Image

2018 ന്റെ പ്രതീക്ഷകള്‍ (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 18 April, 2017
2018 ന്റെ പ്രതീക്ഷകള്‍ (ഏബ്രഹാം തോമസ്)
വാഷിംഗ്ടണ്‍: 2018 നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുകയാണ് റിപ്പബ്ലിക്കന്‍ ഡെമോക്രാറ്റിക് പാര്‍ട്ടികള്‍. രണ്ട് മാസത്തിനുള്ളില്‍ ആരംഭിക്കുന്ന പ്രൈമറികളുടെ സജ്ജീകരണങ്ങള്‍ സംസ്ഥാനങ്ങളില്‍ തകൃതിയായി നടക്കുന്നു. സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് നേതാക്കള്‍ ഓരോരുത്തരായി മുന്നോട്ടു വരുന്നു.

അമേരിക്കന്‍ രാഷ്ട്രീയ ചരിത്രം പരിശോധിച്ചാല്‍ ഗ്രേറ്റ് ഡിപ്രഷന് ശേഷം ഒരു പ്രസിഡന്റ് ഭരണത്തിലിരിക്കുമ്പോള്‍ നടക്കുന്ന ഈ തിരഞ്ഞെടുപ്പുകള്‍ പ്രസിഡന്റുമാര്‍ക്ക് അനുകൂലമായി വിധിയെഴുതിയിട്ടില്ല എന്ന് കാണാം. ഇതിന് അപവാദമായി റൂസ് വെല്‍റ്റ് ഭരണത്തില്‍ 1934 ല്‍ 9 സീറ്റുകള്‍ അധികം നേടിയതും 1998ല്‍ ബില്‍ ക്ലിന്റണ്‍ 5 സീറ്റുകള്‍ അധികം നേടി നില മെച്ചപ്പെടുത്തിയതും 2002 ല്‍ ജോര്‍ജ് ഡബഌയൂ ബുഷ് 8 സീറ്റുകള്‍ അധികം നേടി റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ മുന്നിലെത്തിച്ചതും മാത്രമാണുള്ളത്.

ഇടക്കാല തിരഞ്ഞെടുപ്പുകള്‍ ഭരണകൂടത്തോടുള്ള അമര്‍ഷവും വിദ്വേഷവും പ്രകടിപ്പിക്കുവാനുള്ള അവസരമായി വോട്ടര്‍മാര്‍ കരുതുന്നു. പ്രസിഡന്റ് എത്രത്തോളം ജനപ്രിയനല്ലാതെയിരിക്കുന്നുവോ അത്രയും സീറ്റുകള്‍ പ്രസിഡന്റിന്റെ പാര്‍ട്ടിക്ക് നഷ്ടമാവുകയാണ് പതിവ്. 18 തവണയും തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പ്രസിഡന്റിന്റെ പാര്‍ട്ടിക്ക് മോശമോ ചിലപ്പോള്‍ ദുരന്തം തന്നെയോ ആയിട്ടുണ്ട്. ഇതാണ് ഇപ്പോള്‍ ഡെമോക്രാറ്റുകളില്‍ വലിയ ശുഭപ്രതീക്ഷകള്‍ നാമ്പെടുക്കുവാന്‍ കാരണമാകുന്നത്. ഇപ്പോള്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പിന്റെ ജനപ്രിയത 40% ത്തിന് അടുത്തു മാത്രമാണ്. ശേഷിക്കുന്ന 60% പ്രിയമില്ലായ്മ തങ്ങള്‍ക്ക് അനുകൂലമായ വോട്ടായിമാറുമെന്ന് ഡെമോക്രാറ്റുകള്‍ കണക്ക് കൂട്ടുന്നു. എന്നാല്‍ ഇത് അടുത്ത വര്‍ഷത്തെ തിരഞ്ഞെടുപ്പ് ഫലങ്ങളില്‍ പ്രതിഫലിക്കുകയില്ലെന്ന് റിപ്പബ്ലിക്കനുകള്‍ കരുതുന്നു.

2010 ലെ മിഡ് ടേം ഇലക്ഷനില്‍ ഡെമോക്രാറ്റുകള്‍ക്ക് 63 സീറ്റുകള്‍ നഷ്ടമായത്, 1935ല്‍ റൂസ് വെല്‍റ്റിന് 71 സീറ്റുകള്‍ നഷ്ടമായതിന് ശേഷം സംഭവിക്കുന്ന ഏറ്റവും വലിയ തിരിച്ചടി ആയിരുന്നു. 2010ല്‍ ബരാക്ക് ഒബാമയ്ക്കും ഒബാമ കെയറിനും എതിരെ വോട്ടര്‍മാര്‍ പ്രതികരിക്കുകയായിരുന്നു എന്ന് നിരീക്ഷകര്‍ വിലയിരുത്തി.

1994 ല്‍ ന്യൂയറ്റ് ഗിംഗ്‌റിച്ചിന്റെ നേതൃത്വത്തില്‍ നടന്ന റിപ്പബ്ലിക്കന്‍ റെവല്യൂഷനില്‍ ബില്‍ ക്ലിന്റന്റെ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് 54 സീറ്റുകള്‍ നഷ്ടമായി. ഇറാക്ക് യുദ്ധത്തോടുള്ള അമര്‍ഷം ബുഷ് ജൂനിയറിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് 30 സീററുകള്‍ നഷ്ടമാകുവാന്‍ കാരണമായത് 2006ലാണ്.

ആഭ്യന്തര യുദ്ധം മുതല്‍ ഈ പ്രവണത തുടരുകയാണ്. 1962 ല്‍ ജോണ്‍ എഫ് കെന്നഡിയും 1986 ല്‍ റോണള്‍ഡ് റെയ്ഗനും 1990 ല്‍ ജോര്‍ജ്ജ് എച്ച് ഡബ്ലയൂ ബുഷും ഒരക്ക നഷ്ടങ്ങളിലൂടെ മുഖം രക്ഷിച്ചു. ട്രമ്പിന് അവര്‍ക്കൊപ്പം ചേരാന്‍ കഴിഞ്ഞാല്‍ ഭൂരിപക്ഷം സംരക്ഷിക്കുവാന്‍ കഴിയും. ന്യൂനപക്ഷത്തിലാവുന്ന കക്ഷിക്ക് ഒന്നും തന്നെ നേടാനാവില്ല എന്ന് അമേരിക്കന്‍ രാഷ്ട്രീയ ചരിത്രം പഠിപ്പിക്കുന്നു. ഡെമോക്രാറ്റുകള്‍ക്ക് 24 സീറ്റുകള്‍ കൂടി ആവശ്യമാണ് ഭൂരിപക്ഷത്തിന്. ഹിലരി ക്ലിന്റന് വിജയം റാല്‍ക്കിയ 23 നിയോജക മണ്ഡലങ്ങളി(അമേരിക്കയില്‍ ഡിസ്ട്രിക്ടുകള്‍ എന്ന് വിശേഷിപ്പിക്കുന്നു) ലാണ് അവരുടെ പ്രതീക്ഷ. ഡെമോക്രാറ്റുകള്‍ ജനപ്രതിനിധി സഭ പിടിച്ചെടുക്കുന്നതിന് 30 മുതല്‍ 40% വരെ സാധ്യത ഉണ്ടെന്ന് കുക്ക് പൊളിറ്റിക്കല്‍ റിപ്പോര്‍ട്ടിന്റെ ഡേവിഡ് വാസര്‍മാന്‍ പറയുന്നു.

2018 ന്റെ പ്രതീക്ഷകള്‍ (ഏബ്രഹാം തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക