Image

ചിക്കാഗോ മലയാളി അസോസിയേഷന്‍ കലാമേള 2017 ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ജിമ്മി കണിയാലി Published on 17 April, 2017
ചിക്കാഗോ മലയാളി അസോസിയേഷന്‍ കലാമേള 2017 ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ചിക്കാഗോ: ഏപ്രില്‍ 22 ശനിയാഴ്ച രാവിലെ 8 മുതല്‍ ബെല്‍വുഡിലെ സീറോ മലബാര്‍ കത്തീഡ്രല്‍ ഹാളുകളില്‍ നടത്തപ്പെടുന്ന കലാമേള 2017 ന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പ്രസിഡന്റ് രഞ്ജന്‍ എബ്രഹാം, സെക്രട്ടറി ജിമ്മി കണിയാലി, ട്രഷറര്‍ ഫിലിപ്പ് പുത്തന്‍പുരയില്‍ എന്നിവര്‍ അറിയിച്ചു.

ഒരേ സമയം നാലുവേദികളിലായി നടത്തപ്പെടുന്ന ഈ കലാമാമാങ്കത്തില്‍ ഏതാണ്ട് 650 ഓളം കുട്ടികളാണ് മത്സരിക്കുന്നത്. കേരളത്തിലെ സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തോട് കിടപിടിക്കുന്ന രീതിയില്‍ എല്ലാവര്‍ഷവും നടത്തപ്പെടുന്ന ഈ കലാമേളയ്ക്ക് ചുക്കാന്‍ പിടിക്കുന്നത് ജിതേഷ് ചുങ്കത്ത് (ചെയര്‍മാന്‍), സിബിള്‍ ഫിലിപ്പ്, സഖറിയ ചേലയ്ക്കല്‍ എന്നിവരടങ്ങുന്ന കമ്മറ്റിയാണ്.

കേരളത്തിന് വെളിയില്‍ നടത്തപ്പെടുന്ന കലാമത്സരങ്ങളില്‍ ഏറ്റവും അധികം ജനപങ്കാളിത്തംകൊണ്ട് എന്നും ചിക്കാഗോ മലയാളി അസോസിയേഷന്‍ കലാമേള ശ്രദ്ധയാകര്‍ഷിക്കാറുണ്ട്. പതിവുപോലെ ഈ വര്‍ഷവും എല്ലാ മത്സരങ്ങളും സമയത്തുതന്നെ തുടങ്ങുവാനും അവസാനിപ്പിക്കാനും വിപുലമായ കമ്മറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു.

വിവിധ കമ്മറ്റികള്‍ക്ക് ജോണ്‍സണ്‍ കണ്ണൂക്കാടന്‍, ഷാബു മാത്യു, അച്ചന്‍കുഞ്ഞ് മാത്യു, ചാക്കോ തോമസ് മറ്റത്തിപറമ്പില്‍, ജേക്കബ് മാത്യു പുറയമ്പള്ളില്‍, ജോസ് സൈമണ്‍ മുണ്ടപ്ലാക്കില്‍, ജോഷി മാത്യു പുത്തൂരാന്‍, ജോഷി വള്ളിക്കളം, മനു നൈനാന്‍, മത്യാസ് പുല്ലാപ്പള്ളില്‍, ഷിബു മുളയാനിക്കുന്നേല്‍, സ്റ്റാന്‍ലി കളരിക്കമുറിയില്‍, സണ്ണി മൂക്കേട്ട്, ടോമി അമ്പേനാട്ട്, ബിജി സി. മാണി തുടങ്ങിയവര്‍ നേതൃത്വം നല്‍കുന്നു.

വളരെ ഉന്നതനിലവാരം പുലര്‍ത്തുന്ന കലാമത്സരങ്ങള്‍ കാണുന്നതിന് പ്രവേശനം സൗജന്യമായിരിക്കും. ജാതിമതഭേദമന്യേ എല്ലാ മലയാളികളെയും ഈ കലാമാമാങ്കം കാണുന്നതിനും, കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനും സ്വാഗതം ചെയ്യുന്നുവെന്ന് ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട് : ജിമ്മി കണിയാലി


ചിക്കാഗോ മലയാളി അസോസിയേഷന്‍ കലാമേള 2017 ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക