Image

ഇന്ത്യന്‍ ജവാന്മാരെ ആക്രമിക്കുന്നവരെ വെടിവെച്ചു കൊല്ലണമെന്ന്‌ യോഗേശ്വര്‍ ദത്ത്‌

Published on 16 April, 2017
 ഇന്ത്യന്‍ ജവാന്മാരെ ആക്രമിക്കുന്നവരെ വെടിവെച്ചു കൊല്ലണമെന്ന്‌ യോഗേശ്വര്‍ ദത്ത്‌

ദില്ലി: ക്രിക്കറ്റ്‌ താരം ഗൗതം ഗംഭീറിന്‌ പിന്നാലെ ഇന്ത്യന്‍ ജവാന്മാര്‍ക്ക്‌ പിന്തുണയുമായി മറ്റൊരു കായികതാരം കൂടി രംഗത്തെത്തി. ഒളിമ്പിക്‌സ്‌ ഗുസ്‌തി മെഡല്‍ ജേതാവ്‌ യോഗേശ്വര്‍ ദത്താണ്‌ കാശ്‌മീരിലെ സമീപകാല സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ജവാന്മാര്‍ക്ക്‌ പിന്തുണ പ്രഖ്യാപിച്ചത്‌. ജവാന്മാരെ ആക്രമിക്കുന്നവരെ വെടിവെച്ചുകൊല്ലണമെന്നാണ്‌ യോഗേശ്വര്‍ ദത്തിന്റെ നിലപാട്‌. 

കഴിഞ്ഞദിവസം ഇന്ത്യന്‍ ജവാന്മാരെ കാശ്‌മീരിലെ പ്രതിഷേധക്കാര്‍ ആക്രമിക്കുന്ന ദൃശ്യം പുറത്തുവന്നിരുന്നു. ഇതിന്‌ പിന്നാലെ കല്ലേറില്‍നിന്നും രക്ഷപ്പെടാനായി ജവാന്മാര്‍ ഒരു പ്രദേശവാസിയെ ജീപ്പിന്‌ മുകളില്‍ കെട്ടിവെച്ചത്‌ ഏറെ വിവാദത്തിനിടവരുത്തുകയും ചെയ്‌തു. 

ഇത്തരം ചര്‍ച്ചകള്‍ക്കിടെയാണ്‌ യോഗേശ്വര്‍ ദത്ത്‌ ജവാന്മാര്‍ക്ക്‌ പിന്തുണയുമായെത്തിയത്‌. 
സിആര്‍പിഎഫ്‌ ജവാനെതിരെയുണ്ടായ ആക്രമണം ക്ഷമിക്കാന്‍ കഴിയാത്തതാണെന്ന്‌ യോഗേശ്വര്‍ ദത്ത്‌ പറഞ്ഞു. ജവാന്‍ അപമാനിക്കപ്പെട്ടു. അദ്ദേഹത്തിന്റെ ഹെല്‍മെറ്റ്‌ റോഡില്‍ വീണിരുന്നു. 

യുവാക്കള്‍ ജവാനെ ആക്രമിക്കുന്നത്‌ ഇന്ത്യയെ അപമാനിക്കുന്നതിന്‌ തുല്യമായാണ്‌ കാണുന്നത്‌. സംഭവം വിഷമിപ്പിക്കുന്നതാണെന്നും ഇത്തരം അക്രമികളെ ജവാന്മാര്‍ വെടിവെച്ചുകൊല്ലണമെന്നും യോഗേശ്വര്‍ ദത്ത്‌ പറഞ്ഞു. തങ്ങളുടെ ഓരോ ജവാന്‌ പകരവും 100 ആസാദികളെ കൊലപ്പെടുത്തണമെന്നായിരുന്നു ഗംഭീറിന്റെ അഭിപ്രായ പ്രകടനം. ജവാന്മാര്‍ക്കെതിരായ ആക്രമണത്തില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ്‌ താരം വിരേന്ദര്‍ സെവാഗും ശക്തമായി പ്രതിഷേധിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക