Image

ഇന്‍ഡോ-പാക് സൗഹൃദം ഒരു കൊലക്കയറിന്റെ കരിനിഴലില്‍(ഡല്‍ഹികത്ത് : പി.വി.തോമസ്)

പി.വി.തോമസ് Published on 18 April, 2017
ഇന്‍ഡോ-പാക് സൗഹൃദം ഒരു കൊലക്കയറിന്റെ കരിനിഴലില്‍(ഡല്‍ഹികത്ത് : പി.വി.തോമസ്)
കാശ്മീര്‍ പ്രശ്‌നത്താലും അതിര്‍ത്തി കടന്നുള്ള ഭീകര പ്രവര്‍ത്തനത്താലും വെടിനിറുത്തല്‍ ലംഘനത്താലും  സദാ സംഘര്‍ഷഭരിതമായ ഇന്‍ഡോ-പാക് ബന്ധം ഒരു പൊട്ടിത്തെറിയുടെ വക്കിലാണ്. ശരിക്കും പറഞ്ഞാല്‍ അക്ഷരാര്‍ത്ഥത്തില്‍ ഒരു തൂക്കുകയറിന്റെ നിഴലില്‍ ആണ്.
കുല്‍ഭൂഷണ്‍ ജാദവ് എന്ന ഒരു വിമുക്ത നേവല്‍ ഓഫീസറെ ഒരു രഹസ്യ വിചാരണയ്ക്ക് ശേഷം പാക്കിസ്ഥാന്‍ മിലിട്ടറി കോടതി തൂക്കിക്കൊല്ലുവാന്‍ വിധിച്ചതാണ് ഒടുവിലത്തെ ഈ പ്രതിസന്ധിക്ക് കാരണം. ഇത് അത്ര നിസാരമായ കാര്യം അല്ല. ജാദവിനെ തൂക്കി കൊന്നാല്‍ എന്തും സംഭവിക്കാം എന്ന അവസ്ഥയാണ്.

ജാദവ് ഇന്‍ഡ്യയുടെ ഒരു ചാരന്‍ ആണെന്നാണ് പാക്കിസ്ഥാന്‍ മിലിട്ടറി കോടതിയുടെ കണ്ടെത്തല്‍. ഇന്‍ഡ്യന്‍ ചാരസംഘടനയായ  റോ-റിസര്‍ച്ച് ആന്റ് അനാലസിസ് വിങ്ങ്- ബലൂചിസ്ഥാനില്‍ ഭീകരാക്രമണം നടത്തുവാന്‍ ഉപയോഗിച്ച ചാരന്‍ ആണ് ജാദവ് എന്നാണ് പാക്കിസ്ഥാന്‍ മിലിട്ടറി കോടതിയുടെ കണ്ടെത്തല്‍. അദ്ദേഹം പാക്കിസ്ഥാന് എതിരായി യുദ്ധം നടത്തി. അട്ടിമറി ആക്രമണങ്ങള്‍ നടത്തി. അതിനാല്‍ അദ്ദേഹത്തെ തൂക്കി കൊല്ലണം. ജാദവിന്റെ അറസ്റ്റിനോ വിചാരണയ്‌ക്കോ വിധിയ്‌ക്കോ യാതൊരുവിധ സുതാര്യതയും ഇല്ല. അന്താരാഷ്ട്രീയ നീതിവ്യവസ്ഥയുടെ പിന്‍ബലവും ഇല്ല. ഇതാണ് ഇന്‍ഡ്യയുടെ വാദം. ജാദവിനെ തൂക്കിലേറ്റിയാല്‍ അത് കരുതിക്കൂട്ടിയുള്ള ഒരു കൊലയായി ഇന്‍ഡ്യ കാണും. കാരണം ജാദവ് അദ്ദേഹത്തിന്റെ മാതാപിതാക്കന്മാരുടെ മാത്രം സന്തതി അല്ല. ഇന്‍ഡ്യയുടെ പുത്രന്‍ ആണ്. ഈ കൊലയ്ക്ക് മറുപടി നല്‍കുവാനായി ഇന്‍ഡ്യ ഏതറ്റം വരെയും പോകും. ഇതാണ് ഇന്‍ഡ്യയുടെ നിലപാട്. ഇത് ശരിയും ആണ്. പക്ഷേ, അതൊന്നും സംഭവിക്കാതിരിക്കട്ടെ.

ആരാണ് ഈ ജാദവ്? എന്തുകൊണ്ടാണ് അദ്ദേഹം പിടിക്കപ്പെട്ടതും ഇപ്പോള്‍ വധശിക്ഷയ്ക്ക് വിധേയന്‍ ആയതും? എന്താണ് ഇതിനെ പിന്നിലെ രാഷ്ട്രീയം? എന്നാണ് ഈ കപട വിചാരണയുടെയും വധശിക്ഷയുടെയും അര്‍ത്ഥം? പരിശോധിക്കാം. അത് എങ്ങനെ ഇന്‍ഡോ- പാക് ബന്ധത്തെ ബാധിക്കാം? ജാദവ് തൂക്കിക്കൊല്ലപ്പെട്ടാല്‍ എന്ത് സംഭവിക്കും?

ജാദവ് ഇന്‍ഡ്യന്‍ നേവിയില്‍ കമാന്റര്‍ പദവിയിലുള്ള ഒരു ഓഫീസര്‍ ആയിരുന്നു. 46 വയസ്സുകാരനായ ജാദവ്(മഹാരാഷ്ട്ര) പൂനയിലെ നാഷ്ണല്‍ ഡിഫന്‍സ് അക്കാഡമിയില്‍ നിന്നും പാസായതിനു ശേഷം ആണ് ഇന്‍ഡ്യന്‍ നേവിയില്‍ ചേരുന്നത്. 2012 ല്‍ 12 വര്‍ഷത്തെ സേവനത്തിന് ശേഷം അദ്ദേഹം നേവിയില്‍ നിന്നും വിരമിച്ചു. ഇറാനില്‍ ഒരു ബിസിനസും തുടങ്ങി. 2016 ആണ് പാക്കിസ്ഥാന്‍ പട്ടാളം അദ്ദേഹത്തെ ബലൂചിസ്താനില്‍ വച്ച് അറസ്റ്റ്  ചെയ്തതായി പറയപ്പെടുന്നത്. ബലൂചിസ്താനില്‍ കുഴപ്പം സൃഷ്ടിക്കുവാനും സ്‌ഫോടനങ്ങള്‍ നടത്തുവാനുമായി ഇന്‍ഡ്യയുടെ റോ നിയോഗിച്ച ഭീകരവാദി ആണ് ജാദവ് എന്നാണ് പാക്കിസ്ഥാന്‍ പട്ടാള കോടതിയുടെ കണ്ടെത്തല്‍. ജാദവ് ഇത് ഒരു പട്ടാള മജിസ്‌ട്രേറ്റ് മുമ്പാകെ ഏറ്റ് പറഞ്ഞു എന്നാണ് പാക്കിസ്ഥാന്റെ വാദം. ഇതുപോലെയുള്ള ഏറ്റു പറച്ചിലുകളുടെ സത്യാവസ്ഥ ഏവര്‍ക്കും അറിവുള്ളതാണ്.

ഇന്‍ഡ്യ ഇതെല്ലാം നിഷേധിക്കുന്നു. ജാദവ് ഒരു ഇന്‍ഡ്യന്‍(റോ) ചാരന്‍ അല്ലെന്ന് ഗവണ്‍മെന്റ് ആവര്‍ത്തിച്ച് പറയുന്നു. 2012- ല്‍ നേവിയില്‍ നിന്നും വിരമിച്ചതിനു ശേഷം അദ്ദേഹത്തിന് ഗവണ്‍മെന്റുമായി യാതൊരു ബന്ധവും ഇല്ല. അദ്ദേഹത്തെ ഇറാനില്‍ വച്ച് പാക്കിസ്ഥാന്‍/ താലിബാന്‍  തട്ടിക്കൊണ്ട് പോയത് ആണ്. ഒരു ഇന്‍ഡ്യന്‍ ചാരന്‍ ആയിരുന്നെങ്കില്‍ എന്തിന് അദ്ദേഹം ഇന്‍ഡ്യന്‍ പാസ്‌പോര്‍ട്ട് കൊണ്ട് നടക്കണം? പാക്കിസ്ഥാന്റെ മുന്‍ ദേശീയ സുരക്ഷ മേധാവി സര്‍ത്തജ് അസീസ് പറയുകയുണ്ടായി ജാദവിന് എതിരായി വേണ്ടത്ര തെളിവുകള്‍ ഇല്ലെന്ന്. പിന്നെ എന്തിന് അദ്ദേഹത്തെ തൂക്കി കൊല്ലുവാന്‍ വിധിക്കണം? വിചിത്രം എന്നല്ലാതെ എന്ത് പറയണം?

ഏതായാലും ജാദവിന്റെ വധശിക്ഷ ഇന്‍ഡോ-പാക് ബന്ധത്തെ വല്ലാതെ ഉലച്ചിരിക്കുകയാണ്.  അത് നടപ്പിലാക്കിയാല്‍ ഈ ആണവ ശക്തികള്‍ ഏതറ്റം വരെ പോകും എന്നും ഉറപ്പില്ല. ജാദവിന് അപ്പീലിനായി നാല്‍പത് ദിവസങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇന്‍ഡ്യ അപ്പിലീനായി തയ്യാറാവുകയാണ്. ഇതുവരെ 14 പ്രാവശ്യം നയതന്ത്ര രീതിയിലുള്ള ബന്ധത്തിനായി ഇന്‍ഡ്യ അഭ്യര്‍ത്ഥന നടത്തിയെങ്കിലും പാക്കിസ്ഥാന്‍ ജാദവുമായി ബന്ധപ്പെടുവാന്‍ ഇന്‍ഡ്യയെ അനുവദിച്ചിട്ടില്ല. സ്ഥിതിഗതികള്‍ ഇങ്ങനെ തുടര്‍ന്നാല്‍ എന്ത് സംഭവിക്കുമെന്ന് അറിയില്ല. പാക്കിസ്ഥാന്‍ പട്ടാളവും പ്രധാനമന്ത്രി നവാസ് ഷെറിഫും തങ്ങള്‍ ഇന്‍ഡ്യയുടെ ഒരു സമ്മര്‍ദ്ദത്തിനും വഴങ്ങുകയില്ലെന്ന് ശഠിക്കുന്നു. യുദ്ധമെങ്കില്‍ യുദ്ധം. പാക് പട്ടാളം സന്നദ്ധം ആണെന്നും ഇവര്‍ പറയുന്നു. ജാദവിനെ വിട്ടുകിട്ടാതെ അണുവിട പിറകോട്ട് ഇല്ലെന്നും ഇന്‍ഡ്യ ആണയിട്ട് ആവര്‍ത്തിക്കുന്നു. പ്രശ്‌നം നയതന്ത്രത്തിന്റെയും നിയമവ്യവസ്ഥയുടെയും പരിധികള്‍ വിട്ട് സായുധ സംഘട്ടനത്തിലേക്ക് നീങ്ങുമോ?

ജാദവിനെ പിടിക്കുന്നതും രഹസ്യ വിചാരണ ചെയ്യുന്നതും വധശിക്ഷയ്ക്ക് വിധിക്കുന്നതും പാക്കിസ്ഥാന്റെ ഒരു ഗൂഢതന്ത്രമായി ഇന്‍ഡ്യ കാണുന്നു. അന്താരാഷ്ട്രീയ സമൂഹത്തില്‍ പാക്കിസ്ഥാന്‍ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു രാജ്യമായി ചിത്രീകരിക്കപ്പെട്ട് അവഹേളിക്കപ്പെട്ടതുപോലെ ഇന്‍ഡ്യയെയും അപകീര്‍ത്തിപ്പെടുത്തുക. അട്ടിമറിക്കാരായി ചിത്രീകരിക്കുക. ഇന്‍ഡോ-പാക്ക് ചര്‍ച്ചയില്‍, പ്രത്യേകിച്ചും, കാശ്മീര്‍ സംബന്ധിച്ച്, വിദേശ ഇടപെടല്‍ ഉറപ്പു വരുത്തുക. അമേരിക്കയുടെ ഐക്യരാഷ്ട്രസഭയിലെ നയതന്ത്രപ്രതിനിധിയായ നിക്കി ഹെലിയുടെ സമീപകാല പ്രസ്താവന- അമേരിക്ക ഇന്‍ഡ്യോ-പാക് വിഷയത്തില്‍ മദ്ധ്യസ്ഥത വഹിക്കുവാന്‍ തയ്യാര്‍ ആണ്. പാക്കിസ്ഥാനെ പ്രോത്സാഹിപ്പിച്ചിട്ടുണ്ടാകാം. ഈ കാര്യം ജാദവിലൂടെ അന്താരാഷ്ട്രവല്‍ക്കരിക്കുവാന്‍. പക്ഷേ, ഇന്‍ഡ്യ ഈ വിഷയത്തില്‍ ഒരു മൂന്നാം രാജ്യ ഇടപെടലിനോട് ഒട്ടും യോജിക്കുന്നുമില്ല. ദലെലാമ വിഷയത്തില്‍ ഇന്‍ഡ്യയും ചൈനയും തമ്മില്‍ വളര്‍ന്നുവരുന്ന ആശയസംഘട്ടനവും പാക്കിസ്ഥാന് പ്രചോദനം ആയിട്ടുണ്ടായിരിക്കാം.
ഏതായാലും ഇന്‍ഡോ-പാക് ബന്ധം വീണ്ടും ആടി ഉലയുകയാണ്. പത്താന്‍കോട്ടിലെയും ഉറയിലെയും ഭീകരാക്രമണങ്ങള്‍ക്ക് ശേഷം ഇരു രാജ്യങ്ങളും സംഘട്ടനത്തിന്റെ പുതിയ മാനങ്ങള്‍ തേടുകയാണ്.

നരേന്ദ്രമോഡി പ്രധാനമന്ത്രിയായി അധികാരം ഏറ്റെടുത്തതിന് ശേഷം ഇന്‍ഡോ-പാക് നയതന്ത്രബന്ധത്തില്‍ കാര്യമായ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ല. അദ്ദേഹം ചില നീക്കങ്ങള്‍ നടത്തിയെങ്കിലും അവയൊന്നും ഫലവത്തായില്ല. മോഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ നവാസ് ഷെരിഫിനെ ക്ഷണിക്കുകയും അദ്ദേഹം പങ്കെടുക്കുകയും ചെയ്തു. ഇത് നല്ല ഒരു തുടക്കമായി അന്താരാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തി. പക്ഷേ, ഒന്നും സംഭവിച്ചില്ല. മോഡി റഷ്യന്‍ പര്യടനത്തിന്റെ മടക്കത്തില്‍ ഷെരീഫിനെ അപ്രതീക്ഷിതമായി സന്ദര്‍ശിച്ച് ജന്മദിനാശംസകള്‍ നടത്തിയെങ്കിലും(2014 ഡിസംബര്‍) ആഴ്ചകള്‍ക്കുള്ളില്‍ പത്താന്‍കോട്ട് വ്യോമ കേന്ദ്രത്തില്‍ പാക് ഭീകരന്‍ ആക്രണം നടത്തി. പിന്നീടും വളരെയേറെ ഭീകരാക്രമണങ്ങള്‍ പാക്കിസ്ഥാന്‍ ഇന്‍ഡ്യന്‍ മണ്ണില്‍ അഴിച്ചുവിട്ടു. ഇന്‍ഡ്യക്ക് അതിര്‍ത്തികടന്ന് ഒരു സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തേണ്ടതായി വന്നു. പക്ഷേ, അതും കാര്യമായി ഗുണം ചെയ്തില്ല. ഒരു രാഷ്ട്രീയപ്രചരണം എന്നതല്ലാതെ. സര്‍ജിക്കല്‍ സ്‌ട്രൈക്കിനു ശേഷവും പാക് ഭീകരാക്രമണം അനുസ്യൂതം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.
എന്താണ് പോംവഴി? സത്യം പറഞ്ഞാല്‍ കാര്യമായ ഒരു പോം വഴിയും ഇല്ല തന്നെ. ഇന്‍ഡ്യ അതിന്റെ ആഭ്യന്തര സുരക്ഷം ഉറപ്പു വരുത്തുക എന്നതൊഴിച്ചാല്‍. കാശ്മീര്‍ ഒരു കലാപഭൂമിയാണ്. അതാണ് ഈ ആഭ്യന്തര സുരക്ഷാ പാളിച്ചയുടെ പ്രവേശന കവാടവും.

പാക്കിസ്ഥാന്റെ ഇന്‍ഡ്യ വിരുദ്ധത പ്രവര്‍ത്തിക്കുന്നത് പ്രധാനമായും പ്രവര്‍ത്തിക്കുന്നത് നാല്‍ തലങ്ങളില്‍ ആണ്. പട്ടാളം, ഐ.എസ്.ഐ., ഭീകര സംഘടനകള്‍, സിവിലിയന്‍ ഗവണ്‍മെന്റ്. പട്ടാളവും ഐ.എസ്.ഐ.യും അവരുടെ സൃഷ്ടിയായ ഭീകര സംഘടനകളും ഇന്‍ഡ്യയെ തകര്‍ക്കുവാന്‍ സദാ പ്രതിജ്ഞാ ബദ്ധര്‍ ആണ്. സിവിലിയന്‍ ഗവണ്‍മെന്റ് വെറും ഒരു നോക്കുകുത്തി മാത്രം. ഇന്‍ഡ്യക്ക് തെറ്റുപറ്റുന്നത് ഈ ദുര്‍ബലമായ സിവിലിയന്‍ ഗവണ്‍മെന്റുമായി മാത്രം സംഭാഷണം നടത്തുന്നതാണ്. അതുകൊണ്ട് യാതൊരു പ്രയോജനവും ഇല്ലെന്ന് ഇതുവരെയുള്ള അനുഭവങ്ങള്‍ ഇന്‍ഡ്യന്‍ ഭരണാധികാരികളെ പഠിപ്പിക്കേണ്ടതായിരുന്നു. പട്ടാളത്തെയും ഇന്‍ഡ്യ വിശ്വാസത്തില്‍ എടുക്കണം. സിവിലിയന്‍ ഗവണ്‍മെന്റിനെ മറികടന്ന് പട്ടാളവുമായി, അല്ലെങ്കില്‍ ഐ.എസ്.ഐ.യുമായി സംഭാഷണത്തില്‍ ഏര്‍പ്പെടണം എന്നല്ല ഇവിടെ ഉദ്ദേശിക്കുന്നത്. അവരും ഈ പ്രക്രിയയില്‍ ഭാഗവാക്കുകള്‍ ആകണം.

ഏതായാലും കുല്‍ഭൂഷന്‍ ജാദവ് സംഭവം വളരെ ഗൗരവമേറിയ ഒന്നാണ്. അന്താ രാഷ്ട്രീയ നയതന്ത്ര ചരിത്രത്തിലെ ഏറ്റവും നിന്ദ്യവും പ്രതിഷേധാര്‍ഹവും ആയ ഒരു ഏട് ആണ് അത്. പാക്കിസ്ഥാന്‍ ജാദവിനെ തൂക്കിലേറ്റരുത്. തൂക്കിലേറ്റിയാല്‍ അത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും.

ഇന്‍ഡോ-പാക് സൗഹൃദം ഒരു കൊലക്കയറിന്റെ കരിനിഴലില്‍(ഡല്‍ഹികത്ത് : പി.വി.തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക