Image

എന്തേ കണി കൊന്നേ നീയാദ്യം പൂത്തൂ? (വിഷു സ്‌പെഷല്‍: ശ്രീപാര്‍വതി)

Published on 17 April, 2017
 എന്തേ കണി കൊന്നേ നീയാദ്യം പൂത്തൂ? (വിഷു സ്‌പെഷല്‍: ശ്രീപാര്‍വതി)
ഉറക്കത്തിന്റെ ഊഞ്ഞാലുകളിലൊന്നിൽ നിലം തൊടാതെ ആടുന്ന ബോധമനസ്സിന്റെ ഉള്ളിലെവിടെയോ ആ പൊൻകണി കണ്ണിലൊളിച്ചിരിപ്പുണ്ടാകും. 
"എന്താണു കൊന്നേ നീയാദ്യം പൂത്തൂ?
വിഷുവെത്തുവാനിനിയും നേരമെത്ര!
കണിവയ്ക്കാനൊരോമൽ കൺകുടത്തെ
അന്നും നീ നിൻ ചില്ലയിൽ നിർത്തീടേണം."
അതിരാവിലെ കാലും മുഖവും കഴുകാൻ പോലും നില്‍ക്കാതെ അമ്മയുടെ കയ്യിലെ നറും പാലിന്‍റെ ഗന്ധമറിഞ്ഞ് നടത്തുന്ന വഴിയിൽ അവസാനം അവിടെയെത്തും. കണ്ണു തുറക്കാതെ തന്നെ അനുഭവിക്കാം ദീപത്തിന്‍റെ ഇളം ചൂട്, സൈക്കിൾ അഗർബത്തിയുടെ ഇമ്പമുള്ള മണം. കണ്ണു തുറന്ന് ആദ്യം നോക്കുക കണ്ണന്‍റെ മുഖത്തേയ്ക്കാവും. മഞ്ഞ പട്ടുടയാടയിൽ കണ്ണൻ  സുന്ദരനായിട്ടുണ്ട്. തലേന്ന് കൈകൊണ്ട് കെട്ടിയ തുളസി മാല അണിഞ്ഞിട്ടുണ്ട്. കയ്യിലെ ഓടക്കുഴലിൽ നിന്ന് ഏതോ രാഗം മൂളുന്നതു പോലെയുണ്ട്... കള്ളാ കണ്ണൻ... എത്ര പെൺകുട്ടികളെ ഈ മാന്ത്രിക രാഗത്തിൽ നീ മയക്കിയെടുത്തില്ലേ കണ്ണാ... മനസ്സിൽ ഒരു കള്ളാ ചിരി വന്നോളിച്ചു മുന്നിലെ നിലവിളക്കിൽ വന്നു  അലിഞ്ഞു തീർന്നു. തൊട്ടു മുന്നിൽ ഓട്ടു കിണ്ണത്തിൽ കണിക്കൊന്ന പൂവ്. കോടി, കണ്ണാടി, അമ്മയുടെ സ്വർണ മോതിരം, പിന്നെ വാൽക്കണ്ണാടി. അടുത്തുള്ള താലത്തിൽ പറമ്പിൽ  നിന്ന് രാജൻ ചേട്ടൻ ഇട്ടു തന്ന മെഴുത്ത ചക്ക, മാമ്പഴം, കണിവെള്ളരി. 

 പൂത്തിരി, കമ്പിത്തിരി, ചക്രം അങ്ങനെ നാനാതരങ്ങൾ . ഓലപ്പടക്കം പൊട്ടിക്കാനുള്ള അവകാശം അച്ഛനുമാത്രമുള്ളതാണ്. കുട്ടികൾ അതിൽ തൊട്ടു കളിച്ചാൽ വഴക്കുറപ്പ്. എങ്കിലും ഒരിക്കൽ ഒന്നു പരീക്ഷിക്കുക തന്നെ ചെയ്തു. കത്തിച്ചുടനെ വലിച്ചെറിഞ്ഞു, വലിയ ഒച്ചയിൽ മുറ്റത്തു കിടന്ന് അതു പൊട്ടുമ്പോൾ ധീരയായവളുടെ ഭാവം. അനിയത്തിയുടെ രൂക്ഷമായ കണ്ണുകൾ ഒന്ന് പേടിപ്പിച്ചു... 
ഇവൾ അച്ഛനോട് പറഞ്ഞത് തന്നെ... അല്ലെങ്കിലും "ഇപ്പൊ ആരാ പടക്കം പൊട്ടിച്ചേ" എന്ന് ചോദിച്ചു അച്ഛൻ വരുമല്ലോ...
ലോകത്തില നിഷ്കളങ്കത കണ്ടെത്തിയതെന്ന രീതിയിൽ വെറുതെ നിന്ന് കൊടുക്കുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ... ഭാഗ്യം വഴക്കു കിട്ടിയില്ലെങ്കിലും ഓലപ്പടക്കം മാറ്റി വയ്ക്കപ്പെട്ടു. പിന്നീട് പരീക്ഷണങ്ങൾ  പൂത്തിരിയിലും മത്താപ്പിലും. ചക്രം നിലത്തിട്ട് കറക്കുമ്പോൾ എത്ര ദൂരെ നിന്നാലും തീപ്പൊരി പറന്നു വരുമ്പോൾ അറിയാതെ കാലുയർത്തും.

വിഷുവിന്റെ മോഹങ്ങളിൽ മഞ്ഞച്ച കണിക്കൊന്നകൾ എന്നും കൂട് കെട്ടിയിട്ടുണ്ട്. ഉണ്ണിക്കണ്ണന്‍റെ പൊന്നരഞ്ഞാണത്തിന്‍റെ കിലുക്കത്തിൽ ഇപ്പോഴും കൊന്നമരങ്ങൾ നൃത്തം ചെയ്യാറുണ്ടത്രേ. എന്നോ ഒരിക്കൽ  തെറ്റിദ്ധരിക്കപ്പെട്ട ഒരുണ്ണിയുടെ ആത്മ വേദനയും കണ്ണൻ അവനു ദാനമായി നല്‍കിയ പൊന്നരഞ്ഞാണവും കണിക്കൊന്നയായ് പുനർജ്ജനികുമ്പോൾ  എത്രമാത്രം കഥകൾ വിടരുന്നുണ്ടാകും ഓരോ ഇതളിലും?
മനുഷ്യന്‍റെ വൈകാരികതകളുടെ നിറമാണ്, മഞ്ഞ. അതുകൊണ്ടു തന്നെയാകണം ഒരു വർഷത്തിന്‍റെ തയ്യാറെടുപ്പിനായി നില്‍ക്കുമ്പോഴും നാം അതേ വൈകാരികതയെ കണികാണാനായി വയ്ക്കുന്നത്. നിലവിളക്കിന്‍റെ മുന്നിലിരിക്കുമ്പോൾ കൊന്നപൂവുകൾക്ക് സ്വർണവർണമാണ്. വിളക്കിന്റെ സ്വർണ പ്രഭ വന്നു തൊടുമ്പോൾ പൂവും പോന്നാകുന്നു... ഉണ്ണിക്കണ്ണന്‍റെ പൊന്നരഞ്ഞാണം പോലെ തന്നെ. 

വിഷു സമയമാണെങ്കിൽ പറമ്പുകളിൽ നിന്ന് പറമ്പുകളിലേയ്ക്ക് ഓട്ടമാണ്, അക്കൊല്ലവും നേരത്തെ പൂത്ത കണിക്കൊന്നകൾ എന്തെങ്കിലും കണിയ്ക്കായി ബാക്കി വച്ചിട്ടുണ്ടോ എന്നു തിരഞ്ഞ്.ഇത് ഏതൊരു നാട്ടുകാരന്‍റേയും വിഷു ദുഖമാണ്. കാലവസ്ഥാ വ്യത്യാസം കാരണം മാർച്ച് തുടക്കത്തിൽ തന്നെ നിറയുന്ന കണിക്കൊന്ന മരങ്ങൾ , മാർച്ച് മുക്കാൽ  ആകുമ്പോഴേക്കും ഇലകളില്ലാതെ മഞ്ഞിച്ചു നില്‍ക്കും. വിഷുവാകുമ്പോഴേക്കും മഞ്ഞ പൂക്കൾ വെളുത്ത്, നിറമില്ലാതെ വിളറി അങ്ങുമിങ്ങുമാവുകയും ചെയ്യും. എന്നാലും കണികാണാതിരിക്കാൻ കഴിയില്ലല്ലോ. ഇത്തിരിയേ ഉള്ളൂ എങ്കിലും അത് വയ്ക്കും. പുലർച്ചേ ആ ഇത്തിരി കൊന്നപ്പൂവിന്‍റെ മുന്നിൽ നില്‍ക്കുമ്പോൾ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാൻ സ്വയം ഞാനാണെന്ന് തോന്നുകയും ചെയ്യും. അതാണ്, മലയാളിയുടെ വിഷുവും ഗൃഹാതുരതയും.

കണി വച്ച ചക്ക, വെള്ളരി, മാമ്പഴം, എന്നിവ കൊണ്ട് ഉച്ചയ്ക്കുണ്ടാക്കുന്ന സദ്യയാണ്, കേമം. രാവിലെ കീറ്റിലയ്ക്കു മുന്നിലിരുന്ന് നല്ല പഴുത്ത നേന്ത്രപ്പഴം പുഴുങ്ങിയത് കണ്ണടച്ചു ചിരിക്കുന്നതു കണ്ടു. കറുത്ത തൊലി കളഞ്ഞ് അകത്താക്കുമ്പോൾ നാവിലൂറിയ മധുരം കിനിഞ്ഞ് ഉള്ളിലേയ്ക്കിറങ്ങുന്നു. ഒപ്പം കായുപ്പേരിയും കൂടെയുണ്ടെങ്കിൽ പ്രഭാത ഭക്ഷണം അവിടെ നിർത്തി. ബാക്കി വന്ന പഴം പുഴുങ്ങിയതിനെ വെറുതേ കളയാനാകില്ലല്ലോ, അതുകൊണ്ട് ഉച്ചയ്ക്ക് അമ്മ ഉണ്ടാക്കുന്ന പായസം സർവ്വ രസകൂട്ടുകളേയും ഉരുക്കുന്നതായിരിക്കും. പഴപ്രഥമന്‍റെ കിനിഞ്ഞിറങ്ങുന്ന സ്വാദ് രസമുകുളങ്ങളെ ഉണർത്തി വിടും. അന്നൊക്കെ വിഷുവിനു മാത്രമാണ്, പഴ പ്രഥമൻ ഉണ്ടാവുക. കല്യാണങ്ങൾക്കൊക്കെ മറ്റു പലതരം പായസങ്ങളാകും. അതുകൊണ്ടു തന്നെ പഴപ്രഥമന്‍റെ സ്വാദ് അടുത്ത് വിഷുവരെ നാവിലുണ്ടാകേണ്ടത് അത്യാവശ്യമായിരുന്നു. 

ഉച്ചയൂണ്, ഗംഭീരമാണ്. ചക്ക ലേശം മൂത്ത് പഴുപ്പ് തട്ടിയതാണെങ്കിൽ ചക്ക എരിശ്ശേരിയാവും, പിന്നെ മാമ്പഴ പുളിശ്ശേരി; അതിങ്ങനെ മധുരവും എരിവും നാവില്‍ മുട്ടി മുട്ടി തെന്നി തെറിച്ചു പോലും. വെള്ളരിക്ക തോരൻ  വയ്ക്കാൻ നല്ലതാണെന്ന് അമ്മ പറയാറുണ്ട്. വിഷുവിന്, ചിലപ്പോൾ അതുമുണ്ടാകും. വേനലിന്‍റെ മൂർച്ചയിൽ പറിച്ചെടുത്ത വെള്ളരിയിലെ വെള്ളത്തിന്‍റെ അംശത്തിനും നല്ല സുഖമുള്ള സ്വാദുണ്ടാകും. രസികൻ തോരൻ . പിന്നെ മാങ്ങ മൂത്ത് വിളയുന്നതിനു തൊട്ടു മുൻപ് പറിച്ചെടുത്ത് നുറുക്കി ഉണ്ടാക്കി വച്ച നുറുക്കുമാങ്ങാ കറി. ഉപ്പേരി, പപ്പടം. സദ്യയ്ക്ക് എല്ലാ വർഷവും അതേ സ്വാദ്.

വിഷു കൈനീട്ടം ആദ്യമായി കിട്ടിയത് അച്ഛന്‍റെ കയ്യിൽ നിന്ന്. തീരെ കുഞ്ഞു ക്ലാസ്സിലെ ഒരു പെൺകുട്ടിയ്ക്ക് ആ ഒരു രൂപാ പോലും എത്ര മാത്രം പ്രധാനമാണെന്ന് ഇന്നുമറിയുന്നു. അനിയത്തി കിട്ടുന്ന കൈനീട്ടമൊക്കെ സൂക്ഷിച്ചു വയ്ക്കും. വർഷാവസാനം അവളുടെ കുടുക്കയിൽ പത്തും ഇരുപതും രൂപയുണ്ടാകും, അന്നത്തെ ചെറിയ സമ്പാദ്യം. പക്ഷേ നമുക്ക് കിട്ടുന്ന കൈനീട്ടങ്ങളെല്ലാം സ്കൂളിനടുത്ത കടയിലെ മിഠായി ഭരണികൾ  തിന്നു തീർക്കും. എങ്കിലും കൈനീട്ടത്തിനു കുറവുണ്ടായിരുന്നില്ല. അച്ചന്‍റെ വക, അമ്മയുടെ വക, പിന്നെ അമ്മമ്മ, അമ്മാവൻ  .എണ്ണ തേച്ച് കുളിച്ച് വിഷുവിന്, അമ്മയുടെ കയ്യിൽ  നിന്ന് കിട്ടിയ കോടിയുടുത്ത് പിന്നെ അലഞ്ഞു നടപ്പ്.

എത്ര വർഷങ്ങൾ  കഴിഞ്ഞു. എങ്കിലും ഓർമ്മകളെ നിങ്ങളെന്താണ്‌ ക്ലാവ് പിടിച്ചു കറുത്ത് പോകാത്തത്? ചിത്രങ്ങൾ പലതും നിറമിളകി പോയിരിക്കുന്നു. എങ്കിലും ഇന്നും ആഘോഷിക്കുന്നു വിഷു. ഓർമ്മകളിൽ  ചേർന്നു നിന്ന് ആനന്ദിക്കുമ്പോൾ വിഷു ദിനത്തിന്‍റെ നൻമ നിറയുന്നു. എങ്കിലും കുട്ടിക്കാലത്തിന്റെയും കൌമാരത്തിന്റെയും കനവുകൾ വിവാഹത്തോടെ ഒടുങ്ങുന്നു. വിഷുക്കണിയുടെ അമ്മത്തവും അവിടെ വരെയേ ഉള്ളൂ. ഉറക്കത്തിൽ നിന്ന് വലിച്ചിഴച്ചു കണ്ണുകൾ തുറക്കാൻ അനുവദിയ്ക്കാതെ കണ്ണുകൾ പുറകിൽ നിന്ന് ചേർത്ത് പിടിച്ചു അമ്മ മണത്തോടൊപ്പം വഴികാട്ടിയായിരുന്ന അമ്മയ്ക്ക് വിവാഹത്തോടെ മുഖം നഷ്ടപ്പെടുന്നു. വിവാഹ ശേഷം നാം കുട്ടികളല്ലത്രേ. കുട്ടിത്തരങ്ങളുടെ അമ്മ ഗന്ധം കുട്ടിക്കാലത്തിന് മാത്രം അവകാശപ്പെടുന്നവയാണ്. ഇപ്പോൾ സ്വയം കണ്ണിറുക്കിയടച്ച് കണി വച്ച മുറിയിലേയ്ക്ക് നടക്കുമ്പോൾ ഇടയ്ക്കെങ്കിലും കണ്ണുകൾ പാളി തുറന്നു പോകുന്നു. വലിയൊരു ശൂന്യത അപ്പോൾ നിറയും. വഴികാട്ടിയില്ലാത്ത നോവ്‌ ചിണുങ്ങി കരയും ഉള്ളിൽ. പിന്നെ നിലവിളക്കിനു മുന്നിൽ കൊളുത്തി വച്ച ദീപത്തിനു മുന്നിൽ പട്ടുടയാട അണിഞ്ഞ ഉണ്ണിക്കണ്ണനെ കാണുമ്പോൾ , കണിക്കൊന്ന കാണുമ്പോൾ  പിന്നെയും കാലം പിന്നോട്ട് ചലിക്കുന്നു. ആ പഴയ പൊന്നരഞ്ഞാണത്തിന്‍റെ കഥ വെറുതേ ഓർക്കുന്നു, പിന്നെ അതു പറഞ്ഞു തന്ന അമ്മയേയും. ഇപ്പോൾ സ്വയം വഴികാട്ടിയാകുന്നു... പ്രിയപ്പെട്ടവന്റെ അടഞ്ഞ കണ്ണുകളെ കൈക്കുള്ളിലൊതുക്കി പിന്നിൽ നടക്കുമ്പോൾ അടഞ്ഞിരിക്കുന്ന സ്വന്തം കണ്ണുകൾക്ക്‌ മുന്നിലും ഒരു നെയ്‌ വിളക്ക് എറിയുന്നു... ഒരായിരം ദീപങ്ങൾ കത്തുന്ന വിളക്ക്... ആ വിളക്കിന്റെ പ്രഭ ഉള്ളിൽ കണ്ടു അവന്റെ ഒപ്പം ചേർന്ന് മുന്നോട്ടു നടക്കുന്നു...
അല്ലാ പൂജാ മുറി യിലേയ്ക്കു കടക്കാൻ ഇനി ഇടത്തെയ്ക്കല്ലേ പോകേണ്ടത്...
കണ്ണുകൾ പാളി തുറക്കട്ടെ...
"ടീ... വലത്തേയ്ക്ക് പോടീ... "അവൻ വഴികാട്ടിയാകുന്നു...
സ്വയം അനുഗമിയ്ക്കപ്പെട്ടവളാകുന്നു ...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക