Image

കുല്‍ഭൂഷണ്‍ വിഷയത്തില്‍ നിലപാട്‌ കടുപ്പിച്ച്‌ ഇന്ത്യ; പാകിസ്‌താനുമായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ മരവിപ്പിച്ചു

Published on 15 April, 2017
കുല്‍ഭൂഷണ്‍ വിഷയത്തില്‍ നിലപാട്‌ കടുപ്പിച്ച്‌ ഇന്ത്യ; പാകിസ്‌താനുമായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ മരവിപ്പിച്ചു



ന്യൂ ഡല്‍ഹി: ഇന്ത്യന്‍ ചാരനെന്ന്‌ ആരോപിച്ച്‌ മുന്‍ നാവികസേനാ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ യാദവിന്‌ വധശിക്ഷ വിധിച്ച പാകിസ്‌താന്റെ നടപടിയില്‍ നിലപാട്‌ കടുപ്പിച്ച്‌ ഇന്ത്യ. പാകിസ്‌താനുമായുള്ള എല്ലാ ഉഭയകക്ഷി ചര്‍ച്ചകളും ഇന്ത്യ മരവിപ്പിച്ചു. കുല്‍ഭൂഷണിന്‌ നീതി കിട്ടും വരെ പാകിസ്‌താനുമായുള്ള എല്ലാ ചര്‍ച്ചകളും നിര്‍ത്തിവെയ്‌ക്കുകയാണെന്ന്‌ ഇന്ത്യ പ്രഖ്യാപിച്ചു. തിങ്കളാഴ്‌ച നടക്കാനിരുന്ന സമുദ്രസുരക്ഷയുമായി ബന്ധപ്പെട്ടുള്ള തീരസംരക്ഷണ സേനാ പ്രതിനിധികളുടെ കൂടിക്കാഴ്‌ച ഇന്ത്യ റദ്ദാക്കി.

ചര്‍ച്ചക്ക്‌ ഇന്ത്യയിലേക്ക്‌ വരാനിരുന്ന പാകിസ്‌താന്‍ സമുദ്ര സുരക്ഷാ ഏജന്‍സി പ്രതിനിധികളോട്‌ ആതിഥ്യമരുളാനാവില്ലെന്ന്‌ ഇന്ത്യ അറിയിച്ചു. പാകിസ്‌താന്‌ മുകളില്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ്‌ ഇന്ത്യ ലക്ഷ്യമിടുന്നത്‌. എല്ലാ അന്താരാഷ്ട്ര മര്യാദകളും ലംഘിക്കുന്നതിനാല്‍ പാകിസ്‌താനുമായി ഇനി ഒരു ചര്‍ച്ചയും വേണ്ടെന്ന നിലപാടിലേക്കാണ്‌ ഇന്ത്യ എത്തിയത്‌.

ഇന്ത്യാ പാക്‌ ബന്ധത്തില്‍ അസ്വാരസ്യം വര്‍ധിച്ചതില്‍ പിന്നെ ഈ വര്‍ഷം സിന്ധു ജല കരാറുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ച മാത്രമാണ്‌ ഇരുരാജ്യങ്ങള്‍ക്കും ഇടയില്‍ ഉണ്ടായത്‌. കശ്‌മീരിലെ ഉറിയില്‍ പാക്‌ പിന്തുണയോടെ നടത്തിയ ഭീകരാക്രമണത്തെ തുടര്‍ന്ന്‌ ഇരു രാജ്യങ്ങള്‍ക്കും ഇടയില്‍ മുടങ്ങികിടന്ന ഉഭയകക്ഷി ചര്‍ച്ചകള്‍ വീണ്ടും ആരംഭിക്കാന്‍ ശ്രമം നടക്കുന്നതിന്‌ ഇടയിലാണ്‌ കുല്‍ഭൂഷണ്‍ യാദവിന്‌ വധശിക്ഷ വിധിച്ചുകൊണ്ടുള്ള ഉത്തരവ്‌ ബന്ധം കൂടുതല്‍ വഷളാക്കിയത്‌.

പാക്‌ തടവറയിലുള്ള കുല്‍ഭൂഷണ്‍ യാദവിനെ കാണാന്‍ നയതന്ത്ര പ്രതിനിധികളെ അനുവദിക്കണമെന്ന ഇന്ത്യയുടെ ആവശ്യം പാകിസ്‌താന്‍ തുടര്‍ച്ചയായി തള്ളിയതും ഇന്ത്യ ശക്തമായി പ്രതിഷേധിക്കാന്‍ കാരണമായി. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക