്‍ തിരുവല്ല വൈ.എം.സി.എ.യുടെ വികാസ് സ്കൂളില്‍ െ്രെഡവറാണ് .

തിരുമേനിയുടെ ഡയറി

റിട്ടയര്‍ ചെയ്താല്‍ പലരുടേയും തിരക്ക് കുറയും. അപൂര്‍വ്വം ചിലര്‍ക്ക് തിരക്ക് കൂടും. അക്കൂട്ടത്തിലാണ് ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത. തിരുമേനിയുടെ ഡയറി നോക്കുന്നവര്‍ അന്തംവിട്ടു പോകും. ചില ദിവസങ്ങളില്‍ രാവിലെ ഏഴു മുതല്‍ വൈകിട്ട് എട്ടു മണിവരെയുള്ള പരിപാടികളില്‍ വിശ്രമമില്ലാതെ പങ്കെടുക്കുവാന്‍ ഈ പ്രായത്തിലും മടിയില്ല.

6 വര്‍ഷം മുമ്പ് എറണാകുളത്ത് ഒരു പരിപാടിയില്‍ പങ്കെടുത്തു വരവേ തിരുമേനിക്കു ബോധക്ഷയമുണ്ടായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു

''തിരുമേനി ഒരു ദിവസം രണ്ടു പ്രോഗ്രാമില്‍ കൂടുതല്‍ എടുക്കരുത്.'' ഞാനും ഒരു ഉപദേശം കൊടുത്തു. ചെറുചിരിയോടെ അദ്ദേഹം പറഞ്ഞു. ''ജനത്തെ കാണുന്നത് എനിക്ക് ഇഷ്ടമാണ്. പരിപാടികളില്‍ എന്നെ സ്വാഗതം ചെയ്തുകൊണ്ട് ഒരു പ്രസംഗമുണ്ട്. എനിക്ക് ഇല്ലാത്തതും ഉള്ളതുമായ എല്ലാ മേന്മകളും തട്ടിവിടും. സാറെ ഇത് കേള്‍ക്കുന്നത് എനിക്കൊരു സന്തോഷമാണ്. പറയുന്ന പകുതിയും സത്യമല്ലാത്തതിനാല്‍ സ്വാഗതപ്രസംഗകന്‍ സ്വര്‍ഗ്ഗത്തില്‍ പോകത്തില്ലായെന്നറിയാം. പക്ഷെ എനിക്ക് അതൊരു ആവേശമാ''.

നല്ല ശ്രോതാവാകുക

ക്രിസോസ്റ്റം തിരുമേനിയെ സന്ദര്‍ശിക്കുവാന്‍ അനവധി ആളുകള്‍ ദിവസവും വരുന്നുണ്ട്. പലരേയും ആദ്യമായി കാണുന്നതായിരിക്കും. എന്നാലും അദ്ദേഹം താല്‍പ്പര്യപൂര്‍വം അവരുടെ കാര്യങ്ങള്‍ കേള്‍ക്കും. പ്രവര്‍ത്തന മേഖലകളെ കുറിച്ച് ആരായും. സംശയങ്ങള്‍ ചോദിക്കും. പുതിയ കാര്യങ്ങള്‍ മനസിലാക്കും.

തിരുമേനിയുടെ വാക്കുകള്‍ ശ്രദ്ധിക്കുക. ''എന്റെ തല പഴയ താണ്. പഴയ കാര്യങ്ങള്‍ എനിക്ക് മനസിലാകും. പുതിയ കാര്യങ്ങള്‍ ഞാന്‍ മനസിലാക്കുന്നത് എന്നോട് സംസാരിക്കുവാന്‍ വരുന്നവരിലൂടെയാണ്. അതാണ് ഞാന്‍ പ്രസംഗത്തിലൂടെ തട്ടി വിടുന്നത്. തിരുമേനിക്ക് വലിയ വിവരമുണ്ടെന്ന് പലരും കരുതും. എന്റെ വിവരം മിടുക്കരായ ചെറുപ്പക്കാര്‍ നല്‍കുന്നതാണ്.''

മന്ത്രി ആയിരിക്കെ മുല്ലക്കര രത്‌നാകരന്‍ തിരുമേനിയോട് കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിച്ചു. സ്കൂള്‍ കുട്ടികളുടെ കരിക്കുലത്തില്‍ കൃഷിക്ക് പ്രാധാന്യം നല്‍കി അവതരിപ്പിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എല്ലാം കേട്ട തിരുമേനി അടുത്ത ദിവസം ഒരു സ്കൂള്‍ വാര്‍ഷികത്തിന് പ്രസംഗിച്ചപ്പോള്‍ ഇവ ഭംഗിയായി അവതരിപ്പിച്ചു. തിരുമേനിയുടെ വാക്കുകളില്‍ ''എന്റെ പ്രസംഗം മുഴുവനും വല്ലവരും പറഞ്ഞ കാര്യങ്ങളാ.''

രാമച്ചം ഭൂഗര്‍ഭ ജലം ഉയര്‍ത്തുമെന്നും, നദികളിലെ കോളിഫോം ബാക്ടീരിയായുടെ അളവ് കുറയ്ക്കുമെന്നും, നദീ തീരം ഇടിയാതെ സംരക്ഷിക്കുമെന്നും എന്റെ ഗവേഷണ പഠനത്തില്‍ പറയുന്നുണ്ട്. എപ്പോള്‍ എന്നെ കണ്ടാലും ഇതേക്കുറിച്ച് തിരക്കാറുണ്ട്. ഒരിക്കല്‍ ജലവിഭവ വകുപ്പ് മന്ത്രിയായിരുന്ന പി.ജെ ജോസഫ് തിരുമേനിയെ കാണുവാന്‍ വന്നപ്പോള്‍ ആധികാരികമായി രാമച്ചത്തിന്റെ ഗുണത്തെക്കുറിച്ച് അദ്ദേഹത്തോട് പറഞ്ഞു.

ക്രിസോസ്റ്റം തിരുമേനി മറ്റുള്ളവരെ അഭിനന്ദിക്കുമ്പോള്‍ അതില്‍ ആത്മാര്‍ത്ഥതയും സത്യസന്ധതയുമുണ്ട്. ഒരിക്കല്‍ തിരുമേനി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി സംസാരിക്കുകയാണ്: 'സെക്യൂരിറ്റിയൊന്നും കൂടാതെ ജനങ്ങളുമായി അടുത്തിടപഴകി അവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുവാന്‍ കാണിക്കുന്ന താല്‍പ്പര്യം തികച്ചും അഭിനന്ദാര്‍ഹമാണ്.' അച്യുതാനന്ദനോട് സംസാരിച്ചപ്പോള്‍ ആദ്യമേ പറഞ്ഞു: 'ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് അത് ബഹുജനപ്രക്ഷോഭമാക്കി മാറ്റിതീര്‍ക്കുവാനുള്ള അങ്ങയുടെ കഴിവ് ശ്രദ്ധേയമാണ്.' മുല്ലക്കര രത്‌നാകരനോട് 'അങ്ങ് കാര്‍ഷിക മേഖലയെ സ്‌നേഹിച്ച ഒരു കൃഷി മന്ത്രിയാണ് എന്നു പറയുമ്പോള്‍ തോമസ് ഐസക്കിനോട്, ജനകീയാസൂത്രണത്തിന്റെ ഗുണവശങ്ങളെക്കുറിച്ചായി രിക്കും സംഭാഷണം.

തന്നെ സന്ദര്‍ശിക്കുന്നവരെ തിരുമേനി സൂക്ഷ്മമായി നിരീക്ഷിക്കും. അവരിലെ നന്മ മടി കൂടാതെ പറയും. അതുകൊണ്ടാകാം, ജാതിമതരാഷ്ട്രീയ ഭേദമില്ലാതെ എല്ലാവരും തിരുമേനിയെ ഇഷ്ടപ്പെടുന്നതും.

വലിയ തിരുമേനിയുടെ അടുത്ത് ഒരിക്കലെങ്കിലും ചെന്നുപെട്ടിട്ടുള്ളവരെല്ലാം അദ്ദേഹത്തിന്‍റെ നര്‍മ ഭാഷണ സുഖം അനുഭവിച്ചിട്ടുണ്ടാവും. പള്ളിയില്‍ നേര്‍ച്ചയായി കിട്ടിയ കോഴിയെ ലേലത്തില്‍ വില്‍ക്കാന്‍ കഴിയാതെ വന്നപ്പോള്‍, നേര്‍ച്ചക്കോഴിയെ കണ്ടിച്ചു കറിവച്ച്, ഒപ്പം സേവിക്കാന്‍ ബ്രാന്‍ഡിക്കടയില്‍ നിന്നു മദ്യവും വാങ്ങിക്കുടിച്ച ശേഷം, ചെലാവാകാതിരുന്ന മുതല്‍ ചെലവാക്കാന്‍ ഉണ്ടായ ചെലവ് എന്നു കണക്കെഴുതി വച്ച കൈക്കാരനെ കൈയോടെ പിടികൂടുന്നതാണ് അദ്ദേഹത്തിന്‍റെ ഫലിത സ്‌റ്റൈല്‍.

എന്തൊക്കെ നല്ല കാര്യം ചെയ്താലും ഒപ്പമുണ്ടായിരുന്ന കുശിനിക്കാരനെ വല്ലാതെ ശകാരിക്കുമായിരുന്ന വൈദികനെക്കുറിച്ചും (അതു തിരുമേനി തന്നെയെന്നും വ്യംഗ്യം) മാര്‍ ക്രിസോസ്റ്റം വിസ്തരിച്ചിട്ടുണ്ട്. ഒരിക്കല്‍ മാനസാന്തരപ്പെട്ട വൈദികന്‍ കുശിനിക്കാരനെ വിളിച്ചു ചേര്‍ത്തു നിര്‍ത്തി. എന്നിട്ടു വളരെ ശാന്തനായി പറഞ്ഞു. നീ ഇവിടെ വളരെ കഷ്ടപ്പെടുന്നുണ്ട്. എന്നിട്ടും ഞാനെപ്പോഴും നിന്നെ വഴക്കു പറയുന്നു. വലിയ തെറ്റാണു ഞാന്‍ ചെയ്തത്. ഇനി ഏതായാലും ആ തെറ്റ് ഞാന്‍ ആവര്‍ത്തിക്കില്ല. നിന്നെ ഇനി ഒരിക്കലും വഴക്കു പറയില്ല.

തിരുമേനിയുടെ കുമ്പസാരത്തില്‍ കുശിനിക്കാരനും മാനസാന്തരമുണ്ടായി. അയാള്‍ പറഞ്ഞു. ശരി തിരുമേനി, അങ്ങ് എന്നെ ഇനി വഴക്കു പറയില്ലെന്ന് ഉറപ്പാണെങ്കില്‍ ഞാനും ഒരുറപ്പു തരുന്നു. അങ്ങേയ്ക്കു വിളമ്പി വയ്ക്കുന്ന ഭക്ഷണത്തില്‍ ഇനി മേലില്‍ ഞാന്‍ തുപ്പി വയ്ക്കില്ല..! തിരുമേനി ഫ്‌ളാറ്റ്.
ഇത്തരം ഫലിതങ്ങള്‍ പറഞ്ഞുപറഞ്ഞു പതംവന്നപ്പോള്‍ തിരുമേനിയുടെ ഇഷ്ടക്കാര്‍ അതൊരു പുസ്തകമാക്കി. ക്രിസോസ്റ്റം ഫലിതങ്ങള്‍ എന്ന പേരില്‍ പുസ്തകമിറക്കി സൂപ്പര്‍ ഹിറ്റ് ആക്കുകയും ചെയ്തു.

ഇങ്ങനെ പറഞ്ഞാലും തീരാത്ത കഥകള്‍ ....
ദൈവം ഒപ്പം നടക്കുന്ന തിരുമേനിക്ക് നൂറാം ഈസ്റ്ററിനു
ഋമലയാളിയുടെ ഈസ്റ്റര്‍ ആശംസകള്‍ ..
ചിരിയുടെ തമ്പുരാന്‍ നൂറാം ഈസ്റ്ററിന്റെ നിറവില്‍ ;ആദരവോടെ മലയാളം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക